HomeTHE ARTERIASEQUEL 36"കാതോര്‍ത്തു നില്‍ക്കുക" - ജീവിതത്തിന്‍റേയും പൊരുളിന്‍റേയും നട'വരി'കള്‍

“കാതോര്‍ത്തു നില്‍ക്കുക” – ജീവിതത്തിന്‍റേയും പൊരുളിന്‍റേയും നട’വരി’കള്‍

Published on

spot_img

ലേഖനം
ശ്രീജയ സി.എം

കവിത എല്ലാ കാലത്തും ജീവിതത്തിന്‍റെ അനിശ്ചിതത്വങ്ങളെ, വഴികളെ, വ്യക്തിപരമോ സാമൂഹികമോ ആയ ജൈവികതയെ പിന്തുടരുന്നുണ്ട്. അവനവന്‍റെ/അവളുടെ നിലനില്പിന്‍റെ പരിച്ഛേദങ്ങളുടെ ബിംബങ്ങള്‍ കവിതയിലും കടന്നുവരികയും തന്‍റെ ഇടങ്ങളില്‍ കാല്പനികതയെ അവശേഷിപ്പിച്ചുകൊണ്ടു തന്നെ ആധുനികതയെ അഭിസംബോധന ചെയ്യുകയും ചെയ്തിട്ടുണ്ട്. ജീവിതത്തേയും മൂല്യങ്ങളേയും സ്വത്വപരതയേയും അതിഭാവുകത്വമില്ലാതെ തന്നെ നോക്കിക്കാണുന്ന കവിതയുടെ മേച്ചില്‍പ്പുറങ്ങള്‍ ആധുനികമനുഷ്യന്‍റെ ദര്‍ശനബോധ്യങ്ങളുടെ അടയാളപ്പെടുത്തല്‍ കൂടിയാണ്.

നീലമ്പേരൂര്‍ മധുസൂദനന്‍നായരുടെ രചനകള്‍ കവിതയിലെ കാല്പനികത്വത്തെ അവശേഷിപ്പിച്ചുകൊണ്ടാണ് ജീവിതത്തിന്‍റെ അന്തസാരതയെ അന്വേഷിക്കുന്നത്. ജീവിതം, മരണം, അതിനെയൊക്കെ പലരീതിയില്‍ മറികടക്കുന്ന അതിജീവനത്തിന്‍റെ മുതല്‍ക്കൂട്ടുകള്‍ എന്നിവയുള്‍പ്പെടുന്ന ദര്‍ശനങ്ങളുടെ സംവേദനമാണ് മധുസൂദനന്‍ നായരുടെ രചനകളുടെ മുഖമുദ്ര. ലൗകികവും അലൗകികവുമായ ആത്മചേദസ്സുമായുള്ള സന്ധി സംഭാഷണങ്ങളില്‍ അവനവനെ തേടുന്നതിനുള്ള ശക്തമായ അഭിവാഞ്ഛയാണ് കവിയ്ക്ക് കവിത. അത്രയ്ക്കു തീവ്രമാണ് അതിന്‍റെ ഭാഷ.
‘എവിടെ നിന്നെന്‍-
തലയ്ക്കുമേലേ ചെമ്പന്‍-
ചിറകടിച്ചു വരുന്നീ കഴുകുകള്‍?’ എന്നു പാടുന്ന കവി
‘അഭയമെങ്ങാ-
ണകലുമാകാശമെന്‍
അറിവുവെട്ടമായ്
മാറ്റുവതെങ്ങനെ’യെന്നവനവനോടു തന്നെ ആരായുകയാണ് കവിതയിലൂടെ, ജീവിതത്തിലൂടെയും. ആ തേടല്‍ ബോധ്യങ്ങളുടെ നിസ്സഹായതയില്‍ നിന്നുകൂടിയാണ് ഉരുവംകൊള്ളുന്നത്.
കാലവും ജീവിതവും
‘ഉള്ളിലും പുറത്തും നിറയുന്ന കടല്‍
എല്ലാറിഞ്ഞൊന്നു-
മറിയാത്ത ഞാനും, മി-
ന്നൊന്നുമറിയാതെ-
യെല്ലാമറിയുന്ന നീയും
ഇമ്മഹാമൗന-
പാരവാരതീരത്തെ
വിണ്‍നിഴല്‍പ്പാടി-
ന്നിരുപുറം ചിക്കുമ്പോള്‍
ആരാണു നമ്മില്‍ വിതുമ്പി-
നില്‍ക്കുന്നതെന്നാരാഞ്ഞുവോ?’

