കറിവേപ്പില

1
398
vinod veeyar story athmaonline

കഥ

വിനോദ് വിയാർ

“മിസ്റ്റർ അർപ്പിത്, നിങ്ങൾ ചോദിക്കുന്നത് അൽപം കൂടുതലാണ്.” അയാൾക്ക് ക്ഷമ നശിച്ചിരുന്നു. നീളം കുറഞ്ഞ ഒരു തടിയനായിരുന്നു അയാൾ. എല്ലാവരും അയാളെ ഭായി എന്നാണ് വിളിച്ചിരുന്നത്. ഇരുട്ടും വെളിച്ചവും ഇടകലർന്ന ആ മുറിയിൽ അയാളുടെ അപ്പോഴത്തെ മുഖഭാവം ഭയപ്പെടുത്തുന്നതായിരുന്നു. പക്ഷേ ഒരു ചിരിയോടെ അർപ്പിത് അടുത്ത ഒരു സംഖ്യയിലേക്കു മാറി. ബെൽറ്റ് ഇട്ട് ഉറപ്പിച്ചിരുന്ന പാൻ്റിനു മുകളിൽ വലിയ മൺകലമുഴുപ്പ് പോലെ തള്ളിനിന്ന ഭായിയുടെ വയറിലേക്കു നോക്കി അർപ്പിത് ഒന്നുകൂടി വിടർന്നു ചിരിച്ചു. ഒരു മീൻമാർക്കറ്റിലെന്ന പോലെ അവിടെ നടന്നുകൊണ്ടിരുന്ന വിലപേശൽ ഭായിക്കൊപ്പമുള്ള രണ്ടുപേർ ഒരു ഗെയിം പോലെ ആസ്വദിച്ചു. അവർ ഇടയ്ക്കിടെ വിളിച്ചുപറഞ്ഞ സംഖ്യകൾ, തനിക്കു സ്വീകാര്യമല്ല എന്ന മട്ടിൽ അർപ്പിതിൻ്റെ തല വിലങ്ങനെ ആടിക്കൊണ്ടിരുന്നു. ഒപ്പം അതിനുമപ്പുറമുള്ള ചില സംഖ്യകളുടെ അതിശയിപ്പിക്കുന്ന തിളക്കത്തിലേക്ക് അയാൾ എടുത്തു ചാടി.

“മോനേ… ഇതും കൂടി കഴിക്കെടാ…” വറുത്ത അയലയുടെ അവസാന തുണ്ട് അടർത്തിയെടുത്ത് ചോറിനുള്ളിൽ അടക്കം ചെയ്ത ഉരുള കൂടി കഴിക്കാൻ ജാനകി സച്ചുവിനെ നിർബന്ധിച്ചു. വയറുനിറഞ്ഞു എന്ന ആംഗ്യത്തോടെ അവൻ വാഷ്ബേസിനടുത്തേക്കോടി. അവിടെ കുന്തിച്ചുനിന്ന് കൈയും വായും കഴുകി മുറിയിലേക്കു പോയി. മുറിയിൽ അവൻ കളിപ്പാട്ടങ്ങൾക്കു ജീവൻ വെയ്പിച്ച് ഓടിനടന്നു. ആദ്യം ബൈക്കിലായിരുന്നു യാത്ര. പിന്നെ കാറിലാക്കി. കുറേക്കഴിഞ്ഞ് വിമാനം പറത്തിക്കളയാം എന്നു വിചാരിച്ചു. വിമാനം ഭിത്തിയിലേക്ക് ഉരുട്ടിക്കയറ്റി ഏതോ സാഹസിക ദൗത്യത്തിൻ്റേതായ ഭാവം മുഖത്തുവരുത്തി.

അകത്തെ കഴുകലും ഒതുക്കലും കഴിഞ്ഞ് ജാനകി എത്തിയപ്പോഴേക്കും കളിപ്പാട്ടങ്ങൾക്ക് ജീവൻ പോയിരുന്നു. സച്ചു പാഠപുസ്തകങ്ങൾക്കുള്ളിലെ സമസ്യകളുമായി മല്ലിടുകയായിരുന്നു. അകത്തേക്കും പുറത്തേക്കും പുളഞ്ഞിറങ്ങുന്ന ചില അക്ഷരങ്ങളിലൂടെ കണ്ണുപായുമ്പോൾ അവൻ എന്നുമെന്നതുപോലെ അമ്മയെത്തിരഞ്ഞു. അവളൊരു കുസൃതിച്ചിരിയോടെ അവനടുത്ത് വന്നിരുന്ന് ആ മുടിയിഴകൾ തലോടാൻ തുടങ്ങി.

