Elena Ferrante
Illustrations: Mara Cerri
Malayalam Translation : Soumya P N
ഒത്തിരി സംസാരിക്കുന്ന ഒരഞ്ചുവയസുകാരിയാണ് മാറ്റി. എന്നോട് പ്രത്യേകിച്ചും അവള് ഒരുപാട് സംസാരിക്കും. ഞാൻ അവളുടെ പാവയാണ്. അവളുടെ അച്ഛൻ ദാ ഇപ്പോ വന്നതേയുള്ളൂ. അയാൾ എല്ലാ ആഴ്ചയറുതിയിലും ബീച്ചിൽ വരും. അച്ഛൻ മാറ്റിക്ക് ഒരു സമ്മാനവും കൊണ്ടുവന്നിട്ടുണ്ട്. കറുപ്പും വെളുപ്പും നിറമുള്ള ഒരു പൂച്ച.
അഞ്ച് മിനുട്ട് മുന്പുവരെ എന്റെ കൂടെ കളിച്ചിരുന്ന മാറ്റി ഇപ്പോ ആ പൂച്ചയുടെ കൂടെയാ കളിക്കുന്നത്.
മീനു എന്ന് അതിന് പേരുമിട്ടു.
ഞാനവിടെ വെയിലത്ത് മണലിൽ കിടക്കുകയാണ്. എന്താ ചെയ്യേണ്ടതെന്നറിയില്ല.
മാറ്റിയുടെ ചേട്ടൻ മണലിൽ കുഴിച്ചു കൊണ്ടിരിക്കുന്നു. അവനെന്നെ തീരെ ഇഷ്ടമല്ല. കുഴിക്കുന്ന മണൽ മുഴുവൻ എന്റെ മേലാക്കണവനിടുന്നത്. എന്തൊരു ചൂടാണിവിടെ!
മാറ്റി എന്റെ കൂടെ അവസാനം കളിച്ചത് എനിക്കിപ്പോഴുമോർമ്മയുണ്ട്. എന്നെ അവൾ ചാടിച്ചു ഓടിച്ചു ഒച്ചയിടുകയും കരിയിക്കുകയും സംസാരിപ്പിക്കുകയും ഒക്കെ ചെയ്തു. കളിക്കിടെ ഞാൻ ചറപറാ വർത്തമാനം പറയും. ആരോട് സംസാരിച്ചാലും അവരൊക്കെ മറുപടിയും പറയും. ഇവിടെയിങ്ങനെ മണ്ണിൽ മൂടപ്പെട്ടു കഴിഞ്ഞ് എനിക്ക് മതിയായി.
ഒരു വണ്ട് തെരക്കിട്ട് വഴിയുണ്ടാക്കി കുഴിച്ചു പോവുന്നു. എന്നെ കണ്ടുവെന്നുപോലും നടിക്കുന്നില്ല.
മാറ്റിയുടെ അമ്മ ഒരു മണിക്കൂർ മുന്പു തന്നെ ബീച്ചിൽ നിന്ന് വീട്ടിലേക്ക് പോയിക്കഴിഞ്ഞിരുന്നു. ഇപ്പോ അച്ഛനും ബാഗുകളുമെടുത്ത് പോകാൻ ഒരുങ്ങുകയാണ്. “മാറ്റി, പോവാം. വേഗമാവട്ടെ.” ആ വലിയ ബീച്ചു കുടയുടെ ചുവട്ടിൽ നിന്ന് ചേട്ടന്റെയും പൂച്ചയുടെ കൂടെ മാറ്റിയതാ ഓടുന്നു. അപ്പോൾ ഞാനോ? മാറ്റി കണ്ണിൽ നിന്നും മറഞ്ഞു.
ഞാൻ “മാറ്റീ” എന്നു വിളിച്ചു. മാറ്റി കേൾക്കുന്നില്ല. അവൻ മിനു പൂച്ചയോട് സംസാരിക്കുകയാണ്. അവനെ മാത്രമേ അവൾ കേൾക്കുന്നുണ്ട്. അവൻ മറുപടിയും പറയുന്നുണ്ട്.
സൂര്യനസ്തമിച്ചു. വെളിച്ചം മാറി. ബീച്ചു കാവൽക്കാരൻ വരുന്നുണ്ട്. അവന്റെയൊരു കണ്ണ്. എനിക്കിഷ്ടമേയല്ല. എന്റെ കണ്ണുകൾ. വലിയ ബീച്ചു കുടകളെല്ലാം മടക്കിവെക്കുകയാണവൻ. അവന്റെ പല്ലി വാലു പോലുള്ള മീശത്തുന്പ് ചുണ്ടിനു മീതെ അനങ്ങുന്നത് കാണാം.
