കഥ
ഡോ. മുഹ്സിന. കെ. ഇസ്മായിൽ
ഒരു പോലീസ് സർജന്റെ ഓർമ്മക്കുറിപ്പിലൊരൊറ്റ ശ്വാസത്തിൽ വായിച്ചു തീർത്ത അധ്യായമാണ് സുകുമാരക്കുറുപ്പിൻറേത്. ഇരുപത്തിയഞ്ചു വർഷം കഴിഞ്ഞിട്ടും എന്ന് തുടങ്ങി അത്യാഗ്രഹത്തിന്റെ ഒരു മൂകപ്രതീകമായി അതവിടെ നിൽക്കുന്നു എന്ന് വരെയുള്ള വാചകങ്ങളോരോന്നും സശ്രദ്ധം പരിശോധിച്ചു.
കാലചക്രത്തിന്റെ കറക്കത്തിനനുസരിച്ചു നിർത്താതെ സഞ്ചരിച്ചു കൊണ്ടിരിക്കുന്ന ഏതൊരു സാധാരണ മനുഷ്യനും കുറുക്കുവഴിയിലൂടെ പണം നേടാനുള്ള കുറുപ്പിന്റെ വഴികൾ കണ്ട് അന്ധാളിച്ച് പോകും. പണമെന്നത് എല്ലാവർക്കുമൊരാവേശമാണ്. എൻറേയും അവസ്ഥ മറ്റൊന്നായിരുന്നില്ല. പണം നേടാൻ ബിസിനസ് മുതൽ മണി ചെയിൻ വരെ പരീക്ഷിച്ചു. പണം വരുന്നതും പോകുന്നതുമൊന്നിച്ചാണ്. പണ്ട് ഞാൻ കണ്ടിരുന്ന സ്വപ്നത്തിലേതു പോലെ.
വള്ളിനിക്കറിട്ടു മൂക്കൊലിപ്പിച്ചു ഞാനിങ്ങനെ നിരത്തിലൂടെ പോകുമ്പോൾ വീണു കിടക്കുന്ന സ്വർണ്ണ നാണയങ്ങൾ. അവ ഓരോന്നായി ശേഖരിച്ചു ഞാൻ പോക്കറ്റിലിടുന്നു. സന്തോഷത്തോടെ രാവിലെ എഴുന്നേറ്റു നാണയങ്ങൾക്കായി തപ്പുമ്പോൾ അതു വെറുമൊരു സ്വപ്നമായിരുന്നെന്നു തിരിച്ചറിയുന്നു.
നേട്ടങ്ങളെവിടെയുണ്ടോ അവിടെ ഞാനുമുണ്ട്. ആളുകളുടെ അനുഭവങ്ങളാണ് എനിക്ക് പാഠപുസ്തകം. ഞാൻ പലരുടെയും കഥകൾ കേൾക്കാറുണ്ട്. അവയെനിക്ക് മുന്നിൽ പുതിയ വഴികൾ തുറന്നു തരുന്നു.
“ ആരെവിടെ സ്ഥലം വിക്കാനുണ്ടെന്നു പറഞ്ഞാലുമവിടെ ഉസ്മാനിക്കയുണ്ടാകും.” റഫീക്കൊരിക്കൽ പറഞ്ഞതാണ്. അവനതെന്നെ കളിയാക്കാൻ പറഞ്ഞതാണെങ്കിലും അതിലിത്തിരി സത്യമില്ലാതില്ല. ഞാനറിയാതെ ഇവിടെ ഒരു കച്ചവടവും നടക്കാറില്ല.
“ അപ്പോൾ ഉറപ്പിക്കല്ലേ?”
അന്ന് റഫീക്കെന്നോട് ചോദിച്ചു. ഉസ്മാന് വാക്കൊന്നേ ഉള്ളൂ. മൊയ്‌ദീനെപ്പോലെ. സംശയിക്കേണ്ടാ, എന്ന് നിന്റെ മൊയ്‌ദീനിലെ മൊയ്‌ദീൻ തന്നെ. പണ്ട്, മൊബൈൽ ഫോണും ഒളിക്കാമറയും ഈ മെയിലുമില്ലാത്ത കാലത്ത് ഈ ഉസ്മാൻ കച്ചവടം ചെയ്തിട്ടുണ്ട്.