ഉള്ളിലും പുറത്തും നിറയുന്ന കടല്‍ തന്നെയാണ് കവിതയുടെ ഒഴുക്കിനാധാരം. ജീവിതത്തിന്‍റെ ദശാസന്ധികളേക്കുറിച്ചു പറയുമ്പോള്‍ ‘നീ’യെന്നത് ആപേക്ഷികമാകുന്നു. തന്‍റെ തന്നെ ഉള്ളിലെ മറ്റൊരപരത്വത്തോടുള്ള ചോദ്യമാണ് കവിതയിലെ അന്വേഷണം. മനസ്സിന്‍റെ താളമഴിഞ്ഞ് നാടന്‍ കടങ്കഥയ്ക്കുള്ളിലെ നേരും തേടി നടന്ന ബാല്യവും ജീവന്‍റെ ആദ്യന്തമുദ്രകളെ തേടിയലഞ്ഞ് പിന്‍വാങ്ങിയ വാര്‍ദ്ധക്യവുമൊക്കെ വിണ്‍നിഴല്‍പ്പാടിനപ്പുറം ജീവിതത്തിന്‍റെ ബാക്കി പത്രങ്ങളായി വിങ്ങിനില്‍ക്കുകയാണോയെന്ന് കവി സംശയിക്കുന്നു. ഒടുവില്‍ തീരങ്ങളറിയാത്ത തന്‍റെ ഉള്ളിലെ വന്‍കടലിന്‍റെ ഇരമ്പമോര്‍ത്തുനില്‍ക്കാന്‍ തന്‍റെ തന്നെ അപരത്വത്തെ ക്ഷണിച്ചുകൊണ്ട് തന്‍റെ തന്നെ കാതോര്‍ക്കലിലേക്ക് ജീവിതത്തേയും പുറംലോകത്തേയുമൊന്നിപ്പിക്കുന്ന കടലെന്ന ബിംബം കവിതയില്‍ വിശാലമാകുകയാണ്.