എനിക്ക് പിടികിട്ടി. അവനാ സന്ധ്യക്കുളള്ള കാവൽക്കാരനാണ്. മാറ്റി അവനെക്കുറിച്ച് പേടിയോടെയാണ് പറയാറുള്ളത്. ഇരുട്ടാവുന്പോൾ വന്ന് കുട്ടികളുടെ കളിപ്പാട്ടങ്ങൾ മോഷ്ടിക്കും. അത്ര ദുഷ്ടനാണ്. അവന് നല്ല പൊക്കമുണ്ട്. അവന്റെ ചങ്ങാതിയായ മണ്ണുമാന്തിക്ക്. ഇരുവരും മണലിൽ ചികയാൻ തുടങ്ങി. ഒരു പാട്ടും പാടുന്നുണ്ട്.
മണ്ണുമാന്തിക്ക് രാകിമിനുക്കിയ നീളൻ ലോഹപ്പല്ലുകളുണ്ട്. നീങ്ങുന്നതിനൊപ്പം മണലിൽ മാന്തിക്കീറുന്നു. എനിക്ക് പോടിയാവുന്നുണ്ട്. അവനെന്നെ ഉപദ്രവിക്കും. പൊട്ടിച്ചു കളയും. ഇതാ വരുന്നു…. അടുത്തെത്തി… അവനെത്തി.
ഉരുളൻ വെള്ളാരങ്കല്ലുകളുടെയും കക്കകളുടെയും പഴക്കഷണങ്ങളുടെയും കൂടെ ഞാനും അവന്റെ പല്ലിനടിയിൽ പെട്ടു.
മണ്ണുമാന്തിയുടെ പല്ലിനിടയിൽ പെട്ടെങ്കിലും വലിയ തകരാറില്ലാത്ത പരുവത്തിൽ തന്നെയാണ് ഞാനിപ്പോഴും. ചീത്ത കാവൽക്കാരൻ പേടിപ്പിക്കും പോലെ പാടുന്നത് തുടർന്നു. മാന്തിയെടുത്തതെല്ലാം കൂടി കുപ്പിച്ചില്ലും മണലും കുപ്പീടടപ്പും ചുള്ളിക്കന്പുമെല്ലാമുള്ള ഒരു കൂനയിലെത്തി. ഒരു പ്ലാസ്റ്റിക്ക് കുതിരയുടെ അടുത്താണ് ഞാൻ വന്നുവീണത്. അതിനടുത്ത് കുപ്പീടടപ്പ്, ബോൾ പേന, നേരത്തെ എന്റെടുത്തുകൂടി കുഴിച്ചു നീങ്ങിയ വണ്ട് ഒക്കെയുണ്ട്. വണ്ട് ചിറകു വീശി നീങ്ങിത്തുടങ്ങി.
നേരം പിന്നെയുമിരുണ്ടു. എനിക്ക് നല്ല സങ്കടം വരുന്നുണ്ട്. ദേഷ്യവും. ഈ മിനു പൂച്ചയെ എനിക്കിഷ്ടമല്ല. ശരിക്കു പറഞ്ഞാൽ വെറുപ്പാണ്. പേരുപോലും പൊട്ടയാണ്. അവന് വയറിളക്കവും ഛർദ്ദിയും വന്ന് നാറട്ടെ. മാറ്റി മനം മടുത്ത് അവനെ കൊണ്ടു കളയട്ടെ. ഈ നേരത്ത് സാധാരണ ഞാനവളുടെ കൂടെ കളിച്ച് വീട്ടിലെ എല്ലാവരുടെയും കൂടെ കഴിക്കാനിരിക്കയാവും. അവളുടെ സ്പൂണിൽനിന്നു തന്നെ. ഒരു സ്പൂൺ അവൾക്ക്, ഒന്ന് എനിക്ക്. അതിനും വേണ്ടി ഞാനിപ്പൊ ഇവിടെ വണ്ടിന്റെ പോലെ മണ്ണിൽ മലർന്നു കിടപ്പാണ്. പോരാത്തതിന് ദുഷ്ടൻ ബീച്ചു കാവൽക്കാരന്റെ പൊട്ട പാട്ടും കേൾക്കണം. ഇരുട്ടാകുന്നു. നക്ഷത്രങ്ങളൊന്നുമില്ല. നിലാവും കടലിരന്പുന്നത് ഉയർന്നു കേൾക്കാം. തണുക്കുന്നു. ജലദോഷം പിടിക്കും. മാറ്റി എന്നോട് എപ്പോഴും പറയും,. തണുപ്പടിച്ചാൽ നിനക്ക് ജലദോഷം പിടിക്കും.” അവളുടെ അമ്മ അവളോട് പറയുന്നതു പോലെ തന്നെ. മാറ്റിയും ഞാനും അമ്മയും കുട്ടിയുമാണല്ലോ. അതുകൊണ്ട് അവളെന്നെ മറന്നിട്ടുണ്ടാവില്ല. തീർച്ച.
