HomeTHE ARTERIASEQUEL 61ഉടലിൽ വിരിയുന്ന അമിട്ടുകൾ

ഉടലിൽ വിരിയുന്ന അമിട്ടുകൾ

Published on

spot_img

വിരൽനഖനാഗമിഴയും ഊടുവഴികളിൽ (ഭാഗം ഒൻപത്)

അനിലേഷ് അനുരാഗ്

ദ്രവ്യത്തിൻ്റെ മൂന്നവസ്ഥകൾ – ഖരം, ദ്രാവകം, വാതകം – പോലെയാണ് ആനന്ദത്തിൻ്റെ പരിണാമദശകളും. എന്തെന്നും,എന്തിനെന്നുമറിയാതെ മനസ്സിൻ്റെ പുറമ്പോക്കിൽ ചിതറിപ്പറക്കുന്ന മോഹത്തിൻ്റെ പൊട്ടും പൊടിയും ഖരാവസ്ഥയിലേക്ക് സാന്ദ്രീകരിക്കുന്നതാണ് ആനന്ദത്തിൻ്റെ ആദ്യഘട്ടമെന്നു പറയാം. സാമൂഹികമായി അടിച്ചമർത്തപ്പെട്ട ചില മനസ്സുകൾ കാമനയുടെ ഈ നിശ്ചലതലത്തിൽ കുടുങ്ങിപ്പോകാറുണ്ട്. അങ്ങിനെ  ഖരാവസ്ഥയിൽ ഒതുക്കപ്പെടാത്ത ആസക്തിയുടെ അടുത്ത പ്രേരണ ചലനാത്മകതയുടെ ദ്രാവകാവസ്ഥയാകും. ഉള്ളിലുറഞ്ഞ മോഹങ്ങൾ താപം സഹിക്കാനരുതാതെ ഹൃദയഭാജനം കവിഞ്ഞൊഴുകാൻ തുടങ്ങുമ്പോൾ പരിചയമില്ലാത്തൊരു ദേഹഭൂഖണ്ഡത്തെയാണത് തേടുക. അങ്ങനെയാണ് മോഹവ്യവഹാരങ്ങളിൽ അതുവരെയില്ലാത്ത അപരശരീരം രംഗപ്രവേശം നടത്തുന്നത്.
മനസ്സിലും, സ്വന്തം ശരീരത്തിലും ഒതുങ്ങാത്ത മോഹങ്ങൾ ആനന്ദോപാധിയായി അപരശരീരത്തെ കാണാൻ തുടങ്ങുന്ന ഈ ഘട്ടം സ്വാഭാവികമായും ഒരാളിൽ സംഭവിക്കുന്നത് കൗമാരദശയിലാണെന്ന് കാണാൻ കഴിയും. ദ്രവാവസ്ഥയിലേക്ക് പരിവർത്തനം ചെയ്യപ്പെട്ട ആർദ്രമോഹങ്ങൾ ഉൾക്കൊള്ളാനാകാതാകുമ്പോൾ കൗമാരക്കാർ ആനന്ദം തട്ടിയെടുക്കാനോ, പങ്കുവെക്കാനോ പ്രാപ്യമായ മനസ്സുകളെയും, ഉടലുകളെയും തേടിത്തുടങ്ങും. ഈയൊരു അപരശരീര-രതിസാധ്യതാന്വേഷണത്തിലാണ് അവർ ‘ആള് കൂടുന്നിടങ്ങളിൽ’ എത്തിച്ചേരുന്നത്.