‘ഉല്പത്തി പുസ്തകത്തില്‍ നിന്നൊരു പാഠ’മെന്ന കവിത ഉല്പത്തിപുസ്തകം വിട്ടിറങ്ങി മണ്‍പുറ്റായി ഉയര്‍ന്നവനാണു താനെന്നു സ്ഥാപിക്കുന്നതിലൂടെ ജീവിതത്തെ പുറമേ നിന്നടയാളപ്പെടുത്തുകയാണ്.
‘കാലം വെറും വര്‍ത്തമാനം; എന്‍റെ
ദൂരം ചവിട്ടടിപ്പാടു മാത്രം’
കാലത്തെ ഭൂതകാലത്തിനുള്ളില്‍ മാത്രം കൊരുത്തിടാന്‍ കവി ഉദ്ദേശിക്കുന്നില്ല. അത് വര്‍ത്തമാനമെന്ന കേവല സത്യമാണ്, ചരിത്രത്തിന്‍റെ കെട്ടുപാടില്ലാത്തവ. താന്‍ ജീവിക്കുന്ന വര്‍ത്തമാനമാണ്, നിമിഷങ്ങളാണ് കാലമെന്നും അതില്‍ തന്‍റെ ദൂരമെന്നത് താന്‍ നടക്കുന്ന ചവിട്ടടിപ്പാടുമാത്രമെന്നും അടയാളങ്ങളെ മനുഷ്യനെന്ന നിസ്സാരതയിലേക്ക് ചുരുക്കുന്നതിലൂടെ പാരമ്പര്യ കവിതയെടുത്തണിയുന്ന ഭാവനാലോകങ്ങളുടെ തുടര്‍ച്ചകളെ ഇല്ലാതാക്കുകയാണ്. യാഥാര്‍ത്ഥ്യത്തെ വിശാലമാക്കുകയാണ്.
‘കാലത്തെയുള്ളില്‍
കടഞ്ഞു ഞാനിക്കുടില്‍-
വാതില്‍ വിളക്കായ് തെളിഞ്ഞേന്‍’
എന്നു പാടുമ്പോള്‍ കാലത്തെ തന്നോളം കാത്തു വയ്ക്കുകയോ തന്നില്‍ ലീനമെന്നുറപ്പിക്കുകയോ ചെയ്യുന്നുണ്ട്. നെഞ്ചുടയ്ക്കുന്ന പകല്‍ നൊമ്പരങ്ങള്‍ പ്രാണന്‍റെ അങ്കച്ചമയങ്ങളായി എടുത്തണിയുമ്പോള്‍ ജീവിതം രുചിച്ച മനുഷ്യന്‍റെ വാക്കുകളായി കവിത മാറുന്നു. സ്വപ്നങ്ങളുടെ വാഴ്വിന്‍റെ ആകാശം കൂരിരുളാഴങ്ങളാക്കുന്ന കാലപ്രമാണമുടയ്ക്കുകയും ആഴക്കടല്‍ കടന്നെത്തുന്ന അധീശത്വത്തെ വാക്കുകള്‍കൊണ്ട് രചിക്കുന്ന തന്‍റെ യാത്രയില്‍ കവി സംതൃപ്തനാണ്. താന്‍ ജീവിക്കുന്ന ജീവിതത്തിന്‍റെ പടിപ്പുരയ്ക്കപ്പുറവു മിപ്പുറവുമായി മാറി മാറി കാവല്‍ക്കരുത്തായി നില്‍ക്കുമ്പോഴും അന്ധനായി തന്നില്‍ കയര്‍ക്കുന്ന കാലത്തിന്‍റെ വന്ധ്യപ്രവചനം കവി കേള്‍ക്കുന്നുണ്ട്. വെട്ടും തിരുത്തും നിറഞ്ഞ തന്‍റെ വാഴ്വിലെ അക്ഷരത്തെറ്റുകള്‍ കാണാതെ പോകുന്നില്ല കവി. പുറം രൂപമഴിച്ചുവെച്ചിട്ടു പോയ് മറയുന്ന ജീവിതസത്യത്തെ, മരണത്തിന്‍റെ കടന്നു വരവിനെ കവി സ്വാഗതം ചെയ്യുന്നുണ്ട്. എങ്കിലും മറവിയുടെ ആഴത്തില്‍ നിത്യനായി നീ വാഴ്ക എന്ന് കവിയുടെ തന്നോടു തന്നെയുള്ള വാക്കുകള്‍ കൂടിയാണ്. ഒടുവില്‍ പാഠത്തിന്‍റെ അവശേഷിപ്പായി നിലല്‍ക്കുന്നത് തന്നെ താഴത്തിറക്കിക്കിടത്തുന്ന ജീവിതത്തിന്‍റെ നേരായ മരണത്തിന്‍റെ വാഴ്ത്തുപാട്ടിന്‍റെ ചിറകിലേറലാണ് എന്നു പറയുമ്പോള്‍ കവിയുടെ ദര്‍ശനത്തിനവിടെ ജീവിതത്തെ ആകമാനമുള്‍ക്കൊള്ളുന്ന യാഥാര്‍ത്ഥ്യത്തിന്‍റെ പരിവേഷമാണ് കൈവരുന്നത്. വീണ്ടുയര്‍പ്പിന്‍റെ പാട്ടു ചൊല്ലാന്‍ വരുന്ന വാക്കിന്‍റെ ശക്തി കവി സ്വജീവിതത്തിലൂടെ സ്വായത്തമാക്കിയതാണ്. ആ വാക്കിന്‍റെ വീഥിയൊരുക്കിയാണ് ഒടുവില്‍ കവി മരണത്തെവെല്ലുന്നത്.

മരണം നീലമ്പേരൂരിന്‍റെ കവിതകളില്‍ ആവര്‍ത്തിച്ചു വരുന്ന ഘടകമാണ്. അതിനപ്പുറം ജീവിതത്തിന്‍റെ മുഴുവന്‍ സത്തയേയുമുള്‍ക്കൊള്ളുന്ന ചിരസ്ഥായിയായ ഭാവമായും അദ്ദേഹത്തിന്‍റെ കവിതകളില്‍ പലപ്പോഴും കടന്നുവരുന്നുണ്ട്.
‘മൃത്യുവിന്‍
കുരുതി കുംഭം
നിറയ്ക്കുന്ന നെഞ്ചകം’
കവിയെ ഒട്ടൊന്നുമല്ല ഭയപ്പെടുത്തുന്നത്.
‘ഇനിയൊരു നിമി-
നേരമേ ബാക്കി; യെന്‍
തലയൊളിക്കുവാ-
നെങ്ങു കരിയില’
ഭയവും സമയവും ജീവനെ ഞെരുക്കുമ്പോള്‍ അഭയസ്ഥാനത്തിന് ഉണങ്ങിയ കരിയിലകള്‍ തേടുന്നത് നിവര്‍ത്തികേടിന്‍റെ അങ്ങേയറ്റമാണ്.

