HomeTHE ARTERIASEQUEL 46വായിച്ചാൽ മതിയാകാത്ത മഞ്ഞപ്പുസ്തകങ്ങൾ

വായിച്ചാൽ മതിയാകാത്ത മഞ്ഞപ്പുസ്തകങ്ങൾ

Published on

spot_imgspot_img

വിരൽനഖനാഗമിഴയും ഊടുവഴികളിൽ (ഭാഗം: 3)
അനിലേഷ് അനുരാഗ്

ബാർബർ ഷോപ്പിൻ്റെ മുഷിഞ്ഞ ചുവരുകളിൽ തൂങ്ങി നിന്ന് മുടി മുറിക്കുന്നവരെയും, മുറിക്കപ്പെടുന്നവരെയും വശ്യമായൊരു നോട്ടത്താൽ രതിയുടെ ദൃശ്യാനുഭൂതികളിലേക്കുണർത്തുന്ന നീളം കൂടിയ കലണ്ടറുകളിലെ അർദ്ധനഗ്നകളായ ‘സീനത്ത് അമൻ’ മാരെക്കുറിച്ച് ഞാൻ പറഞ്ഞു കഴിഞ്ഞു. എന്നാൽ മുടിമുറിപ്പിക്കാൻ പോകുമ്പോൾ അതിൻ്റെ കൂടെത്തന്നെ ലഭ്യമാകുന്ന മറ്റൊരു നയനസുഖം പറയാതെ പോകരുതല്ലോ. തിരക്കുള്ള ബാർബർ ഷോപ്പുകളിൽ വെയ്റ്റിംഗിലുള്ള ആളെ അവിടെത്തന്നെ പിടിച്ചിരുത്താൻ ഉപയോഗിക്കുന്ന സൈക്കോളജിക്കൽ തന്ത്രങ്ങളിലൊന്ന് കടയ്ക്കകത്തെ പൊക്കം കുറഞ്ഞ ടീപ്പോക്ക് മുകളിലായി ചിതറിക്കിടക്കുന്ന പത്രങ്ങളും,മാസികകളുമായിരിക്കും. തങ്ങളുടെ വായനാതാല്പര്യമനുസരിച്ച് ആൾക്കാർ വ്യത്യസ്തമായ വാരിക/മാസികകളാണ് തിരഞ്ഞെടുക്കുകയെങ്കിലും അതിൽ ഏറ്റവും കൂടുതൽ ഡിമാൻ്റ് ഉണ്ടാവുക അർദ്ധനഗ്നകളായ സിനിമാ നടിമാരുടെ കളർചിത്രങ്ങളടങ്ങിയ ‘ചിത്രഭൂമി’യും, ‘നാന’യും അവയുടെ പിൻഗാമിയായ ‘സിനിമാദീപിക’യുമൊക്കെയുമാണ്. സിനിമാ ഷൂട്ടിംഗ് ലൊക്കേഷനിൽ നിന്ന് നേരിട്ടെടുത്ത ഫോട്ടോകളാണ് ‘ചിത്രഭൂമി’യിൽ ഉണ്ടായിരിക്കുകയെങ്കിൽ, പ്രേക്ഷകരിൽ രതിയുണർത്താൻ വേണ്ടിത്തന്നെ അജന്താ ശില്പങ്ങളുടെയൊക്കെ മോഡലിൽ സ്റ്റുഡിയോവിൽ നിന്നും പോസ് ചെയ്യിപ്പിച്ചെടുത്ത ഫോട്ടോസാണ് ‘നാന’യിലുണ്ടാവുക. ഇതിനുപുറമെ, ‘നാന’യുടെയും, ‘സിനിമാ മംഗള’ത്തിൻ്റെയും മുഖ്യ ആകർഷണം അവയുടെ കൃത്യം മധ്യത്തിൽ, സ്റ്റാപ്ലർ പിൻ ഉള്ള പേജിലുള്ള രതി വഴിഞ്ഞൊഴുകുന്ന ഒരു മദാലസയുടെതാണ്. ഈ ‘മസാലദോശ’യുടെ അപ്രതിരോധ്യസാന്നിധ്യം കാരണം കഴുത്തുവരെ തുണിമൂടി, സമാധിയിലെന്നവണ്ണം ബാർബർ കസേരയിൽ ഉപവിഷ്ടരായി മുടി മുറിക്കപ്പെടുന്നവൻ്റെ വരെ കണ്ണുകൾ ‘നാന’ കൈയ്യിലെടുക്കുന്നതു മുതൽ കണ്ണാടിയിലൂടെയാണെങ്കിലും വായനക്കാരെ പിൻതുടർന്നുകൊണ്ടിരിക്കും. മുത്തോ, തിളങ്ങുന്ന സിൽക്കോ കൊണ്ട് മാറും, അരക്കെട്ടും മാത്രം അല്പമാത്രമായി മറച്ചുനിന്ന സിൽക് സ്മിതയും, അനുരാധയും ഒരു കൗമാരക്കാരന് സമ്മാനിക്കുന്ന ദൃശ്യാനുഭൂതികൾ ഒട്ടും ചെറുതായിരുന്നില്ല.