വീട്ടിൽ നിന്ന് മാറിനിൽക്കാൻ, താല്പര്യവും, ആവേശവുമുണ്ടെങ്കിലും, കാര്യപ്രാപ്തിയും, സാമ്പത്തിക സ്വയംപര്യാപ്തതയും ഇല്ലാത്തതുകൊണ്ട് എക്കാലത്തെയും കൗമാരക്കാർക്ക് പ്രാപ്യമാകുന്ന ആള് കൂടുന്നിടങ്ങൾ അമ്പലവും, പള്ളിയുമായി ബന്ധപ്പെട്ട ഉത്സവം, പെരുന്നാൾ എന്നീ ആഘോഷങ്ങളും, വായനശാലകളുടെയും, ക്ലബ്ബുകളുടെയും വാർഷികാഘോഷങ്ങളുമായിരിക്കും. കേരളത്തിൻ്റെ മറ്റു മേഖലകളിൽ നിന്ന് വ്യത്യസ്തമായി ഉത്തര മലബാറിൽ ആളുകൂടുന്ന സാമൂഹ്യ ആഘോഷങ്ങളിൽ കൂട്ടിച്ചേർക്കേണ്ട ഒന്നാണ് വർഷാവർഷങ്ങളിലെ തെയ്യാട്ടവും, പന്ത്രണ്ടോ, ഇരുപതോ, ചിലപ്പോൾ അറുപതോ, എഴുപതോ വർഷങ്ങൾക്കു ശേഷം നടത്തുന്ന കളിയാട്ടവും. മേല്പറഞ്ഞ ആരാധനാലയങ്ങളിലെ മതാത്മകയും, വിശ്വാസഘടകവും മാറ്റി നിർത്തിയാൽ അവ ആളും, ജനവും കൂടുന്നിടങ്ങൾ മാത്രമാണ്. മനുഷ്യർ ഒത്തുചേരുന്നു എന്നൊരൊറ്റക്കാരണത്താൽ മാത്രം അവ പരസ്യവും, നിഗൂഢവുമായ നിരവധി താൽകാലിക വ്യവഹാരങ്ങളുടെ കേന്ദ്രമായി മാറുകയും ചെയുന്നു. ഒരു കൊല്ലം മുഴുവൻ വേണ്ട അവശ്യസാധനങ്ങളുടെയും (അമ്മി, കത്തി,  മരക്കയിൽ, മൺചട്ടി..), രുചിഭേദങ്ങളുടെയും (സർബ്ബത്ത്, പാലൈസ്, ഹൽവ), വിനോദങ്ങളുടെയും ( ഊഞ്ഞാൽ, ആനത്തൊട്ടിൽ, മാജിക്, മരണക്കിണർ), കലാപ്രകടനങ്ങളുടെയും (ഡാൻസ്, നാടകം, ഗാനമേള, മിമിക്സ് പരേഡ്) പരസ്യ വ്യവഹാരങ്ങൾ അരങ്ങുതകർക്കുമ്പോൾ, കുറ്റകൃത്യത്തോളമെത്തുന്ന ചില അധോ-വ്യവഹാരങ്ങളും(ചട്ടി കളി, പണം വെച്ചുള്ള ശീട്ട് കളി,കുലുക്കിക്കുത്ത്) അവിടങ്ങളിലെ മറ്റൊരു ഭാഗത്ത് സജീവമായിരിക്കും. അതേസമയം മേല്പറഞ്ഞ വ്യവഹാരങ്ങളല്ലാതെ, ആൾക്കാർ അറിഞ്ഞും, അറിയാതെയും, അറിഞ്ഞില്ലെന്ന് നടിച്ചും ഭാഗഭാക്കാകുന്ന മറ്റൊരു കൈമാറ്റവും ഇതിനിടയിലുണ്ടാകും. വിവിധപ്രായക്കാരുടെ ഇടപ്പെടലുകൾ ഉണ്ടാകുമെങ്കിലും, കൂടുതലായി കൗമാരക്കാരിൽ ആരോപിക്കപ്പെടുന്ന ആ ഗോപ്യവ്യവഹാരം ഇന്നും മലയാളി ലൈംഗീകതയുടെ ഒരു അവിഭാജ്യഘടകമായാണ് ഞാൻ കാണുന്നത്.