ജീവിതം-അരങ്ങ്

‘…നമ്മുടെ/ചുമലില്‍ത്തട്ടി, നടക്കെന്നു ജീവിതം!’ എന്നു പറഞ്ഞ കവി മറ്റൊരു കവിതയില്‍ കവിയുടെ ചോദ്യം തന്നെ അരങ്ങിലേക്കു വിട്ട അണിയറയ്ക്കു പിറകിലെ അപരനോടാണ്. നിര്‍ബന്ധചിത്തനായി അരങ്ങില്‍ നില്‍ക്കുമ്പോള്‍ ഞാനാടുന്ന വേഷമെന്തെന്നും ഏതു കഥയാണെന്നും ബാലിവധത്തില്‍ രാമന്‍റെ ഒളിയമ്പു പ്രാണനിലേക്കു വരുമ്പോള്‍ രസവീര്യത്തെ ശാന്തമായി മാറ്റുകയാണോ താന്‍ ചെയ്യേണ്ടതെന്ന നിസ്സഹായത കവിയെ പിന്തുടരുന്നുണ്ട്. ജീവനത്തിന് ഇതു തന്നെയാണ് തര്‍പ്പണമെന്നും ജീവിതക്കളരിയില്‍ ഇതു തന്നെയാണ് ശിക്ഷണമെന്നുമുള്ള തിരിച്ചറിവില്‍ നീലമ്പേരൂര്‍ മനുഷ്യജീവിതത്തിനു തന്നെ സമവാക്യമെഴുതുകയാണ്. അരങ്ങുണര്‍ത്തുകയും കാണിയുടെ കണ്ണില്‍ കത്താന്‍ കരള്‍ കുടഞ്ഞെറിയുകയും വേണം. അവയാണ് ജീവിതക്കളരിയിലെ ശിക്ഷണങ്ങള്‍. മനുഷ്യന്‍റെ തീരാത്ത ആട്ടങ്ങളില്‍ മറ്റൊരു യുദ്ധപ്പദത്തിന്‍റെ താളം നെഞ്ചേറ്റുമ്പോള്‍ ഒരൊറ്റ വേഷത്തിലെ ആവര്‍ത്തനത്തില്‍ അണിയറക്കോപ്പായുള്ള തുടര്‍ച്ചയെ അവതരിപ്പിക്കുമ്പോള്‍ കവിത ജീവിതത്തിന്‍റെ വേഷപ്പകര്‍ച്ചകളുമായാണ് താദാത്മ്യം പ്രാപിക്കുന്നത്.

‘അവന്‍ ഞാന്‍ തന്നെയാകുന്നു’ എന്ന കൃതിയിലെ ‘നിഴല്‍ നാടക’മെന്ന കവിതയില്‍ പലതും മൂളി താളം കൊറിച്ച് നഗരവക്ക് അരങ്ങാക്കുന്ന ഗതിയല്ലാതെ മറ്റൊന്നുമില്ല ജീവിതത്തിലെന്ന ശൂന്യതാബോധമാണുള്ളത്. കനവുകളില്‍ അര്‍ബ്ബുദത്തിന്‍റെ കൊടിയുമായി നീങ്ങുന്ന അരാജകത്വകാലത്തെ പറഞ്ഞുവയ്ക്കുന്നുണ്ടിവിടെ.
ഇതൊരു നിഴല്‍ നാടകമാണെന്നു പറയുന്ന കവി തന്‍റെ പിറകില്‍ നിന്നൊരു കോമാളിയുടെ ചിരി കേള്‍ക്കുന്നുണ്ടോ എന്നു ചോദിക്കുമ്പോള്‍ ജീവിതത്തിന്‍റെ വെച്ചുകെട്ടലുകള്‍ പൊളിഞ്ഞു വീഴുന്നു. കാലത്തിന്‍റെ മാറ്റങ്ങളുടെ വക്കത്തെ പതിവുകാഴ്ചയാണ് നമ്മളെന്ന് നമ്മുടെ പതിവുകളുടെ ചെടിപ്പുകളിലൂടെ ചൂണ്ടിക്കാട്ടുന്നു.