Anileesh anurag

കൈത്തണ്ട വിയർത്ത് കാമപരവശയായ രാധയുടെയും, പരിസരബോധം കടലെടുത്ത മോഹൻ്റെയും കഥപറയുന്ന ‘മ’ വാരികകളിലെ സുതാര്യമായ ചിത്രങ്ങളിൽ നിന്നും, സിനിമാ ഗോസിപ്പുകളും, അർദ്ധനഗ്നതയും എഴുതിയും, കാണിച്ചും പോന്ന വാരികകളിൽ നിന്നും വളർന്നുവരുന്ന നമ്മുടെയൊക്കെ ഉടലാനന്ദങ്ങളുടെ അടുത്തതലത്തിന് സ്വാഭാവികമായും ആധാരമാവുക നാട്ടിലെ വായനശാലകളിൽ നിന്ന് അപ്രതീക്ഷിതമായി കൈകളിലെത്തുന്ന എല്ലാ അർത്ഥത്തിലും മഞ്ഞകലർന്ന നോവലുകളാണ്.

ഏതു കുഗ്രാമത്തിലും വായനശാലകളുള്ള ഉത്തരമലബാറിൽ അക്കാലത്തെ അഞ്ചു വയസ്സെത്തിയ ഒരു കുട്ടിയും വായനശാലയുമായി എന്തെങ്കിലും ബന്ധമില്ലാതിരിക്കില്ല. സാമാന്യം നല്ല വായനയുള്ള ഒരു കുട്ടി എട്ട്-ഒൻപത് ക്ലാസ്സുകളിലെത്തുമ്പൊഴേക്ക്തന്നെ വായനശാലയിലെ കുട്ടികൾക്കുള്ള പുസ്തകങ്ങളെല്ലാം വായിച്ചുതീർത്തിട്ടുണ്ടാകും. ബഹുഭൂരിപക്ഷം വായനശാലകളും ഇടതുപക്ഷചിന്താഗതിയിലുള്ളവയായതിനാൽ അവിടെ നിന്ന് ഏതൊരാൾക്കും ആദ്യം കൈയിൽ കിട്ടുന്ന നോവലുകൾ തകഴിയുടെയും, കേശവദേവിൻ്റെയുമൊക്കെയായിരിക്കും. അതിനുംശേഷമുള്ള തിരഞ്ഞെടുപ്പില്ലാത്ത വായനക്കിടയിലാണ് ബൈൻഡ് ചെയ്തതും, പേനയോ, പെൻസിലോ കൊണ്ട് അടിവരയിട്ടതുമായ ചില പേജുകൾ ഉള്ളതുമായ പുസ്തകങ്ങൾ കൗമാരക്കാരായ വായനക്കാരുടെ കയ്യിൽപ്പെടുക. ചില പുസ്തകങ്ങളിൽ കാണുന്ന അടിവരയിട്ട രതിനിർഭരമായ വരികൾ കുറച്ചേയുണ്ടാവുവെങ്കിലും ആ കൗമാരസന്ധിയിൽ അവ വലിയൊരു ആനന്ദമാർഗ്ഗത്തിലേക്കുള്ള ചൂണ്ടുപലകയായി വർത്തിക്കും. സമാനസ്വഭാവമുള്ള പുസ്തകങ്ങളിലേക്കുള്ള ഗൂഢാന്വേഷണം ഒരുവനെ വാചികരതിയുടെ ഒരു ബൃഹത് വ്യവഹാരത്തിലാണെത്തിക്കുക.
Anilesh Anurag

