നോട്ടപ്പൂവ്

0
325
Rajan CH

കവിത

രാജന്‍ സി എച്ച്

എന്‍റെ തോട്ടത്തില്‍
വിടരാത്ത ഒരു പൂവായിരുന്നു
അവള്‍.

അവള്‍ വിടരുമെന്ന്
കാണുന്ന ചെടികളെയൊക്കെയും
വെള്ളമൊഴിച്ചും വളമിട്ടും
അണുക്കളെയോടിച്ചും
പരിപാലിച്ചു പോന്നു.

പൂക്കള്‍ വിടര്‍ന്നു.
വിടര്‍ന്നതൊന്നുമെന്നാല്‍
അവളായില്ല.

നിറത്തിലോ മണത്തിലോ
രൂപഭംഗിയിലോ
ഒന്നുമവളായില്ല.

അങ്ങനെയാണെന്‍റെ
കാന്‍വാസിലവളെ
പകര്‍ത്താന്‍ ശ്രമിച്ചത്.

വരയില്‍ അവളുണ്ടുള്ളില്‍.
നിറത്തില്‍ അവളായില്ല കാന്‍വാസ്.
അവളുടെ നിറം ഉടല്‍ മുടിയഴക്

അവളുടെ ചിരി സ്വപ്നങ്ങള്‍
വിരലുകള്‍ രൂപാകൃതി
ഒന്നിലും തെളിഞ്ഞില്ല അവള്‍.

അവള്‍ തെളിഞ്ഞാല്‍
ഉണ്ടാവുകയില്ല കാന്‍വാസിന്
ഒരു പ്രസക്തിയും.

ഒരു കടലാസില്‍
കുറിക്കാന്‍ ശ്രമിച്ചു അവളെ.

വാക്കുകളുണ്ട്.
അവ വാചകങ്ങളും വരികളുമായി.
വൃത്തങ്ങളും പരിവട്ടങ്ങളുമായി.
ധ്വനികളും അര്‍ത്ഥങ്ങളുമായി.

നീട്ടിയും കുറുക്കിയും ശ്രമി,ച്ചെന്നാല്‍
അവളായില്ലൊട്ടും.

കവിതയാവുന്നുണ്ട്,കഥയും.
കടങ്കഥയാവുന്നുണ്ടപ്പോഴൊക്കെയും
അവളെന്ന ശില്‍പചാരുത.

ശ്രമിച്ചതിലൊക്കെയും
പരാജയപ്പെട്ടിരിക്കുമ്പോള്‍
അവളുണ്ടെന്‍റെ പരാജയത്തില്‍.
ചിരിക്കാനോ കരയാനോ ആവാതെ.

സ്തബ്ധമായൊരു നിമിഷത്തിന്‍റെ
ഏകാന്തതയില്‍
ഉണ്ടെന്നോ ഇല്ലെന്നോ
അറിയാനാവാത്തൊരു
മാനസിക വിസ്മൃതിയില്‍

അവളുണ്ടെന്നൊരു ബോധത്തിന്‍റ്
സാഫല്യത്തില്‍
മരണത്തില്‍

ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്.
അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.

LEAVE A REPLY

Please enter your comment!
Please enter your name here