രണ്ടത്താണിയിലെ മരത്തിന് ; ആലുവയിലേയും

0
317
mohanakrishnan kalady arteria

കവിത

മോഹനകൃഷ്ണൻ കാലടി

ആ മരം വീഴുന്നത് കാണാൻ
നല്ല രസമായിരുന്നു.
അതിന്റെ കഥ കേൾക്കാൻ
അതിലും രസമാണ്.

യന്ത്രവാളിന്റെ ശബ്ദം
സംഗീതമായിരുന്നു.
പക്ഷികൾ അതിൽ
മയങ്ങിപ്പോയിരുന്നു.

ഞെട്ടറ്റു വീണു കൊണ്ടിരിക്കുന്ന
ഇലയോടൊപ്പം കാറ്റ്
പാതി വഴിയിൽ നിശ്ചലമായി.

എന്താണ് വിശേഷമെന്നെത്തി നോക്കി
ചില മരഞ്ചാടികൾ
അവരുടെ വഴിക്ക് പോയി.

പിന്നെ
കിളികൾക്ക് നന്ദി പറഞ്ഞ്
കാറ്റിനെ ഒരിക്കൽ കൂടി ആഞ്ഞുപുണർന്ന്
വേരുകളെ ഒന്നുകൂടി സമീപിക്കാനുള്ള
സങ്കടധൈര്യമില്ലാതെ
മരം
പെരുവഴിയിൽ വീണമർന്നു.
മകളേ എന്ന് ഭൂമി അതിനെ ആശ്ളേഷിച്ചു.

കിളികളും കാറ്റുമൊക്കെ ഇതിനിടയിൽ
മറ്റ് തണലിടങ്ങൾ തേടി പറന്നിരുന്നു.
വഴിയമ്പലക്കോലായിൽ
വെയിലും നിഴലും തങ്ങളുടെ
ചൂതുകളി തുടർന്നു.

മരത്തിലുയർത്തിയ ചില കൊടികളുണ്ടായിരുന്നു.
ഉന്മാദം മൂർച്ഛിച്ച വേളയി-
ലുപേക്ഷിച്ച വസ്ത്രങ്ങളാണെന്ന്
ഒരാൾ വന്നിട്ടവകാശം പറഞ്ഞ് കൊണ്ടുപോയി.

കറയൊലിക്കുന്ന കുറ്റിയിൽ വിശ്രമിക്കുന്ന
മരം വെട്ടുകാരനോട് വനദേവത പറഞ്ഞു :
“ഇരിക്കാൻ സമയമായില്ല
ഇതിന്റെ തുണമരം പൊട്ടിവീണിട്ടുണ്ട്
ഇക്കരയ്ക്കക്കരെ.
വെട്ടിക്കൊത്തിയൊതുക്കണം
വഴി വൃത്തിയാക്കിക്കൊടുക്കണം
ആയുധപ്പുരയിലെ ആദായവിൽപ്പന ആരംഭിക്കാൻ പോകയല്ലേ
ആളുകൾക്കും ആനകൾക്കും
പങ്കുചേരാൻ പോണ്ടതല്ലേ
ഇതാ നിന്റെ യന്ത്രമഴു ”


ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല

LEAVE A REPLY

Please enter your comment!
Please enter your name here