രാത്രി വൈകി ഒരു സംഖ്യയിൽ അർപ്പിതും ഭായിയും ധാരണയിലെത്തി. ഇരുവരും കൈപിടിച്ചു കുലുക്കി എഴുന്നേൽക്കുകയും കുറെനേരമായി ഇരുന്നതിൻ്റെ വയ്യായ്കയിൽ നിന്നും ശരീരത്തെ മോചിപ്പിക്കാനെന്നോണം ഒരേ സമയം ഞെളിയുകയും ചെയ്തു. എപ്പോഴോ ഇരുട്ടിനുള്ളിൽ കയറിക്കൂടിയിരുന്ന മറ്റു രണ്ടുപേരും ആ സമയം വെളിച്ചത്തിലേക്ക് വന്നു. അവരും തുറന്നു ചിരിച്ചുകൊണ്ട് അർപ്പിതിൻ്റെ കൈപിടിച്ചു കുലുക്കി.

“അർപ്പിത്, ഇന്ന് ഇത്രയുമായില്ലേ. ഇനി നാളെ പോകാം.” അധികമാരും കണ്ടിട്ടില്ലാത്ത ഒരു ചിരിയുണ്ടായിരുന്നു ഭായിയുടെ ചുണ്ടിൽ.
“ഹേയ്, അത് ശരിയാവില്ല. ഞാൻ പോയി നാളെത്തന്നെ വരും. കാര്യങ്ങൾ പെട്ടെന്നാവട്ടെ.”അതല്ല. ഒരു വിശേഷമുണ്ട്. നിങ്ങൾക്കൊരു ഗിഫ്റ്റ് കരുതി വെച്ചിട്ടുണ്ട്.” ഭായി കൂടെയുള്ളവരെ നോക്കി. ‘റെഡി സാർ’ ആ നോട്ടം ഒരു ചോദ്യമായെടുത്ത് അവരൊന്നിച്ച് അറ്റൻഷനായി. അർപ്പിതിന് ഒന്നും മനസ്സിലായില്ല.
“എടോ, ഒരു സംഭവം അകത്തുണ്ട്. കണ്ട ആപ്പ ഊപ്പയ്ക്കൊന്നും കിട്ടുന്നതല്ല. തനിക്കായി വരുത്തിയതാ.” എല്ലാം മനസ്സിലായവൻ്റെ ചിരി അർപ്പിതിൽ തെളിഞ്ഞുവന്നു. തുറന്നിട്ട ജനലിലൂടെ തണുത്ത കാറ്റ് അയാളെ തലോടിപ്പോയി.
“എന്തായാലും നാളെ ഞാൻ ഇങ്ങോട്ടല്ലേ വരുന്നത്. എല്ലാം കഴിഞ്ഞുമതി സമ്മാനം.”
“ശരി.” ഭായി എന്തോ ചിന്തിച്ചിട്ട് വീണ്ടും ചോദിച്ചു “ഒന്നു കാണണോ?”
“വേണ്ട. ഒരു സസ്പെൻസ് നിൽക്കട്ടെ.” അർപ്പിത് പോകാനൊരുങ്ങി. തനിക്കായി തയ്യാറായിരുന്ന അഡ്വാൻസ് തുകയിട്ട രണ്ട് കറുത്ത കവറുകൾ ഇരുകൈകളിലും തൂക്കി അയാൾ പുറത്തേക്കുനടന്നു.