പ്രകൃതിയുടെ, പൊരുളിന്‍റെ സ്ഥലികള്‍
സന്ധ്യയ്ക്കൊപ്പം തെല്ലിടനേരമിരിക്കാനും ഈറന്‍നിഴല്‍പ്പാടുകളാകാനും കുംഭമഴയോടു പറയുന്ന കവി പെട്ടെന്നുള്ള അതിന്‍റെ വരവ് മുല്ലയുടെ ക്ഷീണം കൊണ്ടോ അതോ തന്‍റെ ഉള്‍ത്താപംകൊണ്ടോ എന്നാരായുകയാണ്. തന്നേയും ചുറ്റുമുള്ള ജൈവപ്രകൃതിയേയും ബന്ധിപ്പിക്കത്തക്കതായി പലതുമുണ്ടെന്ന സൂചന പ്രത്യക്ഷവത്കരിക്കപ്പെടുന്നു.

‘പകുതി’യെന്ന കവിതയില്‍ അതിരുകളഴിഞ്ഞ് തന്നിലലിയുന്ന ആകാശത്തേയും അറിവില്‍ നിറകതിരായി വിരിയുന്ന പ്രഭാതത്തേയും സംബോധന ചെയ്യുന്ന കവി തന്നില്‍ നിന്നും വേറിട്ട മറ്റൊന്നായല്ല പ്രകൃതിയെ ഉള്‍ക്കൊള്ളുന്നതെന്നു വ്യക്തം. വിണ്‍മലരായി ഇതള്‍ പകുതി വിടരുന്ന കരളില്‍ നിറമധുവായി മുഴുമയുടെ പൊരുളും പെരുമയുമായി വരാനാണ് തന്‍റെ അപര പ്രകൃതി ചേതനയോട് കവി പറയുന്നത്. ഇരുളുന്ന പ്രാണനിലെത്തുന്ന പക്കലാണ് കവിയ്ക്കു പ്രകൃതി.

