മറുനാട്ടിലെ മലയാളി മഹാത്മ്യം

0
243
mohan kumar

ഷാർജ ബുക് അതോറിറ്റിയുടെ എക്സ്റ്റേണൽ അഫയേഴ്സ് എക്സിക്യൂട്ടീവായ ശ്രീ മോഹൻകുമാറുമായി പ്രവീൺ പാലക്കിൽ നടത്തിയ അഭിമുഖം.

mohan kumar praveen palakkil

ഷാർജ പുസ്തകോത്സവം ലോകത്തിലെതന്നെ പുസ്തക മേളകളിൽ മൂന്നാം സ്ഥാനത്താണ്. ഈ നേട്ടത്തിന് പിന്നിൽ ഒര് മലയാളിയുടെ അദ്ധ്വാനവും കരസ്പർശവുമുണ്ട്. പയ്യന്നൂർ സ്വദേശി ശ്രീ പി വി മോഹൻകുമാർ. 1982ൽ ഷാർജ പുസ്തകോത്സവം ആരംഭിക്കുന്നത് മുതൽ അതിന്റെ ഭാഗമായി പ്രവർത്തിച്ചു വരുന്നു. കഴിഞ്ഞ 37 വർഷമായ് പുസ്തകമേളയുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിൽ നിർണ്ണായക പങ്കുവഹിക്കുന്ന ഏക മലയാളി മോഹൻ കുമാറാണ്. ഇപ്പോൾ ഷാർജ ബുക് അതോറിറ്റിയുടെ എക്സ്റ്റേണൽ അഫയേഴ്സ് എക്സിക്യൂട്ടീവായ് ജോലി ചെയ്തുവരുന്നു.

താങ്കൾ എങ്ങനെയാണ് ഷാർജ ഗവൺമെന്റ് സ്ഥാപനത്തിൽ ജോലിയിൽ പ്രവേശിക്കുന്നത് ?

പയ്യന്നൂർ കോളേജിൽ നിന്നും പഠനം കഴിഞ്ഞ് അമ്മാമൻ വഴിയാണ് ഷാർജയിൽ എത്തുന്നത്. പാർടൈമായ് ചില സ്ഥാപനങ്ങളിൽ അകൗഡൻറായ് ജോലി ചെയ്യുകയായിരുന്നു. അപ്പോഴാണ് സുഹൃത്തുവഴി ഷാർജ ഡിപ്പാർട്ട്മെന്റ് ഓഫ് കൾച്ചർ ആൻറ് ടൂറിസം വകുപ്പിൽ ജോലി ഒഴിവുള്ള വിവരം അറിയുന്നത്. ഇംഗ്ലീഷ് പരിജ്ഞാനമാണ് അഭികാമ്യമായ് വേണ്ടിയിരുന്നത്. അന്നൊക്കെ ടെലെക്സായിരുന്നു വാർത്താവിനിമയത്തിന് ഉപയോഗിച്ചിരുന്നത്. എനിക്ക് രണ്ടും വശമായിരുന്നതിനാൽ ജോലി എളുപ്പം ലഭിച്ചു.

ഡിപ്പാർട്ട്മെന്റ് ഓഫ് കൾച്ചർ ആൻറ് ടൂറിസം വകുപ്പിൽ ജോലിയിൽ പ്രവേശിച്ചതെന്ന് പറഞ്ഞല്ലോ, പിന്നെ എപ്പോഴാണ് പുസ്തകോത്സവവുമായ് ബന്ധപ്പെടുന്നത് ?

പുസ്തകോത്സവവുമായ് ബന്ധപ്പെട്ടു വരുന്ന വിദേശികളുടെ അടുത്ത് ഷാർജയെ പ്രമോട്ട് ചെയ്യുക, മറ്റു കാര്യങ്ങളും നമ്മൾ തന്നെയാണ് ചെയ്യേണ്ടി വന്നത്. പുസ്തകോത്സവത്തിന്റെ ഇരുപത് വർഷമായ് ഡയറക്റ്ററായി സേവനമനുഷ്ഠിച്ച ഡോ: യൂസഫ് ആയ്ദാബിയുമായുള്ള അടുത്ത ബന്ധമാണ് യഥാർത്ഥത്തിൽ എന്നെ ഇവിടെ വരെ എത്തിച്ചത്.

sharjah book festival

എന്താണ് ഈ പുസ്തകമേളയുടെ വളർച്ചയുടെ പിന്നിലെ ശക്തികേന്ദ്രം ?