അപരശരീരമെന്ന ഉദ്ദേശലക്ഷ്യത്തിൽ മനുഷ്യനെ എത്തിക്കുന്ന ഏറ്റവും വിക്ഷേപണക്ഷമത കൂടിയ ഇന്ദ്രിയം കണ്ണായിരിക്കും. അതുകൊണ്ടു തന്നെ ആൾക്കൂട്ടത്തിലെ ആനന്ദാന്വേഷികളുടെ പ്രാഥമിക ശ്രമങ്ങൾ സാധ്യമാക്കപ്പെടുന്നത് അപരിമിതമായ (‘ലക്കും, ലഗാനുമില്ലാത്ത’) നോട്ടങ്ങളിലൂടെയാകും. ഭൗതികാർത്ഥത്തിൽ ഉടൽ സ്പർശം എന്നൊന്ന് സംഭവിക്കുന്നേയില്ലെങ്കിലും’ തുറിച്ചുനോട്ടം’ നിയമപ്രകാരമുള്ള ഒരു കുറ്റമാകുന്നത് കണ്ണുകൾ കൊണ്ട് നാം നടത്തുന്ന ‘തുളച്ചുകയറൽ'(penetration) കൊണ്ടാണ്. ലഹരിനിർമ്മാണവുമായി ബന്ധപ്പെട്ട ‘വാറ്റിയെടുക്കൽ’ എന്ന പ്രയോഗം എത്രയനായാസമായാണ് നോട്ടവുമായി കൂട്ടിച്ചേർക്കപ്പെട്ടത് എന്നോർത്തു നോക്കൂ. അമ്പലപ്പറമ്പിലും, വാർഷികത്തിനും കൂടിനിന്നതിൽ എത്രയുടലുകളാണ് ദാഹിച്ച കണ്ണുകളാൽ നഗ്നമാക്കപ്പെട്ടിട്ടുണ്ടാവുക ! എത്ര ദേഹങ്ങളാണ് മോഹപൂർത്തിക്കുള്ള ആനന്ദോപാധികളായിത്തീർന്നിട്ടുണ്ടാവുക. കോമ്പല്ലുകൾ കൊണ്ട് മാത്രമല്ല നാം ‘ചോര കുടിക്കുന്നത്’ !

വായനോട്ടം എന്ന മുനകുറഞ്ഞ പ്രയോഗം കൊണ്ട് നാം മൂർച്ച കുറച്ച നോക്കിയനുഭവിക്കലിന് എല്ലാ ആൾക്കൂട്ടങ്ങളിലും തുല്യ സാധ്യതയുണ്ടെങ്കിലും, അത് ഏറ്റവും കൂടുതൽ സംഭവിക്കുന്നത് മോഹമുണരുന്ന രാത്രിയും, ദേഹലാവണ്യം പത്തിരട്ടിയായി പ്രകാശിപ്പിക്കുന്ന ദേവാലയ ദീപങ്ങളും ഒന്നിക്കുന്ന ആരാധനാലയങ്ങളുടെ തിരുമുറ്റങ്ങളിലായിരിക്കും.
അമ്പലമുറ്റത്ത് നിന്ന്
“പഞ്ചാരി കേട്ടില്ലാ
പാണ്ടിയും കേട്ടില്ലാ
പഞ്ചബാണവീണമാത്രം മുഴങ്ങി കാതില്‍…” എന്ന് ഖേദലേശമില്ലാതെ കുറ്റമേറ്റുപറയുന്ന കാമുകിയും, പെരുന്നാൾത്തിരക്കിൽ ‘ഉത്തമഗീത’ത്തിലെ രതിരൂപകങ്ങൾ ഓർത്ത് സായൂജ്യം കൊള്ളുന്ന കൗമാരക്കാരിയും കേരളത്തിൽ എക്കാലത്തും തികച്ചും സംഭവ്യമായ രണ്ട് ചിത്രങ്ങൾ മാത്രമാണ്.

