വായന
സഹർ അഹമ്മദ്
പുസ്തകം : വെയിൽവഴികളിലെ ശലഭസഞ്ചാരങ്ങൾ (ഓർമ്മ, ചിന്ത, അനുഭവം)
രചന : സബീന എം. സാലി
പ്രസാധകർ: സൈകതം ബുക്സ്
വില: 120 രൂപ
പേജ്: 119
കഥ, കവിത, നോവൽ, ഓർമ്മക്കുറിപ്പുകൾ തുടങ്ങി സാഹിത്യത്തിന്റെ വ്യത്യസ്ത മേഖലകളിൽ തന്റേതായ ഇടം അടയാളപ്പെടുത്തിയ സബീന എം. സാലി എന്ന എഴുത്തുകാരിയുടെ പുതിയ പുസ്തകമാണ് “വെയിൽവഴികളിലെ ശലഭസഞ്ചാരങ്ങൾ”. ഓർമ്മകളും ചിന്തകളും അനുഭവങ്ങളുമടങ്ങിയ 24 കുറിപ്പുകളുടെ സമാഹാരമാണ് ഈ പുസ്തകം.
“ജീവിതത്തിന്റെ നിറങ്ങളും, നിറമില്ലായ്മകളും, ചലനവും നിശ്ചലനവും നിരന്തരം നിരീക്ഷണങ്ങൾക്ക് വിധേയമാക്കിയപ്പോഴുണ്ടായ ചില ബോധ്യങ്ങളും ചിന്തകളും, കഥകളിലോ കവിതകളിലോ പെടുത്താതെ എന്റെ മാത്രം അനുഭവസാക്ഷ്യങ്ങളുടെ മിടിപ്പുകളായി കോറിയിട്ടിരിക്കുകയാണിവിടെ. വാക്കും മൗനവും തമ്മിലുള്ള നിരന്തര കലഹങ്ങൾക്കൊടുവിലാണ് ഇതിലെ ഓരോ എഴുത്തും സാധ്യമായത്.” എന്ന് പുസ്തകത്തിന്റെ ആമുഖത്തിൽ എഴുത്തുകാരി പറഞ്ഞുവെക്കുന്നു.
പ്രണയമഷി പുരണ്ട കൗമാരത്തിന്റെ അക്ഷരവഴികൾ എന്ന കുറിപ്പ് പേര് സൂചിപ്പിക്കുന്നത് പോലെ എഴുത്തുകാരിയുടെ കൗമാരകാലത്തേക്കാണ് നമ്മെ ചെന്നെത്തിക്കുന്നത്. പൊന്നുരുന്നി കോൺവെന്റ് സ്‌കൂളിലെ ഒമ്പതാം തരത്തിലെ വിശാലാക്ഷി ടീച്ചറുടെ മലയാളം ക്ലാസിൽ എത്തുമ്പോൾ അറിയാതെ നാം നമ്മുടെ സ്കൂളോർമ്മകളിലും പ്രിയപ്പെട്ട അധ്യാപകരുടെ മുൻപിലും എത്തുന്നു. “ഈറൻനിലാവ് കൊണ്ട് കണ്ണെഴുതുന്ന ഇന്ദീവരമിഴിയാൾ” എന്ന് വിശാലാക്ഷി ടീച്ചറുടെ പേരിനെ എഴുത്തുകാരി പരാവർത്തനം ചെയ്യുന്നു. എങ്ങനെയാണ് ഒരു ടീച്ചർ തന്റെ ജീവിതത്തെ, എഴുത്തിന്റെ വഴികളെ, ഭാഷയെ സ്വാധീനിച്ചതെന്ന് എഴുത്തുകാരി നന്നായി അവതരിപ്പിക്കുന്നു.
സൗദി അറേബ്യയിലെ അൽ മജ്മ എന്ന ഉൾനാടൻ ഗ്രാമത്തിലെ അൽ മുനീഖ് കോട്ടയിലേക്ക് എഴുത്തുകാരിയും സുഹൃത്തുക്കളും നടത്തിയ യാത്രയുടെ രസകരമായ അനുഭവമാണ് ജിന്ന് കോട്ടയുടെ രാത്രിവാതിൽ. വായനക്കാരെ കൈപിടിച്ച് നടത്തുമ്പോഴും ഇന്നലെകളിലേക്ക് അവന്റെ ചിന്തകൾ പറിച്ചുനടാൻ എഴുത്തുകാരി നടത്തിയ ശ്രമങ്ങൾ വ്യത്യസ്തമായി അനുഭവപ്പെട്ടു.
ആസിഫയുടെ നോവനുഭവങ്ങൾ പങ്കുവെച്ച കഥാവശേഷമെന്ന കുറിപ്പ് വായനയിൽ ഹൃദയം തൊടുന്ന ഒന്നായിരുന്നു.
