കവിത
അജിത് പ്രസാദ് ഉമയനല്ലൂർ
ഭൂമിയിലേക്കൊന്നു
കാതുകൂർപ്പിച്ചാൽ
നാരിനോളം പോന്ന
ചില ഒച്ചകൾ കേൾക്കാം.
കാതിന്റെ
ദിശമാറും തോറും
ഒച്ചകളുടെ കയറ്റിറക്കങ്ങൾ
കൂടിയും കുറഞ്ഞുമിരിക്കും.
പുല്ലുകൾക്കിടയിലേക്ക് നോക്കിയാൽ
വരിതെറ്റാതെ നീങ്ങുന്ന ഉറുമ്പുകളുടെ,
പുല്ലുകളുടെ
ഭൂമിയിൽ കിളിർത്ത വേരുകളുടെ,
വെയിലിനെ ഒപ്പിയെടുക്കുന്ന
മണ്ണിന്റെ ചില ഒച്ചകൾ കേൾക്കാം.
വിത്തുപൊട്ടുന്നതിന്റെ
പൂവ് ചിരിക്കുന്നതിന്റെ
ഇല അടർന്നു വീഴുന്നതിന്റെ
കുറച്ചുകൂടി വലിയ ഒച്ചകൾ.
നിശബ്ദത എന്നുതന്നെ
പറയേണ്ടുന്ന വിധം
ചില ഒച്ചകളുണ്ട്.
മണ്ണിര
ഭൂമി കിളയ്ക്കുന്നതിന്റെ,
മീനുകൾ
ഉള്ളിലേക്കു ശ്വാസം
വലിച്ചെടുക്കുന്നതിന്റെ,
ഒച്ചുകൾ
അതിർത്തികൾ താണ്ടുന്നതിന്റെ
നിശബ്ദമാകുന്ന ചില ഒച്ചകൾ.
അങ്ങനെ ആരോഹണത്തിലും
അവരോഹണത്തിലും
ക്രമം തെറ്റിയും തെറ്റാതെയും
എത്രയെത്ര
ഒച്ചകളാണ്
ഭൂമിയിലേക്കു കാതുകൂർപ്പിച്ചാൽ
കേൾക്കാനാവുക!
എങ്കിലും
നിനക്കറിയുമോ?
കാറ്റിന്റേതുൾപ്പടെയുള്ള
ഈ കേൾക്കാവുന്ന ഒച്ചകളൊക്കെയും
ഭൂമിക്കുവേണ്ടിയുള്ള
‘മരിക്കരുതേ മരിക്കരുതേ’
എന്ന പ്രാർത്ഥനകളാണെന്ന്…
…
ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : [email protected]
ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.