കഥ
രാജേഷ് തെക്കിനിയേടത്ത്
ചാഴൂക്കര കുളക്കടവ് റോഡ് പണിക്കാർ ഇറക്കിയിട്ട കരിങ്കൽ ചീളുകൾക്കുള്ളിൽ ഒരു പാമ്പ് സ്ഥിരം വന്നുപോയിരുന്നത് വെറും കഥയല്ല. അലക്കുകടവിൽ മുക്കിപ്പിഴിയാനെത്തുന്ന ബ്രാലത്തെ പുറംപണിക്കാരി രാഗിണിയെ കൊത്താനാകുമെന്ന സംശയം കൃഷ്ണനാശാരി എങ്ങൂത്തെ ഉണ്ണികൃഷ്ണൻ നായരുടെ പടിപ്പുരക്ക് മൂലോടു മാറ്റി ഇരുമ്പുപാത്തി കമത്താനുള്ള പണിക്ക് അച്ചാരം വാങ്ങാനെത്തിയപ്പോളായിരുന്നു പറഞ്ഞത്.
”അതിപ്പോ രാഗിണിക്കുള്ള കാലനാന്ന് ആശാരിയോടാരാ പറഞ്ഞത്?” ഉണ്ണികൃഷ്ണൻ നായർ ചോദിച്ചു.
”തണ്ടാൻ പറമ്പിലെ ചെത്തിക്കാട്ടിൽ പ്രതിഷ്ടയ്ക്ക് കവടിവെച്ച ഗോവിന്ദൻ പണിക്കര് ആദ്യം പറഞ്ഞ വാക്കതല്ലേ ഉണ്ണ്യായരെ?”. ”അത് മനസ്സിലായി. എന്നാലും രാഗിണിയെങ്ങനെ തണ്ടാൻപറമ്പിലെ സർപ്പകോപത്തിനാളാകും?” ഉണ്ണികൃഷ്ണൻ നായരുടെ സംശയം അവിടംകൊണ്ടൊന്നും നിന്നില്ല. ”അതൊരു കഥയാണ് ചാഴൂക്കരയിലുള്ളവർ മറന്നുതുടങ്ങിയ കഥ. ഇന്നുള്ളോരോടതൊക്കെ പറഞ്ഞാലാർക്കും തീരെ പിടിക്കാറില്ല. പക്ഷേ കാര്യമെന്താണെന്ന് വീടുവീടുനടന്ന് മരപ്പണി നടത്തുന്ന എനിക്കും ബ്രാലത്തെ വളപ്പിൽ പുതുതായി വാസംതുടങ്ങിയ പാമ്പുകൾക്കും അറിയാം.”
സംസാരത്തിനിടെ മൂലോടിളക്കി ഇരുമ്പുപാത്തിക്കുള്ള അച്ചാരം വാങ്ങി, മുണ്ടുമടക്കിൽ തിരുകി മുറുക്കാൻ ചെല്ലം വലിച്ചിട്ട് ഏങ്ങൂത്തെ ചെവിട്ടുപടിയിൽ കാലുംനീട്ടിയിരുന്ന കൃഷ്ണനാശാരി പാടക്കരയിലെ തണ്ടാൻ പറമ്പിലേക്ക് നോട്ടമയച്ചിരുന്നു. ഇറയത്ത് തിണ്ണയോടു ചേർത്തിട്ട ചാരുകസേരയിൽ കാലും നീട്ടിയിരുന്ന ഉണ്ണിനായരുടെ നോട്ടവും ആശാരിയുടെ പിറകെ ചെന്നു.
“കൃഷ്ണനെന്താ ഉദ്ദേശിച്ചതെന്ന് മനസ്സിലായില്ല?”
”വരേണ്ടത് വഴീതങ്ങില്ല ഉണ്ണ്യായരെ. തണ്ടാംപറമ്പ് പണിക്കാരൻ കേശവൻ, തണ്ടാൻ നായരുടെ വേലത്തരങ്ങൾക്കൊക്കേ കൂട്ടുനിന്നൊരാളല്ലെ? തണ്ടാംപറമ്പ് ഭാഗം വെച്ച് പിരിയാൻ നേരത്ത് ഒന്നരേക്കറ അടക്കാത്തൊടി പക്ഷത്തേക്ക് വകഞ്ഞുമാറ്റാൻ പാമ്പുംകാവ് വെട്ടി തീയിട്ടു കരീച്ചില്ലെ? എന്നിട്ടെന്താ ഉണ്ടായെ? പൊലച്ച നേരത്ത് മാരാത്തെ സുനന്ദയുടെ പൊരേന്ന് പോരുമ്പോഴല്ലെ തീണ്ടീയത് ? തിണ്ടുമ്മെന്ന് തങ്ങി ഉമ്മറത്ത് കിടത്തുമ്പോഴെക്കും തീർന്നില്ലെ കഥ.”
