കിണർ

2
885
kinar-abhirami

കവിത
അഭിരാമി എസ് ആർ

കൊട്ടമ്പൊലേന് കെണറ് കുത്താരുന്ന്
വല്ല്യമ്മച്ചീടെ 
പെണ്ണുചോയ്പ്പിന് തലേന്ന്
പെലേൻ കെണറിടിഞ്ഞ് ചത്ത്

ചത്തതല്ല,
വല്ല്യമ്മച്ചീടപ്പൻ കൊന്ന്
താത്തിയതാന്നും പറയുന്നൊണ്ട്

എന്നതാന്നേലും 
പെണ്ണ് ചോയ്പ്പിനാള് കൂടുമ്മൊമ്പ് 
അമ്മച്ചി പണി പറ്റിച്ച്
മൂപ്പത്തി വീട് വിട്ടെറങ്ങി

കൊട്ടമ്പെലേന്റെ കൂരേല് കേറി
പൊറുതി തൊടങ്ങി
പെലേന്റോട പൊറുത്തോരെന്നുമ്പറഞ്ഞ്
വല്ല്യമ്മച്ചീനേം വീട്ടരേം
അകന്ന ശേഷക്കാരേമ്പോലും
പള്ളീന്ന് പൊറത്താക്കി

തറവാട്ട് വഹകളീന്ന്
അമ്മച്ചീന്റ പേര് വെട്ടി
പെലേൻ ചാടിച്ചത്ത കെണറെറപ്പിച്ച്
അമ്മച്ചി സ്നാനപ്പെട്ട്

എടവത്തിലും ത്ലാത്തിലും
കട്ടേം മടലും പെറുക്കി വച്ചും
ടാർപ്പ വലിച്ച് കെട്ടീം
അമ്മച്ചി കെണറിടിയാതെ കാത്ത്
കൊട്ടമ്പെലേൻ ചത്തേന്റ
ഇരുവത്തഞ്ചാമാണ്ട് പൊറപ്പിന്
വല്ല്യമ്മച്ചി
കാതേക്കെടന്ന 
കുണുക്കൂരി
മാർക്കം കൂടിയ
പെലേത്തികൾക്ക് വിറ്റ്
കെണറ് കെട്ടിച്ച്
വളയമെറക്കി തൊടി കെട്ടിച്ച്
ചുറ്റിന് തിട്ട കെട്ടിച്ച്
കെണറ്റുങ്കര കോരിയടുപ്പിച്ച്
തൂണൊരുക്കി കപ്പി കൊളുത്തിച്ച്
ഒരു തൊടം വെള്ളം
കോരിക്കുടിച്ച്
തിരിച്ച് തൊട്ടിയെറക്കാന്നേരം
കുണുക്കഴിച്ച വല്ല്യമ്മച്ചീങ്കൂടി
കെണറുന്തൊടികളിലേക്കെറങ്ങിച്ചെന്ന്
കൊട്ടമ്പെലേൻ കെണറ് കുത്തുവാരുന്ന്

അവരാദ്യവായി മൊഹത്തോട്
മൊഹം കണ്ട്
പെലേൻ അമ്മച്ചിയോട് 
ആരാന്നും എന്തുവാന്നും ചോയ്ച്ച്
അമ്മച്ചി പള്ളിയേം കരക്കാരേം
മുട്ടനൊരു തെറീം പറഞ്ഞോണ്ട്
പൊറത്തേക്ക് ചാടി
കെണറിടിഞ്ഞ് വീണ്
മാർക്കം കൂടിയോര് കുണുക്കിട്ടെന്നുമ്പഞ്ഞ്
കരയ്ക്ക് കലാപം നടക്കുവാരുന്നന്ന്!

abhirami sr
ചിത്രീകരണം : സുബേഷ് പത്മനാഭൻ


ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.

2 COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here