പത്തിൽ പത്ത്! അഥവാ കവിതയുടെ ഗോൾക്കുപ്പായങ്ങൾ

0
447

വായന
സുരേഷ് നാരായണൻ

ആകർഷകമായതിനെ വിശേഷിപ്പിക്കാൻ നമ്മൾ ട്രീറ്റ് എന്ന വാക്ക് ഉപയോഗിക്കാറുണ്ട്.
“ബൈപോളാർ കരടി” ആവട്ടെ,
ട്രീറ്റിൽ നിന്ന് ഒരുപടി ഉയർന്ന് 
ഫീസ്റ്റ് എന്ന ലെവലിലേക്കെത്തുന്നു.
പത്തൊമ്പതാം പേജിലെ ‘താണ്ടയുടെ ഉയിർപ്പിൽ’ കാണാം മഹത്തായ ആ ഉയർത്തെഴുന്നേൽക്കൽ.
“മക്കളാരും ഉമ്മ വയ്ക്കാത്ത മൊരിഞ്ഞ കവിളിൽ പുള്ളിവാക മുത്തിമൊത്തി നിൽക്കുന്നു.
ആരോടും മിണ്ടാനില്ലാതെ വിണ്ടിരുണ്ട ചുണ്ടിലൂടെ നിറക്കണ്ണൻ ശ്വാസം പകരാൻ നോക്കുന്നു.”
കിണർ അവൾക്ക് ഒരു മെത്തയൊരുക്കുന്നു. അവളുടെ
ഓക്സിജൻ കുമിളകളെ ദയവായ്പോടെ പറത്തി വിടുന്നു.
സഹകവികളെ അസൂയപ്പെടുത്തിക്കൊണ്ട് 
താണ്ട ഉയിർത്തുയിർത്ത് വരുന്നു!
തൊട്ടടുത്ത പേജിൽ ‘കേവുഭാരം.’
അതിൽ നിന്ന് ബലികാക്കകൾ ചിറകടിച്ചുയരുന്നു.
‘ഒഴിഞ്ഞ കുപ്പി നിറയെ ദാഹമിരിക്കുന്നു. കടലിനെ വിളിക്കുന്നു. 
മരുഭൂമിയുടെ തൊണ്ട വരണ്ട ഞരക്കം കേൾക്കുന്നു’ എന്ന് കവി.
സയൻസ് ഫിക്ഷൻറെ മേലങ്കിയണിഞ്ഞു പ്രത്യക്ഷപ്പെടുന്ന”എനിക്കും നിനക്കും തമ്മിലാണ് സോഫിയ”യിൽ
ഹ്യൂമനോയ്ഡുകൾ കൂട്ടിരിപ്പുകാരാവുന്ന സമയം കവി മുൻകൂട്ടി കാണുന്നു.
സോഫിയയെ കൊണ്ട് 
ചൂടു മുലയൂട്ടിക്കുന്നു.
ഹാ! “ഗ്ലൂമി സൺഡേ”! 
അത് ഒരു അലക്കുയന്ത്രത്തിൽ എന്നപോലെ നമ്മളെ ഇട്ടു കുടയുന്നു, കശക്കുന്നു; വട്ടം കറക്കുന്നു !
‘നിറച്ചുവെച്ച വിഷാദങ്ങളുടെ 
നീല ചില്ലു ഭരണികളാലും’
‘തോരാനിട്ട മഞ്ഞ സാരിയിൽ നിന്നിറ്റു വീഴുന്ന വിഷാദത്തുള്ളികളാലും’ ‘നിരത്തിലെ ലോഹവണ്ടു’കളാലും
സമൃദ്ധമാണ് ഈ കവിതയുടെ കാവ്യ ശരീരം.
വിഷാദദേവതയുടെ ക്ഷേത്രം! കരഞ്ഞു തളർന്ന അവിടത്തെ 
ക്ഷേത്ര വാദ്യമാം പുല്ലാംകുഴൽ.
“തവള വിപ്ലവം” എന്ന പേരിൽ അടുത്ത ഇടിമിന്നൽ കാത്തിരിക്കുന്നു മുപ്പത്തിമൂന്നാം പേജിൽ.
“ഭദ്രമായി പൊതിഞ്ഞെടുത്ത ഉഭയജീവിത തിരിച്ചറിയൽ രേഖകൾ ചിന്നിച്ചിതറി കിടക്കുന്നത്” 
കാണുമ്പോൾ പറഞ്ഞു പോകുന്നു:
ആധാർ കാർഡ് ഇല്ലാത്ത ഒരു തവളയുടെ അപ്രകാശിതമായ ആത്മകഥയാണ് ഇത്!
“കൊമ്പും ചില്ലയും അതിവേഗം വളർന്ന് ഭൂമിയെ എത്തിപ്പിടിക്കും മരമാകാൻ
കൊതിച്ച് ഗോൾവരയിൽ കൈ വിരിച്ചു നിൽക്കുന്ന’
‘അവനവൻ ഗോൾ’ ആകട്ടെ 
കറങ്ങുന്ന ലോകത്തിൻറെ സമവാക്യങ്ങളിൽ നിന്ന് എന്നെ രക്ഷിക്കേണമേ എന്ന പ്രാർത്ഥനയാണ് !
പുളിയിലക്കര മുണ്ട് ഉടുത്ത തോടിനെ കാണാം ‘ഇളക്കങ്ങളി’ൽ. തവള വിപ്ലവത്തിലെ തവള ഇവിടെ വീണ്ടും കുളത്തിലേക്ക് എടുത്തു ചാടി തുറക്കാത്ത വാതിലിൽ തട്ടി വീഴുന്നുണ്ട്.

മരണത്തിൻറെ പുറംതോടാണോ ജീവിതം;
അതോ ജീവിതത്തിൻറെ പുറന്തോട് ആണോ മരണം?
ഈ ഒരു സന്നിഗ്ധാവസ്ഥയിലേക്ക് നമ്മളെ എടുത്തെറിയുന്നുണ്ട് എടുത്ത് അറിയുന്നുണ്ട്

‘വാതിൽ അടയ്ക്കാത്ത രാത്രി’.
നാരങ്ങാമിഠായിയും നുണഞ്ഞുകൊണ്ട് കടന്നുവരുന്ന അടുത്ത കവിതയാകട്ടെ, കനപ്പെട്ട കവിതകളിൽ നിന്നുള്ള ഒരു പിൻനടത്തം ആണ്. എല്ലാം മറന്ന് ‘ചുംബിച്ചൊട്ടിപ്പോയ തുമ്പി’കളെ കാണാം;
അതെ! തുമ്പിച്ചൊട്ടിയ വരികൾ! കവിതയിൽ കാലം റിവേഴ്സ് ഗിയർ ഇടുന്നു.
“വീടുകളിലെ ചിമ്മിനിക്കുഴലിലൂടെ നേർത്ത പുക. 
വായുവിൽ അവ എന്താണ് എഴുതി മായ്ക്കുന്നത്”

എന്ന ചോദ്യത്തിലൂടെ കറങ്ങാൻ പോയ കാലത്തെ വീണ്ടും തൊണ്ടിയോടു കൂടി പിടിച്ച് നമ്മുടെ മുമ്പിൽ ഹാജരാക്കുനാനുണ്ട്, ആറു പേജുകൾക്കപ്പുറം.

പക്ഷേ ആ ശീതളിമയെ അൽപ്പായുസ്സ് ആക്കികൊണ്ട് പിന്നിൽനിന്ന് കുത്തുന്നു,
‘കരിമണ്ണിൻറെയും ചുണ്ണാമ്പുകല്ലിൻറെയും പാളികൾ അരിഞ്ഞ് കാടിൻറെ ഒത്ത കഷണം മുറിച്ചെടുക്കുന്നു’,’ബ്ലാക്ക് ഫോറസ്റ്റ്’.

വാക്കിൻറെ പിറവികൾ
1.’മരണഘടന’യിൽ ദൃശ്യമാകുന്നത്, വെറുമൊരു പിറവിയല്ല, ഭരണഘടനയുടെ പുറന്തോടിനുള്ളിൽ മെല്ലെ ഇളകാൻ ശ്രമിക്കുന്ന രാഷ്ട്രശരീരമാണ്

2. ‘മാർത്ത വിചാരം’:
വിലാപങ്ങളുടെ പുസ്തകം ഒപ്പം ചേർത്തു തുന്നിയ ഹൃദയവുമായിട്ടാണ് ഓരോ പെണ്ണും പിറന്നുവീഴുന്നത് എന്നു വിളിച്ചു പറയുന്നു.

കുഞ്ചൻനമ്പ്യാർ കാലത്തേക്കുള്ള ഒരു മനോഹരമായ വഴുതിവീഴലാണ്
‘കള്ളും കപ്പേളയും’ .
“കള്ളു സഹായം കപ്പേള”
കുറേ നെറ്റികളെ ചുളിപ്പിക്കുക 
തന്നെ ചെയ്യും!
‘സൈലൻസർ’ ലൂടെ കടന്നുപോയപ്പോളാകട്ടെ 
എൻറെ തന്നെ ‘മാർജ്ജാര ജന്മ’മെന്ന കവിത എഴുന്നേറ്റു വന്ന് എൻറെ
കാലിലുരുമ്മി.
സ്വാതന്ത്ര്യം തന്നെ അമൃതം, സ്വാതന്ത്ര്യം തന്നെ ഔദാര്യമായി മ്യൂട്ടേറ്റ് ചെയ്യപ്പെടുന്ന കാലത്തിൻറെ കവിത!

രണ്ടാം വരവ് ഭരണഘടനയിൽ വന്നുപോയ ആമ ‘പോക്കുവരവി’ൽ വീണ്ടും ഇഴഞ്ഞെത്തുന്നു.
ആദ്യത്തെ ആമ രാഷ്ട്ര ശരീരത്തെ കുറിക്കുന്നു എങ്കിൽ ഈ ആമ പൗരശരീരത്തെ പരമ ദയനീയമായ് പ്രതിനിധീകരിക്കുന്നു.

അലൻ കുർദിയുടെ അലഞ്ഞുതിരിയുന്ന ആത്മാവ് കവിയുടെ ക്യാൻവാസിലും എത്തുന്നുണ്ട്, ‘ഉപ്പു രസമുള്ള നനവ്’ പടർത്തുന്നുണ്ട്
‘പഞ്ചവർണത്തെ വരയ്ക്കുമ്പോൾ’ എന്ന കവിതയിലൂടെ..
ചോദ്യം -ഉത്തരം
1

വായനക്കാരാ നിനക്ക്
ബുദ്ധൻ ആകണോ?
‘കുമിള- കിളി കല്ല്’ വായിക്കൂ . 
2
പങ്കയെ അറിയണോ?
‘പങ്കപ്പാട്’ വായിക്കൂ;
മനുഷ്യൻറെ ആത്മാവാണു പങ്ക 
എന്നറിയൂ.
3
ചായക്കടക്കുഴലിലൂടെ നോക്കുമ്പോൾ പ്രപഞ്ചത്തെ കാണണോ?
‘കുഞ്ഞപ്പൻറെ ചായക്കട’ വായിക്കൂ!
4
ചെറിയ ഒരു മിനിക്കഥയ്ക്ക് ബീഡി കൊളുത്തണോ? 
“ഡിറ്റക്റ്റീവ് ബൽറാമിന്റ സ്വകാര്യദുഃഖം” വായിക്കൂ!
“ജീവിതമേ നീ തിന്നതിനൊക്കെയും നന്ദി
എന്നാണോ വായുവിൽ വാൽ എഴുതുന്നത്?’ എന്ന്
കൽപ്പറ്റയുടെ ‘സമയപ്രഭു’വിനെ ഓർമിപ്പിക്കുന്നുണ്ട് തൊണ്ണൂറ്റിയഞ്ചാം പേജ്.
ജീവചരിത്രം എഡിറ്റിംഗ് ,
ബൈപോളർ കരടി
എന്നീ രണ്ടു വെടിമരുന്നുകളും കൂടി പുറത്തേക്കിട്ട് കവി പിൻവാങ്ങുന്നു.
കവി പിൻവാങ്ങിയിട്ടും അത് പൊട്ടിക്കൊണ്ടേയിരിക്കുന്നു.

മിസ്റ്റർ മാനിപുലേറ്റർ എന്നൊരു കഥാപാത്രത്തിൻറെ സാധ്യതകൾ തുറന്നിടുന്നുണ്ട് ആദ്യകവിത എങ്കിൽ
‘അവനിൽ അവൾ ഒളിച്ചു കഴിയുന്നു’ എന്ന വരികളിലൂടെ നമ്മുടെ പിടിച്ചു കുലുക്കുന്നു രണ്ടാമൻ!

എസ് കലേഷിൻറേതു പോലെ ഇതളിതളുകളായി വിടർന്നു വരുന്ന ആഖ്യാന അടരുകൾക്ക്
സാങ്കേതികതയുടെ ലോഹച്ചട്ടകൾ അണിയിച്ചൊരുക്കുന്നു ബിജു റോക്കി.
കുറേക്കൂടി വിപുലവും വിസ്തൃതവും ആക്കാമായിരുന്ന ‘ഹെന്ത്ത്ഭുത’ത്തെ വെട്ടിമുറിച്ചതിലും, ‘അജ്ഞാതജീവി’യിൽ കുറച്ച് അതിശയോക്തി കലർത്തിയതിലും ചെറുതല്ലാത്ത പരിഭവം കവിയോട് ഉണ്ടെങ്കിലും,
അദ്ദേഹത്തിൻറെ അടുത്ത ആഖ്യാന പരീക്ഷണങ്ങൾക്കായ് അക്ഷമനായ് കാത്തിരിക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here