മുറുക്കാൻ നിറഞ്ഞ വായ തൊടിയിലിറങ്ങി തുപ്പി വരുമ്പോഴേക്കും ആശാരിക്കുള്ള ഇല ഇറയത്തിട്ടിരുന്നു. മുഖം കഴുകി വിളമ്പിത്തീരുവോളം ഒരിടത്തേക്കു മാറിനിന്ന് കൃഷ്ണനാശാരി ആരുമങ്ങനെ മറന്നീട്ടില്ലാത്ത ചാഴൂക്കരയിലെ കഥ പറഞ്ഞു തുടങ്ങി. ”ചിത കെടും മുമ്പ് തണ്ടാംപറമ്പില് പ്രശനം വെപ്പിച്ചു. തീരാത്ത സർപ്പകോപാന്നാ ഒറ്റനോട്ടത്തിൽ കണ്ടത്, വെറുകുപുര അഴിച്ചു മേയുമ്പോഴല്ലെ കേശവനെ കൊത്തിയത്, ആരാന്ന് നോക്കിവരാൻ വൈദ്യര് പറഞ്ഞപ്പോ ഒരു നാടല്ലെ നിന്ന് തിരഞ്ഞത്. കണ്ടില്ലാല്ലൊ? പിന്നെയും മുന്നു മരണം നടന്നില്ലെ തണ്ടാംപറമ്പില്. പലകയില് കണ്ടപോലൊക്കെ നടന്നു. അതിലിനി സാവിത്രിയെ ബാക്കിയുള്ളു.” ഇല മടക്കി എഴുന്നേറ്റു തുടങ്ങിയ കൃഷ്ണനാശാരി ബ്രാലത്തെ വാഴത്തോട്ടത്തിലേക്ക് നോക്കി അല്പനേരം നിന്നു. പിന്നെ കിണറ്റും കരയിൽ നിറച്ചുവെച്ച മൺപാത്രത്തിൽ കൈകഴുകി. കാര് മറച്ചുതുടങ്ങിയ ചാഴൂക്കര മാനത്തുനോക്കി നെഞ്ചത്തു കൈവച്ച് പറഞ്ഞു.. ”സാവിത്രിയെ തണ്ടാം പറമ്പീന്ന് ബ്രാലത്തേ പുറം പണിക്കാരിയായി കൊണ്ടുവരുമ്പോ പിറകെ പാമ്പൂണ്ടായിരുന്നെന്ന് ബ്രാലത്തെ കാര്യസ്ഥൻ പറഞ്ഞൂത്രേ, കേക്കണ്ടെ ആരെങ്കിലും?” “അതൊക്കെ തോന്നലാ കൃഷ്ണാ. ആ കുട്ടിയൊരു പണിക്കാരിയല്ലെ? അല്ലെങ്കിലും അതെന്തു പെഴച്ചൂന്ന് സർപ്പങ്ങൾക്കും വശല്ല്യാന്നുണ്ടൊ?”
