ആരതി ജഹനാര
അഞ്ചേകാലിനേ എണീക്കും
അലാറം അടിക്കുന്നതിനും അഞ്ചുമിനിറ്റു മുന്നേ..
പതിവില്ലാതെ പത്തിരിയുണ്ടാക്കി
തേങ്ങാപ്പാലെടുത്തു പുറത്തൊഴിച്ചു
പഞ്ചസാരേമിട്ട് പയ്യെ തിന്നും.
അപ്പോൾ എണീറ്റ് നിന്നും ഓടീം ഉള്ള തീറ്റയോർമ്മകൾ തികട്ടിവരും.
ഇനി നിറയെ സമയമാണല്ലോ ഉള്ളെ
എന്നങ്ങ് നെടുവീർപ്പിടും.
മുറി മുഴുവൻ അടിച്ചുതൂത്തിടും
നാലാള് വന്നാൽ കാണാൻ താമരപ്പൂനിറമുള്ള ബെഡ്ഷീറ്റ് വിരിച്ചിടും
എന്നാലും കുറ്റം പറയുന്നത് കേക്കണം
ചുളിവ് നിവർന്നിട്ടില്ലാന്നൊക്കെ.
സ്റ്റീൽ പാത്രങ്ങളെല്ലാം തേച്ച് വെയിലത്തിട്ടുണക്കും
കൗതുകം കൊണ്ട് വാങ്ങിയ ചില്ലുപാത്രങ്ങളെല്ലാം അപ്പോൾ ചുമ്മാ നോക്കി ചിരിക്കും
പശ മുക്കി വച്ച കോട്ടൺസാരികളെല്ലാം
ഒന്നൂടെടുത്തു മണപ്പിക്കും
പാറ്റാഗുളികേടെ മണം
ഇങ്ങനെ തന്നെയുണ്ടാകുമല്ലോന്ന് വെറുതെയോർക്കും
അനൂപ് ജലോട്ടയുടെ ഗസലുകളെല്ലാം
ഒന്നൂടെ കേൾക്കും
ആദ്യം മുതലേ ജീവിക്കാൻ
തോന്നും
പെട്ടെന്നതങ്ങ് നിർത്തും
അടുക്കിവച്ച പുസ്തകങ്ങൾ മാത്രം
കുഴച്ചുമറിച്ചിടും
വായനക്കാരിയാണെന്നും മറ്റും ആർക്കേലുമൊക്കെ
തോന്നിക്കോട്ടെന്ന് വയ്ക്കും..
ഉച്ചയ്ക്ക് അരിവറുത്തിട്ട്
മത്തയിലത്തോരനുണ്ടാക്കും,
തനിയെ വളരാനുള്ളപ്രാപ്തിയായല്ലോന്ന് മത്തനെ
തൊട്ടുനോക്കി കളിയാക്കും;
കുഞ്ഞുമത്തി കുരുമുളകിട്ടു വറുത്തു
കാച്ചിയ മോരും കൂട്ടി ചോറുണ്ണും
നീണ്ട സമയമെടുത്ത് കുളിക്കും
കരിവാളിപ്പുവരെ സമയമെടുത്തുരച്ച് കഴുകും..
ചാന്ത്, പൊട്ട്, കൺമഷിയെല്ലാം
പതിവില്ലാതെയെടുത്തണിയും
ചുവപ്പിൽ കറുപ്പു ബോർഡറുള്ള ബംഗാൾ കോട്ടൺ സാരിയുടുക്കും,
സെൽഫിയെടുക്കും,
കടും നിറത്തിലുള്ള ക്യൂട്ടക്സിടും.
കൂട്ടുകാരുടെ വാട്ട്സ്അപ്പ് സ്റ്റാറ്റസ് നോക്കും,
ലൈഫ് ഈസ് ബ്യൂട്ടിഫുളെന്ന്
സ്വന്തായി ഒരു സ്റ്റാറ്റസുമിടും.
പ്രേമിക്കുന്നവനൊരുമ്മ കൊടുക്കും,
കള്ളമാണെങ്കിലും
എന്നാ ഇനി നമ്മൾ കാണുകയെന്ന് മെസേജിടും.
രസിച്ചിരിക്കുമ്പോഴും രസച്ചരടു പൊട്ടിയ ജീവിതമേയെന്നോർത്ത്
അവസാനമായി നിലവിളിക്കും.
ഗൂഗിളിലൊന്നും ‘ഹൗ ടു’ എന്ന് സേർച്ച് ചെയ്യാതെ,
തിരിച്ചുവിളിക്കാൻ പാകത്തിലുള്ള ഒരൊറ്റയാളിനേയുമോർക്കാതെ,
സ്നൂസടിക്കാൻ നിൽക്കാതെ, സ്വന്തമായി കണ്ടെത്തിയ
തിരഞ്ഞെടുപ്പിൽ കുരുക്കിട്ട് ആടും
അവസാനത്തിലും ആടിയാടി നൃത്തം ചെയ്യണമെന്നതാരുന്നത്രേ ഓളുടെ
ലാസ്റ്റ് വിഷ്!
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം:
(ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
editor@athmaonline.in, 9048906827