ഈ വാങ്മയ രതിപ്രപഞ്ചത്തെക്കുറിച്ച് ഞാൻ പറഞ്ഞുതുടങ്ങുമ്പോൾത്തന്നെ, അതിൽ മുൻപരിചയമുള്ള ഒരാളാണ് നിങ്ങളെങ്കിൽ മനസ്സിൽ ആദ്യം തെളിഞ്ഞുവരുന്ന പേര് തികച്ചും സ്വഭാവികമായും പമ്മൻ എന്ന തൂലികാനാമത്തിൽ എഴുതിക്കൊണ്ടിരുന്ന പരമേശ്വര മോനോൻ്റേതായിരിക്കും. പക്ഷെ, വാക്കിൻ്റെ രതിയിലേക്കെടുക്കപ്പെടുന്ന ഒരു തുടക്കക്കാരൻ പമ്മനിലേക്കെത്താനുള്ള സാധ്യത വിരളമാണെന്നത് ഒരു പരമസത്യമാണ്. ആ പ്രായത്തിലുള്ള, പമ്മൻ്റെ ഈ അപ്രാപ്യതയ്ക്കുള്ള പ്രായോഗിക കാരണങ്ങളിൽ പ്രധാനമായത് നമുക്ക് മുൻപെ വായനാനുഭൂതിയുടെ ഗൂഢലോകം കണ്ട ഏട്ടന്മാർ ‘കൊന്നാലും’ പുസ്തകം മടക്കിക്കൊടുക്കില്ല എന്നതാണ്. ഒരിക്കലറിഞ്ഞവർക്ക് പിരിയാനാകാത്ത ഒരു വശ്യഭാവം പമ്മൻ്റെ രതിനായികമാർ എന്നും കൂടെക്കൊണ്ടു നടന്നിരുന്നു. അതുകൂടാതെ, ‘ആവശ്യമുള്ളപ്പോഴെല്ലാം’ ഉപയോഗിക്കാൻ പറ്റിയ ഒരു ‘ കൈ പുസ്തക’മായും അവരതിനെ കണ്ടുപോന്നിരുന്നു. ഒരു കാലത്ത് നാട്ടിലെ വായനശാലയിലെ മുഖ്യ വായനക്കാരനായിരുന്ന ഞാൻ വർഷങ്ങളോളം കിണഞ്ഞുപരിശ്രമിച്ചിട്ടും പമ്മൻ്റ ഏറ്റവും (കു)പ്രസിദ്ധമായ ‘ഭ്രാന്ത്’ വീണ്ടെടുക്കാനായിട്ടില്ല എന്നു പറയുമ്പോൾ നിങ്ങൾക്കതിൻ്റെ ഡിമാൻ്റ് മനസ്സിലാകും. ആയിരക്കണക്കിന് പുസ്തകങ്ങൾക്കിടയിൽ വീണ്ടെടുക്കാനാകാത്ത വിധം നഷ്ടപ്പെട്ടതും, എന്നാൽ മരണമില്ലാതെ നിലനില്ക്കുന്നതുമായ ഒരു അപ്രാപ്യയാഥാർത്ഥ്യമായാണ് അർജൻ്റീനിയൻ എഴുത്തുകാരനും, മാജിക്കൽ റിയലിസത്തിൻ്റെ തലതൊട്ടപ്പനുമായ ബോർഹെസ് (Jorge Luis Borges) ‘ദൈവം’ എന്ന ആശയത്തെ വിഭാവനം ചെയ്യുന്നത്. അഞ്ചാംപീടിക വായനശാലയിലെ അപ്രാപ്യവും, പരമവുമായ ആ ‘ദൈവം’ പമ്മനല്ലാതെ മറ്റാരുമായിരുന്നില്ല എന്ന് ഇന്ന്  ഞാൻ തിരിച്ചറിയുന്നു. വർഷങ്ങളുടെ തുടർച്ചയായ പരാജിതശ്രമങ്ങൾക്കൊടുവിൽ ഞാൻ ഇല്ലാതെ പൈസയുണ്ടാക്കി ‘ഭ്രാന്ത്’ സ്വന്തമാക്കുമ്പൊഴേക്കും, ഒരു വിരോധാഭാസമെന്നവണ്ണം അത് വായിക്കാനുള്ള ഭ്രാന്ത് കൈമോശം വന്നിരുന്നു.

