HomeTHE ARTERIASEQUEL 61നഗരം സാക്ഷി

നഗരം സാക്ഷി

Published on

spot_imgspot_img

ഓർമ്മക്കുറിപ്പ്

സുഗതൻ വേളായി

1986. ഞാൻ ബംഗളുരുവിൽ ശേഷാദ്രിപുരത്ത് മൂസ്സഹാജിയുടെ കടയിൽ മുന്നൂറുരൂപ ശമ്പളത്തിൽ പണിയെടുക്കുന്ന കാലം. നാട്ടിൽ നിന്നും വീട്ടിൽ നിന്നും ഒറ്റപ്പെട്ട് അകന്നു കഴിയുന്ന അവസ്ഥ അരോചകമായിരുന്നു. എങ്കിലും എന്തിനും തയ്യാറായി ഇറങ്ങി പുറപ്പെട്ടിട്ട് പെട്ടെന്ന് ഒരു തിരിച്ചു പോക്ക് അസാധ്യവുമായിരുന്നു. ഹാജിയാരുടെ തരക്കേടില്ലാത്ത കടയിലും കുടുസുമുറിയിലുമായി ഞാൻ സ്വയം തടവിലായി. തുടക്കത്തിൽ കടയിൽ വരാറുള്ള പല പല ഭാഷക്കാരുടെയും കലപില കൂട്ടലിൽ ഞാൻ എരിപൊരി കൊണ്ടു. മദ്ധ്യാഹ്നം, പാചകക്കാരനായ പണ്ടാരിയായി മുറിയിൽ കഴിച്ചു കൂട്ടാൻ കഴിയുന്നതിലായിരുന്നു അല്പമെങ്കിലും ആശ്വാസം. മുറിയിലെ ചെടുപ്പിക്കുന്ന മണത്തിൽ നിന്നും രക്ഷപ്പെട്ട് ചില്ല് പൊട്ടിയ ജനാലയ്ക്കൽ വന്നു നിൽക്കും. പുറത്ത് ടാർ പൊളിഞ്ഞ റോഡ് പൊതുവെ വിജനമായിരുന്നു. റോഡിനപ്പുറം അരളി മരങ്ങൾ കുടപിടിച്ചു നിരന്നു നിന്ന ഒരു പാർക്ക്. ചോരത്തുള്ളികൾ തെറിച്ചതു പോലെ ചിതറിവീണ അരളിപ്പൂക്കൾ. സൂര്യൻ തീമഴ പെയ്ത് കരിച്ചു കളഞ്ഞ പുൽനാമ്പുകളിൽ പുളഞ്ഞു രസിക്കുന്ന തെരുവു പിള്ളേർ. കാടുപിടിച്ച മുടി ചീകിയൊതുക്കാൻ പാടുപെടുന്ന ഏതാനും തമിഴ് സ്ത്രീകൾ. നാട്ടിൽ അവരെ അണ്ണാച്ചികൾ എന്നു വിളിച്ചു പോന്നതിലെ വിരോധാഭാസമോർത്ത് ചുണ്ടിൽ ചിരി വിരിയാറുണ്ട്.

പാർക്കിലെ കമ്പിവേലിക്കപ്പുറം കൊച്ചു കൊച്ചു കൂരകൾ തിങ്ങിനിറഞ്ഞ ഒരു ചേരി. അത് വി.വി.ഗിരി കോളനി എന്ന പേരിൽ അറിയപ്പെട്ടിരുന്നു. കൂരയ്ക്കുമേൽ കുത്തി നിർത്തിയ അനേകം ആന്റിനകൾ. അവയ്ക്കിടയിലൂടെ ചൂളം വിളിച്ച് കടന്നു പോകാറുള്ള തീവണ്ടിയുടെ നരച്ച മേൽഭാഗം ചിലപ്പോൾ കണ്ണിൽ പെട്ടെന്നു വരാം. അതിനുമപ്പുറം അകലെ ആകാശത്തിന്റെ ഒരു കീറ്. ഇവിടെ ഈ മുറിയിൽ ഇങ്ങനെ നിൽക്കവേ, മനസ്സ് ഞാനറിയാതെ തെന്നി മാറും. അപ്പോൾ മുന്നിലെ വിരസമായ കാഴ്ചകൾ പൊടുന്നനെ മാഞ്ഞു പോകുകയും പുതിയ കാഴ്ചകൾ പിറവി കൊള്ളുകയും ചെയ്യും.

