മറവി 

4
710

കഥ
ശ്യാം പ്രസാദ്

“The struggle of man against power is the struggle of memory against forgetting ”

 -(Milan Kundera, The Book of Laughter and Forgetting)
1
പുതുവർഷത്തിന്റെ യാതൊരുവിധ പ്രത്യേകതകളുമില്ലാത്ത അലസമായൊരു പകലിലാണ് കുറെയേറെ വർഷങ്ങൾക്ക് ശേഷം ഞാനന്ന് മായയെ കാണുന്നത്. ഇതിനു മുന്നെ അവസാനമായി കണ്ടെതെപ്പോഴാണെന്ന് ഓർമ്മിക്കാൻ നോക്കി ദയനീയമായി പരാജയപ്പെട്ട് മൂക്കിന്റെയറ്റം തള്ളവിരലുകൊണ്ട് മെല്ലെ ചൊറിയാൻ തുടങ്ങിയപ്പോഴേക്ക് അവൾ വന്നെന്നെ കെട്ടിപിടിച്ചു. കെട്ടിപിടിക്കുമ്പോൾ ലോകം രണ്ടു മനുഷ്യരിലേക്ക് ചുരുങ്ങുന്നു എന്നെവിടെയോ വായിച്ചത് സത്യമാണെന്ന് അന്നത്തെ ചൂടുള്ള പകലിലും എനിക്ക് ബോധ്യമായി.

ഞങ്ങളന്ന് ഗായത്രിയിൽ പോയി ബിയർ വാങ്ങി നാട്ടിലെ പാടത്തിന്റടുത്തുള്ള തോട്ട് വക്കത്ത് തണുത്ത വെള്ളത്തിലേക്ക് കാലും നീട്ടിയിരുന്ന് കുടിച്ചു. ഗായത്രിയിലെ ഏസിയുടെ തണുപ്പിനെക്കാൾ സുഖം അന്നത്തെ രാത്രിക്കുണ്ടായിരുന്നു എന്നെനിക്കപ്പോൾ തോന്നി.

“സദാനന്ദൻ മാഷിപ്പോ?” ചുണ്ടിന്റെയറ്റത്ത് വെച്ച് ബിയറുകുപ്പി മുകളിലേക്കുയർത്തി ഒരു സിപ്പെടുത്തതിന് ശേഷമാണ് ഞാനത് ചോദിച്ചത്. 

“കഴിഞ്ഞ വർഷം റിട്ടയർഡ് ആയി. വീട്ടിലുണ്ട്. വായനയും പരിപാടികളും ഒക്കെയായിട്ട് പോവുന്നു. അമ്മയുണ്ട് കൂട്ടിന്, രണ്ടാളും ഈ പ്രായത്തിലും നല്ല പ്രേമത്തിലാണ്.” ടച്ചിങ്ങ്സിനു വാങ്ങിയ ബീഫ് റോസ്റ്റിന്റെ മുകളിലായി കിടന്നിരുന്ന കറിവേപ്പില തോട്ടിലെ വെള്ളത്തിലേക്ക് പാറിപ്പിച്ച്, ഒരു കഷ്ണം ബീഫെടുത്തവൾ വായിലിട്ടു.

“ഇടയ്ക്കൊക്കെ അങ്ങോട്ടൊന്ന് ഇറങ്ങിക്കൂടെ? അച്ഛൻ നിന്നെ ചോദിക്കാറുണ്ട്.

അത് കേട്ടിട്ടും കേൾക്കാത്ത പോലെ ഞാൻ പിന്നെയും കുടിച്ചോണ്ടിരുന്നു. നാട്ടിൽ നിന്നും പോയതിന് ശേഷം മാഷിനെ ഞാൻ പിന്നെ കണ്ടിട്ടേയില്ലായിരുന്നു. 

“എന്താപ്പൊ ഈ വഴിക്കൊക്കെ, നൊസ്റ്റാൾജിയ അടിച്ചുകേറി വന്നോണ്ടാണോ?”

“അതൊന്നുമല്ല,റിസർച്ചിന്റെ ഭാഗമായി ഒന്ന് രണ്ട് പേപ്പറുകൾ ശെരിയാക്കാനുണ്ടായിരുന്നു.പിന്നെ കുറച്ച് പുസ്തകങ്ങൾ തപ്പാനും. അപ്പൊ ഇങ്ങനെ ഇതിലൂടെ കേറി, രാത്രി പത്തിനാണ് ട്രെയിൻ. ഫ്രീ ആണേൽ എന്നെ സ്റ്റേഷനിൽ ആക്കി തരണം.”

“അതൊക്കെ ആക്കി തരാം. ഇപ്പൊ സിഗരറ്റ് വലിക്കുന്നോ?”

കീശയിൽ നിന്നും സിഗരറ്റിന്റെ പെട്ടി തുറന്ന് ഞാനവൾക്ക് നേരെ നീട്ടി.

ഇടത്തേ കൈ പിന്നിലേക്ക് തിരിക്കുമ്പോൾ നെഞ്ചിൻകൂട്ടിന്റെയുള്ളിൽ, വിരൽ പൊട്ടിക്കുമ്പോഴുണ്ടാകുന്നതു പോലെയുള്ള ചെറിയ ശബ്ദം കേട്ടു തുടങ്ങിയത് കൊണ്ടും, ഇടയ്ക്കിടെ കഫക്കെട്ടിനുള്ള മരുന്ന് കുടിക്കുന്നത് കൊണ്ടും സിഗരറ്റ് വലി തൽക്കാലത്തേക്ക് നിർത്തിയെന്നാണ് അവൾ പറഞ്ഞത്. ഒറ്റയ്ക്ക് വലിക്കാനുള്ളൊരു മൂഡില്ലാത്തത് കൊണ്ട് അന്നേരം ഞാനും വലിച്ചില്ല. കയ്യിലുണ്ടായിരുന്ന ഗോൾഡ് ഫ്ലേക്ക് ഇടത്തേ ചെവിക്കിടയിൽ തിരുകി വെച്ചത് കണ്ട് അവളെന്നെ നോക്കിയൊന്ന് ചിരിച്ചു. പണ്ടത്തെ പത്താം ക്ലാസ്സുകാരിയുടെ ചിരിയിൽ നിന്നും അതിന് ഒരു മാറ്റവുമില്ലായിരുന്നു എന്നെനിക്കപ്പോൾ തോന്നി.

2

പണ്ട്, പണ്ടെന്ന് പറയുമ്പൊ ഇറ്റലിയ്ക്ക് വേണ്ടി സിദാന്റെ ഫ്രാൻസിനെ തോൽപ്പിച്ച് ഫാബിയോ കന്നവാരോ കപ്പുയർത്തിയ കാലം.