എഴുത്തിലെ രതിസമൃദ്ധിയാലുണ്ടായ വിവാദമൂല്യം കൊണ്ട് അടുക്കളയ്ക്ക്  പുറത്ത് ലോകമറിയാത്ത അമ്മമാർക്ക് പോലും പമ്മനെ സുപരിചിതനായിരുന്നതും അദ്ദേഹത്തിലേക്കെത്താൻ കൗമാരക്കാർക്കുള്ള സദാചാര തടസ്സങ്ങളിൽ ഒന്നായി പ്രവർത്തിച്ചിരിക്കണം. ഇനി ഈ വൈതരണികളെല്ലാം നീന്തിക്കടന്ന് പമ്മനിലേക്കെത്തിയാലും ചിലപ്പോൾ പ്രതീക്ഷിത വായന സാധ്യമാവുകയില്ല. പാരമ്പര്യമായി കൈമാറ്റം ചെയ്യപ്പെടേണ്ട ഒന്നാണ് രതിയല്പനകളും എന്ന ബോധമുദിക്കാത്ത സ്വാർത്ഥികളായ വായനക്കാർ അതിലെ ആനന്ദദായകമായ പേജുകൾ ആരുമറിയാതെ നിർദ്ദയം പറിച്ചുമാറ്റിയിട്ടുണ്ടാകും ! രതിവർണ്ണനകൾ നഷ്ടമായ പമ്മൻ്റെ പുസ്തകൾ പ്രതിഷ്ഠയില്ലാത്ത ദേവാലയകൾ പോലെ അനാഥവും, അനാകർഷവും, ശുഷ്കവുമായിരിക്കും.

മേൽപ്പറഞ്ഞ കാരണങ്ങൾ കൊണ്ട് അസാധ്യമോ, അപ്രാപ്യമോ ആകുന്ന പമ്മൻ – വായനയ്ക്ക് പകരം എൺപത് -തൊണ്ണൂറുകകളിലെ കൗമാരക്കാർ കണ്ടെത്തിയിരുന്നത് പമ്മനോളം ദുഷ്പ്പേരും, ദൗർലഭ്യതയുമില്ലാത്ത മറ്റു ചില എഴുത്തുകാരെയാണ്. ഇന്ന് ഓർമ്മയിലുള്ള അവരിൽ ചിലർ കേരളശബ്ദം വാരികയിൽ സ്ഥിരമായി ഖണ്ഡശകൾ എഴുതിയിരുന്ന അയ്യനേത്ത് (പത്രോസ് അയ്യനേത്ത്), നിരവധി നോവലുകൾ എഴുതിയിട്ടുള്ള, അടുത്തകാലത്ത് അന്തരിച്ച രാജൻ ചിന്നങ്ങത്ത് എന്നിവരായിരുന്നു. അധികാരരാഷ്ടീയത്തിലെ കുതിരക്കച്ചവടവും, കൂട്ടിക്കൊടുപ്പും മുഖമുദ്രയാക്കിയ അയ്യനേത്തിൻ്റെ നോവലുകളിലെ സ്ത്രീകൾ പുരുഷനെ മയക്കുന്ന കൗശലശാലികളും, കാമകേളിലോലുപരുമായിരുന്നു. ഗവൺമെൻ്റ് ഗസ്റ്റ്ഹൗസിലെ സ്വകാര്യതയിൽ മാത്രമല്ല, ഒരു മയിൽപ്പീലിയുടെ മറവിൽപ്പോലും അവർ തങ്ങളുടെ രതിഭാവങ്ങൾ വിടർത്തിവച്ച് കഥാപാത്രങ്ങളും, വായനക്കാരുമായ പുരുഷന്മാരെ ആനന്ദത്തിൻ്റെ പരകോടിയിലെത്തിച്ചു. പലപ്പോഴും, ‘അധരം ഭർത്താവിനും, അരക്കെട്ട് കാമുകനും കൊടുക്കുന്ന വർഗ്ഗം’ (‘വേഗത പോരാ പോരാ’ എന്ന നോവലിൽ നിന്ന്) എന്നൊക്കെ സ്ത്രീകളെ (കൊച്ചമ്മ ടൈപ്പ് കഥാപാത്രങ്ങളെ) കഠിനമായി ഭത്സിക്കുന്ന ഉദ്യോഗപ്രഭുവായ ജാതീയ മിസ്റ്റർ. വർമ്മ-മേനോൻ-കുറുപ്പ്-നായർ പുരുഷകഥാപാത്രങ്ങളുള്ള അയ്യനേത്തിൻ്റെ അരുചി കലർന്ന ഹിംസാരതിയിൽ നിന്ന് തികച്ചും വ്യത്യസ്തമായിരുന്നു ആളില്ലാത്ത കുളത്തിൻ കരയിൽ ഈറൻ തോർത്തു മാത്രമുടുത്ത് അലക്കുന്ന, വയസ്സിൽ മുതിർന്ന അയൽപക്കക്കാരിയെ കാമപരവശനായി സ്പർശിക്കുന്ന ചിന്നങ്ങത്തിൻ്റെ കോളേജ് കുമാരന്മാർ. പ്രായം കൊണ്ടും, ഭാവനകൊണ്ടും ഒരു എൺപതിലെ കൗമാരക്കാരന് എളുപ്പത്തിൽ താദാത്മ്യം പ്രാപിക്കാൻ കഴിയുന്ന ചിന്നങ്ങത്തിൻ്റെ നായകന്മാരുടെ ഇത്തരം തീക്ഷ്ണമായ ഇടപെടലുകളുടെ പൊതുവായ ഒരന്ത്യം സ്വയംമറന്ന് കെട്ടിപ്പുണർന്നു നില്ക്കുന്ന മിഥുനങ്ങൾക്കടുത്തുള്ള കുളത്തിൽ അപ്രതീക്ഷിതമായി വന്നു വീഴുന്ന ഒരു പാറക്കല്ലോടെയായിരിക്കും !

