സ്നേഹിതയ്ക്ക്

0
365
Prashanth ps

കവിത

പ്രശാന്ത് പി.എസ്

ആ കണ്ണീർ ഗോളങ്ങളിൽ
ഒരു സമുദ്രം തേടിക്കൊണ്ട്
ഇരുണ്ട റെയിൽവേ പ്ലാറ്റ്ഫോമിനപ്പുറത്തെ
നിൻ്റെ കാഴ്ച്ച
എനിക്കുള്ളിലെ മത്സ്യത്തെ
പിടിച്ചെടുക്കുന്നു.
ഉടഞ്ഞ പാത്രത്തിലിപ്പോൾ
ശൂന്യത മാത്രമാണ്.
ഏറ്റുപറച്ചിലിൻ്റെ താരാട്ടിനൊടുവിൽ
ഓർമ്മകളുടെ പട്ടിണിമരണത്തിന് സാക്ഷിയായ്
തീവണ്ടി നീങ്ങുന്നുവെങ്കിലും
ചുവന്ന ചവറ്റുകൊട്ടയ്ക്ക് പിറകിൽ
കാറ്റാടിമരത്തിൻ്റെ കത്തി വികൃതമായ
കഷണം പോലെ
സ്വയം മങ്ങിമറയുന്ന
നിന്നെയെനിക്ക് കാണാം.
നിഗൂഢമായൊരു സ്മാരകശിലയായ്
സ്വയം കൊത്തിവെച്ച് നീയെന്നെ
മൗനത്തിൻ്റെ സാഹസികമായ
മലഞ്ചെരുവിലേയ്ക്ക് വലിച്ചെറിയുക.
എന്നിലെ ഊഷ്മളതയുടെയപായം
നിൻ്റെ നിശബ്ദതയുടെ മൂർച്ചയേറിയ
അഗ്രം കൊണ്ട് തകർത്തെറിയുക…!

കക്കൂസിൽ നിന്നും ദുർഗന്ധം വമിക്കുന്നുണ്ട്.
ഒരു സഞ്ചിയോളം മാംസളമായ
ഓർമ്മകൾ കൈപ്പിടിയിലുണ്ട്.
കോലാഹലം…
സീറ്റിനടിയിൽ എലികളുടെ
പരക്കംപാച്ചിൽ.
പ്രിയപ്പെട്ടവളേ, നിനക്കൊരു
ക്യാൻവാസ് വേണ്ടേ?
അടുത്ത തവണയാവട്ടെ,
അതിൽ നമ്മുടെ ആഴക്കടൽ വരയ്ക്കണം.
ശേഷം
ആ നീലിമയിലേയ്ക്കൊന്നിച്ച് ചാടാം…!


LEAVE A REPLY

Please enter your comment!
Please enter your name here