സിദാൻ മറ്റൊരാസിയെ തലകൊണ്ട് ഇടിച്ചിട്ടതിൽ നാട്ടിൽ രണ്ടഭിപ്രായമുണ്ടായെങ്കിലും, സിദാനെ ഓർക്കുമ്പോൾ എല്ലാവരുടെയും മനസ്സിലും മുഖത്തും ഒരു വിഷാദം നിഴലിക്കുന്നത് കൃത്യമായി കാണാൻ പറ്റുമായിരുന്ന കാലം. വൈകുന്നേരം സ്കൂൾ വിട്ട് വന്ന് പാടത്തെ കളിയും കഴിഞ്ഞ് മഗ്‌രിബ് വാങ്ക് കൊടുക്കുന്നതിന്ന് മുന്നെ വീട്ടിൽ കേറാൻ നേരം ഒരു മുങ്ങിക്കുളി പാസാക്കിയിരുന്നത് പാടത്തുള്ള തോട്ടിലായിരുന്നു.പിന്നേം വർഷങ്ങൾ കഴിഞ്ഞ് നാട്ടിലെ പൂരത്തിന്റെയന്ന് കോമേഴ്‌സിലെ ഹരിതയുമായുള്ള എന്റെ ആദ്യ പ്രേമം പൊട്ടിയപ്പൊ കട്ടയിട്ട് എം.സിയുടെ ഹാഫ് ഒരെണ്ണം വാങ്ങി ഞാനും മുസ്തഫയും കൂടി അവന്റെ വീട്ടിലെ കണ്ണിമാങ്ങ അച്ചാറ് കൂട്ടി അടിച്ചതും ഈ തോട്ട് വക്കത്തിരുന്നായിരുന്നു.

വീട്ടിൽന്ന് രണ്ട് മിനിറ്റ് നടന്നാൽ പള്ളിക്കര അങ്ങാടിയിലെത്തും, അവിടെന്ന് റേഷൻ കടയുടെ പിന്നിലൂടെയുള്ള ഊടുവഴി കടന്ന് ചുള്ളിക്ക പൊട്ടിച്ച്,മുള്ളു കുത്തിയ വിരലീമ്പി ചുള്ളിക്കതൊലിയൊട്ടിയ പല്ലുകളും കൊണ്ട് മതില് കെട്ടി തിരിക്കാത്ത പള്ളിപ്പറമ്പിലെ മീസാൻകല്ലുകളും കടന്ന് നേരെ സദാനന്ദൻ മാഷിന്റെ വീട്ടുമുറ്റത്തെത്തും.

മുറ്റത്തിന് മുന്നിലൂടെയുള്ള നീലകോളാമ്പി പൂത്ത വേലികളുള്ള ഇടവഴി കേറിയെത്തുന്നത് പാടത്തേക്കുള്ള ഇറക്കത്തിലേക്കാണ്. ഇറക്കമിറങ്ങിയാൽ പാടമായി. പാടമെന്ന് പറയുമ്പൊ പണ്ടിവിടെയൊക്കെ കുളമായിരുന്നു. മീൻ വളർത്തിയിരുന്ന കുളം. പിന്നെ അതൊക്കെ തൂർത്ത് നിരപ്പാക്കി. മുതലാളി നാട്ടിലെ വീട് വാടകയ്ക്ക് കൊടുത്ത് ഗൾഫിലേക്ക് പോയത്കൊണ്ടും പാടം എന്തൊക്കെയോ കേസിൽ കുടുങ്ങി കിടന്നിരുന്നത് കൊണ്ടും ഏതോ ഒരു സ്കൂൾപ്പൂട്ടിന് വീടിന്റടുത്തുള്ള പറമ്പുകളെയൊക്കെ വെറുതെ വിട്ട് ഞങ്ങളെല്ലാവരും ഇറക്കമിറങ്ങി പാടത്തെത്തി ഫുട്ബോൾ കളിക്കാൻ തുടങ്ങി.

ഗൾഫിന്നുള്ള ഇറക്കുമതിയായ അഡിഡാസിന്റെയും നൈക്കിന്റെയും ബൂട്ടുകളെ മറികടന്ന് വിൻമാർക്കും സെഗയും നിവിയയും തന്നെ പാടത്ത് ആധിപത്യം പുലർത്തിപോന്നു. 
കപ്പടിച്ചത് കൊണ്ട് ഇറ്റലി ഫാൻസിന്റെ ഒരു വലിയ വർദ്ധനവ് ലോകത്തെല്ലായിടത്തും ഉണ്ടായ പോലെ ഞങ്ങളുടെ നാട്ടിലും അക്കൊല്ലമുണ്ടായി. ഫ്രാൻസിന്റെയും ലാറ്റിനമേരിക്കൻ രാജ്യങ്ങളുടെയും ഫ്ലെക്സുകൾ ആട്ടിൻകൂടിനും കോഴിക്കൂടിനും പുറമെ വിറക് പുരകളുടെ മേൽക്കൂരകളെയും കയ്യേറി. പിർലോയുടേത് പോലെയുള്ള ഫ്രീകിക്കുകൾ പാടത്ത് പിറവിയെടുത്തില്ലെങ്കിലും നീട്ടി വളർത്തിയ,നെറ്റിയിലേക്ക് വീണു തുടങ്ങുന്ന മുടികൾ കൊണ്ടും കടുംനീലയിൽ സ്വർണമഞ്ഞ കൊണ്ടെഴുതിയ ഇരുപതിയൊന്നാം നമ്പർ ജേഴ്സികളാലും ആന്ദ്രേ പിർലോ ഓർമ്മിക്കപ്പെട്ടു. 
പാടത്തിന്റപ്പുറം തോടാണ്. തോടെന്നും ചാലെന്നും ആണിയെന്നും പലരും പലതും അതിനെ വിളിച്ചു. ഞങ്ങൾക്കത് തോട് തന്നെയായിരുന്നു. തോട്ടിലെപ്പഴും വെള്ളമുണ്ടാവും. തോടൊഴുകി ചെല്ലുന്നത് താഴത്തുള്ള വലിയ പാടത്തേക്കാണ്.