പാർക്കിലെ അരളി മരത്തിനു പകരം നാട്ടുകവലയിലെ സദാ ഇമവെട്ടി കൊണ്ടിരിക്കുന്ന അസംഖ്യം ഇലകളുള്ള ആൽമരവും ഇളം കാറ്റും കുളിർമ്മയും കടന്നു വരും. ആൽമരത്തിന്റെ നെറുകയിൽ കൊടികെട്ടാൻ കയറിയ സഹദേവന്റെ സാഹസികത. കൂട്ടുകാരൊത്ത് നാട്ടുവർത്തമാനങ്ങളും കളിതമാശകളുമായി കടന്നു പോയ സായന്തനങ്ങൾ. കൈത്തോടിനുമുകളിലെ കലുങ്കിൽ സൊറ പറഞ്ഞിരുന്ന രാത്രി കൾ. മുതിയങ്ങഷാപ്പിലെ അന്തി കള്ളും മോന്തി ലക്കുകെട്ടുവരുന്നവരുടെ കുഴഞ്ഞ കശപിശകൾ….. മായ്ച്ചാലും മായാത്ത ഓർമ്മകളായി എല്ലാം മനസ്സിൽ ഓടിയെത്തും. ചില നേരങ്ങളിൽ ആ മുറി എന്റെ പഠനമുറിയുമാകുന്നു. അലമാരയിൽ ചിട്ടയോടെ അടുക്കി വെച്ച പുസ്തകങ്ങൾ എന്നെ നോക്കി നെടുവീർപ്പിടും. അന്തരാളത്തിൽ ഞാനറിയാതെ ഒരാന്തൽ അനുഭവപ്പെടും. അച്ചടി മഷി പുരണ്ട മലയാളത്തിനു വേണ്ടി മനസ്സുകൊതിക്കും. ഇപ്പോൾ ജനാലയിലൂടെ കാണുന്ന കാഴ്ചകളിൽ പടർന്നു പന്തലിച്ച പുളിമരവും മറ്റു പച്ചപ്പുകളും ചപ്പിലകിളികളുടെ കളകളാരവവും മാത്രം. ഒരു മാത്ര വീടും തൊടിയും ചുറ്റുപാടുകളും മനസ്സിൽ പച്ച പിടിച്ചങ്ങിനെ നിൽക്കും.

വീണ്ടും പുതിയ കാലത്തിലേക്ക് നിപതിക്കേ ഗൃഹാതുരമായ ഓർമ്മകളിൽ ഉള്ളുപൊള്ളും. കൈയ്ക്കും തലയ്ക്കും ഒരുതരം തരിപ്പ് അരിച്ചു കയറും. എന്തെങ്കിലും എഴുതിയേ കഴിയൂ എന്ന അവസ്ഥ എന്നെ ഭ്രാന്ത് പിടിപ്പിക്കും. ആത്മനൊമ്പരങ്ങളും വ്യഥകളും ഗൃഹാതുര സ്മരണകളും വെറുതെ കുത്തികുറിക്കും. ഒടുവിൽ അതൊരു കവിതയായ് പെയ്തിറങ്ങും. പറഞ്ഞറിയിക്കാൻ പറ്റാത്ത ഒരു നിർവൃതി അപ്പോൾ അനുഭവിച്ചറിയുന്നു. പിന്നീട് ഗൃഹാതുര ആകുലതകളിൽ കവിതയും ഒരു കൂട്ടായി. പലരും കവിതയെ ആത്മാവിഷ്ക്കാരത്തിന് തിരഞ്ഞെടുക്കുന്നത് കവിതയ്ക്ക് വൈരുദ്ധ്യങ്ങളെ കൂടുതലായി ഉൾക്കൊള്ളാനുള്ള കഴിവു കൊണ്ടോ, കവിത ആത്മാവിനോട് ഏറ്റവുമടുത്ത സാഹിത്യരൂപമായതുകൊണ്ടോ, അത് ഒരഭയവും ബാധയൊഴിപ്പും പ്രാർത്ഥനയും ആയതുകൊണ്ടോ ആവാം എന്ന് കവി സച്ചിദാനന്ദനും പറയുന്നുണ്ടല്ലോ.

