കവിത
അബിദ. ബി
ഒന്നാം ക്ലാസ്സിൽ പഠിക്കുമ്പോ ഡസ്കിൽ
പാണ്ടി ലോറിയുടെ പടം വരയായിരുന്നു പ്രധാന വിനോദം
രാത്രി പുതപ്പിനടിയിൽ പാണ്ടി ലോറി ഹോണടിച്ചു കയറി വരും
ചെങ്കുത്തായ കയറ്റങ്ങൾ കയറി
ഞാനും ലോറിയും
ക്ലാസുകൾ മാറിക്കേറി
ആറാം ക്ലാസ്സിൽ
റോഡുവക്കത്തെ
വിദ്യാലയത്തിൽ
ലോറി ഒരു കീറാമുട്ടിയായി.
പഞ്ചാബിക്കാരൻ
ലോറി ഡ്രൈവറോടൊപ്പം
ഞാൻ പഞ്ചാബിലേക്ക്
ഒരു പോക്കാണ്.
സ്വർണ്ണവർണ്ണത്തിൽ
പരന്നുകിടക്കുന്ന ഗോതമ്പ്
പാടങ്ങളിൽ ഞാനും
പഞ്ചാബി കുട്ടികളും
കൊത്തം കല്ല് കളിച്ചു,
റാണിയും മക്കളും
കളിച്ചുകൊണ്ടിരിക്കുന്നതിനിടയിൽ
മലയാളി മാഷിന്റെ ചോക്ക്
എന്നെ കേരളത്തിലെ
ക്ലാസിനു പുറത്ത് നിർത്തുന്നു.
ക്ലാസ്സിന് വെളിയിൽ
അട്ടം നോക്കി നിൽക്കുമ്പോൾ
വെളുത്ത രാധ ടീച്ചർ
ചുവന്ന സാരിയുടുത്ത്
വരാന്തയിലൂടെ മന്ദം മന്ദം…
ഞാൻ ടീച്ചറുടെ
വീട്ടിലെ തൊടിയിൽ
ആടി പാടി അങ്ങിനെ
രാഘവേട്ടൻ
സ്കൂൾ മണി മുട്ടുമ്പോൾ
വീണ്ടും ഓടി സ്കൂളിലെത്തും
പത്താം ക്ലാസ്സ് കഴിഞ്ഞപ്പോ
പാണ്ടി ലോറി കാണുമ്പോ
ഡ്രൈവറുടെ കാമുകിയെ
കുറിച്ചോർത്തു.
അവരുടെപ്രണയത്തെ കുറിച്ചും
വിരഹത്തെ കുറിച്ചും.
പിന്നീടെപ്പഴോ മുതൽ
ഞാനവന്റെ
ഭാര്യയെ കുറിച്ചോർത്തു
മക്കളെ കുറിച്ചും
അവനില്ലാത്ത
അവരുടെ അവസ്ഥയെകുറിച്ചും
വന്നു വന്ന് ഞാനിപ്പോ
ഒന്നും ഓർക്കാറേയില്ല
റോഡുപോലും
കണ്ടാലും
എന്ത് തോന്നാനാണ്
അല്ലെങ്കിലും
എനിക്കെന്തിനാണിത്രയും
തോന്നലുകൾ
…
ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in
ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.