പള്ളിക്കര അങ്ങാടിയിൽ നിന്ന് കളി കാണാനും വർത്താനം പറഞ്ഞിരിക്കാനും വൈകുന്നേരമാവുമ്പൊ എല്ലാരും പാടത്തേക്കിറങ്ങി. ഇബ്രാഹിക്കയും സദാനന്ദൻ മാഷും അവിടെ സ്ഥിരം വരുമായിരുന്നു.തോടിന്റെ വക്കത്തുള്ള അധികം ഉയരമില്ലാത്ത ചെറിയ മതിലായിരുന്നു അവരുടെ സ്ഥിരം കുറ്റി. 
പിന്നെ പണി കഴിഞ്ഞ് എത്തുന്ന ചേട്ടന്മാർ, കളി കാണാൻ മാത്രം വരുന്ന കുട്ടികൾ, പാടത്തിന്റെ അടുത്ത് തന്നെയുള്ള പ്രായം ചെന്ന ആൾക്കാർ. കടയിൽ പോയി സാധനം വാങ്ങി വരാൻ കുട്ടികളെ അന്വേഷിച്ച് ഇറക്കമിറങ്ങി വരുന്ന അമ്മമാർ. ലീവ് കഴിയുന്നത് വരെ പാടത്തെ കളി കണ്ട്,നാട് കണ്ട് കൊതി തീർക്കുന്ന ഗൾഫ് മണമുള്ള ടി ഷർട്ടിട്ട ചേട്ടന്മാർ.അങ്ങനെ കളികൾ കൊണ്ടും വർത്താനങ്ങൾ കൊണ്ടും വൈകുന്നേരങ്ങളിൽ പാടം സജീവമായി.
ഞങ്ങൾ കളിക്കാൻ തുടങ്ങിയ കാലം മുതലേ തോട്ടിന്റെ വക്കത്തെ മതിലിൽ സദാനന്ദൻ മാഷും ഇബ്രാഹിക്കയും ഉണ്ട്. അവരതിന് മുന്നേ തന്നെ അവിടെ ഇങ്ങനെ ഇരിക്കാറുണ്ടായിരുന്നോ, അതോ അതേ പോലെ വേറെ എവിടെയെങ്കിലും ഇരുന്നതിന് ശേഷം ഇവിടെ എത്തിയതാണോ എന്നൊക്കെയുള്ള തോന്നൽ അവരെ കാണുമ്പൊ എനിക്കുണ്ടായിരുന്നു. 

മാഷ് എന്നാണ് ഞങ്ങളുടെ നാട്ടിൽ വന്നതെന്നും എനിക്കോർമ്മയില്ല. പാടത്ത് കളിക്കാൻ തുടങ്ങിയ കാലം തൊട്ടേ മാഷിന്റെ വീടിന്റെ മുറ്റത്തുകൂടെയായിരുന്നു ഞങ്ങളുടെ വരവും പോക്കും.
‘കോഴിക്കോട്ട് മുൻസിപ്പാലിറ്റിയ്ക്കടുത്തുള്ള ലക്ഷം വീട് കോളനിയിലെ ഏതോ ബന്ധുക്കാരുടെ കല്യാണത്തിനൊക്കെ കഴിഞ്ഞകൊല്ലം പോയില്ലേ… ഇവിടെ വന്ന് വീടെടുത്ത് താമസിക്കുന്നതൊന്നും നോക്കണ്ട… വല്ല്യ കാര്യൊന്നുല്ല.’
മാഷിനെ പറ്റി എന്തേലും വർത്താനം ഉണ്ടാവുമ്പോഴൊക്കെ അവസാനം ഒരു അടക്കം പറച്ചിൽ പോലെ ഇതും അക്കാലത്ത് സ്ഥിരമായി കേട്ടിരുന്നു. 
ക്ലാസ്സിലെ സ്റ്റൈഫന്റ് വാങ്ങിക്കുന്ന കുട്ടികൾ എണീറ്റ് നിക്കുമ്പൊ അവരെ നോക്കിയിരുന്ന എന്റെ അതേ കണ്ണുകൾ തന്നെയായിരുന്നു പാടത്തിരുന്ന് മാഷിനെ പറ്റി അടക്കം പറയുന്നവർക്കും എന്ന് ഞാനന്ന് തിരിച്ചറിഞ്ഞു.
“നല്ല അസ്സൽ വിപ്ലവകാരിയല്ലെടോ മറഡോണ, ഫുട്ബാളിൽ ഇങ്ങനത്തെ എത്ര പേരെ കാണാൻ കിട്ടും. ഫുട്ബോളും ഒരു രാഷ്ട്രീയ പ്രവർത്തനമാടോ”
ഫുട്ബാളിനെ പറ്റി എന്ത് വർത്താനം ഉണ്ടായാലും മാഷിന്റെ മറഡോണയെ പറ്റിയുള്ള ഈ ഡയലോഗില്ലാതെ അതൊന്നും പൂർത്തിയായിരുന്നില്ല. 
ഇടത്തേ കാലിൽ ഫിദലിനെയും വലത്തെ കൈയുടെ മുകളിൽ ചെഗുവേരയെയും പച്ചകുത്തിയ മറഡോണയെ പറ്റി പറയുമ്പൊ സദാനന്ദൻ മാഷിന് നൂറ് നാവാണെന്ന് എല്ലാരും പറയുന്നത് കേൾക്കാം. ശെരിയാണത്.
മാഷ് എപ്പോഴെങ്കിലും പച്ച കുത്തിയാൽ അത് ഫിദലിനെയാണോ ചെഗുവേരയെയാണോ അതോ ഇനി മറഡോണയെ തന്നെയാണോ തിരഞ്ഞെടുക്കുക എന്ന് ചോദിച്ചപ്പൊ,
‘മറഡോണയെ അങ്ങനെ പച്ചക്കുത്തണ്ട ആവശ്യമൊന്നുല്ലടാ… അങ്ങേര് ദേ ഇവിടെയാണ്’ എന്നും പറഞ്ഞു നെഞ്ചിൽ കൈ വെച്ച് കാണിച്ചു ഒരിക്കൽ. 
അന്ന് മാഷ് പറഞ്ഞ മറഡോണയുടെ സാമ്രാജ്യത്വ വിരുദ്ധ നിലപാടുകളൊക്കെ പിന്നീട് കൊറേ കാലം കഴിഞ്ഞായിരുന്നു മനസിലായത്. മറഡോണയിലൂടെ ഫിദൽ കാസ്ട്രോയും കടന്ന് സദാനന്ദൻ മാഷ് വഴിയാണ് മാർകേസിന്റെ ഏകാന്തതയുടെ നൂറുവർഷങ്ങൾ ഞാൻ വായിക്കുന്നത്.
അന്നത് വായിച്ചിട്ട്‌ ഒന്നും മനസിലായില്ലെങ്കിലും ആദ്യത്തെ വായനയുടെ ഒരു നേരിയ ഓർമ്മ മാത്രമേ ഇപ്പൊ അതിനെ പറ്റി എന്റെ മനസിലൊള്ളു. 
വൈകുന്നേരം നേരത്തെ കളി നിർത്തുന്ന ദിവസങ്ങളിൽ ഇടയ്ക്കൊക്കെ ഞങ്ങൾ മാഷിന്റെ വീട്ടിലും കേറും. ഫുട്ബാളിനൊപ്പം ലോകത്തുള്ള എല്ലാ കാര്യങ്ങളെ പറ്റിയും മാഷ് പറയും. മുഴുവൻ മനസിലായില്ലെങ്കിലും അന്നൊക്കെ മാഷ് പറയണ വർത്താനം കേട്ടിരിക്കാൻ നല്ല രസാണ്.
മാഷും ഭാര്യയും മായയും മാത്രമായിരുന്നവിടെ താമസം.അവളന്ന് ഞങ്ങളുടെ സ്കൂളിൽ പത്താം ക്ലാസ്സിലായിരുന്നു. രണ്ട് വർഷം മുന്നേയാണെങ്കിലും ചേച്ചി എന്നൊന്നും മായയെ ഞങ്ങളാരും വിളിച്ചിട്ടേയില്ല.മുടി രണ്ട് വശത്തേക്കും പിന്നിയിട്ട മായ അന്നേ സുന്ദരിയായിരുന്നു. വെള്ളയിൽ മഞ്ഞ പൂക്കളുള്ള പാവാടയും ഇളം കറുപ്പ് നിറത്തിലുള്ള ഉടുപ്പുമിട്ടിട്ടുള്ള രൂപമാണ് അന്നത്തെ മായയെ പറ്റി ഓർക്കുമ്പോൾ ആദ്യം മനസിലേക്ക് വരുന്നത്. 
പിർലോയെക്കാൾ കൂടുതൽ യുവാൻ റോമൻ റിക്വൽമിയെ ഇഷ്ടപെട്ട മായയും സ്വഭാവികമായും അർജന്റീനയുടെ ആരാധികയായിരുന്നു. മാഷിന്റെ വീട്ടിൽ പോവുമ്പോഴൊക്കെ ഫുട്ബാളിനും ചായക്കും നിറയെ കടലയുള്ള എരിവുള്ള മിച്ചറിനും, വറുത്തരച്ച കോഴിക്കറി കൂട്ടിയ ചോറിനും പുറമെ ചർച്ചകളും കാര്യമായി നടന്നു. കോളേജ് ലൈബ്രറിയിലേക്ക് നീളും മുന്നെ വായനയ്ക്ക് തുടക്കമിട്ടത് മാഷിന്റെ വീട്ടിലെ പുസ്തകങ്ങൾ തന്നെയായിരുന്നു. മറഡോണ ഫുട്ബോൾ കളിച്ചോണ്ട് പറഞ്ഞ രാഷ്ട്രീയം മാഷ് തോട്ടുവക്കത്തിരുന്നും വീട്ടിലിരുന്നും പറഞ്ഞു. പാതി മനസിലായും പാതി മറന്ന് കളഞ്ഞും ഞങ്ങളിതൊക്കെ കേട്ടിരുന്നു. കൈകൊണ്ട് ഗോൾ അടിച്ച മറഡോണയെ നാട്ടിൽ ഞാനടക്കം പലർക്കും അത്രക്ക് അങ്ങോട്ട് താല്പര്യമില്ലായിരുന്നു എന്നുള്ളത് വേറെ കാര്യം. 
നോമ്പ് കാലമായാൽ പാടത്ത് കളി നിക്കും. ആളും കുറയും. മഗ്‌രിബ് കൊടുക്കുന്നതിന് മുന്നെ വരെ മുട്ടിഫോറോ കോട്ടികളിയോ മാത്രമാവും പിന്നെ. മുസ്തഫയുടെ വീട്ടിൽ നോമ്പുതുറക്ക് പോവും.പൊരിക്കടികളും ബീഫും തരികഞ്ഞിയും ബിരിയാണിയും കഴിച്ച് നോമ്പ് കഴിയുമ്പോഴേക്കും ഞാനൊന്ന് വീർക്കും.
അന്നത്തെ നോമ്പ് കാലത്തെ ഒരു വൈകുന്നേരമായിരുന്നു പുസ്തകങ്ങളുമായി മായ പാടത്തേക്ക് വന്നത്.കളിയില്ലാത്തത് കൊണ്ട് ഞങ്ങളിരുന്ന് കുറെ വർത്താനം പറഞ്ഞു. തോട്ടിലെ മീനിനെ തുപ്പല് കൊണ്ട് വിളിച്ചുവരുത്തി. ഓരോ ദിവസവും ഓരോ പുസ്തകങ്ങളുമായി വന്ന് അതിലെ കഥകൾ പറഞ്ഞ് തരുന്നത് മായക്കും കേട്ടോണ്ടിരിക്കുന്നത് എനിക്കും ഒരു ശീലമായി.
ഒരിക്കൽ കാരൂരിന്റെ ‘പൊതിച്ചോറ്’ വായിച്ച് കഴിഞ്ഞ് അവൾ കരയാൻ തുടങ്ങി, കഥ കേട്ടതുകൊണ്ടാണോ അവൾ കരയുന്നത് കൊണ്ടാണോ എന്നറിയില്ല അന്നേരം എനിക്കും സങ്കടം വന്നു . കലങ്ങിയ അവളുടെ കണ്ണുകളെ, ചെറിയൊരു കാറ്റ് വീശിയപ്പോൾ മുഖത്തേക്ക് വീണുതുടങ്ങിയ മുടിയിഴകൾ മറച്ചുകളഞ്ഞു. കണ്ണ് കാണാനുള്ള കൊതികൊണ്ട് മുഖത്തേക്ക് വീണ മുടിയിഴകളെ ചെവിക്ക് പിറകിലേക്ക് ഞാൻ ഒതുക്കി വെച്ചുകൊടുത്തു.അപ്പൊ കരച്ചിൽ നിർത്തി അവളൊന്ന് ചെറുതായി ചിരിച്ചു. 
നോമ്പ് കാലം കഴിയുന്ന വരെ പാടത്തുള്ള ഇരുത്തവും തോട്ടു വക്കിലൂടെയുള്ള നടത്തവും കഥ പറച്ചിലും സ്ഥിരമായിരുന്നു.പെരുന്നാൾ കഴിഞ്ഞ് കളി പിന്നേം തുടങ്ങിയതോടെ മാഷിന്റെ വീട്ടിൽ പോവുമ്പൊ മാത്രമേ മായയെ പിന്നെ കണ്ടിരുന്നൊള്ളു.
“എടാ ഇങ്ങള് തമ്മിൽ ലൗവ്വാണോ?”
നോമ്പുകാലത്തെ പാടത്തെ ഇരുത്തം കണ്ടിട്ട് ഒരിക്കൽ മുസ്തഫ എന്നോട് ചോദിച്ചു. ബൂട്ട് കൊണ്ടുള്ളൊരു ഏറ് ആയിരുന്നു അതിനുള്ള മറുപടി.
വിൻമാർക്കിന്റെ സ്റ്റഡ് തേഞ്ഞു തുടങ്ങിയ അഞ്ചിഞ്ച് ബൂട്ട് അവന്റെ പുറത്ത് തന്നെ പോയി വീണു.
” എടാ അവള്ടെ ഇഷ്ടപ്പെട്ട കളിക്കാരൻ ആരാന്ന് അറിയോ അനക്ക്?” അതും പറഞ്ഞ് മുസ്തഫയെ ഞാനടുത്തേക്ക് വിളിച്ചു.
“റിക്വൽമിയാണ്. റോണോൾഡീന്യോയും റിക്വൽമിയും ഒരിക്കലും ഒത്തുപോവില്ലെടാ..” ബൂട്ട് ചെന്ന് കൊണ്ട അവന്റെ പുറത്തെ പൊടി തട്ടി കൊടുക്കുന്നതിനിടയിൽ ഞാൻ പറഞ്ഞു.