തീർച്ചയായും ഷാർജ ഭരണാധികാരിയായ ഹിസ് ഹൈനസ് ഷെയ്ഖ് ഡോ: സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയുടെ ദീർഘവിക്ഷണവും, പ്രയത്നവും, തൽപര്യവും തന്നെയാണ്. അദ്ദേഹത്തിന്റെ ആത്മാവ് തന്നെയാണ് പുസ്തകോത്സവം എന്ന് ഞാൻ പറയും. കഴിഞ്ഞ 37 വർഷമായ് അദ്ദേഹം മാത്രമാണ് പുസ്തകോത്സവം ഉദ്ഘാടനം ചെയ്തിട്ടുള്ളത്. ഉദ്ഘാടനത്തിന് ഒരു ദിവസം മുൻമ്പ് പുസ്തക നഗരിയിലെത്തുകയും വേണ്ട നിർദ്ദേശങ്ങൾ നൽകുകയും ചെയ്യുന്നു. ലോകത്ത് മറ്റൊര് ഭരണാധികാരിയും സ്വന്തമായ് പുസ്തക പ്രസാധനം നടത്തുന്ന സ്ഥാപനം നടത്തുന്നില്ല. വായനയും, എഴുത്തും അദ്ദേഹത്തിന്റെ ദിനചര്യയുടെ ഭാഗമാണ്. അദ്ദേഹത്തിന് ഒര് കാഴ്ചപ്പാടുണ്ട് തന്റെ ജനത സമ്പത്തിന് പിന്നാലെയല്ല വായനയുടെയും, സംസ്കാരത്തിന്റെയും കൂടെയാണ് സഞ്ചരിക്കേണ്ടത്. ഓരോ വീട്ടിലും ലൈബ്രറി വേണം എന്ന ആശയം അങ്ങനെയാണ് പ്രാവർത്തികമാക്കിയത്. പുസ്തകമേളയിൽ വന്ന് പണം കൊടുത്ത് പുസ്തകങ്ങൾ വാങ്ങി പോകുന്ന ഭരണാധികാരിയെ മറ്റെവിടെ കാണാനാകും

എന്നായിരുന്നു ഷാർജ പുസ്തകമേളയുടെ തുടക്കം ?

1982ൽ ഷാർജ എക്സ്പ്പോസെന്ററിൽ. അന്ന് മീന റോഡിൽ ഒര് ചെറിയ കെട്ടിടത്തിൽ ഇസ്ലാമിക ബുക് ഫേയർ എന്ന രീതിയിലായിരുന്നു തുടക്കം. 1982 മുതലുള്ള പടിപടിയായുള്ള വളർച്ചയാണ് ഇന്ന് കാണുന്ന ഉന്നതിയിൽ പുസ്തകമേള എത്തിചേർന്നത്

praveen palakkil
പ്രവീൺ പാലക്കിൽ

എന്ത് കൊണ്ടാണ് ഷാർജ പുസ്തകമേളയിൽ മലയാള പ്രസാധകർക്കും, പുസ്തകങ്ങൾക്കും ഇത്രയേറെ പ്രാധാന്യം ലഭിക്കുന്നത് ?

ഒരുത്തരമേ ഉള്ളൂ. ലോകത്തിൽ എറ്റവും അധികം വായനക്കാരും, എഴുത്തുകാരുമായിട്ടുള്ളത് മലയാളികളാണ്. ഒരു ചെറിയ ഉദാഹരണം പറയാം. ലോകപ്രശസ്ത എഴുത്തുകാരൻ ഡാൻ ബ്രൗൺ പുസ്തകമേളയിൽ അതിധിയായെത്തി. അന്നദ്ദേഹത്തേ കേൾക്കുവാനും, പുസ്തകങ്ങൾ കൈയ്യൊ പ്പോടെ വാങ്ങിക്കുവാനും എത്തിയതിൽ തൊണ്ണൂറ് ശതമാനവും മലയാളികളായിരുന്നു. വിരലിൽ എണ്ണാവുന്നവരാണ് ഇതര രാജ്യക്കാരായ് ഉണ്ടായത്.

ലോകത്തിന്റെ പല ഭാഗങ്ങളിലേയും പുസ്തക മേളകളിൽ ഞാൻ ഷാർജയുടെ പ്രതിനിധിയായ് പങ്കെടുക്കാറുണ്ട്. ഒരു തവണ ഡൽഹിയിൽ ചെന്നപ്പോഴാണ് ഡി സി രവിയെ പരിചയപ്പെടുന്നത് . അദ്ദേഹത്തിന് മറ്റ് പ്രസാധകരുമായുള്ള സ്വാധീനവും, ബന്ധവും മനസിലാക്കിയാണ് ഷാർജയിലേക്ക് അദ്ദേഹത്തെ ക്ഷണിക്കുന്നത്. ഇന്ന് നൂറിലേറെ പ്രസാധകർ ഇന്ത്യയിൽ നിന്നും എത്തുന്നു. അതിൽ സിംഹഭാഗവും മലയാള പ്രസാധകരാണ്.

mohan kumar

പുസ്തകമേളയിൽ ഇതര രാജ്യക്കാരുടെ സ്വാധീനം എങ്ങിനെയാണ് ?