‘എന്തോ തിരയുന്നവളെ’ന്ന കവിതയില്‍ വീണ്ടുമൊരുണര്‍വ്വായ് പുലരിക്കതിര്‍പോല്‍ കയറിവരുന്ന ഓണത്തിന്‍റെ പ്രസരിപ്പ് മണ്‍കുടിലില്‍ പ്പോലും കയറിവരുന്ന അനുഭൂതിയാണെന്ന് കവിമതം. ചിങ്ങക്കൂറായ് വന്ന് നെഞ്ചകത്തും നെറുകയിലും തണല്‍നെയ്യുന്ന അവളോട് പൊരുളെന്തെന്നു തേടുമ്പോള്‍ എന്ത് മറന്നുവെച്ചാണതിന്‍റെ വരവെന്നും കാലമെന്താണ് മറച്ചുവെച്ചതെന്നും ഏതു മൂല്യമാണ് വീണ്ടും വന്നു തിരയാന്‍ മാത്രമുറച്ചുപോയിട്ടുള്ളതെന്നും കവി അന്വേഷിക്കുന്നു. അവനവനെ തേടുന്നതിനുള്ള തെളിച്ചമായതു മാറുന്നതുകൊണ്ടു തന്നെ വെടിയക്കാലക്കണിയായി വെളിയട നീക്കിയണഞ്ഞാലുമെന്ന ആദരപൂര്‍വ്വമായുള്ള അപേക്ഷ കവിയുടെ ജീവിതമൂല്യത്തിന്‍റെ പ്രതിഫലനമാണ്.
ആഘോഷങ്ങളില്‍ വാചാലനാകുന്ന കവിയുടെ ‘ഓണക്കതിരുകളെ’ന്ന കവിതയില്‍ ഓണം കുടിലിനനുഗ്രഹമായെത്തെന്നുവെന്നു പറയാന്‍ മടിയില്ല. തായ്മൊഴി പൂവിട്ടതറിഞ്ഞ് കവി സന്തോഷിക്കുകയും പായാരങ്ങളിലേര്‍പ്പെടുകയും ചെയ്യുന്നു. ഒടുവില്‍ വര്‍ത്തമാനങ്ങള്‍ നിര്‍ത്തി പകലു തുടച്ച് പടിയിലിരിക്കുമ്പോള്‍ മറ്റൊരോണപ്പുലരിയുടെ അവശേഷിപ്പിലാണ് കവി.
പുലരിയും പകലും കവിയേറെ ഉപയോഗിക്കുന്ന ബിംബങ്ങളാണ്. ഉദയപ്പകര്‍ച്ചകളെ സന്തോഷമായും പിറവിയായും ജീവിതം നല്‍കുന്ന മറ്റൊരവസരമായും പ്രത്യക്ഷപ്പെടുന്ന കവിതകള്‍ ഒന്നിലധികമാണ്. തൊടിയിലെ തളിരിലും മലരിലും വന്നു നിറയുന്ന കനവിന്‍റെ രാഗസഞ്ചാരവും ഇളംമുറംകണ്ണുകളിലെ വര്‍ണ്ണസംഭാരവും കവിക്ക് ഗ്രഹണത്തിനു ശേഷമുള്ള ഉദയക്കാഴ്ചയുടെ തുടര്‍ച്ചയാണ്.
‘ഞാന്‍ വീണ്ടുമിക്കടല്‍-
ത്തീരത്തു വറ്റാത്ത
പകലായ് പകര്‍ന്നു പാടുന്നേന്‍’
എന്നു പാടുന്ന കവി തന്‍റെ അനശ്വര കാവ്യചേതനയെ പകലില്‍ അലിയിപ്പിക്കുന്നു.
‘പടി കടന്നെത്തുമെന്നെ കരം പിടി-
ച്ചഴകൊടിന്നു നീ നിന്നില്‍ നിറയ്ക്കുക.’
എന്നു പറഞ്ഞ് വാതില്‍ക്കല്‍ മുട്ടിവിളിക്കുന്ന പുലരി പ്രകൃതിയുമായുള്ള ജൈവബന്ധത്തിന്‍റെ അടയാളവായ്പാണ്. അകം പൊരുള്‍ വെളിച്ചമായ് മാറ്റുവാനും പുറമെയല്ല തന്‍റെയിടമെന്നും പറയുന്ന പുലരിയുടെ വര്‍ത്തമാനങ്ങളില്‍ മനം അതിരുകള്‍ക്കപ്പുറം വ്യാപിക്കുന്ന അറിവിടങ്ങളില്‍ തന്‍റെ സൃഷ്ടിയുണ്ടെന്നു പറഞ്ഞ് കവിയെ തന്‍റെ പാഠങ്ങളോര്‍മ്മിപ്പിക്കുകയാണ്. ആ പഴയ പാഠത്തെ തെല്ലിടയെങ്കിലും മറന്നുവോ എങ്കിലും ആ പരിഭവത്തിനവധി നല്‍കാന്‍ പുലരി പ്രത്യാശിക്കുന്നു. ഒടുവില്‍ പഴയവനെത്തന്നെ അകത്തേക്കു ക്ഷണിക്കുകയെന്നും ആഗ്രഹിക്കുന്നു. ഒന്നെന്ന ബോധ്യങ്ങളെ ഉണര്‍ത്തേണ്ടതിന്‍റെ അനിവാര്യതയില്‍ കവിത പ്രകൃതിയുടെ, ജീവിത മൂല്യങ്ങളുടെ വാക്കുകളാകുന്നു.
‘അവിടെ നമ്മളൊന്നായീ മണ്ണിന്‍റെ
ഹരിതഭംഗിക്കുടയവരായിടാം’ എന്നത് സൗഹാര്‍ദ്ദത്തിന്‍റെ പ്രകൃതിപാഠമാണ്.
‘ഉലകു നിന്നില്‍ തിളങ്ങുമാവേളയ്ക്കാ-
യുയിരെരിക്കുവോന്‍ ഞാനെന്നറിക നീ’
എന്നത് മനുഷ്യന്‍റെ നിലനില്പിനെ ചൂഴ്ന്നു നില്‍ക്കുന്ന ജൈവികതയുടെ ബോധ്യപ്പെടുത്തലിന്‍റെ ഭാഷ്യമാണ്. നിന്നില്‍ നിറയുന്നു ഞാനെന്നു മാത്രമല്ല ‘ഹാവു നാമെത്ര സുന്ദരര്‍’ എന്ന ഏകാത്മകതയുടെ സ്വരത്തില്‍ സൗന്ദര്യത്തിന് ഉള്‍ക്കൊള്ളലിന്‍റെ, ലയനബോധ്യങ്ങളുടെ മറ്റൊരു കാഴ്ച കൂടിയുണ്ടാകുകയാണ്. സ്വത്വത്തിന്‍റെ രൂപപ്പെടലും കലരലുമാണത്.