“അവള്ടെ അച്ഛൻ ആരാന്നറിയോ അനക്ക്, 2002 ഫൈനലിൽ ബ്രസീലിനു വേണ്ടി കയ്യടിച്ച ആളാണ്.” എന്റെ കൈ തട്ടി മാറ്റികൊണ്ടാണ് അന്ന് മുസ്തഫയത് പറഞ്ഞത്.
ശെരിയാണ് 2002 ലെ വേൾഡ് കപ്പ് സെമിയും ഫൈനലുമടക്കം ജപ്പാനിൽ പോയി നേരിട്ട് കണ്ടയാളാണ് മാഷ്. മറഡോണയാണ് ഇഷ്ടതാരമെങ്കിലും റൈവൽസായ ബ്രസീൽ ലാറ്റിനമേരിക്കയിലേക്ക് കപ്പ് കൊണ്ട് വരാൻ വേണ്ടി മാഷും അന്നവിടെയിരുന്ന് ആർത്തുവിളിച്ചിരുന്നു. ഒലിവർ ഖാന്റെ ജർമ്മനിയെ 2-0 ന് തകർത്ത് കാനറിപ്പട അന്ന് കപ്പുയർത്തി,കളി കഴിഞ്ഞ് ഗോൾ പോസ്റ്റിൽ ചാരിയിരിക്കുന്ന ഒലിവർ ഖാന്റെ മുഖം കണ്ടപ്പൊ മാഷിനും സങ്കടമായെന്ന് ജർമ്മനിയെ പറ്റി തോട്ടിന്റെ വക്കത്തിരുന്ന് പറയുമ്പോഴൊക്കെ മാഷ് ഓർമ്മിച്ചു.
മായ പ്ലസ് വണ്ണിൽ പഠിക്കുമ്പൊ സദാനന്ദൻ മാഷിന് കോഴിക്കോട്ടേക്ക് സ്ഥലം മാറ്റം കിട്ടി. പോവുന്നതിന് രണ്ടീസം മുന്നെ ഞങ്ങൾക്കെല്ലാവർക്കും ബിരിയാണി വെച്ചു തന്നു. കോഴിക്കോട്ടേക്ക് വരുമ്പൊ വീട്ടിലേക്ക് വരണമെന്ന് പറഞ്ഞിട്ടാണ് അവരിറങ്ങിയത്. കൊറേ വട്ടം കോഴിക്കോട് പോയെങ്കിലും ഒരിക്കൽ പോലും അവരുടെ വീട്ടിലേക്ക് പോവാതെയിരുന്നത് എന്ത് കൊണ്ടാണെന്ന് പിന്നീട് ഞാനാലോചിച്ചിട്ടുണ്ട്. 
പോവുമ്പൊ മായയെനിക്ക് ബഷീറിന്റെ പുസ്തകങ്ങൾ തന്നിരുന്നു. ബഷീറിന്റെ തന്നെ പടമുള്ള പുസ്തകങ്ങൾ.അതൊക്കെ ഇപ്പഴും വീട്ടിലിരിപ്പുണ്ട്. ഇപ്പൊ ഇറങ്ങുന്നതിനൊന്നും ബഷീറിന്റെ പടമില്ല.അവരന്ന് വീട് മാറി പോയ രാത്രി ഞാൻ ഒച്ചയില്ലാതെ കുറേ കരഞ്ഞു. അവളെ ജീവിതത്തിൽ ഇനിയൊരിക്കലും കാണാൻ പറ്റില്ലെന്ന് അന്ന് ഞാൻ വിചാരിച്ചിരുന്നു. ആ വിചാരം തീർത്തും തെറ്റാണെന്ന തിരിച്ചറിവിൽ തോട്ട് വക്കത്തിരുന്ന് ഞങ്ങളന്ന് മൂന്ന് കുപ്പി കിങ്ഫിഷർ തീർത്തു. ഇന്ന് തോട് മെലിഞ്ഞു.മീനുകളെയൊന്നും ഇപ്പോഴിവിടെ കാണാനേ കിട്ടില്ല, തോട് ഒഴുകി ചെല്ലുന്ന താഴത്തുള്ള വലിയ പാടത്തേക്ക് വെള്ളമുണ്ടായിരുന്ന ഏതോ നല്ല സമയത്ത് തന്നെ അവയെല്ലാം ഊളിയിട്ട് പോയിരുന്നു പാടത്ത് ചെറിയ കെട്ടിടങ്ങൾ വന്നുതുടങ്ങി,
98ന് ശേഷം ഫ്രാൻസ് ആദ്യമായി കപ്പുയർത്തി.ഗൾഫുമണമുള്ള ടി ഷർട്ടിട്ട് പാടത്ത് കളി കണ്ടു നിന്ന ചേട്ടന്മാരിൽ ചിലർ നാട്ടിൽ തിരിച്ചെത്തി ടർഫ് തുടങ്ങി. പാടത്തെ കളി നിന്നതോടെ ടർഫുകളിലെ കളികൾകൊണ്ടും തട്ടുകടകളിലെ അൺലിമിറ്റഡ് റൈസും ചിക്കൻ കറി കൊണ്ടും രാത്രികൾ സജീവമായി.
3
ചീവീടുകളുടെയും തവളകളുടെയും ശബ്ദത്തിനൊപ്പം ഇരുട്ടിനും കനം കൂടി.പണ്ട് ഗോൾ പോസ്റ്റ്‌ കുത്തിയിരുന്ന ഭാഗത്ത് മിന്നാമിനുങ്ങുകൾ വട്ടമിട്ടു പറക്കുന്നത് ഞാനപ്പോൾ വെറുതെ നോക്കിയിരുന്നു. 
നേരിയ തണുപ്പുള്ളൊരു കാറ്റ് വീശുന്നുണ്ടായിരുന്നു.
“എവിടെയോ മഴ പെയ്യുന്നുണ്ടാവും” ബിയർ കുപ്പി മടിയിലേക്ക് വെച്ച് അവളുടെ അടുത്തേക്ക് കുറച്ചൂടെ നീങ്ങിയിരുന്നുകൊണ്ടാണ് ഞാനത് പറഞ്ഞത്. പക്ഷേ അവളത് ശ്രദ്ധിച്ചതേയില്ല. പകരം ചെറിയൊരു ചുമയ്ക്കൊപ്പം ഒരു ചോദ്യമാണ് അവളുടെ അടുത്ത് നിന്നും വന്നത്.
“നമ്മളെന്നാണ് അവസാനം കണ്ടത്?”
” അന്ന് വീട് മാറി പോയപ്പോഴല്ലേ?” ഞാൻ തിരിച്ച് ചോദിച്ചു. 
അത് കേട്ട് ഇരുട്ടത്തും അവളെന്നെ തുറിച്ചു നോക്കുന്നത് നല്ല പോലെയെനിക്ക് കാണാമായിരുന്നു.
“അല്ലലോ,ഇന്റർസോൺ കലോത്സവത്തിന് കണ്ടില്ലേ…? അതും കഴിഞ്ഞ് യൂണിവേഴ്സിറ്റിയിലെ ഫിലിം ഫെസ്റ്റിവലിനും കണ്ടല്ലോ. മറന്ന് പോയോ?”
ശെരിയാണ്. അന്നൊക്കെ കണ്ടിരുന്നു. അതൊക്കെ എത്ര പെട്ടന്നാണ് മറന്ന് പോയതെന്ന് ആലോചിച്ച് ഞാൻ അത്ഭുതപ്പെട്ടു. ഇന്റർസോണിന്റെ തിരക്കുകൾക്കിടയിൽ നിന്ന് കൊറച്ച് നേരം സംസാരിച്ചിരുന്നു. പിന്നെ ഫിലിം ഫെസ്റ്റിവലിനു പോയപ്പൊ കണ്ടിരുന്നു. 
ഇരുട്ട് നിറഞ്ഞ ഹാളിൽ പ്രൊജക്ടറിൽ നിന്നുള്ള വെളിച്ചം മുകളിൽ നിന്നും സ്ക്രീനിലേക്ക് പതിക്കുമ്പോൾ ഞാനവളുടെ മുഖം ശ്രദ്ധിച്ചു. ചെറിയ കാറ്റത്ത് മുഖത്തേക്ക് വീണുകൊണ്ടിരിക്കുന്ന മുടിയെടുത്ത് ചെവിക്ക് പിറകിൽ തിരുകി വെക്കാൻ അന്നത്തെ ഇരുട്ടിലും എനിക്ക് തോന്നി. പിന്നെയെന്താണ് ഇതെല്ലാം ഇത്ര പെട്ടന്ന് മറന്ന് പോയത് എന്നൊരു ചിന്ത എന്റെയുള്ളിൽ വല്ലാത്തൊരു പേടിയെ രൂപപ്പെടുത്തി. നാല് സിനിമകളെന്തോ അന്ന് കണ്ടിരുന്നു.
സെർബിയൻ സംവിധായകൻ എമിർ കുസ്തൂറിക്കയുടെ 2008ലെ ഡോക്യുമെന്ററി സിനിമയായ ‘മറഡോണ ബൈ കുസ്തൂറിക്ക’ യായിരുന്നു ഫെസ്റ്റിവലിലെ ഉദ്ഘാടന ചിത്രം.
രക്തം പുരണ്ട ചാൾസ് രാജകുമാരന്റെ കൈകളിൽ ഒരിക്കലും തന്റെ കൈകൊണ്ട് തൊടില്ലെന്ന് പറയുന്ന മറഡോണ. ‘ബുഷ് ദി വാർ ക്രിമിനൽ’ എന്ന് ആലേഖനം ചെയ്ത ടീഷർട്ട് ഇട്ടുകൊണ്ട് ഉറക്കെ രാഷ്ട്രീയം പറയുന്ന മറഡോണ.
ആൻഡി വാർഹോൾ ജീവിച്ചിരുപ്പുണ്ടായിരുന്നെങ്കിൽ മർലിൻ മൺറോയ്ക്കും മാവോ സെ തുങിനുമൊപ്പം മറഡോണയെയും അദ്ദേഹം സൃഷ്ടിച്ചേനെയെന്ന് സിനിമയ്ക്കിടയിൽ ഒരിടത്ത് കുസ്തൂറിക്ക പറയുന്നുണ്ട്.
ഫുട്ബോൾ എന്ന മനോഹരമായ കളിയെ കൈകൊണ്ട് ഗോളടിച്ച് അശുദ്ധിയാക്കിയവൻ എന്ന എന്റെ കുട്ടിക്കാലം തൊട്ടേയുള്ള മുൻവിധിയെ ഒന്നരമണിക്കൂറുകൊണ്ട് കുസ്തൂറിക്ക ഇല്ലാതെയാക്കി.
 “It’s like a war, a football war.” 1982 ലെ ഇംഗ്ലണ്ടുമായുള്ള ഫോക്ക്ലൻഡ് യുദ്ധത്തിൽ മരിച്ചു പോയ അർജന്റീനക്കാരെയാണ് അന്നത്തെ കളിയിൽ ഞങ്ങൾ പ്രതിനിധീകരിച്ചത് എന്നാണ് മറഡോണ പറയുന്നത്. നൂറ്റാണ്ടിന്റെ ഗോൾ പിറന്നതും ആ മത്സരത്തിൽ തന്നെ. 
അന്ന് ഞാൻ സദാനന്ദൻ മാഷിനെ ഓർത്തു. മാഷിന്റെ വീട്ടിലെ ചുമരിലുള്ള മറഡോണയുടെ ചിത്രത്തെ പറ്റിയും.
ദീർഘമായ സംഭാഷണങ്ങൾ കൊണ്ട് പ്രേക്ഷകന്റെ ഉള്ളിലേക്ക് ഒരു ട്രാജക്ടറി പോലെ കയറിപോവുന്ന മറഡോണ. കുസ്തൂറിക്കയുടെ മറഡോണ, സദാനന്ദൻ മാഷിന്റെ മറഡോണ,അർജന്റീനക്കാരുടെ മറഡോണ.അറിയപെടാത്ത കുറേ മനുഷ്യരുടെയും മറഡോണ…!!
സ്ക്രീനിങ്ങ് കഴിഞ്ഞ് ഞങ്ങൾ രാജധാനിയിൽ പോയി മസാലദോശയും കാപ്പിയും കഴിച്ചിരുന്നു.
ഇതൊക്കെ അന്ന് നടന്നതാണ്. പക്ഷേ അവസാനം കണ്ടത് ഫിലിം ഫെസ്റ്റിവലിൽ വെച്ചാണെന്ന് മാത്രം എന്റെ മനസിലേക്ക് വന്നതേയില്ല. പാടത്തിന്റെ അറ്റത്തുകൂടെ പോവുന്നൊരു ടാക്സി കാറും ബഷീറിന്റെ പുസ്തകം കയ്യിൽ പിടിച്ച് ഇരു വശത്തേക്കും മുടി പിന്നിയിട്ട ഒരു പെൺകുട്ടിയുടെ രൂപവും മാത്രമേ എന്റെ മനസിലുണ്ടായിരുന്നൊള്ളു.

“ശെരിയാണ്… നമ്മൾ കണ്ടിരുന്നു.” ചെറിയൊരു ചമ്മലോടെയാണ് ഞാനത് പറഞ്ഞത്. 

“എന്നെ ഈയടുത്ത് പോലീസ് അറസ്റ്റ് ചെയ്യും”
മായ പറഞ്ഞത് ഒരു ഞെട്ടലോടെയാണ് എന്റെ ചെവിക്കകത്ത് കേറിയത്. അവിടെയിരുന്ന് അത് ചെറിയ മൂളലുകൾ ഉണ്ടാക്കികൊണ്ടിരുന്നു.
“എന്തിന്?”
“എഴുതുന്നതിന്.” ഒന്ന് നിർത്തിയിട്ട് ഒരു നിശബ്ദതയ്ക്ക് ശേഷം അവൾ തുടർന്നു. “ഞങ്ങൾക്കൊരു മാസികയുണ്ടായിരുന്നു. പി.ജി ചെയ്യുന്ന സമയത്ത് ഞങ്ങൾ നാലഞ്ച് ആൾക്കാർ കൂടി തുടങ്ങിയതാണ്. ആദ്യമൊക്കെ കോളേജിലും യൂണിവേഴ്‌സിറ്റിയിലും ചെറിയ ലഘുലേഖകൾ ആയിട്ടായിരുന്നു വിതരണം ചെയ്തിരുന്നത്. യൂണിവേഴ്‌സിറ്റി അഗ്രഹാരമായികൊണ്ടിരിക്കുന്നതിനെ പറ്റിയൊക്കെ എഴുതിയിരുന്നു അന്ന് .കൊറേ കാലം അത് നിന്ന് പോയി. പിന്നെ ചില NGO കൾ സഹായിച്ചു, അങ്ങനെ ഒരു ആറ് മാസം തുടർച്ചയായി അച്ചടിച്ച് വാരികയാക്കി ഇറക്കി. സി.എ.എ സമയത്തൊക്കെ കുറേ നല്ല ലേഖനങ്ങൾ വന്നിരുന്നു. രാഷ്ട്രീയതടവുകാരുടെ ജയിലിൽ നിന്നുള്ള ലേഖനങ്ങൾ രഹസ്യമായി പുറത്തെത്തിച്ച് തുടരെത്തുടരെ പ്രസിദ്ധീകരിച്ചതോടെ സ്റ്റേറ്റിന്റെ പിടി വീണുതുടങ്ങി.
നമ്മുടെയിവിടെ തന്നെയുണ്ടായ ജാതി മതിലിനെ പറ്റിയൊക്കെ അതിൽ എഴുതിയിരുന്നു.
അങ്ങനെയൊരു ജാതിമതിലിനെ പറ്റി അവള് പറഞ്ഞപ്പൊ മാത്രമാണ് ഞാനന്ന് അറിയുന്നത്.
ഇരുട്ടിന്റെ നിശബ്ദതയിലും തണുപ്പ് വന്ന് ഞങ്ങളെ മൂടുന്നത് ഞാനറിഞ്ഞു.

“ആനന്ദിനെ കൊണ്ട് ഒരു ലേഖനം എഴുതിക്കാനുള്ള പ്ലാൻ ഉണ്ടായിരുന്നു. അപ്പഴാണ് കൊറോണയും ലോക്ക്ഡൗണും വന്നത്. പിന്നെ മെല്ലെ ഓൺലൈൻ ആക്കി പരിപാടി. അത് നൈസായിരുന്നു. ആ സമയത്താണ് താമസ സ്ഥലത്ത് പോലീസ് വന്നത്. ഗവേഷണം നടത്താൻ വന്നാൽ നടത്തിയിട്ട് പോണം, അതിലുമിതിലും തലയിടാൻ പോയാൽ കെട്ടിച്ച് വിടാൻ തന്തക്ക് മോളെ കിട്ടില്ല എന്നാണ് മുറി വാരിവലിച്ചിട്ട് തിരച്ചിൽ നടത്തിയ ശേഷം അവരെന്നോട് പറഞ്ഞത്.

തൽക്കാലം ഞാൻ കെട്ടാൻ ഉദ്ദേശിക്കുന്നില്ല സാറേ… എന്നൊന്ന് നീട്ടി പറയണമെന്നാണ് എനിക്കന്നേരം തോന്നിയത്.പക്ഷേ മിണ്ടിയില്ല.”

അവളൊരു ദീർഘനിശ്വാസത്തോടെ പറഞ്ഞ് നിർത്തി.

ആ സമയം ഒരു കൂട്ടം പോലീസുകാർ വന്ന് എന്നെ ബൂട്ടുകളിട്ട് ചവിട്ടുമെന്നും അവളെ പിടിച്ചുകൊണ്ട് പോവുമെന്നും ഞാൻ ഭയന്നു. ആ തോന്നലിൽ വയറ്റിലുള്ള ബിയർ ചെറിയൊരു ശബ്ദത്തോടെ ഏമ്പക്കത്തിന്റെ രൂപത്തിൽ പുറത്തേക്ക് വന്നു.

എന്റെ മനസിലെ പേടി മനസിലാക്കിയിട്ടായിരിക്കണം പിന്നെയവൾ അതിനെ പറ്റിയൊന്നും പറഞ്ഞില്ല.