ഞാൻ ഇവിടെ ബീച്ചിൽ തന്നെയാണെന്നറിഞ്ഞാൽ അവളുടൻ വന്ന് എന്നെ കൂട്ടിക്കൊണ്ടു പോകും. ചിലപ്പോൾ എന്നെ ഒന്നു പേടിപ്പിക്കാൻ അവളൊരു കളി കളിക്കുന്നതാവും.
ആ ദുഷ്ടൻ ബീച്ചു കാവൽക്കാരൻ ദേഷ്യത്തിലാണ്. എന്റെയടുത്ത് കുനിഞ്ഞിരുന്ന് മണ്ണു മാന്തിയോടവൻ പറഞ്ഞു. “കഷ്ടം ഒരു കല്ലു വെച്ച മാലയോ കൈച്ചെയിനോ പോലും കിട്ടിയില്ല. ഈ വൃത്തികെട്ട പാവം മാത്രം.”
“ഞാൻ വൃത്തികെട്ടതൊന്നുമല്ല.” ഞാൻ ചീറി.
ദുഷ്ടൻ ബീച്ചുകാവൽക്കാരൻ എന്നെ ക്രൂരമായി നോക്കി. അവനാ മീശയുടെ പല്ലിവാലറ്റം കൊണ്ട് തന്നെ അഴുക്കപുരണ്ട വിരൽ കൊണ്ട് എന്നെ എടുത്ത് വായ പിടിച്ച് തുറക്കാൻ ശ്രമിക്കുകയാണ്. കുലുക്കി നോക്കുന്നു. അവൻ മണ്ണുമാന്തിയുടെ പറയുകയാണ്. “ഇവളുടെ പക്കൽ ഇപ്പോഴും വാക്കുകളുണ്ട്.” എന്നിട്ട് എന്നോടായി, “നിന്റെ മമ്മ എത്രയെണ്ണം പറഞ്ഞു തന്നിട്ടുണ്ട്.” കളികൾക്കു വേണ്ടി മാറ്റി എന്നെ പഠിപ്പിച്ച വാക്കുകളെല്ലാം ഞാൻ തൊണ്ടയുടെ ഉള്ളറ്റത്ത് ഒളിപ്പിച്ചു വെച്ചു. എന്നിട്ട് ഒന്നും മീണ്ടാതെയിരുന്നു. കളികളിലെ വാക്കുകൾക്ക് പാവച്ചന്തയിൽ നല്ല വില കിട്ടും. നോക്കട്ടെ.”
മണ്ണുമാന്തി അതു സമ്മതിക്കുന്ന മട്ടിൽ പല്ലുകൾ മുന്നോട്ടു നീക്കി. എന്റെ നെഞ്ഞു കീറി മുറിക്കാനാവും ഭാവം. പക്ഷെ ദുഷ്ടൻ കാവൽക്കാരൻ അത് വേണ്ടെന്ന് തലയാട്ടി. അയാൾ നാവു നീട്ടിയപ്പോൾ പല്ലുകൾക്കിടയിൽ നിന്ന് മഴത്തുള്ളി പോലെ ഒരു കൊളുത്ത് പുറത്തു വരുന്നു. തുപ്പൽ നൂലിൽ തൂങ്ങി ആ കൊളുത്തെന്റെ വായിലേക്ക് ഇറങ്ങിവരുന്നുണ്ട്. പെട്ടെന്ന് തന്നെ മാറ്റി തന്ന വാക്കുകളെല്ലാം ഞാനെന്റെ നെഞ്ചിലൊളിപ്പിച്ചു വെച്ചു. എനിക്കവൾ തന്ന പേരു മാത്രം ബാക്കിയായി. പേടിയായിട്ടുണ്ട്. അത് സെലീനാ എന്ന് സ്വയം വിളിച്ചു. കൊളുത്ത് അതു കേട്ടു. അത് നീണ്ടു വന്ന് പറിച്ചെടുത്തു. ശരിക്കും വേദനിച്ചു എനിക്ക്. എന്റെ പേര് മാറ്റി എനിക്ക് തന്ന പേര് – സെലീന അത് വായുവിലൂടെ പറന്ന്, തുപ്പൽ നൂലിലൂടെ പല്ലിവാൽ മീശയ്ക്കടിയിലൂടെ സന്ധ്യക്കുള്ള ദുഷ്ടൻ കാവൽക്കാരന്റെ വായിലേക്ക് പോയി മറഞ്ഞു. പക്ഷെ അവന് മതിയായിട്ടില്ല. ഒരു പേരു കൊണ്ട് ഒന്നുമായില്ല എന്നവൻ.
“വെറും സെലീന? അത്രേയുള്ളൂ? അവനെന്നെ ഇരുട്ടിലേക്ക് വലിച്ചെറിഞ്ഞു.
പിന്നെയും ഞാൻ പ്ലാസ്റ്റിക് കുതിരയുടെയും വണ്ടിന്റെയും ബോൾപേനയുടെയും അടുത്തു ചെന്നുവീണു.
മണ്ണുമാന്തിയോട് അവൻ ചോദിക്കുന്നത് കേട്ടു. “ഒരു പാവയുടെ പേരിന് എന്തു കിട്ടും? രണ്ടു രൂപയോ? അതോമൂന്നു കിട്ടുമോ?
എനിക്കെന്തു സങ്കടമായെന്നോ? മാറ്റി എനിക്കു തന്ന പേര് എന്നേക്കുമായി പൊയ്പ്പോയി. ഇപ്പൊ ഞാൻ പേരു പോലുമില്ലാത്ത കുഞ്ഞു പാവയാണ്. പക്ഷെ ഞാൻ ഒരു വാക്കു മിണ്ടാതെ അനങ്ങാതെ ഇരിക്കുകയാണ്. ദുഷ്ടൻ ബീച്ച് കാവൽക്കാരൻ ഇപ്പോഴും നീണ്ടിരുണ്ട നിഴലായി ഇവിടെത്തന്നെയുണ്ടല്ലോ.
അവൻ പിന്നെയും പാട്ടു തുടങ്ങിയിട്ടുണ്ട്.
അവൻ കുന്പിട്ടിരുന്ന് തീപ്പെട്ടിയുരച്ചു. ചെറു ചൂടുള്ള തീജ്വാല. അത് ഉണങ്ങിയ വിറകിലേക്കവൻ കൊളുത്തി. തീ പെട്ടെന്ന് പിടിച്ചു. എന്നിട്ടവൻ എണീറ്റ് ചുള്ളികൾ കത്തുന്നത് നോക്കി. പിന്നെ മണ്ണുമാന്തിയും കൈയിലെടുത്ത് ഇത്തിരി ദൂരേക്ക് പോയി.
ഇപ്പോ എനിക്കല്പം സമാധാനമായി. തണുപ്പത്രയ്ക്കില്ല. ചൂടുണ്ട്. ഇനിയെനിക്ക് ജലദോഷം പിടിക്കില്ല.
വണ്ടിെനന്തോ ബേജാറുണ്ടല്ലോ. അവൻ തിരിഞ്ഞു കിടക്കുന്നല്ലോ.
“എന്തു പറ്റി? എന്താ പ്രശ്നം.”
അവൻ തീയുടെ വെളിച്ചത്തിൽ നിന്ന് മാറിപ്പോയി. പിന്നെ കാണാതായി. തീ ശരിക്ക് നല്ല കൂട്ടാണ്. ഇടയ്ക്കിടെ പ്സ്റ്റ് എന്ന് പൊട്ടലും ചീറ്റലും. പിന്നെ ചുവന്ന തരികൾ ചിതറിക്കൊണ്ട് കത്തിത്തെറിക്കലും.
കടലിന്റെ ശബ്ദവും കൂടുതലുറക്കെ കേൾക്കാനുണ്ട്.
ഒരു തിര വന്നു പോവുന്നു. പതയുടെ വെള്ള ഞൊറികളുള്ള ഉടുപ്പു ധരിച്ച മാന്യവനിതയെപ്പോലെ.
“എന്നെ ആകെ നനയ്ക്കാനാണോ ഭാവം”?