Anilesh Anurag

രതിഭാവനയുടെ ഈയൊരു ഘട്ടം വിജയകരായി പിന്നിട്ട് വരുന്ന ഒരു ബാലനാണ് അന്ന് പമ്മൻ എന്ന രതി-ഇതിഹാസത്തെ വായിക്കാനുള്ള യോഗ്യത നേടുന്നത്. ലജ്ജാലേശവും, കുറ്റബോധവുമില്ലാതെ രതിസുഖമനുഭവിക്കുന്ന നായികാനായകന്മാരുടെ ധാരാളിത്തമായിരുന്നു പമ്മൻ്റെ ഒരു പ്രത്യേകത. സമൂഹസദാചാരത്തെ ദേഹം കൊണ്ട് ചോദ്യം ചെയ്യുന്ന പമ്മൻ്റെ അസുരവിത്തുകളും, ഒരുമ്പെട്ടവളുമാരും മലയാളി എന്നും ഗൂഢമായി മോഹിച്ചതും, എന്നാൽ പ്രാപ്യമാക്കാൻ ധൈര്യപ്പെടാത്തതുമായ ഒരു രതിപ്രപഞ്ചത്തെയാണ് വാക്കുകളിലൂടെ ആവിഷ്കരിച്ചത്. പമ്മൻ്റെ നായികമാരിൽ ചിലർ പീഢിപ്പിക്കപ്പെടുന്നതിലൂടെ ആത്മഹർഷമനുഭവിക്കുന്ന സ്വഭാവവൈകല്യമുള്ളവരാണെന്ന് ഇപ്പോൾ തോന്നുന്നു. ഈ വികല/ സവിശേഷ ലൈംഗീകതയുടെ  നിമിഷങ്ങളിൽ അവർ പ്രശസ്ത അമേരിക്കൻ കവയിത്രിയായ സിൽവിയാ പ്ലാത്തിനെപ്പോലെ ‘ഏതു സ്ത്രീയും ഒരു മർദ്ദകനെ ആരാധിച്ചുപോകുന്നു’ (Every woman adores a fascist) എന്ന് നിശ്ശബ്ദമായി പ്രഖ്യാപിക്കുന്നത് കാണാം. ഒന്നുകൂടി സൂക്ഷ്മമായി മന:ശ്ശാസ്ത്രഭാഷയിൽ വിശകലനം ചെയ്താൽ ഒരു അപര രതി-ആത്മരതി (Sadism – Massochism) ദ്വന്ദ്വത്തിൻ്റെ ആൾരൂപങ്ങളായാണ് പമ്മൻ്റെ പല നായികാനായകന്മാരും നിലനിന്നതെന്ന് വാദിക്കാൻ കഴിഞ്ഞേക്കും.