ജനസംഖ്യയിൽ ഇന്ത്യക്കാർ കഴിഞ്ഞാൽ പാക്കിസ്ഥാനികളാണ് കൂടുതൽ. അത് കൊണ്ട് തന്നെ കുറച്ച് വർഷം മുമ്പ് പാക്കിസ്ഥാൻ എഴുത്തുകാരെയും, പ്രസാധകരേയും താമസവും, മറ്റ് ചിലവുകളും വഹിച്ച് കൊണ്ടുവരികയും സ്റ്റാളുകൾ ഒരുക്കി കൊടുക്കുകയും ചെയ്തു. പക്ഷെ ഇവിടെ വായനക്കാരും, എഴുത്തുകാരും ഉണ്ടാവേണ്ടേ. ആ ശ്രമം ഒര് പരാചയമായിരുന്നെന്ന് വേണം പറയാൻ. നമ്മൾ ഇപ്പോൾ ലക്ഷ്യമിടുന്നത് ഫിലിപ്പൈൻസിനെയാണ്. കഴിഞ്ഞ തവണ ജപ്പാനായിരുന്നു അതിധി രാജ്യം

താങ്കൾക്ക് ഈ പുസ്തക മേളയിലുള്ള പങ്കെന്താണ് ?

എനിക്കാണ് ഷാർജ പുസ്തകമേളയുടെ അന്താരാഷ്ട്ര വിഭാഗം കൈകാര്യം ചെയ്യുവാനുള്ള ചുമതല. സ്വാഭാവികമായും മലയാള പുസ്തകങ്ങളോട്, പ്രത്യേകിച്ച് ഇന്ത്യൻ പുസ്തകങ്ങളോട് ഒര് തൽപര്യം ഉണ്ടാകുമല്ലോ. ഇന്ത്യൻ പബ്ലിഷേഴ്സിന് കഴിഞ്ഞ പത്ത് വർഷങ്ങളായ് മികച്ച ഡിസ്കൗണ്ടാണ് ഞാൻ വാങ്ങിച്ച് കൊടുത്തിട്ടുള്ളത്. മലയാള പുസ്തകങ്ങളും, പ്രസാധകരും കൂടുതലായ് എത്തുന്നത് കൊണ്ട് ആ വിഭാഗത്തിന്റെ ചുമതല സ്വാഭാവികമായ് എന്നിലേക്ക് വരുന്നു എന്നുള്ളതേയുള്ളു. പുസ്തകമേളയിലെ ഏറ്റവും സീനിയറായ വ്യക്തി ഞാനായത് കൊണ്ട് ഉത്തരവാദിത്വങ്ങൾ കൂടുതൽ ഏറ്റെടുത്ത് മുന്നോട്ട് പോകാൻ കഴിയാറുണ്ട്. ഇത്തവണ 2.3 മില്യൺ ആളുകൾ പുസ്തകോത്സവത്തിൽ എത്തിയിട്ടുണ്ടെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. മുൻവർഷം നാൽപ്പത് പുസ്തകങ്ങൾ പ്രകാശനം ചെയ്തിടത്താണ് കഴിഞ്ഞ വർഷം ഇരുന്നൂറോളം മലയാള പുസ്തകങ്ങൾ പ്രകാശനം ചെയ്യപ്പെട്ടത്. അത് മുന്നിൽ കണ്ടു കൊണ്ടാണ് ഇത്തവണ എന്റെ നിർദ്ദേശപ്രകാരം “ബുക് ഫോറം” എന്ന പുതിയ ഹാൾ മലയാള പുസ്തക പ്രകാശനത്തിനായ് ഒരുക്കിയത്.

sharjah book fest

ഈ യാത്രയിലെ എടുത്തു പറയാനുള്ള നേട്ടങ്ങൾ എന്തൊക്കെയാണ് ?

എന്റെ രണ്ട് സ്വപ്നങ്ങൾ യാഥാർത്ഥ്യമാക്കാൻ കഴിഞ്ഞു എന്നതാണ് എടുത്ത് പറയാനുള്ളത്. നമ്മുടെ മുൻ പ്രസിഡന്റായിരുന്ന ഡോ: അബ്ദുൾ കലാമിനെ ഷാർജ ബുക്ഫെയറിൽ എത്തിക്കാൻ കഴിഞ്ഞു. കൂടാതെ ഷാർജ ഭരണാധികാരി ഡോ: സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിക്ക് കാലിക്കറ്റ് സർവ്വകലാശാലയിൽ നിന്നും ഡോക്ടറേറ്റ് നേടിക്കൊടുക്കാൻ കഴിഞ്ഞു. ഈ രണ്ട് ഉദ്യമത്തിന്റെയും പിന്നിൽ പ്രവർത്തിക്കുവാൻ കഴിഞ്ഞു എന്നത് മഹാഭാഗ്യമായ് കരുതുന്നു

ഷാർജ ഗവൺമെന്റിന്റെ ബെസ്റ്റ് ഗവൺമെന്റ് എംബ്ലോയി അവർഡ് ലഭിച്ചിരുന്നു.