‘ആ ഗെയിറ്റിന്റെ പുറത്തു നിൽക്കണതു റഫീക്കല്ലേ? അവനെന്താ ഇത്ര നേരത്തെ? കയ്യിലൊരു കടലാസുമുണ്ടല്ലോ.’ ഞാൻ പുറത്തേക്കിറങ്ങി. പുളിമരത്തിലെ ഇലകൾ മുറ്റത്തൊരു പരവതാനി തീർത്തിരിക്കുന്നു. പരവതാനിയെന്നൊക്കെ പാട്ടുകളിലും മറ്റും പറയാനേ കൊള്ളുകയുള്ളൂ. ഇത് പരവതാനിയല്ല, ചപ്പുചവറാണ്.
“ എന്തേ, രാവിലെ ന്നെ?”
“ ഒന്നുല്ലാതെ ഈ റഫീക്കു വരോ, ഉസ്മാനിക്കാ? നല്ലൊരു കോള് തടഞ്ഞ്ണ്.”
“ അതെന്താ?”
“ കോഴിക്കോട്ടാണ്. അവിടം വരേ ഒന്ന് പോണം. ഒരു ഇരുപത്തഞ്ചു രൂപയും മൊടക്കണം. പിന്നേ എല്ലാം ഈസിയാ. ഇങ്ങനെ ഇരുന്നാ മതി. മാസത്തിൽ കിട്ടും രണ്ടു ലക്ഷം വീതം ലാഭം. എപ്പോ വേണേലും മൊതല് തിരിച്ചു കിട്ടും. ഈ മില്ലും പലചരക്കൊക്കെ ആയിട്ട് എന്തിനാപ്പൊ കഷ്ടപ്പെടണത് എന്റെ ഉസ്മാനിക്കാ?”
സംഭവം ശരിതന്നെ. മില്ലില് അരിയും മൊളകും പൊടിച്ചാൽ മൊതലല്ലാതെ ലാഭമൊന്നുമില്ല. പിന്നെ, നാട്ടുകാർക്കൊരുപകാരം. മായമില്ലാത്ത പൊടിയും വെളിച്ചെണ്ണയും കഴിക്കാം. പലചരക്കു കടയുടെ കാര്യവും വ്യത്യാസൊന്നൂല്ലാ. എന്നാലും, എന്തോ ഒരു അശപിശകില്ലേ?
“ നീ കാര്യം പറയെന്റെ റഫീക്കെ. ഇങ്ങനെ സസ്പെൻസിലാക്കാതെ.
“ പൈസ കബീർക്കാക്ക് കൊട്ക്കാനാ. മൂപ്പർക്ക് ഗൾഫിലു ബിസിനസാണ്. അറബികളും എൻ ആർ ഐ കളുമൊക്കെ ഇൻവെസ്റ്റ് ചെയ്തിട്ടുണ്ട്. ഇതിപ്പോ, ഭാഗ്യത്തിന് ഞാങ്കേട്ടതാ. കബീർക്ക എന്റെ വണ്ടീലാണ് ബീച്ചിലെ ഹോട്ടൽക്ക് പോയത്.”
“പറ്റിക്കോ? “
“നല്ല കഥായി. ഉസ്മാനിക്കാക്ക് എന്നെ വിശ്വാസല്ലേ ന്നു? പിന്നെന്തിനാ പേടിക്കണത്? അടുത്താഴ്ച നമ്മക്ക് പോകാ. നിങ്ങള് പൈസ റെഡിയാക്കി വെച്ചാ മതി .”
“ മിനിഞ്ഞാന്നത്തെ കമ്മീഷൻ തരാ. കേറിയിരിക്ക്.”
“ അത് നിങ്ങള് വെച്ചോ. സമയല്ല ഉസ്മാനിക്കാ. ഒന്ന് രണ്ടു സ്ഥലത്തൂടെ കേറാന്ണ്ട്.”
റഫീക്കു പോയപ്പോ ആകെ ഒരു ആന്തൽ. ഒരു മനപ്രയാസം. കൂടുതലൊന്നും ചോദിച്ചൂല്ലാ. മോൻസന്മാരുടെ കാലല്ലേ? ഒന്നും വിശ്വസിക്കാൻ പറ്റില്ല. റഫീക്കിന്റെ നമ്പറിലങ്ങു വിളിച്ചൂ.