കൂട്ടുകാരുടെ നാട്ടുവിശേഷങ്ങൾ കുത്തിനിറച്ച കത്തിലൂടെ നാടിനെ അറിഞ്ഞു. മറുകുറിയായ് നഗര കുറിപ്പുകൾ പൊടിപ്പും തൊങ്ങലും ചാർത്തി അയച്ചു. ഹാജ്യാർക്ക് പത്രവായന അലർജിയായതിനാൽ എന്റെ പത്രവായനയും മുടങ്ങി. അത്തം പിറന്നതും ഓണാഘോഷത്തിന്റെ ഒരുക്കങ്ങളെ കുറിച്ചും കൂട്ടുകാരുടെ കത്തുകളിലൂടെ അറിഞ്ഞു. ഒരു വട്ടം കൂടി ഓർമ്മകളിൽ ഓണം ഒളി ചിതറി.

തിരുവോണതലേന്ന് തല ചൊറിഞ്ഞു കൊണ്ട് ഞാൻ മൂസക്കയുടെ മുന്നിൽ നിന്നു. ഓണത്തിന് ഒരവധിയെങ്കിലും ഒപ്പിച്ചെടുക്കണമല്ലോ – അദ്ദേഹത്തിന്റെ അലിവിൽ ഒരവധി തരപ്പെട്ടു.

കാലത്ത് കാസിമും അലിയും മൂസക്കയുടെ കൂടെ കടയിലേക്ക് പോയി. ഞാൻ മുറിയിൽ മുറിവേറ്റ കിളിയേപ്പോലെ കിടന്നു. ഏകാന്തത എന്നെ ഗ്രസിച്ചു. പുത്തനുടുപ്പണിഞ്ഞ് പൂക്കളമൊരുക്കി ഓടിച്ചാടി നടന്ന ഓണക്കാലങ്ങളെ കുറിച്ചോർത്ത് അങ്ങനെ കിടന്നു.

ഒറ്റപ്പെടലിന്റെ തീവ്രത ശരിക്കും അനുഭവിക്കാൻ വേണ്ടി ഒഴിഞ്ഞ വയറുമായി കഴിയാൻ തീരുമാനിച്ചു. നഗരമെങ്കിലും ചുറ്റിക്കാണാമല്ലോ എന്നു കരുതി മുറിവിട്ടു പുറത്തിറങ്ങി. ഓണമില്ലെങ്കിലും നഗരകാഴ്ചകളെങ്കിലും കണ്ടു മടങ്ങാമല്ലോ. കുതിരച്ചാണകം മണക്കുന്ന ഗലികൾ പിന്നിട്ട് ക്രോസ് റോഡുകൾ താണ്ടി പ്രധാന നിരത്തിൽ എത്തി. വാഹനങ്ങളുടെ മലവെള്ളപാച്ചിൽ കണ്ട് ഒന്നു പകച്ചു – പൂ തേടി കാടുകളിൽ അലഞ്ഞപ്പോൾ ഇത്രയും പേടി തോന്നിക്കുന്നില്ല. ഈ കോൺക്രീറ്റ് കാട്ടിൽ പകൽ മാന്യന്മാരെയും പോക്കറ്റടിക്കാരെയും പിടിച്ചുപറിക്കാരെയും പേടിക്കണമല്ലോ.
പാന്റ്സിന്റെ കീശയിൽ കരുതിയിരുന്ന കാശിൽ കൈ തിരുകി കരുതലോടെ നടന്നു.