സ്വത്വവും വാക്കും

പകലായി പതയുന്ന സൂര്യകാരുണ്യമായും പുഴത്തീരപ്പടവില്‍ പുലര്‍കാല ഭംഗിയായ് തുടുത്തു തുടിച്ച സാന്നിധ്യമായും വന്ന നേര്‍വെട്ടമാണ് വാക്ക്. അത് പൊരുളു തന്നെയാണ്. കരളുകൊണ്ടു തൊട്ട ആ നേര് അന്നു തൊട്ടിന്നോളമുള്ള ഭൂസഞ്ചാരങ്ങളില്‍ കനവും വെളിച്ചവുമായ് നിറഞ്ഞു നിന്ന ചൈതന്യത്തേക്കുറിച്ച് ‘നേര്‍വെട്ട’മെന്ന കവിതയില്‍ വിചാലനാകുന്ന നീലമ്പേരൂര്‍ തന്‍റെ സ്വത്വത്തിന്‍റെ വളര്‍ച്ച തന്നെയാണ് വാക്കിലൂടെ അനാവരണം ചെയ്യുന്നത്.
‘ആത്മപുരാണ’ത്തില്‍
‘തിരിവെളിച്ചമേ വാക്കുകള്‍ക്കെങ്കിലും
തിരയിളക്കുന്നു പിന്നിലെ തീക്കടല്‍’
എന്നു പാടുന്ന കവി ജീവിതത്തെ പകുതി വെള്ളം നിറഞ്ഞ വള്ളമായി കണക്കാക്കുന്നു. പുഴക്കടവാകട്ടെ ഇനിയുമകലെയാണു താനും. അകമേ തേങ്ങിക്കലമ്പുന്ന ജീവിതത്തെ വാക്കുകൊണ്ടതിജീവിക്കുന്ന മനുഷ്യനെയാണിവിടെ മറകളൊന്നുമില്ലാതെ അടയാളപ്പെടുത്തുന്നത്. ഇന്നലെകളില്‍ വഴി നടന്നു മറഞ്ഞവര്‍ വരുതിയില്‍ കൊടുത്ത വാക്കും വെളിച്ചവും കവിയ്ക്കു കൂട്ടായും ശക്തിയായും മാറുന്നു.
‘ഇനിയുമെന്ത്? പുലര്‍ച്ച തീണ്ടാത്തീര-
ത്തെവിടെയോ തുഴയറ്റതാമെന്‍ നൗക’
എന്ന ബിംബകല്പന അദ്ദേഹത്തിന്‍റെ മറ്റു കവിതകളിലും ആവര്‍ത്തിക്കുന്നതായി കാണാം. (ഉദാ: ഇപ്പോള്‍ ഇങ്ങനെ…)
കവിയ്ക്ക് കവിത ചിലപ്പോള്‍ തന്‍റെ തന്നെ അപരത്വമോ നേര്‍പ്പകര്‍പ്പോ ആണ്. കവിയ്ക്ക് പകലറുതിയില്‍ നിന്നു കിതയ്ക്കുമ്പോള്‍ കവിത ശാപവുമഗ്നിയുമാകുന്നതു കൊണ്ടാണ്. മറ്റു ചിലപ്പോള്‍ ശവക്കച്ച പുതച്ചൊഴിഞ്ഞ വാക്കിന്‍റെ പുറംതോടും നീട്ടി കവി ഇറങ്ങിനില്‍ക്കുന്ന ഇടമാണ്. മരണവും ജീവിതവും കാലവും പ്രകൃതിയുമൊക്കെ കവിയുടെ സ്വത്വത്തിന്‍റെ നാഡികളാണ്. അതുകൊണ്ടു തന്നെ കവിതയുടേയും. കവിത ആത്യന്തികമായി ജീവിതത്തിന്‍റെ, ജീവിക്കുന്നവരുടെ മുഴക്കമാകുമ്പോള്‍
‘നേരും നെറിയും
നിറയുന്ന വാക്കിന്‍റെ,
നേരൊച്ച ഞാനല്ലാ-
താരാണിവിടെ?
നേര്‍വെട്ടം ഞാനല്ലാ-
താരാണിവിടെ’
എന്ന കവിയുടെ ചോദ്യത്തിന് മറ്റൊരുത്തരം തേടാന്‍ വായനക്കാരനശക്തനായെന്നു വരും.
*’ഉള്ളില്‍ നിറയുന്ന കടലെ’ന്ന കവിതയിലെ വരി.