”സർപ്പകോപന്ന് പറഞ്ഞാൽ ഉണ്ണ്യായർക്കെന്തറിയാം? വിടില്ല്യ ഒന്നിനെയും”
പടിയിറങ്ങിപ്പോകുന്ന കൃഷ്ണനാശാരിയേയും നോക്കിനിന്ന ഉണ്ണിനായരുടെ അടുത്തേക്ക് സീതമ്പ്രാൾ ഇറങ്ങി നിന്നു. ”അയാള് പറയുന്നതു കേട്ടാത്തോന്നും നാട്ടിലെ സർപ്പങ്ങളൊക്കെ ബ്രാലത്തെ പണിക്കാരിപ്പെണ്ണിന്റെ പിറകെയാന്ന്. തണ്ടാം പറമ്പിന്റെ വീതം വെക്കലിന് പറമ്പളക്കാൻ സൗകര്യത്തിന് കാടായ കാടെല്ലാം വെട്ടിയ കൂട്ടത്തില് കാവും തീയ്യിട്ടു. കെടക്കാൻ സ്ഥലല്ല്യാണ്ടായ അവറ്റകളെന്താ ചെയ്യാ? വല്ലോടത്തും ചുരുണ്ടിട്ടുണ്ടാവും. അതിപ്പോ വെറുകുപുരേന്നോ, തോട്ടും വക്കാന്നോ അവർക്കുണ്ടോ ? അടുത്തുചെന്നാ ആരായാലും കൊത്തും. അല്ലാണ്ടീ ഏഷണിക്കാരൻ പറയണ സർപ്പകോപോന്നുല്ലാ, കോപം വരാൻ തരാം സര്‍പ്പങ്ങള്‍ക്ക് മനസ്സില്ലെന്ന് ആർക്കാ അറിയാത്തെ” അച്ചി പറയുന്നതു കേട്ട് ഉണ്ണി നായരൊന്നു മൂളി. എന്തോ അയാൾക്കതെല്ലാം അങ്ങനെ തള്ളിക്കളയാനൊന്നും തോന്നിയില്ല.
തണ്ടാം പറമ്പിലെ പുറം പണിക്കാരൻ അമ്പതുവയസുവരെ വിവാഹമേ വേണ്ടെന്നു പറഞ്ഞിട്ട് ബ്രാലത്തെ ദാസിപ്പെണ്ണിലൊരു കുട്ടിയുണ്ടാക്കിയ വാർത്തയുമായാണ് ചഴൂക്കരയിലൊരു ദിവസം പിറന്നത്. വിവാഹം കഴിക്കില്ലെന്നും പറഞ്ഞുനടന്ന കേശവന് ഭാസിപ്പെണ്ണിനെ കൂടെ കൂട്ടേണ്ടി വന്നെങ്കിലും പകലന്തിയോളം തണ്ടാൻ നായരുടെ ബ്രാലത്തെ ചതുരഗം കളിയും ഇറയത്തെ കിടപ്പുംവച്ച് ചില സംശയങ്ങൾ അങ്ങുമിങ്ങും നിന്നവർ പറഞ്ഞു. തണ്ടാം പറമ്പിലെ ദാസനോട് നാട്ടുകൂട്ടം ചില ചോദ്യങ്ങൾ ചോദിച്ചെങ്കിലും കേശവനെല്ലാം ഏറ്റമട്ടിലായിരുന്നു നില്പ്. ബ്രാലത്തെ ഭാസിപ്പെണ്ണ് കേശവന്റെ കുടീല് പൊറുതി തുടങ്ങിയേപ്പിന്നെ തണ്ടാം നായര് ബ്രാലത്തെ ഇറയത്തുള്ള കളി നിർത്തിയതും ഉണ്ണി നായരോർത്തു. എങ്ങാനും അപ്പോഴത്തെയൊരു സ്വരം ശരിയാണെങ്കിൽ രാഗിണി തണ്ടാംനായരുടെതെന്നേ ആർക്കും തോന്നു. അങ്ങനെയാണെങ്കിൽ ആശാരി പറയുന്ന സർപ്പകോപത്തിലൊരു കാര്യമുണ്ടെന്നു തന്നെ ഉണ്ണി നായർക്കു തോന്നി.
തണ്ടാം പറമ്പിലോരേ ചിതയാളുമ്പോഴും ആളുകളുടെയുള്ളിൽ തീയ്യും പുകയുമായിരുന്നു. സർപ്പങ്ങൾക്കു ഭ്രാന്തു പിടിച്ചിരിക്കുന്നു. കുറ്റിക്കാടുകളിൽ നിന്നും മാളങ്ങളിൽ നിന്നും അവർ വഴിവക്കിലേക്കും മുറ്റത്തേക്കും ഇഴഞ്ഞെത്തുന്നു. പാമ്പുവർഗങ്ങൾ പറ്റിയ വാസസ്ഥലം തേടി നൂറുകണക്കിനു കിലോമീറ്ററുകൾ സഞ്ചരിക്കുന്നവരാണ് എന്നിട്ടും തണ്ടാം പറമ്പൊഴിവാക്കാതെ അവരങ്ങനെ ചുറ്റിനിൽക്കുന്നു. ആളുകൾക്കുള്ളിൽ ചോദ്യങ്ങളേറെയുണ്ടെങ്കിലും ഒരു മൗനം ചഴുക്കരക്കു ചുറ്റും വലയം സൃഷ്ടിച്ചു. പാമ്പുമേക്കാട്ടുനിന്നും ആളെത്തിയിട്ടും അടങ്ങാത്ത സർപ്പങ്ങൾ. കൃഷ്ണനാശാരി ആ സംസാരം അവിടം കൊണ്ടൊന്നും തീർത്തില്ല. പാലം പണിയാൻ തോട്ടും വക്കിൽ ഇറക്കിയിട്ട കരിങ്കൽ കൂനയിൽ അതുണ്ട്, അത് കേശവന്റെ മകൾക്കോ, തണ്ടാം പറമ്പിലേ അവസാന സന്തതിക്കോ വേണ്ടിയെന്നേ അറിയേണ്ടു. ”രണ്ടും ഒന്നു തന്നെ.” ഉണ്ണി നായരും ചാഴൂക്കര സാമൂഹിക നിരീക്ഷകരിൽ കുറച്ചു പേരും അങ്ങനെ കരുതി. അവർ രാഗിണിയെ കാണുമ്പോഴൊക്കെ പറഞ്ഞു.