കണ്ണുകൊണ്ടറിഞ്ഞ് മതിവരാത്ത അത്യാഗ്രഹികളായ സാഹസികർ അപരദേഹത്തിലേക്ക് നടത്തുന്ന ഇടപെടലുപാധി ഉടലിലെ ഏറ്റവും നീളം കൂടിയ അവയവങ്ങളായ കൈയ്യുകളും, കാലുകളുമായിരിക്കും. സ്പർശമെന്ന് വിളിക്കപ്പെടാൻ അർഹതയുള്ള ഇത്തരം ഒരുമ്പെടലുകളുടെ സാധ്യത ആഘോഷസന്ദർഭങ്ങളിൽ സാധാരണയായി മൂന്ന് ഘട്ടങ്ങളിലായാണുണ്ടാവുക. അതിൽ ആദ്യത്തേത്, സന്ധ്യയോടെ എത്തിച്ചേരുന്ന തിരക്കുള്ള ബസ്സിൽ (അത് തന്നെ മറ്റൊരു സ്പർശസാധ്യതയത്രെ!) നിന്നിറങ്ങി ആഘോഷസ്ഥലത്തേക്കുള്ള നടത്തത്തിലായിരിക്കും. മധുരം വിതറിയ ഏകതാരയിലൂടെ മോഹിതഹൃദന്തവുമായി ഒരു മോഹ നിദ്രയിലെന്നവണ്ണം നീങ്ങുന്ന ചോണനുറുമ്പുകളെപ്പോലെയുള്ള യുവാക്കളുടെയും, കൗമാരക്കാരുടെയും പടയെ നമ്മളാരാണ് കണ്ടിട്ടില്ലാത്തത് ! തികച്ചും ‘തങ്ങളുടെതല്ലാത്ത കാരണങ്ങളാൽ’ അവർ കുപ്പിവളകളും, കല്ലുമാലകളും വിൽക്കുന്ന താൽകാലിക കടകളിലും മറ്റും പെൺകുട്ടികൾക്ക് പിറകിൽ തമ്പടിയ്ക്കുന്നതു കാണാം. ഈ നിർമ്മിത തിരക്കുകൾക്കിടയിലാണ് അവരുടെ കൈത്തണ്ടകളും, വിരലുകളും സ്വകാര്യങ്ങൾ പറയാനുള്ള ഒരു സാധ്യത കണ്ടെത്തുന്നത്. പലപ്പോഴും കുളിച്ചീറനായ മുടിയോടെ ഉത്സവസ്ഥലത്തേക്ക് തിരക്കിട്ട് ഓടി വരുന്ന പെൺകുട്ടികൾ മോഹത്തീപ്പൊരി ചിതറിക്കുന്ന ഈ കരസ്പർശങ്ങളുടെ ഗൂഢോദ്ദേശം ചിലപ്പോൾ അറിയുന്നതുപോലുമുണ്ടാകില്ല എന്നതും ഒരു വാസ്തവമാണ്. ഇതുപോലൊരു രതിസന്ദർഭത്തെയാണ് ഭാസ്കരൻ മാഷ് കവിതയോളമെത്തുന്ന തൻ്റെ വരികളിൽ ഇങ്ങനെ വരച്ചെഴുതിയത്:

നിൻ്റെ കരവും, എൻ്റെ കരവും
ആൾത്തിരക്കിൽ വച്ചടുത്തു
മദിരോത്സവത്തിൻ
നർത്തനവേദിയിൽ
മാർവ്വിടം മാറോടടുത്തു…

