കവിത
ജാബിർ നൗഷാദ്
1
സായഹ്നത്തിനു വിയർപ്പിന്റെ
ഗന്ധമുള്ള രാജ്യത്ത്
നിഴലുകൾ കടലിലേക്ക് നീളുന്നു.
ഒരേ ചായങ്ങളിൽ
മനുഷ്യരെയാകാശം
പെറുക്കി വെക്കുന്നു.
പരസ്പരം ഉരുമിയുരുമി
ബസ്സുകളിൽ നിന്നും ബസ്സിലേക്ക്
വെയില് നീങ്ങുന്നു.
സ്ത്രീകളുടെ മാത്രം വരണ്ട
മുടികളിൽ തലോടി കടന്ന് പോകുന്നു.
ഇവരെല്ലാം ഒരു ദിവസത്തിന്റെ
ഭാരം ഇറക്കിവെക്കുന്നതെവിടെയാണ്.
ഇവരെ കാത്തിരിക്കുന്നതെന്താണ്.
വിഷാദ നക്ഷത്രങ്ങളുടെ
ഉദ്യാനമാണീ രാജ്യം
സൂക്ഷിച്ചു നോക്കിയാൽ
ഒന്ന് കയ്യെത്തിയാൽ
കണ്ണിലേക്കും
ഉള്ളിലേക്കും
പൊടിഞ്ഞു വീഴും.
ഒരു കുട്ടിയെ പോലെ
തിരിഞ്ഞും മറിഞ്ഞും
കിടക്കുന്ന
രാത്രി പകലുകൾ
തെളിഞ്ഞും തെളിയാതെയും
അവന്റെയുള്ളിൽ നക്ഷത്രപൂമ്പൊടി.
2
ഇവിടുത്തെ രണ്ട് കൂട്ടർ
ആത്മഹത്യ ചെയ്തവർ,
ഏറ്റവും കരുത്തനായ
ശത്രുവിനാൽ തന്നെ
കൊല്ലപ്പെട്ടവർ.
അങ്ങനയാണവർ വാക്കുകളെ
മെരുക്കുന്നത്
വേരുകളൂട്ടുന്നത്.
ഉരുട്ടിയുരുട്ടി ഭംഗിയാക്കി വെച്ച
ചോറുരുളകളിലേക്ക് ഓടി
ചെല്ലുന്ന പോലെ.
അവരുടെ നിലം
അനീതിയാലുഴുതു മറിഞ്ഞു കൊണ്ടിരിക്കുന്നു
വേരുകൾ പൊട്ടി
ചുവരുകളിലേക്ക് പടരുന്നു
കാണെക്കാണെ
കറങ്ങുന്നെ ഫാനിൽ
കുരുക്കിടുന്നു
വറ്റിയ ഉറവകളിൽ
മുങ്ങി ചാകാനൊരുങ്ങുന്നു
ഉരുളയിൽ മാത്രം
വിഷം ചേർക്കാതെ,
അന്നം കൊണ്ടും വാക്ക് കൊണ്ടും
ഊട്ടുന്നവർ ഒടുവിൽ
വിശന്നു ചാവുന്നു.
3
ഈ നാടിന്റെ ഞരമ്പുകളിലൂടെ
അതിവേഗമൊഴുകുന്നു
രക്തം,മലം,മൂത്രം.
ഒരു ഭാഷയുടെ പൂമ്പൊടി
മറ്റൊരു ഭാഷയിലേക്ക് നീട്ടുന്നു.
ഒരു വിഷാദരാഗം
കന്യാകുമാരിയിൽ തുടങ്ങുന്നു
അല്ലെങ്കിൽ ഒടുങ്ങുന്നു.
ഒരു കാടിന്റെ
ബഹളങ്ങളിൽ നിന്നും
മറ്റൊരു കാടിന്റെ
ഏകാന്തതയിലേക്ക്.
വരണ്ട തൊണ്ടയിലൂടെ നിറഞ്ഞ
വയറുകളിലേക്ക്,
ഒരു പാമ്പ്,ചിലപ്പോൾ പഴുതാര.
പ്രായം ചെന്ന പാലങ്ങളിലെത്തുമ്പോൾ
ജലത്തെ നോവിക്കാതെ
ക്രോധം കടിക്കുന്നു.
ഞരമ്പുകളിലൊഴുകാൻ
രക്തമില്ലെങ്കിലും ബാക്കിയാവുന്ന
പാടുകളിൽ
ചെടികൾ തളിർക്കുന്നു.
ഓർമയ്ക്ക്.
…
ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in
ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.