പേടിയിലും സിഗരറ്റ് വലിക്കാനുള്ള കൊതി തിരിച്ചുവന്നത് കൊണ്ട് ചെവിയിൽ വെച്ച ഗോൾഡ് ഫ്ലേക്കെടുത്ത് ഞാൻ കത്തിച്ച് ഇരുട്ടിലേക്ക് പുകയൂതി കൊണ്ടിരുന്നു. 

“നീ യു.പി ജയരാജിനെ വായിച്ചിരുന്നോ?” അവസാന തുള്ളിയും തീർത്ത് അടിയിൽ പത മാത്രമുള്ള കുപ്പി മതിലിന്റെ മേലേക്ക് ഒതുക്കി വെക്കുന്നതിനിടയിലാണ് അവളത് ചോദിച്ചത്.

“ഇല്ല”. ഞാൻ തലകുലുക്കി.

ജയരാജിനെ പറ്റി കേട്ടിരുന്നെങ്കിലും ഞാനന്ന് വായിച്ചിരുന്നില്ല.

“നീ യു.പി ജയരാജിനെയും, സി.അയ്യപ്പനെയുമൊക്കെ വായിക്കണം.” 

അവളന്ന് യു.പി ജയരാജിന്റെ തെയ്യങ്ങളിലെ ഗംഗനെ കുറിച്ചും മഞ്ഞിലെ ശവംതീനികളായ ഡിറ്റന്റസ്‌ പക്ഷികളെ കുറിച്ചും പറഞ്ഞു. 

പിന്നെ കുറേ നേരം ഞങ്ങളൊന്നും മിണ്ടിയില്ല.

ഒൻപത് മണി കഴിഞ്ഞപ്പോഴേക്ക് ഞാനവളെ റെയിൽവേ സ്റ്റേഷനിൽ കൊണ്ടാക്കി. അവിടെന്ന് ഞങ്ങൾ കടല വാങ്ങി കഴിച്ചു.

ഇടക്ക് വിളിക്കണമെന്നും കാണണമെന്നും ഇങ്ങനെ മുങ്ങി നടക്കരുതെന്നും അവളെന്നോട് പറഞ്ഞു. തിരിച്ച് അവളോട് എന്തൊക്കെയോ കുറേ കാര്യങ്ങൾ പറയണമെന്നുണ്ടായിരുന്നു. പക്ഷേ ഞാനൊന്നും പറഞ്ഞില്ല.അവൾക്കും പറയാനെന്തോ ബാക്കിയുള്ളതായി എനിക്ക് തോന്നി. പക്ഷേ ട്രെയിൻ വരുന്നതിന് മുന്നേ ഞാൻ അവിടെന്ന് ഇറങ്ങി.

പുതുവർഷത്തിന്റെ യാതൊരുവിധ പ്രത്യേകതകളുമില്ലാതിരുന്ന അലസമായ ആ പകൽ അങ്ങനെയൊരു രാത്രിയിലായിരുന്നു അന്നവസാനിച്ചത്. 

4

പിന്നെയും രണ്ടാഴ്ചകൾക്ക് ശേഷം ഓഫീസിലെ ക്യാന്റീനിലിരിക്കുമ്പോഴാണ്, ദേശീയ അന്വേഷണം സംഘം തലേന്ന് രാത്രി അറസ്റ്റ് ചെയ്ത നാല് ഗവേഷണ വിദ്യാർത്ഥികളുടെ ചിത്രങ്ങളടങ്ങിയ പത്രവാർത്തയെ കുറിച്ച് അപ്പുറത്ത് നൈറ്റ്‌ ഷിഫ്റ്റ്‌ കഴിഞ്ഞിറങ്ങിയ ശിവാദസനും രവിയേട്ടനും പറയുന്നത് കേട്ടത്. അതിൽ തീർച്ചയായും മായയുടെ ചിത്രവും ഉണ്ടാവുമെന്ന് എനിക്കുറപ്പായിരുന്നു. അവരൊക്കെ അവിടെന്ന് പോയതിന് ശേഷം ഞാൻ പത്രമെടുത്ത് വെറുതെ മറിച്ചുനോക്കി. അത് കണ്ടിട്ട് ഒരു തരത്തിലുള്ള ഞെട്ടലും എനിക്കുണ്ടായില്ല.ഇങ്ങനെ ഒരു കാര്യം ഉണ്ടാവുമെന്നെനിക്ക് ഉറപ്പായിരുന്നു. പത്രത്തിലുള്ള ഫോട്ടോ ഞാൻ കണ്ട മായയിൽ നിന്നും വളരെ മാറ്റമുള്ളതായി തോന്നിയെങ്കിലും അന്നേരം അവളുടെ രൂപം എത്ര ആലോചിച്ചിട്ടും എന്റെ മനസ്സിൽ വന്നതേയില്ല.

അറസ്റ്റിൽ പ്രതിഷേധിച്ച് വിദ്യാർത്ഥികളുടെയും നാട്ടുകാരുടെയും നേതൃത്വത്തിൽ പിറ്റേന്ന് നടക്കുന്ന സമരത്തെ കുറിച്ചും തൊട്ടപ്പുറത്തെ ചെറിയ കോളത്തിൽ വാർത്തയുണ്ടായിരുന്നു.

കാപ്പിയുടെ കാശ് ബുക്കിലെഴുതാൻ കൃഷ്ണേട്ടനോട് പറഞ്ഞിട്ടാണ് ഞാനവിടെ നിന്നും ഇറങ്ങിയത്.

ഈ മാസം നല്ല ടൈറ്റാണ്. ലീവെടുത്താൽ ശെരിയാവില്ല, ശമ്പളത്തീന്ന് കട്ടാവും. അതോണ്ട് സമരത്തിന് പോണോ വേണ്ടയോ എന്നതിന് രണ്ടാമതൊന്ന് ആലോചിക്കേണ്ട കാര്യമുണ്ടായിരുന്നില്ല. 

ജനുവരിയിലെ വെയിലിന് നല്ല ചൂടുണ്ടായിരുന്നു.കൃതാവിലൂടെ അരിച്ചിറങ്ങിയ വിയർപ്പിനെ ചൂണ്ടുവിരലുകൊണ്ട് തുടച്ചെടുത്ത് പുറത്തേക്ക് തെറിപ്പിച്ചു.പിന്നെ ക്യാന്റീനിൽ മറന്നുവെച്ച കുടയെ മ വെച്ചു തുടങ്ങുന്ന ഒരു തെറികൊണ്ട് ഓർമ്മിച്ച് അതെടുക്കാനായി ഞാൻ തിരിച്ചു നടന്നു.

അന്നേരം ഒരു വരണ്ട കാറ്റ് വീശി. ദൂരെയെവിടെയോ മഴ പെയ്യുന്നുണ്ടാവണം…!!

4 COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here