“ബ്റ്….. റൂ….ം”
“ശരി എന്തു വേണേൽ പറഞ്ഞോ. നീെയന്നെ നനച്ചാൽത്തന്നെ എനിക്കെന്താ?”
തീ എന്നെ കൂടുതൽ ചൂടുപിടിപ്പിച്ചു കൊണ്ടങ്ങനെ രസമായി കത്തുകയാണ്.
“നല്ല രസമുണ്ടിവിടെ. അല്ല കുഞ്ഞിക്കുതിരേ?” ഞാൻ പ്ലാസ്റ്റിക് കുതിരയോട് ചോദിച്ചു. ബോൾ പേനയോടും കുപ്പീടടപ്പിനോടും ഞാൻ വിളിച്ചു ചോദിച്ചു.
“നല്ല രസികൻ സായാഹ്നം അല്ലേ?”
അപ്പോഴാണ് കാര്യങ്ങൾ തകരാറിലാണെന്ന് എനിക്ക് മനസിലായത്. കുപ്പിയുടെ ലോഹഅടപ്പ് ചുവന്നിരിക്കുന്നു. ബോൾ പേന കറുത്ത മഷി തുപ്പി. ഫ്റി..സ് എന്ന് ശീൽക്കാരത്തോടെ പുളയുന്നു.
എനിക്ക് ആകെ വിഷമമായി.
പരിഭ്രമത്തോടെ ഞാൻ കുതിരയോട് പറഞ്ഞു. “നമുക്കുടൻ എന്തെങ്കിലും ചെയ്യണം. ബോൾപേനയ്ക്ക് സുഖമില്ല. ഛർദ്ദിക്കുന്നു.”
കുതിരക്കും സുഖമില്ല. അവന്റെ വാലും കുഞ്ചിരോമവുമൊക്കെ ചൂടിൽ ഉരുകിയിരിക്കുന്നു. അവന്റെ വായ് തലയുടെ അത്രയും വലിയ തുളയായിരിക്കുന്നു. ബോക്! അതാ ചുവന്ന നീല തീ അവനെ വിഴുങ്ങുന്നു. ഭയങ്കരം! തീ എല്ലാം ചുടുകയാണല്ലോ. എന്നെയും ചുട്ടുകളയുമല്ലോ.
“തീയെ, നീയെന്നെ ചുട്ടു പൊള്ളിക്കല്ലേ…. ഞാൻ മാറ്റിയുടെ പാവയാണ്. അവൾ നിന്നോട് ദേഷ്യപ്പെടും.
അതു കേട്ടതും തീനാളം എന്റെ നേരെ തിരിഞ്ഞ് ചുവന്നു തുടുത്ത നാവു നീട്ടി.
അപ്പോ ഞാൻ തിരയുടെ നേരെ തിരിഞ്ഞു.
“തിരേ.. എന്നെ രക്ഷിക്ക്. ഞാൻ മാറ്റിയുടെ പാവയാണ്. രാവിലെ ഞങ്ങളെ മൂട്ടിലെ മണലൊക്കെ നിന്റെ വെള്ളത്തിൽ കഴുകിയിരുന്നതോർമ്മയില്ലേ നിനക്ക്?”
ഇരുണ്ട തീരത്തേക്ക് തിര ആർത്തലച്ചുവന്നു.
ബ്റ്…. ഊം.
അതും പോരാഞ്ഞ് ദുഷ്ടൻ ബീച്ചു കാവൽക്കാരൻ മണ്ണുമാന്തിയോട് ആർത്തിയോടെ പറയുന്നു.
“നീ അതു കേട്ടോ ആ പാവ പ്രാന്തു പിടിച്ച പോലെയാണ് സംസാരിക്കുന്നത്. വേഗം വാ, നാളെ നമുക്കവളുടെ വാക്കുകളാക്കാം പാവച്ചന്തയിൽ വിറ്റ് പണം വാരാം.”
ഇപ്പൊ എനിക്ക് ശരിക്കും പേടിയാവുന്നുണ്ട്.