രതിവിവരണങ്ങളുടെ ധാരാളിത്തവും, വൈവിധ്യവും കാരണം അക്കാലത്തെ ആണുങ്ങൾക്കിടയിൽ ഏറ്റവും കൂടുതൽ അറിയപ്പെട്ട ‘ഭ്രാന്ത്’ മലയാളി പുരുഷഭാവനയുടെ പട്ടംപറത്തിയ ഉന്മത്തതയായിരുന്നു. കുമാരന്മാരുടെയും, യുവാക്കളുടെയും രഹസ്യരതിഭാവനകൾക്ക് വാങ്മയങ്ങൾ നല്കിയ പമ്മൻ പക്ഷെ, വാക്കിൻ്റെ ആനന്ദത്തിലൂടെ അറിഞ്ഞോ, അറിയാതെയോ സമൂഹത്തിലും, സംസ്കാരത്തിലും പുരുഷൻ്റെ അധികാരമുറപ്പിക്കുക കൂടെയാണ് ചെയ്തത്. മാധവിക്കുട്ടിയുടെ വിവാദസ്വത്വത്തെ അക്ഷന്തവ്യമായി അശ്ലീലവൽക്കരിച്ച പമ്മൻ്റെ ‘ഭ്രാന്തി’ന് ലഭിച്ച ജനപ്രിയതയ്ക്ക് പിന്നിൽ രതിയിലൂടെ ഒളിച്ചുകടത്തപ്പെട്ട ഒരു പുരുഷാധിപത്യമുണ്ടെന്ന് പറയാതെ വയ്യ!

Anilesh Anurag

രതിവികാസത്തിലെ ഈ പമ്മൻ-പർവ്വത്തിനും ശേഷമാണ് ‘മുത്തുച്ചിപ്പി’ തൊട്ടിങ്ങോട്ടുള്ള രതിവർണ്ണന മാത്രം ഉപജീവന മാർഗ്ഗമാക്കിയ, കമ്പിപ്പുസ്തകമെന്ന അപരനാമത്തിൽ ആണുങ്ങൾക്കിടയിൽ അറിയപ്പെട്ട, കടുംമസാലവാരികകളിലേക്ക് നമ്മളൊക്കെ എടുക്കപ്പെട്ടത്.

(തുടരും)

ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.

spot_img

8 COMMENTS

  1. Read it. No, it was not reading, I was reinventing my own past. Loved it. And the style no words to express the flow. Keep writing sir.

  2. ഇത്തരം വായനകളൊക്കെ പാപമാണ് എന്ന് വിശ്വസിച്ചിരുന്ന ഒരു കാലമുണ്ടായിരുന്നു. അത് കൊണ്ടാണ് ഒളിച്ചും പതുങ്ങിയും മാ വാരികകൾ അന്ന് മിക്കവരും വായിച്ചിരുന്നത്. എന്നാൽ ഇന്ന് കാലം മാറി. ഇത്തരം restrictions ഒന്നും ഇന്ന് ഇല്ല. അന്ന് മാധവിക്കുട്ടിയുടെ എന്റെ കഥയൊക്കെ കുട്ടികൾക്കെന്നല്ല മുതിർന്നവർക്ക് പോലും നിഷേധിക്കപ്പെട്ട പുസ്തകമായിരുന്നു. അത് തൊടാൻ പോലും പേടിയായിരുന്നു. എന്തായാലും പഴയ കാല ഓർമകളിലേക്ക് എല്ലാവരെയും കൊണ്ടുപോയ എഴുത്ത് വളരെ നന്നായിട്ടുണ്ട് ????

  3. ???????????????? നന്നായിട്ടുണ്ട് അനിലേഷ്. കലർപ്പില്ലാത്ത ആത്മപ്രകാശനം . തെളിമയാർന്ന ഭാഷ. നമ്മുടെ തലമുറയുടെ അനുഭവ സാക്ഷ്യം. എല്ലാവരും പറയാൻ ആഗ്രഹിക്കുന്നതും പറയാൻ മടിക്കുന്നതുമായ ‘നഗ്ന’ സത്യങ്ങൾ.
    അഭിനന്ദനങ്ങൾ.????❤️

  4. ഇത്തരം book വായിക്കുമ്പോൾ, വായനക്കാരിൽ ഉണ്ടാകുന്ന വികാരം അതേപടി പകർത്തിയിട്ടുണ്ട്..