ഏതോ ഒച്ചയിൽ സ്വപ്നം പൊട്ടിവീണ് ജാനകി കണ്ണുമിഴിച്ചു. ആരും യാഥാർത്ഥ്യങ്ങളോട് പൊരുതുന്നത് സ്വപ്നങ്ങളുടെ മൂർച്ച കൊണ്ടാണെന്ന് അവൾക്ക് തോന്നാറുണ്ട്. ഇപ്പോൾ തൻ്റെ സ്വപ്നങ്ങളുടെ പേരാണ് സച്ചു. ബെഡ്ലാമ്പ് തെളിച്ച് അവൾ സച്ചുവിൻ്റെ ഉറക്കത്തിൻ്റെ ഭംഗിയിലേക്ക് കണ്ണുനട്ടു. അവൻ്റെ നെറ്റിയിൽ ഉമ്മവെച്ച് നിവരുമ്പോൾ പഴയകാര്യങ്ങൾ പ്രളയം പോലെയുള്ളിൽ തള്ളി വന്ന് അവളെ കരയിപ്പിച്ചു. ഭൂരിഭാഗം പ്രണയിനികളുടേയും കഥയേ അവൾക്കും പറയാനുണ്ടായിരുന്നുള്ളൂ. പലതിൻ്റെയും പര്യവസാനം പോലെ ഉപേക്ഷിക്കപ്പെടൽ തന്നെയായിരുന്നു ഉള്ളടക്കം. ആത്മഹത്യയ്ക്കായി മനസ്സ് പലപ്രാവശ്യം തുനിഞ്ഞതാണ്. പക്ഷേ സച്ചു, അവനെ വളർത്തി വലുതാക്കണം എന്ന ചിന്തയിൽ എല്ലാ വിങ്ങലുകളും നിയന്ത്രണവിധേയമാകുന്നു. കരച്ചിലടക്കി അവനോടു ചേർന്നുകിടന്നു ജാനകി. കാഴ്ചയ്ക്ക് മങ്ങലുണ്ടാക്കിയ കണ്ണുനീരിനെ കണ്ണിനുള്ളിൽ തന്നെ ഞെരിച്ചുകൊന്നു.

അർപ്പിതിൻ്റെ കാർ ഒരു വളവുതിരിഞ്ഞു. ഭായിയുടെ സമ്മാനത്തിൻ്റെ ഘടന ഉള്ളിൽ സങ്കല്പിച്ച് അയാൾ ചൂളംവിളിച്ചു. മുന്നിലെ രണ്ടാംസീറ്റിനു താഴെ പതുക്കി വെച്ചിരുന്ന കറുത്ത കവറിലേക്ക് അയാൾ ഇടയ്ക്കിടെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. പണം ഒഴിച്ച് മറ്റെല്ലാത്തിനോടും പുച്ഛം തോന്നിയ ആ അവസരത്തിൽ അർപ്പിത് വലതുവശത്തു കൂടി വാഹനമോടിച്ചു. പോയ പോക്കിൽ എപ്പോഴോ കണ്ട ‘നോ എൻട്രി’ റോഡിലേക്ക് അത്യധികം സന്തോഷത്തോടെ കാറോടിച്ചുപോയി.

അടുക്കളയിൽ സമയവുമായി യുദ്ധം ചെയ്യാൻ തുടങ്ങിയിരുന്നു ജാനകി. വെളുപ്പാൻകാലത്തെ സ്ഥിരം ഏർപ്പാടാണിത്. ഓരോന്നിനും ഇത്ര ഇത്ര സമയം എന്ന് ക്രമപ്പെടുത്തിയിട്ടുണ്ട് മനസ്സിൽ. ചിലപ്പോൾ സമയം വെല്ലുവിളിച്ചു കൊണ്ട് ക്രമങ്ങളെ താറുമാറാക്കും. അങ്ങനെയുള്ള ദിവസങ്ങളിൽ ബ്രേക്ക്ഫാസ്റ്റിനു പോലും നിൽക്കാതെ ഓഫീസിലേക്കു ഓടേണ്ടിവരും ജാനകിയ്ക്ക്. സ്ഥിരജോലിയൊന്നുമല്ല. സാധാരണ എഴുന്നേൽക്കുന്നതിൽ നിന്നും സച്ചു അൽപം നേരത്തേ എഴുന്നേറ്റുവന്നാലും ആകെ താളം തെറ്റും. അടുപ്പിൽ പാകമാകുന്ന കറിയേയും വികൃതിയോടെ ഓടിനടക്കുന്ന സച്ചുവിനേയും ഒരേപോലെ കൈകാര്യം ചെയ്യേണ്ടിവരുമ്പോൾ സമയം അതിൻ്റെ പാട്ടിനുപോകും. അവനെ കുളിപ്പിച്ച് ഒരുക്കുന്നതോടൊപ്പം അവളും റെഡിയാകും. അവനെ സ്കൂളിലാക്കി ഓഫീസിലെത്തുമ്പോൾ, അങ്ങനെയുള്ള ദിവസങ്ങളിൽ ഒത്തിരി താമസിക്കും.