കാലത്തിന്റെ ഓർമ്മത്തെറ്റുപോലെ ഒറ്റയും തെറ്റയുമായി കാളവണ്ടികളും കുതിരവണ്ടികളും കടന്നു പൊയ്‌ക്കൊണ്ടിരുന്നു. മുഖം നഷ്ടപ്പെട്ട പഥികർ കാൽനടകളിൽ പറന്നു. യാചകരും കുഷ്ട രോഗികളും കരുണയുള്ളവരുടെ കണ്ണിൽ മാത്രം പെട്ടു. അണിഞ്ഞൊരുങ്ങിയ തരുണികൾ കണ്ണിൽ കാമവുമായി കാത്തിരിപ്പ് തുടർന്നു. പാതവക്കിൽ വഴിവാണിഭക്കാരുടെ പരാക്രമങ്ങൾ!

ഇത് ഉറക്കം നഷ്ടപ്പെട്ടവരുടെ നഗരമാകുന്നു. നഗരത്തിന്റെ കണ്ണുകളിൽ നിന്നും ഉറക്കം എന്നേ വിട്ടുമാറിയിരിക്കുന്നു. നഗരത്തിന് മകനെ കാത്തിരിക്കുന്ന അമ്മയുടെ ഭാവമല്ല; ജാരനെ കാത്തിരിക്കുന്ന വേശ്യയുടെ ഭാവമാണ്. ഇവളുടെ പ്രലോഭനങ്ങളിൽപ്പെട്ട് പടിയിറങ്ങിയ പതിനായിരങ്ങളിൽ ഒരുവനായി ഇതാ ഈ ഞാനും….

ആൾത്തിരക്കിലൂടെ ആടിയുലഞ്ഞ് അങ്ങനെ നടന്നു. ഒരുലക്ഷ്യവുമില്ലാത്ത യാത്ര……

ഗലികളിലൂടെയും റോഡുകളിലും ഒഴുകി. ബസ് സ്റ്റാന്റിൽ ചുറ്റി കറങ്ങി സമയം കൊന്നു.
ക്രോസ് റോഡുകൾ പലപ്പോഴും വട്ടം ചുറ്റിച്ചു. ഒടുവിൽ ഒരു പുസ്തക കടയ്ക്കു മുന്നിൽ കാലുകൾ പണിമുടക്കി. ചിന്തകളിൽ വിശപ്പ് നിറഞ്ഞു. തോരണമായി തൂങ്ങി കിടന്നിരുന്ന പുസ്തകങ്ങളിൽ നിന്നും ഒരോണപ്പതിപ്പ് കൈക്കലാക്കി. പിന്നിട്ട വഴികളിൽ ആൾത്തിരക്കില്ലാത്ത ഒരു പാർക്ക് കണ്ണിൽ പെട്ടിരുന്നു.
വർദ്ധിച്ച ആവേശത്തോടെ തിരിച്ചു നടന്നു. ആളൊഴിഞ്ഞ സിമൻറു ബെഞ്ചിലിരുന്നു. ഓണപതിപ്പ് പകുത്ത് മുഖത്തോട് ചേർത്തുവെച്ചു. എന്റെ നാടിന്റെ ഗന്ധം ആവോളം ആവാഹിച്ചു. ആർത്തിയോടെ ഓണപതിപ്പിലെ വിഭവങ്ങൾ അകത്താക്കി. ഇല്ലാതിരുന്ന അസ്തിത്വം കൈവന്നതു പോലെ ഒരു നവീന അനുഭവം. പ്രിയപ്പെട്ട അമ്മേ…
കൂട്ടുകാരാ …
ഇതാ ഈ ഞാനും ഇവിടെ നഗരത്തിരക്കിൽ നിന്നും ഒറ്റപ്പെട്ട ഈ തുരുത്തിൽ ഓണം ആഘോഷിക്കുന്നു !

ഒരു വരണ്ട നഗരക്കാറ്റ് വീശി. അത് ഒരു സ്വാന്തനമായി എന്നെ തഴുകി തലോടി ആശ്വസിപ്പിച്ചു.
ഞാൻ സുഖദമായ ആലസ്യത്തിലേക്ക് വഴുതി വീണു. പുറത്ത് വാഹനങ്ങളുടെ ഇരമ്പൽ നേർത്തു വന്നു. കാഴ്ച മറയുന്നു. ഞാൻ ഓണ പതിപ്പിലേക്ക് പതുക്കെ തല ചായ്ച്ചു, അമ്മയുടെ മടിത്തട്ടിലേക്കെന്ന പോലെ…..


ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.

spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Latest articles

അക്ഷരശ്രീ പുരസ്‌കാരത്തിന് അപേക്ഷിക്കാം

പൂവാര്‍: കരുംകുളം ഡോ. ജെ. ആന്റണി കഥാ സാംസ്‌കാരിക പഠന കേന്ദ്രത്തിന്റെ അക്ഷരശ്രീ സാഹിത്യ പുരസ്‌കാരത്തിനായി 2022 ജനുവരി...

അഖില കേരള ചെറുകഥാ മത്സരത്തിലേക്ക് രചനകള്‍ ക്ഷണിച്ചു

കരുനാഗപ്പള്ളി: നാടകശാലയുടെ നേതൃത്വത്തില്‍ രണ്ടാമത് ചെറുകഥാമത്സരം നടത്തുന്നു. ഏതു വിഷയവും കഥയാക്കാം. 2 പേജില്‍ കവിയരുത്. ഒന്നും രണ്ടും...

എന്തിനാണ് ടാക്‌സ് കൊടുക്കുന്നതെന്ന് ചോദിപ്പിക്കരുത്; ചെന്നൈ കോര്‍പ്പറേഷനെതിരെ കടുത്ത വിമര്‍ഷനവുമായി നടന്‍ വിശാല്‍

ചെന്നൈ: ചുഴലിക്കാറ്റിനെ തുടര്‍ന്നുണ്ടായ കനത്ത മഴയെ തുടര്‍ന്ന് ചെന്നൈ നഗരത്തിലുണ്ടായ വെള്ളപ്പൊക്കത്തില്‍ ചെന്നൈ കോര്‍പ്പറേഷനെതിരെ കടുത്ത വിമര്‍ശനവുമായി തമിഴ്...

കാതലിന്റെ കാതല്‍

അഭിമുഖം ജിയോ ബേബി / ഗോകുല്‍ രാജ്‌ ഗ്രേറ്റ്‌ ഇന്ത്യൻ കിച്ചൺ എന്ന സിനിമയുടെയും കാതൽ എന്ന സിനിമയുടെയും ക്ലൈമാക്സ്‌ നിൽക്കുന്നത്...

More like this

അക്ഷരശ്രീ പുരസ്‌കാരത്തിന് അപേക്ഷിക്കാം

പൂവാര്‍: കരുംകുളം ഡോ. ജെ. ആന്റണി കഥാ സാംസ്‌കാരിക പഠന കേന്ദ്രത്തിന്റെ അക്ഷരശ്രീ സാഹിത്യ പുരസ്‌കാരത്തിനായി 2022 ജനുവരി...

അഖില കേരള ചെറുകഥാ മത്സരത്തിലേക്ക് രചനകള്‍ ക്ഷണിച്ചു

കരുനാഗപ്പള്ളി: നാടകശാലയുടെ നേതൃത്വത്തില്‍ രണ്ടാമത് ചെറുകഥാമത്സരം നടത്തുന്നു. ഏതു വിഷയവും കഥയാക്കാം. 2 പേജില്‍ കവിയരുത്. ഒന്നും രണ്ടും...

എന്തിനാണ് ടാക്‌സ് കൊടുക്കുന്നതെന്ന് ചോദിപ്പിക്കരുത്; ചെന്നൈ കോര്‍പ്പറേഷനെതിരെ കടുത്ത വിമര്‍ഷനവുമായി നടന്‍ വിശാല്‍

ചെന്നൈ: ചുഴലിക്കാറ്റിനെ തുടര്‍ന്നുണ്ടായ കനത്ത മഴയെ തുടര്‍ന്ന് ചെന്നൈ നഗരത്തിലുണ്ടായ വെള്ളപ്പൊക്കത്തില്‍ ചെന്നൈ കോര്‍പ്പറേഷനെതിരെ കടുത്ത വിമര്‍ശനവുമായി തമിഴ്...