LEAVE A REPLY

Please enter your comment!
Please enter your name here

Latest articles

പരാജയങ്ങളില്‍ നിന്ന് വിജയങ്ങളിലേക്ക് കുതിക്കാന്‍ ക്യാപ്റ്റനോളം മറ്റാര്‍ക്കും സാധിക്കില്ല

(ലേഖനം) നിധിന്‍ വി.എന്‍. തൊണ്ണൂറികളില്‍ തമിഴകത്തിന്റെ ആക്ഷന്‍ ഐക്കണായി മാറിയ താരമായിരുന്നു വിജയകാന്ത്. തമിഴകത്തിന്റെ ക്യാപ്റ്റന്‍ എന്നേക്കുമായി വിടവാങ്ങുമ്പോള്‍ തമിഴ് സിനിമയ്ക്കും...

ബോസ് എന്ന സമ്പന്ന ഹൃദയൻ

(ലേഖനം) സുബൈർ സിന്ദഗി പാവിട്ടപ്പുറം സോഷ്യല്‍ മീഡിയകളില്‍ നിറഞ്ഞു നില്‍ക്കുന്ന ഒട്ടേറെ പ്രഗത്ഭരായ വ്യക്തികളുടെ വീഡിയോകളും, വാര്‍ത്തകളും റീല്‍സും മറ്റും കാണാനിടയായിട്ടുണ്ട്....

ജനാധിപത്യത്തെ കൂട്ടക്കശാപ്പ്‌ ചെയ്യാൻ അനുവദിക്കരുത്

(ലേഖനം) സഫുവാനുൽ നബീൽ ടി.പി. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണ് ഇന്ത്യം. ആ ഇന്ത്യയിലാണ് ജനങ്ങള്‍ തിരഞ്ഞെടുത്ത ലോക്‌സഭയിലെ 95...

കുസ്റ്റോറിക്കയുടെ അരയന്നങ്ങള്‍

ആത്മാവിന്റെ പരിഭാഷകൾ (സിനിമ കവിത, സംഗീതം) part 2 ഭാഗം 41 ഡോ. രോഷ്നി സ്വപ്ന   ഡോ. രോഷ്നി സ്വപ്ന 'പുഴയൊഴുകിയ വഴിനോക്കി തോണിക്കാരനിരിക്കുന്നു. പക്ഷിയുടെ നെഞ്ചു പോലെ അത്ര മൃദുലമായ് അവന്റെ...

More like this

പരാജയങ്ങളില്‍ നിന്ന് വിജയങ്ങളിലേക്ക് കുതിക്കാന്‍ ക്യാപ്റ്റനോളം മറ്റാര്‍ക്കും സാധിക്കില്ല

(ലേഖനം) നിധിന്‍ വി.എന്‍. തൊണ്ണൂറികളില്‍ തമിഴകത്തിന്റെ ആക്ഷന്‍ ഐക്കണായി മാറിയ താരമായിരുന്നു വിജയകാന്ത്. തമിഴകത്തിന്റെ ക്യാപ്റ്റന്‍ എന്നേക്കുമായി വിടവാങ്ങുമ്പോള്‍ തമിഴ് സിനിമയ്ക്കും...

ബോസ് എന്ന സമ്പന്ന ഹൃദയൻ

(ലേഖനം) സുബൈർ സിന്ദഗി പാവിട്ടപ്പുറം സോഷ്യല്‍ മീഡിയകളില്‍ നിറഞ്ഞു നില്‍ക്കുന്ന ഒട്ടേറെ പ്രഗത്ഭരായ വ്യക്തികളുടെ വീഡിയോകളും, വാര്‍ത്തകളും റീല്‍സും മറ്റും കാണാനിടയായിട്ടുണ്ട്....

ജനാധിപത്യത്തെ കൂട്ടക്കശാപ്പ്‌ ചെയ്യാൻ അനുവദിക്കരുത്

(ലേഖനം) സഫുവാനുൽ നബീൽ ടി.പി. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണ് ഇന്ത്യം. ആ ഇന്ത്യയിലാണ് ജനങ്ങള്‍ തിരഞ്ഞെടുത്ത ലോക്‌സഭയിലെ 95...