“മോനേ… നമ്മളെങ്ങോട്ടാ?”
അർപ്പിത് അതിന് മറുപടി പറഞ്ഞില്ല. ഇന്നലെ വൈകിയെത്തി ഇന്ന് നേരം വെളുക്കുന്നതിനു മുൻപേ തന്നേയും കൊണ്ടൊരു യാത്ര. അത്തരം യാത്രകൾ പതിവില്ലാത്തതാണ്. ഭാര്യയും മക്കളുമായി ഇടയ്ക്കിടെ യാത്ര പോകുമ്പോൾ തന്നോടു പറയാറുപോലുമില്ല.
“സച്ചൂ” വളരെ മൃദുലമായി അവർ അയാളുടെ ചെല്ലപ്പേര് വിളിച്ചു. ജാനകിയമ്മയുടെ കണ്ണുകളിൽ, നീന്തിക്കടന്ന വേദനയുടെ ഒരു കാലത്തിൻ്റെ തിരയിളകി.
“ഒരു സ്ഥലത്തേക്ക്.”
“പേരില്ലാത്ത സ്ഥലമാണോ…” മകൻ്റെ ഭാവത്തിൽ അവർക്ക് അതിശയമൊന്നും തോന്നിയില്ല. സച്ചു എന്ന പേര് പോലും അവൻ മറന്നിട്ടുണ്ടാവും.
“പേരുണ്ടാകുമായിരിക്കും.” കാർ നീങ്ങിത്തുടങ്ങിയിരുന്നു. അർപ്പിതിൻ്റെ ഭാര്യ, ചിരിയോടെ ഇരുകൈകളും കൊടി വീശുന്നതുപോലെ ആട്ടി അവരെ യാത്രയാക്കി.
“എന്നുവെച്ചാൽ?”
അർപ്പിത് അതിനു മറുപടിയായി അവരെ ഒന്നുനോക്കി. എന്നിട്ട് തനിയെ പറയുന്നത് എന്ന പോലെ അൽപം ഉച്ചത്തിൽ പറഞ്ഞു. “സ്വന്തം മകനോടൊപ്പം വരാൻ പേടിക്കുന്ന ഒരു തള്ള.” ആ പോക്കിൽ പിന്നെ മണിക്കൂറുകളോളം അവർ മിണ്ടിയില്ല. കാർ പ്രധാന റോഡുകളും അതിൽ നിന്നും പുറപ്പെട്ടുപോകുന്ന അപ്രധാന റോഡുകളും അതിനുമതിനുമപ്പുറത്തേക്ക് നീളുന്ന വീതികുറഞ്ഞ റോഡുകളും കടന്ന്, വർഷങ്ങളോളം ആരും തിരിഞ്ഞുനോക്കാത്തതെന്ന് ഒറ്റനോട്ടത്തിൽ മനസ്സിലാകുന്ന ഒരു ബഹുനിലക്കെട്ടിടത്തിനു മുൻപിലെത്തി നിന്നു. സ്വീകരിക്കാൻ ഭായിയും കൂട്ടാളികളും പുറത്തേക്കിറങ്ങി വന്നു.
“അർപ്പിത്, യാത്ര സുഖമായിരുന്നോ?” സൗമ്യമായ ശബ്ദവും ആകർഷകമായ ചിരിയും ഭായിയിൽ കണ്ട് അർപ്പിത് അത്ഭുതപ്പെട്ടു. ഡോർ തുറന്നിറങ്ങിയ അയാൾ അത് അടയ്ക്കാൻ മറന്നതുപോലെ അൽപനേരം ആ നിൽപ്പ് നിന്നു.
“അമ്മ വരൂ…” ഭായിക്കൊപ്പമുള്ളവർ ക്ഷണിച്ചു.
“ആരാ, മോൻ്റെ കൂട്ടുകാരാ…” അമ്മ സ്വാഭാവികമായ ഒരു സംശയം പ്രകടിപ്പിച്ചു.
“അതെ. അമ്മ ചെന്നോളൂ.” ഭായിയാണ് പറഞ്ഞത്. “ഞങ്ങൾക്കൊരൽപം സ്വകാര്യം പറയാനുണ്ട്.” ഭായി അർപ്പിതിനെ നോക്കി. മകനിൽ പോലും കാണാത്ത സൗമ്യമായ സംസാരത്തിൽ ലയിച്ച് അമ്മ ആ വലിയ വീട്ടിനുള്ളിലേക്ക് നടന്നു. ഓർമ്മകൾ മുമ്പെങ്ങുമില്ലാത്ത വിധം ഭാരത്തോടെ അവരുടെ ഉള്ളിൽ മിടിക്കുന്നുണ്ടായിരുന്നു.