മാറ്റിയുള്ളപ്പോൾ ഞാൻ ഏത് സാധനത്തോടും ഏത് ജന്തുവിനോടും സംസാരിച്ചിരുന്നു. അവയെല്ലാം എന്നോട് കൃത്യമായും വ്യക്തമായും മറുപടി പറയും. ആൾക്കാരോ സാമാനങ്ങളെ വൃത്തികെട്ട ജന്തുക്കളോ ഞങ്ങളോട് തോന്ന്യാസം കാട്ടിയാൽ ഞങ്ങളവരോട് ഒച്ചയിടും. അപ്പോഴവർ മര്യാദക്കാരാവും. കുഞ്ഞു പയ്യന്മാർ ഞങ്ങളെ ഇടിക്കാനോ ഉമ്മ വെക്കാനോ ഞങ്ങളുടെ ഉടുപ്പു പൊക്കി നോക്കാനോ അവരുടെ കുഞ്ഞു സാമാനം കൊണ്ട് കാലിൽ മൂത്രമൊഴിക്കാനോ നോക്കിയാലും ഞങ്ങൾക്കറിയാം. ഒടുക്കം ഞങ്ങൾ തന്നെ ജയിക്കുമെന്ന് പക്ഷേ ഇപ്പോൾ….
മാറ്റിയെ കൂടാതെ എങ്ങനെ രക്ഷപ്പെടുമെന്ന് എനിക്കൊരു പിടിയുമില്ല.
തിര എന്തോ പറയുന്നുണ്ട്. എനിക്ക് മനസിലാവുന്നില്ല.
പേനയേം കുതിരേം കത്തിച്ചതുപോലെ എന്നേം കത്തിക്കാനായി തീ നാവു നീട്ടി വരുന്നുണ്ട്.
ദുഷ്ടൻ ബീച്ചു കാവൽക്കാരനും കൂട്ടായ മണ്ണുമാന്തിയും എന്റെ പേരു കൈക്കലാക്കി. പോരാഞ്ഞിട്ട് ഇപ്പോ മാറ്റി തന്നെ വാക്കുകൾ കൂടി കവരാനാണവന്റെ ഉദ്ദേശം.
എപ്പോഴും ഒരേ വാക്കുകൾ ആവർത്തിക്കുന്ന പൊട്ടത്തിപ്പാവയായാലോ…. “അയ്യോ…. മാറ്റീ… എവിടെപ്പോയി മമ്മീ…. ഞാൻ നിന്റെ പാവയല്ലേ…. എന്നെ വിട്ടുകളയല്ലേ…. ഇപ്പൊ എന്നെ വന്നുകൊണ്ടുപോയില്ലെങ്കിൽ നീയെന്നെ കരിയാൻ വിട്ടാൽ സത്യമായിട്ടും ഞാൻ കരയും.”
അവസാനം തീയിനു എന്നെ പിടുത്തം കിട്ടി. മുന്നോട്ടാഞ്ഞ് എന്റെ നീല ഉടുപ്പിന്റെ അറ്റത്ത് തീ എത്തിപ്പിടിച്ചു. തുണി കരിയുന്നു. ഫ്സ്… ഒരു വല്ലാത്ത നാറ്റം.
“പൊട്ട തീയേ…. ചണ്ടീ തീയേ… പോ… പോ..”
ഞാനതിനെ ശകാരിച്ചു.
തീ ഫ്സ്…. എന്നു പിന്നെയും മുന്നോട്ടു പടരുകയാണ്. അവന്റെ പൊള്ളിത്തിളയ്ക്കുന്ന ശ്വാസം എന്റെ കൈയിൽ വരെയെത്തി. ദുഷ്ടൻ ബീച്ചു കാവൽക്കാരൻ മണ്ണുമാന്തികൊണ്ട് എന്നെ തോണ്ടിയെടുക്കാൻ നോക്കി. മണ്ണുമാന്തിയുടെ ഇരുന്പു പല്ലുകൾ തീപ്പൊരി ചിതറിച്ചു കൊണ്ട് എന്നെ പിടിക്കാനായി ചുള്ളികൾക്കിടയിലൂടെ എത്തി.
ഞാൻ അവസാനമായി മാറ്റിയെക്കുറിച്ചും അവളുടെ നനുത്ത കിടക്കയും ഒക്കെ ഓർക്കുകയാണ്. രാത്രിയിൽ എന്റെ മമ്മയെ കെട്ടിപ്പിടിച്ച് പുതപ്പിനിടയിലുറങ്ങാൻ എന്തു സുഖമാണ്. ഇനിയതൊന്നും ഉണ്ടാവില്ല. അവളിപ്പോ ആ പൂച്ചയെ കെട്ടിപ്പിടിച്ചാവും ഉറങ്ങുന്നത്. എന്നെ ഇപ്പൊ അവൾക്കും ഒട്ടും ഇഷ്ടമല്ല. എന്നെ മണ്ണുമാന്തി പിടിക്കാതിരിക്കട്ടെ. എനിക്ക് തന്നാലെ എരിഞ്ഞാൽ മതി. മാറ്റിയും ഞാനും കളിച്ചിരുന്ന വാക്കുകൾ ഉള്ളിലൊളിപ്പിച്ച് അങ്ങനെ…..