ഗ്രന്ഥസൂചി
1. മധുസൂദനന്‍ നായര്‍ നീലമ്പേരൂര്‍, അവന്‍ ഞാന്‍ തന്നെയാകുന്നു, എസ്.പി.എസ്, കോട്ടയം, 2010.
2. മധുസൂദനന്‍ നായര്‍ നീലമ്പേരൂര്‍, കടലിലൊരു കടല്‍ പോലെ, ചിന്ത പബ്ലിക്കേഷന്‍സ്, തിരുവനന്തപുരം, 2009.

ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : [email protected]

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.

Latest articles

4K മികവോടെ സ്ഫടികമെത്തുന്നു

മലയാളി മറക്കാത്ത മാസ്സ് കഥാപാത്രങ്ങളുടെ ലിസ്റ്റെടുത്താൽ, ആടുതോമയതിൽ മുൻനിരയിൽ തന്നെ കാണും. 1995 ൽ,സ്വന്തം കഥയിൽ ഭദ്രൻ സംവിധാനം...

രോമാഞ്ചം

സിനിമ സുർജിത്ത് സുരേന്ദ്രൻ ഒരു ട്രെയ്‌ലർ പോലും കാണാതെ, തീർത്തും അപ്രതീക്ഷിതമായി കണ്ട ഒരു പടം. സൗബിനേയും അർജുൻ അശോകനെയും സജിൻ...

വാണി ജയറാം അന്തരിച്ചു

ഇന്ത്യൻ സിനിമയിലെ സുന്ദരശബ്ദങ്ങളിലൊന്ന് വിടപറഞ്ഞു. രാജ്യം പത്മഭൂഷൺ നൽകി ആദരിച്ച സിനിമാ പിന്നണി ഗായിക വാണി ജയറാം അന്തരിച്ചു.78...

തിരസ്കൃതന്റെ സാക്ഷ്യപത്രമെത്തുന്നു

പ്രേക്ഷകനോട് സംവദിക്കാൻ ഏകാംഗനാടകത്തോളം മികച്ച മറ്റൊരു കലാരൂപമില്ല. വിവിധ ഭാവങ്ങളിലേക്ക് അനുമാത്രം മിന്നിമാറാൻ കെല്പുള്ള ഒരു അഭിനേതാവിന് മാത്രമേ...

More like this

4K മികവോടെ സ്ഫടികമെത്തുന്നു

മലയാളി മറക്കാത്ത മാസ്സ് കഥാപാത്രങ്ങളുടെ ലിസ്റ്റെടുത്താൽ, ആടുതോമയതിൽ മുൻനിരയിൽ തന്നെ കാണും. 1995 ൽ,സ്വന്തം കഥയിൽ ഭദ്രൻ സംവിധാനം...

രോമാഞ്ചം

സിനിമ സുർജിത്ത് സുരേന്ദ്രൻ ഒരു ട്രെയ്‌ലർ പോലും കാണാതെ, തീർത്തും അപ്രതീക്ഷിതമായി കണ്ട ഒരു പടം. സൗബിനേയും അർജുൻ അശോകനെയും സജിൻ...

വാണി ജയറാം അന്തരിച്ചു

ഇന്ത്യൻ സിനിമയിലെ സുന്ദരശബ്ദങ്ങളിലൊന്ന് വിടപറഞ്ഞു. രാജ്യം പത്മഭൂഷൺ നൽകി ആദരിച്ച സിനിമാ പിന്നണി ഗായിക വാണി ജയറാം അന്തരിച്ചു.78...