അപ്പം കറിയിൽ മുക്കി വായിലേക്ക് വെച്ചുകൊടുത്തപ്പോൾ കുടുങ്ങിയ ഒരു കറിവേപ്പില സച്ചു പുറത്തേക്കുതുപ്പി. ഒപ്പം കറിയിൽ കൈയിട്ട് കറിവേപ്പിലകൾ ഒന്നൊന്നായി അവൻ എടുത്തുകളയാൻ തുടങ്ങി.
“അയ്യേ… സച്ചൂ, എന്തായീ കാണിക്കുന്നെ.”
“കറിയാപ്പല.”
“വേഗം കഴിക്ക് നീ. സമയമായി.” ജാനകി ധൃതികൂട്ടി. അവൾ അവൻ്റെ കൈ കറിയിൽ നിന്നും എടുത്തുതുടച്ചു. അപ്പോഴും അവൻ്റെ കണ്ണുകൾ, കറിയിലിനിയും ആഴത്തിലൊളിഞ്ഞു കിടക്കുന്ന കറിവേപ്പിലകളെ തേടുകയായിരുന്നു.

ഒന്നൊന്നായി പന്ത്രണ്ട് കവറുകളിൽ പണമിട്ട് ഭായിയുടെ സഹായികൾ മേശപ്പുറത്തുവെച്ചു. അത് തനിക്കുള്ളതാണെന്ന ഉൾപ്പുളകത്തോടെ മുന്നോട്ടാഞ്ഞ് അർപ്പിത് കവറുകൾ ഓരോന്നായി തുറന്നു പരിശോധിക്കാൻ തുടങ്ങി.
“എല്ലാം കൃത്യമല്ലേ?” ഭായി അയാൾക്കടുത്തേക്ക് വന്നു. ഒരു മൂളലിൽ അയാൾ അതിനുത്തരം നൽകി.
“മറ്റൊരു കാര്യം” ഒരു രഹസ്യം പോലെ ഭായി അയാൾക്കടുത്തേക്ക് ചേർന്നുനിന്ന് ചോദിച്ചു “ഓർഗൻസ് എടുത്തിട്ട് ബോഡി എന്തുചെയ്യണം? കൊണ്ടുപോകുന്നോ?”
“ഇവിടെ പറമ്പിലെവിടെങ്കിലും… ” ഒരു സ്വാഭാവിക ചോദ്യത്തിൻ്റെ അത്രയും ലാഘവത്തോടെ ഉത്തരം നൽകിയെന്നു വരുത്തി ഭായിയുടെ സമ്മാനത്തിൻ്റെ കുടുക്കുകളഴിക്കാൻ തിടുക്കപ്പെട്ട് അർപ്പിത് അടുത്തമുറിയിലേക്കു പോയി.


ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.

1 COMMENT

  1. കറിവേപ്പില നന്നായിട്ടുണ്ട്. അർപ്പിത് ഭയപ്പെടുത്തുന്നു! ആശംസകൾ

LEAVE A REPLY

Please enter your comment!
Please enter your name here