അപ്പോഴേക്കും പക്ഷേ തിര വന്നു. അവനൊരുപാട് വലുതാണ്. ഇരുണ്ട് പുളയുന്ന ദേഹത്തിനു മേലൊരു വെളുത്ത വായ, എന്റെ മേലേക്കൂടി പറന്ന് തീ കെടുത്തി. മണ്ണുമാന്തിയുടെ മീതെ ബ്റൂ… എന്ന് ചീറി. അതിന്റെ ചുട്ടുപഴുത്ത പല്ലിൽ വെള്ളമായപ്പോൾ വെളുത്ത പുകയാണത് പുറത്ത് വിട്ടത്.
തീ കെടുകയും ചെയ്തു.
തിരയോട് നന്ദി പറയാൻ തുടങ്ങുന്പോഴേക്കും അതെന്നെ വലിച്ച് ഇരുട്ടിലേക്ക് കൊണ്ടു പോവുകയാണല്ലോ. എല്ലാം ഇരുളുകയാണ്. കക്കകളും വെള്ളാരങ്കല്ലുകളും കുപ്പീടടപ്പും കരിക്കട്ടകളും ഞാനും എല്ലാം. ഞാനങ്ങനെ കടലിലെത്തി.
“കടലേ, നീ നല്ല ദയയുള്ളവനാണ്. നീയും നിന്റെ തിരയും എന്നെ രക്ഷിച്ചല്ലോ. ഇനിയെന്നെ തിരിച്ച് കരയിലെത്തിക്കണേ… ഒത്തിരി നന്ദിയുണ്ട്.”
കടൽ ഒന്നും പറയുന്നില്ലല്ലോ. പറഞ്ഞാലും എന്റെ അപേക്ഷ സ്വീകരിക്കാൻ അവനാവില്ല. കടലിൽ രാത്രിയിലെ കൊടുങ്കാറ്റ് തുടങ്ങിയിരിക്കുന്നു. നീണ്ടിരുണ്ട ഉടുപ്പിട്ടൊരു മാന്യ വനിതയാണ് കടലിലെ കൊടുങ്കാറ്റ്. തലയിൽ മിന്നൽക്കിരീടം. മുഴങ്ങുന്ന ശബ്ദം വലിയ വായ ആ വായിൽ നിന്നാണ് ഇടി മുഴങ്ങുന്നത്.
കൊടുങ്കാറ്റു കടഞ്ഞ കടൽ കണ്ടാൽ വീട്ടിൽ ഞാനും മാറ്റിയും ബാത്ത് ടബ്ബിൽ കടലും തിരയും കളിക്കുന്നതുപോലെ തന്നെയുണ്ട്. അതുപോലെ തന്നെയുണ്ട്. അതുകണ്ട് മാറ്റിയുടെ അമ്മ വന്ന് ഞങ്ങളോട് ദേഷ്യപ്പെടാറുണ്ട്.
“നിങ്ങൾ ഇപ്പൊ ഇവിടുന്നെറങ്ങണം. കാട്ടിക്കൂട്ടി വെച്ച കോലാഹലം കണ്ടോ?”
പക്ഷെ ഇവിടെ ആരും വരാനില്ല. ഞാൻ തനിച്ചാണ്. എനിക്ക് ഈ തിരയെ പോലും മനസിലാവുന്നില്ല.
അതാ വരുന്നു ആ കൊളുത്ത്. മഴത്തുള്ളിയുടെ അത്ര ചെറുതാണത്. നേർത്തൊരു തുപ്പവൽ നൂലിൽ തൂങ്ങി വരുന്നു. എന്നിട്ട് എന്റെ സദാ തുറന്ന വായിലേക്ക് വീണു. വായ നിറയെ െവള്ളമാണല്ലോ. വാക്കുകളെ വായിൽ നിന്നെടുത്ത് വയറ്റിലും നെഞ്ഞിലുമൊളിപ്പിക്കാനുള്ള നേരം കിട്ടിയില്ലെനിക്ക്.
കൊളുത്ത് ഒരു വാക്കിൽ കൊളുത്തി വലിക്കുകയാണ്. മറ്റു വാക്കുകളെല്ലാം പേടിച്ച് ഒന്നിച്ചൊന്ന് കണ്ണി ചേർന്ന് ചങ്ങല പോലെ നിൽക്കുന്നു.