എന്നാൽ ഉഭയകക്ഷിസമ്മതപ്രകാരമുള്ള സ്പർശങ്ങളിലും കൂടുതൽ, ഈ ആരാധനാലയോന്മുഖ പദയാത്രകളിൽ സംഭവിക്കാൻ നിർഭാഗ്യവശാൽ സാധ്യത കൂടുതലുള്ളത്,  കടന്നുകയറ്റത്തിൻ്റെ തട്ടുകളും, മുട്ടുകളുമായിരിക്കും. നൈമിഷിക നിർവൃതിയുടെ അത്തരം കരസ്പർശങ്ങൾക്ക് വേണ്ടി കൈവീശലിൽ അതുവരെയില്ലാത്തൊരു സൈഡ് ആർച്ച് മുദ്ര (side arch) പരിശീലിച്ചെടുത്ത വീരന്മാരെയും, തൃശ്ശൂർ പൂരത്തിന് ആനയിടഞ്ഞ് ആൾക്കാർ ജീവനുംകൊണ്ട് പരക്കം പായുമ്പോൾ പോലും തൊടലിൻ്റെ സാധ്യത പ്രയോജനപ്പെടുത്തിയ വജ്രന്മാരെയും വരെ ഞാൻ കണ്ടിട്ടുണ്ട്. അനാവശ്യ സ്പർശങ്ങളുടെ അരുചിയെടുത്തു മാറ്റിയാൽ ഈ കരസ്പർശങ്ങളെ ഞാൻ ഖലീൽ ജിബ്രാനുമായി വരെ ബന്ധപ്പെടുത്തിയേക്കും:

ഒരു പുരുഷൻ്റെ കരം ഒരു സ്ത്രീയുടെ കരഞ്ഞെ സ്പർശിക്കുമ്പോൾ അവർ രണ്ടുപേരും സ്പർശിക്കുന്നത് നിത്യതയുടെ ഹൃദയത്തെയാണ് (When a man’s hand touches the hand of a woman, both of them touch the heart of eternity)

ഉത്സവങ്ങളിലെ രണ്ടാമത്തെ സ്പർശസാഹചര്യം സംജാതമാകുന്നത് രാത്രി ഏറെ വൈകി ഉണ്ടാകുന്ന വെടിക്കെട്ടോ (ഉത്സവഭാഷ: കരിമരുന്ന് പ്രയോഗം), എതിരേല്പോ, കാഴ്ചവരവോ, നഗരപ്രദക്ഷിണമോ കാത്തിരിക്കുന്ന ജനം നേരംകളയാൻ കയറുന്ന ആ പരിസരത്തുതന്നെയുള്ള ബി അല്ലെങ്കിൽ സി ക്ലാസ്സ് സിനിമാ ടാക്കീസിനകത്തെ ഇരുട്ടിലാകും. ഉത്സവ സമയത്ത് ആൾക്കാരെയെല്ലാം ഉൾക്കൊള്ളിച്ച് പരമാവധി ലാഭം കൊയ്യാനായി തിയേറ്ററുകാർ നീലയും, പച്ചയുമൊക്കെ പെയിൻ്റുകളടിച്ച തകരക്കസേലകൾ വാടകയ്ക്ക് വാങ്ങി അവിടവിടെയായി ഇട്ടുതരും. നിലത്ത് സ്ക്രൂ ചെയ്തുറപ്പിച്ച, വിരലുകടക്കാൻ പോലും വിടവില്ലാത്ത ടാക്കീസ്-കസേലകളിൽ നിന്നും രൂപത്തിലും, വിന്യാസത്തിലും വലിയ വ്യത്യാസമുള്ള തകരക്കസേലകൾക്കിടയിലൂടെയാണ് ഇവിടുത്തെ മോഹക്കൈമാറ്റങ്ങളുണ്ടാവുക. വെള്ളിത്തിരയിൽ തല്ലും, തമാശയും, പ്രേമവും, ഐറ്റം സോങ്ങും തകർക്കുമ്പോൾ ഇരുട്ടുമൂടിയ സിനിമാ ടാക്കീസിൻ്റ അസംഖ്യം ഗൂഢസ്ഥലികളിൽ മോഹവിരലുകളും, ഉടൽപ്പിരിവുകളും നിരന്തരമായ സായൂജ്യസംഭാഷണങ്ങളിലായിരിക്കും.

