കവിത
ജാബിർ നൗഷാദ്
ഉടലിനെ പൊതിഞ്ഞ
ശലഭക്കൂട്ടങ്ങളെ
വീശിയോടിച്ച് കണ്ണ് തിരുമ്മി
കാട്ടാറിലേക്ക് ചാടി,
തിരികെ ഒഴുക്കിനെതിരെ
നീന്തി നീന്തി
എത്തിച്ചേർന്നത്
(ചേരേണ്ടിയിരുന്നത്)
വീട്ടിലേക്കാണ്.
ഇരുട്ടിനേം വെളിച്ചത്തേം
ബന്ധിപ്പിക്കുന്ന
മഞ്ഞ് പാടയിൽ
അവ്യക്തമായൊരിടം.
കണ്ണിലെ നനവിനാൽ
തെന്നി നിൽക്കുന്ന
ചാമ്പമരങ്ങൾ
സ്വാഗതം ചെയ്യുന്നു.
നരച്ച മഞ്ഞ
പാവാട തുമ്പിനാൽ
കോറിയിട്ട
മണൽ ചിത്രങ്ങളിൽ
അങ്ങിങ്ങായ്
സിഗരറ്റ് കുറ്റികൾ,
വളത്തുണ്ടുകൾ.
ഓടുകളിലൂടെയുരുണ്ടു
വീഴുന്ന പന്തിന്റെ
താളത്തിനൊത്ത്
കനമുള്ള ശകാരങ്ങൾ.
അകത്തുനിന്നാരവങ്ങൾ,
ദാദയുടെ ബാറ്റിനാലുയരുന്നത്.
കണ്ണിറുക്കി കാതോർത്തപ്പൊ
അടുക്കളയിൽ
നിന്നുമടക്കിപ്പിടിച്ച
നേർത്ത തേങ്ങലുകൾ
വേവുന്ന നെഞ്ചും
പുകയാത്തടുപ്പും.
കിണറ്റിലെ ആമയും
വട്ടത്തിലാകാശവും.
തെന്നി ഞെരുങ്ങി
നേരം കടക്കുന്നു.
മണ്ണെണ്ണ വിളക്കിനെ
വിഴുങ്ങുന്ന ഇരുട്ട്.
മഞ്ഞയിൽ പെറ്റുകിടന്ന
അക്ഷരങ്ങൾ പെറുക്കി
‘പാതിരാവും പകൽവെളിച്ചവും’
വായിച്ചു തീർത്ത
നേരത്ത് മഴ പൊട്ടി.
ബാങ്കിനിടയിലിടി പൊട്ടി.
നിരത്തി വെച്ച സ്റ്റീൽ
പാത്രങ്ങളിലേക്ക്
ചെവി ചേർത്ത്
ഉപ്പുപ്പയാണത് പറഞ്ഞത്.
‘പടച്ചോന്റെ സംഗീതം’.
മഴയ്ക്കാഴമേറി.
മീകാഈൽ(അ)ന്
വേണ്ടി വീടിനുള്ളിൽ
യാസീൻ മുഴങ്ങി.
പാത്രം നിറയും പോലെ
കിണറും നിറയുമോ.
ആകാശം വലുതാകുമോ.
പതിവില്ലാതെ
പുസ്തക കൂനയിലേക്കും
നിസ്ക്കാരപായയിലേക്കും
ജലകണങ്ങൾ
അക്രമിയെ പോലെ
കയറി ചെല്ലുന്നു.
മണ്ണെണ്ണ വറ്റി.
ഒരിക്കലും പോകാൻ
കൂട്ടാക്കാത്ത മട്ടിൽ
കണ്ണിലിരുട്ട്.
പടച്ചോന്റെ സംഗീതം
അതിന്റെ പരമോന്നതയിൽ
മുഴങ്ങിനിൽക്കുന്നു.
പ്രകാശം
ജലം പോലെയാണെങ്കിൽ
ഇരുട്ടെന്തുകൊണ്ട്
തോണിയാവില്ല?
ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in
ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.