ഇത്തവണ ഡൽഹി പുസ്തകമേളയിൽ ഷാർജയെ ഗസ്റ്റ് ഓഫ് ഓണർ പദവിയോടെ സ്വീകരിക്കപ്പെട്ടു. അങ്ങനെയൊരു നേട്ടം ലഭിക്കാനായ് എന്റെ പ്രവർത്തനം ഉപകാരപ്പെട്ടു. നൂറിൽ കൂടുതൽ അറബ് പ്രതിനിധികൾ പങ്കെടുക്കുകയുണ്ടായി. വിവിധ അറബ് രാജ്യങ്ങളിൽ നിന്നുമുള്ള അറുപതോളം പുസ്തകങ്ങൾ ഹിന്ദി ഭാഷയിലേക്ക് പരിഭാഷപ്പെടുത്തി അവിടെ എത്തിക്കാൻ കഴിഞ്ഞു. കൂടാതെ ഷാർജ ഭരണാധികാരി ഡോ: സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയുടെ നാല് പുസ്തകങ്ങളും പരിഭാഷപ്പെടുത്തി. ഓരോന്നും ആയിരം കോപ്പി, അറുപത്തിനാലായിരം പുസ്തകങ്ങൾ ഇത്തവണ ഡൽഹി പുസ്തകമേളയിൽ എത്തിക്കുവാൻ കഴിഞ്ഞു. മില്യൻസ് ചിലവാക്കി ആയിരുന്നു നമ്മൾ പവലിയനും സജ്ജീകരണങ്ങളും ഒരുക്കിയത്

ഇനിയുള്ള താങ്കളുടെ മുന്നോട്ടുള്ള യാത്രയുടെ ലക്ഷ്യമെന്നാണ്?

ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തെ ലോകത്തിലെ ഒന്നാമത്തെ മേളയാക്കി തീർക്കുക എന്നത് തന്നെ. എന്നിട്ട് റിട്ടയർ ചെയ്യണം എന്നാണാഗ്രഹം. ജർമ്മനിയിലെ ഫ്രാങ്ക് ഫൂർട്ട് പുസ്തക മേളയും, ലണ്ടൻ പുസ്തക മേളയും ചുരുങ്ങിയ വർഷം കൊണ്ട് തന്നെ മറികടക്കാനാകുമെന്ന വിശ്വാസം ഞങ്ങൾക്കുണ്ട്.

sharjah book festival

നാടിനെക്കുറിച്ചും കുടുംബത്തെക്കുറിച്ചും ?

പയ്യന്നൂരിനടുത്ത് പെരിങ്ങോം സ്വദേശിയാണ് . ഇപ്പോൾ ഗുരുവായൂരിൽ താമസമാക്കിയിരിക്കുന്നു. ഭാര്യ ഗീതാ മോഹൻ, ഏകമകൾ ഡോ: അശ്വതി. മകളുടെ ഭർത്താവ് ജയരാജ്, അദ്ദേഹം ഇന്ത്യൻ എയർ ഫോഴ്സിൽ വിങ്ങ് കമാന്ററായ് ജോലി ചെയ്ത് വരുന്നു.. രണ്ട് പേരക്കുട്ടികൾ. ഇവിടെ വർഷങ്ങളായ് ഷാർജ ക്ലോക് ടവറിനടുത്ത് താമസിക്കുന്നു.

ഒഴിവ് സമയങ്ങളിലെ വിനോദങ്ങൾ എന്തൊക്കെയാണ്?

വായനയാണ് ഏറെ ഇഷ്ടമുള്ള കാര്യം പാട്ട് പഠിക്കുക പിന്നെ പാട്ട് കേൾക്കാനും, പാടാനും ഇഷ്ടമാണ്. സംഗീതം മനസിലുള്ളത് കൊണ്ട് ഈ പ്രായത്തിലും പഠിക്കുന്നു. മകൾ നന്നായ് പാടും. ജീവിത ചിട്ടയിൽ, ആരോഗ്യകാര്യത്തിൽ ശ്രദ്ധാലുവാണ്. യോഗയും, വ്യായാമവും മുടക്കാറില്ല.

LEAVE A REPLY

Please enter your comment!
Please enter your name here