രതിയുടെ സൗന്ദര്യാത്മകതയിലും, ആനന്ദത്തിൻ്റെ സമഗ്രതയിലും മേല്പറഞ്ഞ രണ്ടു സാഹചര്യങ്ങളെ ബഹുദൂരം പിൻതള്ളുന്നതാണ് മനുഷ്യദേഹങ്ങൾ ഒന്നിച്ചുകൂടുന്ന ഏത് ആൾക്കൂട്ടത്തിലും സംഭവിക്കുന്ന മൂന്നാമത്തെ സ്പർശബന്ധം. രാത്രിയിലെ ഇരുട്ടിൽ കണ്ണിനുമുൻപിൽ വിരിയുന്ന  വെളിച്ചത്തിൻ്റേയും ,വർണ്ണത്തിൻ്റെയും വിസ്മയങ്ങളിലേക്ക് കണ്ണ് കോർത്തുപോകുന്ന ആൺപെൺ കൂട്ടത്തിനിടയിലാണ് കൈയും, കാലും മാത്രമല്ല ഉടൽലഹരിയുടെ പ്രഭവസ്ഥാനമായ അരക്കെട്ട് കൂടി പങ്കെടുക്കുന്ന ഇത്തരം രതിസായൂജ്യങ്ങൾ സംഭവിക്കുക. കണ്ണിൽ അമ്പരപ്പ് നിറയ്ക്കുന്ന വർണ്ണ വിസ്മയങ്ങളുടെ ഏറ്റവും ഗംഭീരമായ ഉദാഹരണം അമ്പലപ്പറമ്പുകളിലെ അർദ്ധരാത്രികളിലുണ്ടാകുന്ന വെടിക്കെട്ടാണ്. എമ്പ്രാശൻ എന്ന പൂജാരി അമ്പലത്തിനകത്തെ കൽവിളക്കിൽ നിന്ന് കൊളുത്തിയ തിരിയുമായി ഇറങ്ങുമ്പോൾ മൈതാനത്തെ വെളിച്ചങ്ങളെല്ലാം കെട്ടിരിക്കും. ചന്തക്കാരും, പരസ്യക്കാരും, പോലീസുകാരും വരെ വെളിച്ചം വീശാത്ത ഒരു ആചാരനിശ്ചലതയുടെ നിമിഷത്തിൻ്റെ മൂർദ്ധന്യത്തിലാണ് കരിമരുന്നിന് തീക്കൊടുക്കുക. ആദ്യത്തെ കതിന പൊങ്ങുന്നതിനോടൊപ്പം എത്രതന്നെ നിയന്ത്രിക്കപ്പെട്ട ആൾക്കൂട്ടത്തിൻ്റെയും അച്ചടക്കത്തിനും ഒരിളക്കമുണ്ടാകും. വലുതാക്കാൻ കഴിയാത്ത വയലുകളിൽ കുടുങ്ങിയ മനുഷ്യരുടെ ദേഹങ്ങൾ അറിയാതെ ഒന്നുകൂടി അടുക്കും. സംരക്ഷണ, സദാചാരവിലങ്ങുകൾ അടർന്നുവീഴുന്ന അന്ധകാരത്തിൽ ആകാശത്തുയരുന്ന ഓരോ അമിട്ടിനുമൊപ്പം തൊടാനും, തൊടപ്പെടാനും മോഹിച്ച ഉടലുകൾ കാന്തശക്തികൊണ്ടെന്നതു പോലെ പരസ്പരം ചേർന്നുവരും. കരിമരുന്നിൻ്റെ ഉന്മാദഗന്ധവും, സ്ഫോടനത്തിൻ്റെ ആലക്തികപ്രഭയും നിറയുന്ന സർറിയൽ (surreal) അന്തരീക്ഷത്തിൽ അജ്ഞാതരുടെ കരങ്ങളും, കാലുകളും, അരക്കെട്ടുകളും ആയിരമായിരം രതിപദങ്ങളാടും. കമ്പക്കെട്ടുകൾ അവസാനിക്കുമ്പോൾപ്പിന്നെ ബാക്കിയുണ്ടാവുക അപൂർണ്ണമായ ഉത്സവത്തിൻ്റെ ഖേദം മാത്രമായിരിക്കും.