“ജാതിവ്യവസ്ഥകളെയെല്ലാം പുച്ഛിച്ചു തള്ളി, കണ്ണേ കരളേയെന്ന് വിളിച്ച് അതുവരെ ലാളിച്ച് വളർത്തിയ മാതാപിതാക്കളെ ധിക്കരിച്ച് മറ്റൊരുത്തനോടൊപ്പം ഇറങ്ങിപ്പോയ ധിക്കാരിയായ മകളായിട്ടോ, സ്നേഹിച്ച പുരുഷനെ ലഭിക്കാൻ സ്വന്തവും ബന്ധവുമെല്ലാം ത്യജിച്ച ആദർശകാമുകിയെന്നോ എങ്ങനെയാണ് ഞാൻ ആസിഫയെ വിവർത്തനം ചെയ്യേണ്ടത്.”
ആസിഫയെ എങ്ങനെയാണ് വായിച്ചെടുക്കേണ്ടതെന്ന് എഴുത്തുകാരി വായനക്കാർക്ക് വിട്ടുനൽകുന്നു.
“ജീവിച്ചിരിക്കുന്ന ഒരു കവി പ്രണയാതുരനല്ലെങ്കിൽ, ഭൂമിയിൽ പൂക്കൾ വിടരില്ല. വെളുത്തപക്ഷത്തിൽ വേലിയേറ്റമുണ്ടാവില്ല” എന്ന ഡി. വിനയചന്ദ്രൻ മാഷിന്റെ വാക്കുകളോടെയാണ് “നീ വരു കാവ്യദേവതേ” എന്ന എഴുത്തുകാരിയുടെ പാട്ടനുഭവങ്ങൾ ആരംഭിക്കുന്നത്. ഓരോ പാട്ടും അതിലെ വരികളും എങ്ങനെയാണ് തന്റെ നിത്യജീവിതത്തെ സ്പർശിച്ചതെന്ന് എഴുത്തുകാരി വിവരിക്കുന്നു.
വെയിൽ വഴികളിലെ ശലഭസഞ്ചാരങ്ങൾ എന്ന കുറിപ്പിൽ എഴുത്തുകാരി സ്ത്രീ സുരക്ഷയെ കുറിച്ചുള്ള തന്റെ ചിന്തകൾ തുറന്നു വെക്കുന്നു. പ്രശസ്ത കവി ഡി. വിനയചന്ദ്രനുമായുള്ള ഓർമ്മകളെ “അർത്ഥങ്ങൾ മാഞ്ഞു പോയ നിഘണ്ടു” എന്ന കുറിപ്പിലൂടെ എഴുത്തുകാരി ഓർത്തെടുക്കുന്നു.
കൈകളിൽ മൈലാഞ്ചിയണിഞ്ഞ് പുതുവസ്ത്രം ധരിച്ചു ആഹ്ലാദ നിറവിൽ പെരുന്നാൾ ആഘോഷിച്ച നിമിഷത്തിൽ നിന്ന് പെടുന്നനെ വന്ന വല്യമ്മയുടെ മരണവും അവരുടെ ഓർമ്മകളും പങ്കുവെക്കുന്നതാണ് “കണ്ണീരുപ്പ് പുരണ്ട പെരുന്നാൾക്കുപ്പായം”.
“ഇടയ്‌ക്കൊക്കെ വല്യമ്മ ചോദിക്കാറുള്ള ഒരു ചോദ്യമുണ്ട്, ഞാൻ മരിക്കുമ്പോൾ , എന്റെ കൊച്ചു മക്കളിൽ ആരായിരിക്കും കൂടുതൽ കരയുക.” ആ ചോദ്യം വായനയ്ക്ക് ശേഷവും നെഞ്ചിൽ നോവായി ബാക്കിയാവുന്നു.
“അശ്വഹൃദയമന്ത്രത്തിന്റെ ഉന്മാദവേഗങ്ങളിൽ” എന്ന കുറിപ്പ് സൗദി അറേബ്യയിലെ കുതിരപന്തയത്തെ കുറിച്ചും അവയുടെ ചരിത്രത്തെ കുറിച്ചും, പരിശീലനത്തെ കുറിച്ചും വിവരിക്കുന്നു. “ആത്മാവിന്റെ മറുപാതി”, “ഒരു പിണക്കത്തിന്റെ കഥ ഇണക്കത്തിന്റേയും”, “ആതുരതയുടെ പകലിരവുകളിൽ” എന്നീ കുറിപ്പുകൾ വായനയ്ക്ക് ശേഷം മനസ്സിൽ ബാക്കിയാവുന്നു.
ഈ പുസ്തകത്തിലുടനീളം എഴുത്തുകാരി സ്വീകരിച്ച ഭാഷയും കൈയൊതുക്കവും എടുത്തു പറയേണ്ടതാണ്. സബീന എം. സാലി എന്ന പ്രിയ എഴുത്തുകാരിയിൽ നിന്ന് ഇനിയും മികച്ച രചനകൾ ഉണ്ടാവട്ടെയെന്ന് ആത്മാർഥമായി ആശംസിക്കുന്നു. നന്മകൾ നേരുന്നു, ഒപ്പം പ്രാർത്ഥനയും.
..
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം) editor@athmaonline.in, WhatsApp : 80 788 16827
ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.