”പേടിക്കേണ്ട, സർപ്പങ്ങൾ നിരുപദ്രവകാരികളാണ് അവരുള്ളിടത്തു ആരു ചെന്നാലും കൊത്തും അത് മനുഷ്യനാവാണമെന്നൊന്നില്ല” അതു കേട്ട് രാഗിണി ചിരിച്ചു. അശാന്തമായി ചീറിയെത്തിയ കാറ്റിൽ മുഖം പൂഴ്ത്തിവെച്ചുകൊണ്ട് അവൾ പറഞ്ഞു. “പേടിയോ എനിക്കോ? ആരോരുമില്ലാത്തൊരു പെണ്ണിന് കാവൽ കിടക്കുന്ന അവറ്റകളെ ഞാനെന്തിനു പേടിക്കണം” ആശ്വസിപ്പിക്കാൻ വന്നവർ രാഗിണിയെ ആശങ്കയോടെ നോക്കി. പിന്നെ അടച്ചൊറപ്പില്ലാത്ത അവളുടെ വാതിലും.
രാഗിണിയെത്ര ശരിയാണ്. ചാഴൂക്കര ദേശം എല്ലാവർക്കും ഒരുപോലെ ആയിരുന്നിട്ടും പലർക്കും ശബ്ദം നിഷേധിക്കപ്പെട്ടിരുന്നു. ഒന്നോർത്താൽ അവരേതോ തടവിലെന്നു തോന്നും. കേശവൻ, രാഗിണിയുടെ അമ്മ അങ്ങനെയേറെ പേർ. നട്ടെല്ലില്ലാത്തവരും ധൈര്യമുള്ളവരും ലജ്ജാലുക്കളുമായുള്ള ചാഴൂക്കര നിവാസികൾ, ഒരു മഴക്കാലം വരാനുണ്ടെന്ന പ്രതീക്ഷയിൽ വരൾച്ചയുടെ കാലം കഴിച്ചുകൂട്ടുന്നു. അല്ലെങ്കിലും അവരെന്തു ചെയ്യാനാ? എന്നാൽ രാഗിണിയുടെ മനസ്സിലാണ് ഭയമില്ലാത്ത മുഖം. അവൾ നടക്കുന്ന വഴികളിൽ കാവൽ നിൽക്കുന്ന ഉപാസനാമൂർത്തികൾ. അച്ഛനും, വളർത്തച്ഛനും കൂടി ഇറക്കിവിട്ട തണ്ടാം പറമ്പിന്റെ കാവൽക്കാരെ അവൾക്കു വിശ്വാസമാണ്. തങ്ങളുടെ ഉപാസകയുടെ അമ്മക്കുണ്ടായപോലെ തീണ്ടാനാരോ വരാനുണ്ടെന്ന കരുതൽ അവരിലുമുണ്ട്. ഉണ്ണിനായർ തണ്ടാം പറമ്പിന്റെ മാനത്തേക്കൊന്നു നോക്കി. കറുത്തുകിടന്ന മേൽക്കൂരക്കു മുകളിൽ ഇത്തിരി വെളിച്ചം ഇറങ്ങി വരാൻ തുടങ്ങിയിരിക്കുന്നു. തൊടികൾ ഒരിളം മുറക്കാരിയെ പ്രതീക്ഷിക്കുന്നു.
ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in
ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല