തിരിച്ചറിയൽ രേഖകളില്ലാത്തവരുടെ നഗരം

0
256
athmaonline ardra vs

കവിത

ആർദ്ര വി എസ്

ആ നഗരത്തെ
ആരും ഓർക്കുന്നില്ല
ലോകഭൂപടം വരച്ച മനുഷ്യന്റെ
മറവിയായിരുന്നു ആ നഗരം.

പേരുകളില്ലാത്തവരും
പേരുകളിൽ
ചോരവാർന്നു മരിച്ചവരും
അതിന്റെ ഊടുവഴികളിൽ
കുടിയേറിപ്പാർത്തു.

ഒരു കൈലേസു കൊണ്ടു പോലും
അടയാളപ്പെടുത്താതിരുന്നതിനാൽ
അവിടെയാരും
അതിർത്തികളെക്കുറിച്ച്
വാചാലരായില്ല.

സ്ഥാനഭ്രഷ്ടനായ രാജാവിന്റെ
ഒഴിഞ്ഞ ഭിക്ഷാപാത്രമാണ്
അവരുടെ ഭരണകൂടം .
അതിനരികുപറ്റി നിന്ന
ചിറി കോടിയ ദൈന്യതയെ
അവർ അവരുടെ ഭരണാധികാരിയാക്കി..

ആ നഗരത്തിന്റെ ഇടങ്ങളെ
ആരും പങ്കിട്ടെടുത്തിരുന്നില്ല.
തേഞ്ഞുപോയ ശരീരവുമായി
വെറുങ്ങലിച്ചുനിന്ന
ചുവന്ന തെരുവിലെ പെൺകുട്ടിയും
നടക്കാനിറങ്ങിയ കവിതയുടെ വഴിയിൽ
കൊല്ലപ്പെട്ട കവിയും
നഗരവീഥിയിലെ ചായക്കടയിൽ
ഒരേ ബെഞ്ചിലിരുന്ന്
ചായ കുടിക്കാറുണ്ട്.
നീതിയെപ്പറ്റിയും സ്വാതന്ത്ര്യത്തെപ്പറ്റിയും
അവർ വാതോരാതെ
സംസാരിക്കും.

അവരുടെ വർത്തമാനങ്ങളിലേക്ക്
തുറന്നു വെച്ചവയായിരുന്നു
നഗരത്തിന്റെ വീടുകൾ .
ഊണുമേശക്കു ചുറ്റുമിരുന്ന്
അവസാന തുള്ളി എരിവ്
തൊട്ടു നക്കുന്ന മനുഷ്യൻ അപ്പോഴൊക്കെ
അനാദിയായ കുഴിമാടങ്ങൾ നോക്കി
ദീർഘമായി നിശ്വസിക്കും.

കവിയും പെൺകുട്ടിയും
പറഞ്ഞു തീരുന്നിടങ്ങളിലാണ്
ആ നഗരം
പിന്നിക്കീറിയ പുതപ്പുകൾക്കിടയിൽ
ഉറങ്ങിത്തുടങ്ങുന്നത്.
പലയിടങ്ങളിൽ നിന്നായി
നാടുകടത്തപ്പെട്ട
വിപ്ലവഗീതങ്ങൾ കേട്ട്
നമ്മുടെ കാണാതാവുകളോരോന്നും
കടത്തിണ്ണ യിലിരുന്ന്
തീ കായുന്നതും
ആ നേരങ്ങളിലാണ്.
ഒരിക്കലും പരസ്പരം കാണാത്ത വിധം
എതിർ ദിശകളിലേക്ക്
കണ്ണുനട്ടിരിക്കുന്ന
രണ്ടു കാലങ്ങൾക്കിടയിലാണത്രെ
ആ നഗരം !

പാളങ്ങളിൽ വെന്തു മരിച്ച
തീവണ്ടിയുടെ ആത്മാക്കൾ
ഉറക്കെയുറക്കെ ചൂളം വിളിക്കുന്ന,
ആകാശത്തിനു മുകളിലൂടെ
അനാഥരായ കവിതകൾ
പറന്നു നടക്കുന്ന,
പെരുവിരൽ മുറിഞ്ഞ ആ നഗരം
ഇപ്പോഴും അവിടെത്തന്നെയുണ്ട്..
തിരിച്ചറിയൽ രേഖകളില്ലാത്തതിനാൽ
അതിന്നും നമുക്ക്
അജ്ഞാതമായ
ഒരിടമാണെന്നു മാത്രം !

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം) editor@athmaonline.in, WhatsApp : 80 788 16827

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.

LEAVE A REPLY

Please enter your comment!
Please enter your name here