പാട്ട് പൂക്കുന്ന പൗര്ണമിയിൽ പൊയ്ക്കാലിലൊരു നൃത്തം

1
255
R Sangeetha

ലേഖനം
ആർ സംഗീത

തൊണ്ണൂറുകളുടെ മധ്യത്തിലാണ്. ഞായർ രാവിലെയുള്ള രംഗോലിയുടെ സ്‌ഥിരം പ്രേക്ഷകയായ ഏഴിലോ എട്ടിലോ പഠിക്കുന്ന ഒരു പെൺകുട്ടി ഉണ്ടായിരുന്നു. പഴയ ഹിന്ദി ഗാനങ്ങൾ വരികളുടെ അർഥം അറിഞ്ഞും അറിയാതെയും വരി തെറ്റിയും മുറിച്ചും പാടി നടന്നിരുന്ന കാലം. അക്കാലത്താണ് എന്റെ ഉള്ളിൽ സദാ വിരഹിയായ കണ്ണുകളിൽ വിഷാദ സന്ധ്യ കൂടുവച്ചൊരു പെൺകുട്ടി വാസമുറപ്പിച്ചെന്നു അറിയുന്നത്. ആ പെൺകുട്ടി നിരന്തരം പാട്ടുകൾ മൂളി കൊണ്ടിരുന്നു. ഈറനിറ്റുന്ന കാടുകൾക്കുള്ളിൽ, ജലപാതങ്ങൾ മയങ്ങുന്ന, ഇലകളുടെ പുല്ലാങ്കുഴൽ കേൾക്കുന്ന മലഞ്ചെരുവിൽ ആയിരുന്നു അവളുടെ വീട്. മറ്റൊന്ന് കൂടി ആയിടയ്ക്ക് ഞാൻ കണ്ടുപിടിച്ചു. അവൾ പാടുന്നതൊക്കെ ഒരേ ശബ്ദത്തിലാണ്. -.
സമൃദ്ധമായ മുടി മെടഞ്ഞൊതുക്കിയ, ഇളം നിറമുള്ള സാരി പുതച്ച യോഗിനിയെ പോലെ മഞ്ഞിന്റെ മുഖമുള്ള ഒരു ഗായികയുടെ സ്വരത്തിൽ – ആ സ്വരമായിരുന്നു ലത..
ലതാ മങ്കേഷ്‌കർ

ഞാൻ ജനിക്കുന്നതിനു കൊല്ലങ്ങൾക്ക് മുൻപ് പാടി റെക്കോർഡ് ചെയ്ത ഈ ഗാനങ്ങളൊക്കെ എന്നിലെ വിരഹിണിയ്ക്ക് ലത പാടി സൂക്ഷിച്ചിരുന്നതാവാം. അങ്ങനെ തന്നെ ഞാൻ വിശ്വസിച്ചു. താഴ്വരയാകെ ശീവോതി പൂക്കൾ പൂത്ത രാവിൽ അവൾ അയാളുടെ ഓർമ്മകളിൽ പാടി
” ക്യൂ ഹമേ തൂഫ സെ ഡറൂം
മേരാ സാഹിൽ ആപ്പ് ഹേ ”
ആപ് കി നാസറോം നെ സംഛ
പ്യാർ കെ കാബിൽ മുജേ

മഴയുള്ള രാത്രികളിൽ ഒറ്റവീണയും അവളും
അയാൾക് വേണ്ടി പാടി
“റൈന ബീതി ജായെ
ശാം നാ ആയെ
നിന്ദിയാ നാ ആയെ ”
ഉപേക്ഷിക്പ്പെടും എന്നറിഞ്ഞിട്ടും അയാൾക്ക് വേണ്ടി, അയാളുടെ കണ്ണിലെ ആകാശങ്ങൾക്ക് വേണ്ടി ആർത്തി പൂണ്ടു
“തേരി ആവാസ് ഹി പെഹചാൻ ഹെ
ഗർ യാദ് രഹേഗാ
നാം ഗുo ജായേഗാ….

“ഏഹ് സാൻ തേരാ ഹോഗാ മുജ്ജ്പർ
ദിൽ ജോ ചാഹേ വോ
കേഹനെ ദോ
മുജ്ജ്ഹേ തും സെ മോഹോപ്പത്
ഹോ ഗയി ഹേ മുജ്ജെ
പൽകോം കെ ഛവോം മേം
രേഹനെ ദോ ” അവളുടെ മാത്രം പാട്ടിന്റെ ചിറകിൽ ഒരു കാലം

പ്രണയത്തിന്റെ ഉന്മാദങ്ങൾക്ക് വേണ്ടിയല്ല അതിന്റെ പ്രാണ പിടച്ചിലുകൾ അനുഭവിച്ചവർക്ക് വേണ്ടി ലത ഗളനാളത്തിൽ ഒരു അരുവിയെ കാത്തു വച്ചു. അതിന്റെ ഓരോ ചെവിയിലും സ്വയം മറന്നു പാടി ”
തു ജഹാം ജഹാം ചാലേഗാ
മേരാ സായ സാത്‌ ഹോഗാ
മേരാ സായ മേരാ സായ ”
ഒരു ജന്മത്തിൽ ഒരാളുടെ ഹൃദയപ്പാതി നേടുകയും മരണ തുല്യമായ ഏകാന്തതകളിൽ ഉപേക്ഷിച്ചു പോയ അയാളുടെ മറു പാതിയിലെ കയ്പ്പിനെ മൊത്തിക്കുടിച്ചു സ്വയം തലതല്ലി കരയുകയും ചെയ്യുന്ന ആ ഭ്രാന്തത്തി.. പ്രണയം കൊണ്ട് മുറിഞ്ഞ ആ പെൺ പിറവിയെ ലത സ്വരത്തിൽ ആവാഹിച്ചിരുന്നു
അതിനാലാണ് ആജാരെ പർദേശി…
എന്ന് പാടി തുടങ്ങി “യെ അഖിയാം ധക് ഗയിബന്ത് നിഹാർ എന്ന് നിർത്തുമ്പോൾ കാത്തിരിപ്പിന്റെ ഒടുങ്ങാത്ത ആത്മദാഹത്തിന്റെ ആ തേങ്ങൽ തൊണ്ടയിൽ കുരുങ്ങുന്നത്.