Latest articles

നാടകത്തിനായ് നൽകിയ ജീവിതം, വിക്രമൻ നായർ അന്തരിച്ചു

നാടകാചര്യൻ വിക്രമൻ നായർ അന്തരിച്ചു. 78 വയസായിരുന്നു. തിങ്കളാഴ്ച രാത്രി, കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയവേയാണ് മരണം....

ജനത കൾച്ചറൽ സെന്റർ പുരസ്‌കാരം വിജയരാഘവൻ ചേലിയക്ക്

ജനത കൾച്ചറൽ സെന്റർ കുവൈത്ത് ഘടകം നൽകിവരുന്ന പത്താമത് വൈക്കം മുഹമ്മദ്‌ ബഷീർ പുരസ്‌കാരത്തിന് പരിസ്ഥിതി-സാമൂഹ്യ പ്രവർത്തകനായ വിജയരാഘവൻ...

ഒറ്റച്ചോദ്യം – കമാൽ വരദൂർ

ഒറ്റച്ചോദ്യം അജു അഷ്‌റഫ് / കമാൽ വരദൂർ ഇന്ത്യൻ സൂപ്പർ ലീഗിലെ റഫറിയിങ് നിലവാരത്തെ കുറിച്ചുള്ള ചർച്ചകൾക്ക് ലീഗോളം തന്നെ പഴക്കമുണ്ട്....

ആന്റിജന്‍

കഥ അഭിനന്ദ് ഒന്ന് ഇതുവരെയുള്ള പരിചയം വെച്ച്, തനിച്ചുള്ള ജീവിതത്തോടുതന്നെയാണ് കൂടുതൽ അടുപ്പം. അതുകൊണ്ടുതന്നെ, പതിനേഴു ദിവസത്തെ ഈ പരീക്ഷയൊക്കെ തനിക്കെളുപ്പം ജയിക്കാമെന്നായിരുന്നു,...

More like this

നാടകത്തിനായ് നൽകിയ ജീവിതം, വിക്രമൻ നായർ അന്തരിച്ചു

നാടകാചര്യൻ വിക്രമൻ നായർ അന്തരിച്ചു. 78 വയസായിരുന്നു. തിങ്കളാഴ്ച രാത്രി, കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയവേയാണ് മരണം....

ജനത കൾച്ചറൽ സെന്റർ പുരസ്‌കാരം വിജയരാഘവൻ ചേലിയക്ക്

ജനത കൾച്ചറൽ സെന്റർ കുവൈത്ത് ഘടകം നൽകിവരുന്ന പത്താമത് വൈക്കം മുഹമ്മദ്‌ ബഷീർ പുരസ്‌കാരത്തിന് പരിസ്ഥിതി-സാമൂഹ്യ പ്രവർത്തകനായ വിജയരാഘവൻ...

ഒറ്റച്ചോദ്യം – കമാൽ വരദൂർ

ഒറ്റച്ചോദ്യം അജു അഷ്‌റഫ് / കമാൽ വരദൂർ ഇന്ത്യൻ സൂപ്പർ ലീഗിലെ റഫറിയിങ് നിലവാരത്തെ കുറിച്ചുള്ള ചർച്ചകൾക്ക് ലീഗോളം തന്നെ പഴക്കമുണ്ട്....