സ്വരൂപ് സദാനന്ദൻ
മുന്നറിയിപ്പ്: വായിച്ച് തുടങ്ങിയാൽ അവസാനം വരെ വായിക്കേണ്ടി വന്നേക്കാം. അതുകൊണ്ട്, ആലോചിച്ച് ഉറപ്പിച്ച് മാത്രം വായിച്ച് തുടങ്ങുക.
1960 ൽ, ആഴ്ചകളോളം രാത്രികളിൽ ഭീതി പടർത്തിയ സംഭവം തുടങ്ങുന്നത്, ബ്രസീലിലെ ‘അറൊജൊലാന്റിയ’ എന്ന ഗ്രാമത്തിലാണ്. ആ കാലത്ത്, തെക്കേ അമേരിക്കയിലെ ചില രാജ്യങ്ങളിൽ പ്രചരിച്ചിരുന്ന കെട്ടുകഥകളിലെ ഭയപ്പെടുത്തുന്ന കഥാപാത്രമായിരുന്നു, ‘മോർച്ച്’ എന്നറിയപ്പെട്ടിരുന്ന നരഭോജി. പോർച്ചുഗീസ് ഭാഷയിൽ ‘മരണം’ എന്നാണ് ഇതിന്റെ അർത്ഥം. (ബ്രസീലിലെ ഔദ്യോഗിക ഭാഷ പോർച്ചുഗീസ് ആണ്)
കെട്ടുകഥകളിൽ മാത്രം സ്ഥാനമുണ്ടായിരുന്ന ഈ കഥാപാത്രം ആദ്യം ജനങ്ങൾക്കിടയിൽ പ്രത്യക്ഷപ്പെടുന്നത്, 1960 ൽ ഏപ്രിൽ മാസത്തിലാണ്- ബ്രസീലിലെ ബഹിയ സ്റ്റേറ്റിലെ അറൊജൊലാന്റിയ എന്ന ഗ്രാമത്തിൽ.
കഥകളിൽ കേട്ട മോർച്ച് എന്ന മരണമില്ലാത്ത നരഭോജിയുടെ രൂപത്തിനോട് സാമ്യമുള്ള ആളായിരുന്നു ഗ്രാമത്തിൽ വന്ന് താമസം ആരംഭിച്ചത്. അയാളുടെ മുഖത്തിന്റെ ഇടതുവശം മുഴുവനായും തീപ്പൊള്ളലിൽ വെന്തെരിഞ്ഞ്, രൂപമാറ്റം സംഭവിച്ച അവസ്ഥയിലായിരുന്നു. കൈപ്പത്തി അറ്റുപോയ ഇടതുകയ്യിൽ, കൃത്രിമക്കൈപ്പത്തി വച്ചുപിടിപ്പിച്ചിരുന്നു. (മുമ്പെങ്ങോ ആക്രമിക്കപ്പെട്ടതായിരുന്നു എന്ന് പറയപ്പെടുന്നു). മെലിഞ്ഞിട്ടാണെങ്കിലും, അസാമാന്യമായ കരുത്തും ആരോഗ്യവുമുള്ള, ആറര അടിയോളം പൊക്കമുള്ള ശരീരമായിരുന്നു അയാളുടേത്.
ഭാര്യയോടൊപ്പം ഒറ്റപ്പെട്ട് ജീവിച്ചിരുന്ന മോർച്ച് പകൽ സമയത്ത് പുറത്തിറങ്ങാറുണ്ടായിരുന്നില്ല. കടയിൽ നിന്ന് സാധനങ്ങൾ വാങ്ങുന്നത് ഭാര്യയായിരുന്നു. തല കുനിച്ച് വച്ച് ആരുടെയും കണ്ണിൽ നോക്കാതെയായിരുന്നു ആ സ്ത്രീ സംസാരിച്ചിരുന്നത്, അതും അത്യാവശ്യത്തിന് മാത്രം. അവരുടെ പെരുമാറ്റത്തിലെ പ്രത്യേകത കാരണം ആരും അടുക്കാൻ ശ്രമിച്ചതുമില്ല.
അകലെ നിന്ന് കണ്ടവർ പറഞ്ഞത് പ്രകാരം മോർച്ചിന് ഉദ്ദേശം 45 വയസ്സ് തോന്നിക്കുമായിരുന്നു. ഭാര്യക്ക് 40 ഉം. ശനിയാഴ്ചകളിൽ, ഭാര്യ വന്ന് പത്തോളം കോഴികളെയും ആടുകളെയും വാങ്ങിക്കൊണ്ടുപോകുമായിരുന്നു. അവിടെ വിരുന്നുകാർ ഉള്ളതായി കാണാറുമില്ല.
ചില പ്രത്യേക ദിവസങ്ങളിൽ, അവർ ചെകുത്താന് മൃഗബലി കൊടുക്കാറുണ്ടെന്ന് നാട്ടിൽ അഭ്യൂഹം പരന്നു. കാര്യത്തിൽ വ്യക്തത വന്ന് തുടങ്ങിയത്, ശ്മശാനത്തിൽ ചില അസ്വാഭാവികമായ കാര്യങ്ങൾ കണ്ടുതുടങ്ങിയപ്പോഴാണ്. അടുത്തകാലത്തായി മരിച്ചവരുടെ, ശവക്കുഴി മൂടിയ മണ്ണ് മാന്തിയിട്ടതായി ചിലരുടെ ശ്രദ്ധയിൽപെട്ടു. മണ്ണ് ഇളകിക്കിടന്ന ഭാഗം കുഴിച്ച് നോക്കിയപ്പോൾ, അതിന്റെ ഉള്ളിൽ അടക്കം ചെയ്തിരുന്ന മനുഷ്യശവശരീരം കാണാനുണ്ടായിരുന്നില്ല. പകരം ഉള്ളിൽ, ആടിന്റെയും കോഴിയുടെയും തലയില്ലാത്ത ഉടലുകൾ ആയിരുന്നു.
പകച്ച് തുടങ്ങിയ നാട്ടുകാർ, രാത്രികാലങ്ങളിൽ വീടിനുള്ളിൽ ഭയന്ന് കഴിഞ്ഞുകൂടി. ഇങ്ങനെ ആഴ്ചകളോളം കടന്നുപോയി. ഒടുവിൽ ഒരു ശനിയാഴ്‌ച വൈകുന്നേരം അങ്ങാടിയിൽ യോഗം ചേർന്നു. അവരുടെ വീട് പരിശോധിക്കണമെന്നും അവരെ നാട്ടിൽ നിന്നും പുറത്താക്കണമെന്നും തീരുമാനിച്ചു. പക്ഷെ, ആർക്കും അവരെ ചോദ്യം ചെയ്യാൻ ധൈര്യമില്ലായിരുന്നു. കൂട്ടത്തിൽ ധൈര്യത്തോടെ ആദ്യം മുന്നോട്ട് വന്നത് അന്റോണിയോ, കാർലോസ് എന്നീ രണ്ട് ചെറുപ്പക്കാർ ആയിരുന്നു. അവരുടെ നേതൃത്വത്തിൽ 5 പേര് അടങ്ങുന്ന ചെറുപ്പക്കാരുടെ സംഘം പിറ്റേന്ന് രാവിലെ മോർച്ചിന്റെ വീട്ടിൽ പോകാം എന്നു തീരുമാനിച്ചു. അങ്ങാടിയിൽ യോഗം നടന്നുകൊണ്ടിരിക്കുമ്പോൾ, അതുവഴി മോർച്ചിന്റെ ഭാര്യ കടന്നുപോയി. അന്ന് ആദ്യമായി, ആ സ്ത്രീ തല ഉയർത്തി, കണ്ണ് തുറന്ന്, യോഗം ചേരുന്നവരുടെ നേരെ തുറിച്ച് നോക്കി. പാമ്പിന്റേതുപോലത്തെ കണ്ണുകളായിരുന്നു അവർക്ക്. നോക്കുന്ന ആരും ഭയന്ന് കണ്ണടച്ചുപോവും. അത്രക്ക് തീവ്രമായിരുന്നു ആ നോട്ടം.
അന്ന് അവർ പതിവിലും കൂടുതൽ ആടുകളെയും കോഴികളെയും വാങ്ങി തിരിച്ച് പോയി.
അന്ന് യോഗം കഴിഞ്ഞ് സന്ധ്യക്ക് വീട്ടിലെത്തിയ അന്റോണിയോയും കാർലോസും വീടിന് മുന്നിൽ കണ്ടത്, തലയില്ലാത്ത ആടുകളുടെയും കോഴികളുടെയും ഉടലുകൾ ആയിരുന്നു. ഭയന്ന് ഓടി വീട്ടിൽ കയറിയപ്പോൾ, വീട്ടിലെ മറ്റ് പുരുഷന്മാർ ബോധം കെട്ട് കിടക്കുന്നതാണ് കണ്ടത്. കാർലോസിന്റെ ഇളയ സഹോദരിയെയും, അന്റോണിയോയുടെ അമ്മയെയും എവിടെയും കാണാനുണ്ടായിരുന്നില്ല.
നാട്ടുകാരോടൊപ്പം ഓടിക്കിതച്ച്, മോർച്ചിന്റെ വീട്ടിൽ എത്തിയപ്പോൾ അവിടെ ആരും ഉണ്ടായിരുന്നില്ല. പാതി ഭക്ഷിച്ച നിലയിൽ ചില മനുഷ്യശവശരീരങ്ങൾ മാത്രമുണ്ടായിരുന്നു. പക്ഷെ അതിൽ കാണാതായ സ്ത്രീകൾ ഉണ്ടായിരുന്നില്ല. അവരെ പിന്നീട് ജീവനോടെയോ അല്ലാതെയോ ആരും കണ്ടിട്ടുമില്ല.
നാട്ടുകാരെ വീണ്ടും ഭയത്തിൽ ആഴ്ത്തിക്കൊണ്ട്, ആ വീട്ടിൽ നിന്നും ഒരു കത്ത് കിട്ടി. അതിൽ ഇങ്ങനെ എഴുതിയിരുന്നു.
” 60 വർഷങ്ങൾക്ക് ശേഷം ഞങ്ങൾ വീണ്ടും വരും- മോർച്ച് ”
NB: ഇത് പൂർണ്ണമായും എന്റെ മനസിൽ ഉദിച്ച ഒരു സാങ്കൽപ്പിക കഥ മാത്രമാണ്. ഇതിന് യാഥാർഥ്യവുമായി യാതൊരു ബന്ധവുമില്ല. അന്ധവിശ്വാസങ്ങളും കെട്ടുകഥകളും മനുഷ്യഭാവനയുടെ സൃഷ്ടികൾ മാത്രമാണെന്ന് ഓർമ്മപ്പെടുത്തുന്നു.
…
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം) editor@athmaonline.in, WhatsApp : 8078816827
ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.