ഉറുമ്പുകളുടെ റിപ്പബ്ലിക്

1
350
athmaonline-the-arteria-sayooj-balan

കവിത
സായൂജ് ബാലുശ്ശേരി
സുബേഷ് പത്മനാഭൻ

എഴുതപ്പെട്ടിട്ടുണ്ടോയെന്ന് തീർച്ചയില്ലെങ്കിലും
ലോകത്തിലെ
ഏറ്റവും മഹത്തായ ഭരണഘടന
ഉറുമ്പുകളുടേതാണ്

എണ്ണിത്തിട്ടപ്പെടുത്തി
പൗരത്വ രേഖ നൽകാൻ
കഴിയാത്തത്ര ജനതയുണ്ടെങ്കിലും
ഉറുമ്പുകളുടെ റിപ്പബ്ലിക്കിൽ
നാളിതുവരെ
റേഷൻകടകളിലോ
ബിവറേജുകളിലോ
എന്തിനധികം
പാർട്ടി ഓഫീസുകളിൽ പോലും
ആരും ഊഴം തെറ്റിച്ചു
മുന്നിൽ കടക്കാൻ ശ്രമിച്ചിട്ടില്ല.
അത്ര വിശാലമാണ്
ആ ഭരണഘടന ഉയർത്തിപ്പിടിക്കുന്ന
ജനാധിപത്യ ബോധം
അതുകൊണ്ട് രാജ്യത്ത്
പട്ടാളമോ പോലീസോ
ആവിശ്യം വന്നിട്ടില്ല.

പെണ്ണുങ്ങൾക്കും
ആണുങ്ങൾക്കും
പ്രത്യേകം പ്രത്യേകം
വരികളോ
മൂത്രപ്പുരകളോ
കാണാൻ സാധിക്കില്ല.
ലിംഗസമത്വം എന്നത്
ആ ഭരണഘടനയിൽ നിന്നു വേണം
മറ്റാരും കടം കൊള്ളാൻ

വധശിക്ഷയിൽ വിശ്വസിക്കുന്ന
പ്രാകൃത നീതിബോധമില്ല
ഉറുമ്പുകളുടെ കോടതിയിൽ
അതുകൊണ്ട് തന്നെ
പാമ്പു കടിയേറ്റോ
പട്ടി കടിയേറ്റോ
കൊല്ലപ്പെടുമ്പോലെ
ഉറുമ്പു കടിയേറ്റ്
രാജ്യത്ത് ആരും കൊല്ലപ്പെടാറില്ല.

കറുപ്പ് ചുവപ്പ്‌ എന്നിങ്ങനെ
പ്രകടമായ നിറ വ്യത്യാസമുള്ള
ജനതയാണെങ്കിലും
വർണ്ണവെറിയുടെ ഒരൊറ്റ
രക്തസാക്ഷി പോലും
ചരിത്രത്തിന്റെ രേഖയിലില്ല.

അടിച്ചമർത്തലുകളുടെ ഒരു
ചവിട്ടിയരക്കലുളോടും
സമരസപ്പെട്ട ഒരു തലമുറയുമില്ല.
അധിനിവേശത്തിന്റെ
ഓരോ കാൽവെയ്പ്പുകളും
നീറ്റി പുകച്ചു പിൻവലിപ്പിച്ച
ചെറുത്തു നിൽപ്പിന്റെ
പോരാട്ടങ്ങൾ മാത്രം
ഒരു തുള്ളി ചോര വീഴ്ത്താതെ
അനവധി യുദ്ധങ്ങൾ
വിജയിച്ച പ്രത്യയശാസ്ത്രമാണത്

ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.

1 COMMENT

  1. അസാധ്യമായ imagery. ഉറുമ്പുകൾ പഠിപ്പിക്കുന്നത് വലിയ ജനാധിപത്യ ബോധമാണ്.

LEAVE A REPLY

Please enter your comment!
Please enter your name here