“ ഇങ്ങളൊന്നുകൊണ്ടും പേടിക്കണ്ട.”
“ അല്ല റഫീക്കെ. ഈ പത്രത്തിലൊക്കെ വരണ വാർത്ത വായിക്കുമ്പോ. ഒന്നും രണ്ടും രൂപയല്ല. ഇരുപത്തഞ്ചാണ് .”
“ നിങ്ങള് പത്രം വായിക്കണതങ്ങു നിർത്തിയേക്കു . ഒന്നും ബേജാറാവണ്ട. ഞമ്മളില്ലേ കൂടെ? കഴിഞ്ഞ രണ്ടു കൊല്ലായി നമ്മടെ തോമ്മയ്ക്കു മാസം അഞ്ചും പത്തുമൊക്കെയാണ് കബീർക്ക കൊട്ക്കണത്. ഇങ്ങക്ക് സംശയമുണ്ടെങ്കി മൂപ്പർടെ നമ്പറു തരാ. വിളിച്ചോക്കീ .”
“ ഓക്കേ. “
തോമ്മായേ വിളിച്ചു അന്വേഷിച്ചപ്പോ കാര്യം ശരിയാണ്. അപ്പോഴാണ് ശ്വാസമൊന്നു നേരെ വീണത്. അഞ്ചു കൊല്ലം സ്‌കൂളില് കൂടെ പഠിച്ചതാണ് തോമ്മ. പക്ഷെ, പറഞ്ഞിട്ടെന്താ? നമ്മള് നാട്ടില് പിടിച്ചു നിക്കാൻ നോക്കുമ്പോ, തോമ്മാ വിദേശത്തേക്കു പറന്നു. പിന്നെ, വെച്ചടി വെച്ചടി കേറ്റമായിരുന്നു. നമ്മളീ നാട്ടിലൊന്നും നിന്നിട്ടു കാര്യല്ല. നാട്ടിലെ ഈ ഹരിതാപകവും ഈ പച്ചപ്പുമൊന്നും കൊണ്ട് ഒരു കാര്യവുമില്ല. പച്ചപിടിക്കില്ല.
റഫീക്ക് വന്നു. ഇരുപത്തഞ്ചു ലക്ഷം രൂപയുമായി ഞാൻ വണ്ടിയിൽ കയറി. വഴിയിൽ നിന്നു റഫീക്കിന് നല്ല കോഴി ബിരിയാണി വാങ്ങിക്കൊടുത്തു. കോഴി ബിരിയാണിയെന്നാൽ റഫീക്കിന് ജീവനാണ്. അതങ്ങു കഴിച്ചു കഴിഞ്ഞാൽ മൂപ്പര് കൂളാകും. അല്ലെങ്കിലിങ്ങനെ പിറു പിറുത്തു കൊണ്ടിരിക്കും. എന്നെ കൂളാക്കാൻ പക്ഷെ ബിരിയാണിക്കു കഴിഞ്ഞില്ല. കയ്യിലൊട്ടിപ്പിടിച്ച വനസ്പതി കഴുകിക്കളയാനൊരു അഞ്ചു മിനുട്ട് കൂടുതലെടുത്തത് മിച്ചം . ഹോട്ടലിലെ കാശ് കൗണ്ടറിലെത്തിയപ്പോൾ റഫീക്ക് പതിവ് പോലെ ജീരകവും കൊറിച്ചു കൊണ്ട് നിൽപ്പുണ്ടായിരുന്നു. ഈ കൊറോണക്കാലത്തും മറ്റുള്ളവർ കയ്യിട്ടു വാരിയ ജീരകപ്പാത്രത്തിൽ നിന്നെടുത്തു വായിലിടാനെങ്ങനെ തോന്നുന്നു എന്ന ചിന്ത റഫീഖ് എന്റെ മുഖഭാവത്തിൽ നിന്നു മനസ്സിലാക്കിയെന്നു തോന്നുന്നു. അവനപ്പോൾത്തന്നെ താടിയിലെ മാസ്ക്കും മൂക്കത്തുറപ്പിച്ചു കാറിനടുത്തേക്കു നടന്നു. ബില്ലുകൊടുത്തു തിരിച്ചു വരുമ്പോൾ പുതിയ പ്രശ്നം—കാറിന്റെ താക്കോൽ കാണാനില്ല. റഫീക്ക് വെയിലത്തു പുറത്തു നിൽപ്പാണ് . തപ്പിയ പോക്കറ്റ് വീണ്ടും വീണ്ടും തപ്പിയിട്ടു കാര്യമില്ലെന്നറിയാമെങ്കിലും ഞാനതു തന്നെ ചെയ്തു കൊണ്ടിരുന്നു. റഫീക്കിനൊരു കൂസലുമില്ല. അവൻ അടുത്ത പെട്ടിക്കടയിൽ നിന്നും തോരണം പോലെ തൂക്കിയ ലെയിസ് പാക്കറ്റുകളിലൊന്നു കച്ചവടമാക്കുകയാണ്. പത്തു രൂപ കൊടുത്തു തിരിഞ്ഞപ്പോളവനെന്നെക്കണ്ടു. അല്ലെങ്കിലത് കൊറിച്ചു കൊണ്ട് എന്റെ മുന്നിൽ നിന്നേനെ.
“ കിട്ടീലേക്കാ?”
ചമ്മൽ മാറ്റാനവനെന്നോട് ചോദിച്ചു.
“ ഇല്ലെടാ. നിന്റെ പോക്കറ്റിലൊന്നു നോക്കിക്കേ.”
മനസ്സില്ലാ മനസ്സോടെ റഫീക്ക് തന്റെ പോക്കറ്റിൽ തപ്പി നോക്കി. നോക്കിത്തീരുന്നതിനു മുൻപ് അറിയിച്ചു.
“ ഇല്ലാ.” എന്നെ കാണിക്കാൻ ഒന്ന് കൂടി പോക്കറ്റിൽ കയ്യമർത്തിക്കൊണ്ട് പറഞ്ഞു,
“ ഇല്ലാട്ടാ.”
ഇനിയെന്ത് ചെയ്യുമെന്നായി. സെക്യൂരിറ്റി ‘ഊൺ റെഡി’ എന്ന ബോർഡും താഴ്ത്തി കാര്യമന്വേഷിക്കാൻ വന്നു. പുറകേ, അല്പം ധൃതിയിൽ മറ്റൊരാളും. അയാളുടെ കയ്യിൽ തലകുത്തി തൂങ്ങിക്കിടക്കുന്ന താക്കോൽ കണ്ടു ഞാനന്ധാളിച്ച് പോയി.
“ ജീരക ട്രേയിൽ നിന്നു കിട്ടിയതാ. സാറിന്റെയാ?”
റഫീക്ക് മുഖം താഴ്ത്തി നിൽക്കുന്നു.
“ ആ. താങ്ക്സ്. “
ഞാനൊന്നും പറഞ്ഞില്ല. കാറിന്റെ ഡിക്കിയിലിരിക്കുന്ന ഇരുപത്തഞ്ചു ലക്ഷത്തെക്കുറിച്ച് മാത്രമായിരുന്നെന്റെ ചിന്ത . ഇനിയിപ്പോൾ വല്ല അനിഷ്ടവുമുണ്ടായാൽ കച്ചവടം നടന്നില്ലെങ്കിലോ എന്നുള്ള ഭയവും.
“ മൂന്നു മണിക്ക് തന്നെ വരും ല്ലേ?” “ഞാനൊന്ന് കൂടി വിളിക്കാം ” എന്ന് പറഞ്ഞു റഫീക്ക് ഫോണെടുത്തു.
ഫ്ലൈറ്റ് കറക്റ്റ് സമയത്തിനാണെന്നറിയിക്കുകയും ചെയ്തു. ബൈപ്പാസിനിരുവശവും വിശറികളുമായി വന്മരങ്ങൾ നിൽപ്പുണ്ടായിരുന്നു. അവയങ്ങനെ താളത്തിൽ വീശിക്കൊണ്ടിരുന്നു. എന്റെ മനസ്സൊരു രാജാവിനെപ്പോലെ കലുഷിതമായിരുന്നു. ഒരു രാജാവായിരുന്നെങ്കിലെന്ന് ആശിച്ചു പോയിട്ടുണ്ടു കുട്ടിക്കാലത്തു. പണം കിട്ടിത്തുടങ്ങിയപ്പോഴാണ് പ്രജയാകുന്നതാണ് നല്ലതെന്നു മനസ്സിലായിത്തുടങ്ങിയത്.