“ജോ വാദ കിയ വോ
നിഭാന പടേഗാ ”
എന്നോര്മിപ്പിക്കുമ്പോൾ വെയിലാവുകയും
“തേരെ ബിനാ സിന്ദഗി സെ കോയി
ശിഖ് വാ തോ നഹി “എന്ന് പാടുമ്പോൾ മഴയാവുകയും ചെയ്യുന്നത്.
“അജീബ് ദാസ്താ ഹേ യെ
കഹാം ഷുറു
കഹാം ഖത്തം ” എന്ന് ജീവിതത്തിന്റെ വിചിത്ര വഴികളെ കുറിച്ച് ഭ്രമിപ്പിച്ചു പോകുമ്പോൾ ആ ശബ്ദം നിലാവിനെ ഓർമിപ്പിക്കും.

“ലഗ് ജാ ഗലെ – കാമിനിമാർക്ക് വേണ്ടി പാടിയതല്ല. ലോകത്തിലെ ഒരു കാമിനിയും ആ പാട്ടിന്റെ വരിയെ തന്റേതാക്കില്ല. പ്രണയാഘോഷങ്ങളിൽ നിന്ന് സ്വയം തോൽവി വരിച്ചു ഉടലിൽ നിന്ന് ഒരുവനെ പറിച്ചു മാറ്റാൻ ത്രാണി നേടിയ എന്നാൽ ഉയിരിലെ അവന്റെ മുദ്രയെ പേeuർത്തും പേർത്തും സ്വാർഥതയോടെ സ്നേഹിക്കുന്ന ആ നിത്യ വിഷാദികൾക്ക് വേണ്ടി ഉള്ളതാണ്.
അവരത് പാടുമ്പോൾ അതിന്റെ സംഗീതത്തിന് ഹൃദയമിടിപ്പുകളുടെ ചൂരും ഗന്ധവും എവിടുന്നെന്നില്ലാതെ കൈവരും
ഷായദ് ഇസ്‌ ജനം മേം
മുലാകാത് ഹോ ന ഹോ…
എന്ന് ഉരുകി തീരും

എന്റെ ഉള്ളിലെ വിരഹിണി എന്നോടൊപ്പം വളർന്ന നാല്പതുകളിൽ എത്തി നിൽക്കുന്നു.
കാലം പതം വരുത്തിയ ഉടലിൽ സ്വപ്നങ്ങളുടെ പൊയ്ക്കാലിൽ പണ്ട് പാടിയ പാട്ടുകൾ അവശേഷിപ്പിച്ച ഇത്തിരി വെട്ടത്തിന്റെ ദയയിൽ ഇന്നും ഉറങ്ങാതിരിക്കുന്നു.
ലതയെന്ന പ്രവാഹം അവൾക്ക് വേണ്ടി അവശേഷിപ്പിച്ചതൊക്കെ അടിത്തട്ടിൽ പവിഴപ്പുറ്റുകളായി മയങ്ങുന്നുണ്ട്. ഓരോ പൗര്ണമിയിലും അതിന്റെ തിളക്കം അവളുടെ കണ്ണിൽ കാണാം.., ❤️

ചില ആരംഭങ്ങൾക്ക് അവസാനം എന്നൊന്നില്ലല്ലോ അല്ലേ?


ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.

1 COMMENT

  1. മഹാഗായികയെപ്പറ്റിയുളള മാന്യമായൊരു കുറിപ്പ്.
    ഇന്ത്യയുടെ പാട്ടുചരിത്രഭൂപടത്തെ ഇന്നുതിരിഞ്ഞുനോക്കുമ്പോൾ ലതയെപ്പോലുളള മഹാനക്ഷത്രങ്ങൾ തിളങ്ങിനിൽക്കുന്നു. ലത, ആശ, സൈഗാൾ , റാഫി, കിഷോർ, താലത്ത് മുഹമ്മദ്, മന്നാദേ.. നിര തീരുന്നില്ല…മലയാളികളിൽ സംഗീതാസ്വാദകർക്ക് അന്നും ഇന്നും ഇവരൊക്കെ പ്രിയങ്കരർ. ഒന്നുപറയാം, ഇവരെയൊക്കെ കേട്ടാലേ മനസ്സ് വികസിക്കൂ… പാട്ടുകളോട് തിരിഞ്ഞിരിക്കുന്ന ചില കവികൾക്ക് നല്ലൊരു ഗാനകൽപ്പചികിത്സയാണ് ലതാ മങ്കേഷ്കർ. ആ സംഗീതം ഉൾക്കൊണ്ടെഴുതിയതിനു സംഗീതക്ക് അഭിനന്ദനങ്ങൾ..

LEAVE A REPLY

Please enter your comment!
Please enter your name here