കബീർക്കാനെക്കണ്ടപ്പോൾ മനസ്സിലെ സംശയങ്ങളെല്ലാം പറ പറന്നു. മാന്യൻ. എന്തൊരു എളിമ? പ്രൊഫ്രഷനലിസ്റ്റ്. പണം നൽകി കച്ചവടമുറപ്പിച്ച് സമാധാനത്തോടെ വീട്ടിലേക്കു തിരിച്ചു. മടക്കയാത്രയിൽ റഫീഖിന്റെ മുറുമുറുപ്പുകളെല്ലാം തമാശയായിത്തോന്നി ഞാൻ ഒന്ന് രണ്ടു പ്രാവശ്യമുറക്കെച്ചിരിച്ചു.
നാടോടിക്കാറ്റിലെ, “വിജയാ , നമുക്കെന്താ ഈ ബുദ്ധി നേരത്തെ തോന്നാഞ്ഞേ?” എന്ന ഡയലോഗ് ഞാനെന്നോട് തന്നെ ചോദിച്ചു.
ഐശര്യത്തിന്റെ സൈറൺ മരണമുഴക്കമാകാനിവിടെ നാലഞ്ചു മാസം കൂടുതലെടുത്തുവെന്നു മാത്രം. ആദ്യത്തെ മാസം രണ്ടു ലക്ഷം രൂപ ലാഭം കിട്ടി. രണ്ടാമത്തെ മാസവും മുടക്കമൊന്നുമുണ്ടായില്ല. മൂന്നാം മാസം മുതൽ ഗ്രാഫ് കുത്തനെ താഴോട്ടായിരുന്നു. കൃത്യം ആറു മാസമായപ്പോൾ പൂജ്യത്തിലെത്തി നിന്നു. പിന്നെ മുതലുമില്ല പലിശയുമില്ല. കബീർക്കയെ വിളിച്ചപ്പോൾ ഫോൺ സ്വിച്ട് ഓഫ്. ബേജാറാവണ്ടാന്നും എല്ലാം ശരിയാക്കിത്തരാമെന്നും റഫീക്ക്.
പിന്നീടൊരിക്കലും എനിക്ക് നയാ പൈസ കിട്ടിയില്ല. എന്നെ അഭിമുഖീകരിക്കാൻ മടിച്ചിട്ടാണോ എന്തോ പിന്നെ റഫീക്കിനേം കണ്ടിട്ടില്ല. കഴിഞ്ഞാഴ്ച്ചത്തെ പത്ര ന്യൂസ് കണ്ടപ്പോൾ പഴയ കാര്യങ്ങളെല്ലാം ഇന്നലെ നടന്നത് പോലെ എന്റെ മനസ്സിലേക്കോടി വന്നു.
‘വൻതട്ടിപ്പു സംഘത്തലവൻ റഫീക്ക് പുത്തനക്കൽ പിടിയിൽ. അഞ്ചു വർഷം കൊണ്ട് ആറരക്കോടി രൂപയോളം ആളുകളിൽ നിന്നു തട്ടിച്ചതായി പരാതി കിട്ടിയ സാഹചര്യത്തിൽ വ്യാപാരിയുടെ വേഷത്തിൽ എത്തിയ സ്പെഷ്യൽ ബ്രാഞ്ചു പൊലീസിന്റെ വലയിൽ റഫീക്ക് വീഴുകയായിരുന്നു.’
പോയത് പോയി. ഇപ്പോഴും ബിരിയാണിയും ജീരകവും ഞാൻ കഴിക്കാറില്ല. ഓട്ടയുള്ള പോക്കറ്റിൽ നാണയം തപ്പുന്ന ആ കുട്ടിയുടെ സ്വപ്നമിപ്പോളെന്നും ഞാൻ കാണാറുണ്ട്.
ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in
ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.