ഞാൻ ഒരറ്റത്തു നിന്നു വലിച്ചു. കൊളുത്ത് മറ്റേ അറ്റത്തു നിന്നും ഇരുവർക്കുമിടയിലാണ് പേടിച്ചരണ്ട വാക്കുകളുടെ ചങ്ങല. എനിക്ക് കഠിനമായ ദേഷ്യം വരുന്നുണ്ട്. ഇപ്പോത്തന്നെ എനിക്കെന്റെ പേരു നഷ്ടപ്പെട്ടു. ഇനി വേറൊന്നും പോയോൽ പറ്റില്ല. ഞാനും മാറ്റിയും എന്തു സന്തോഷിച്ചിരുന്നെന്നോ ഈ വാക്കുകളെക്കൊണ്ട്. ഈ വാക്കുകളെ കൊണ്ട് മാറ്റി സംസാരിച്ചു എന്നെയും സംസാരിപ്പിച്ചു. എന്നെ മാത്രമല്ല മൃഗങ്ങളെ, നക്ഷത്രങ്ങളെ, മണൽത്തരികളെ, കടൽ വെള്ളത്തെ, ഇടിയും മിന്നലിനെയും ബീച്ചു കുടകളെയും എന്നു വേണ്ട എന്തിനെയും.
തൂപ്പൽ നൂലിനറ്റത്തെ കൊളുത്ത് എന്റെ വായിൽ നിന്നവയെ എടുത്തു കഴിഞ്ഞാൽ എനിക്ക് പിന്നെ അവയൊന്നും ഓർമ്മയുണ്ടാവില്ല. ഒന്നും പറയാൻ ഓർമിക്കില്ല. മാറ്റി എന്ന ഓമന പേരു പോലും.
സന്ധ്യക്കുള്ള ബീച്ചു സൂക്ഷിപ്പുകാരന്റെ ആ മണ്ണുമാന്തിയും കൂടി അതെല്ലാം പാവച്ചന്തയിിൽ വിറ്റു കാശാക്കും. മിക്കവാറും ആ മീനുപ്പൂച്ചയാവും അതൊക്കെ വാങ്ങുക.
കൊളുത്ത് ഒരു വലി വലിക്കുന്നല്ലോ.
ഒന്നിനോടൊന്നു കൈകോർത്തു നിൽക്കുന്ന വാക്കുകൾ പെട്ടെന്നു കടൽപ്പരപ്പിലേക്ക് ഉയർന്നു പോകുകയാണ്.
എനിക്ക് വായടക്കാൻ പറ്റിയപ്പോഴേക്കും ഒരൊറ്റ വാക്കു മാത്രമാണ് വായിലവശേഷിച്ചത് മമ്മ.
അവസാനത്തെ വാക്കു പുറത്തെത്തും മുന്പ് എനിക്ക് കഷ്ടി വായടക്കാൻ പറ്റി. അത് മമ്മ എന്ന വാക്കായിരുന്നു.
മമ്മ എന്ന വാക്ക് വായിലടച്ചു പിടിച്ചുകൊണ്ട് ഞാനും മുകളിലേക്ക് ഉയർന്നു. അങ്ങനെ വാക്കുകളി തൂങ്ങി കടൽപ്പരപ്പിലേക്ക് ഉയരുന്പോൾ ദുഷ്ടൻ ബീച്ചു സൂക്ഷിപ്പുകാരൻ വിഷം തുപ്പുന്ന ശബ്ദത്തിൽ തൊണ്ട തുറന്നു പാടുന്നത് കേട്ടു.
ഒറ്റ വലിത്ത് നാവു ഞാൻ മുറിക്കും.
പേരുകൾ ശടേന്നു പിടിച്ചെടുക്കും.
രാജാവിന്റെ നിധിക്കായി നാമൊരുമിച്ചു പാടും.
സ്നേഹത്തിനായി കേഴുന്നു ഞാൻ
രസിക്കാനായി കഴിക്കുന്നു ഞാൻ
അത് ചാവും വരെ ഞാൻ പൊളിക്കും
തുപ്പൽ നൂല് നേർത്തു നേർത്തു വന്നു. അവസാനത്തെ വലയിൽ വാക്കു ചങ്ങലയുടെ കൂടെ എന്നെക്കൂടി വെള്ളത്തിൽ നിന്നു പുറത്തേക്ക് എടുത്തു.
രാത്രി കഴിയാറായി.
പുലരിയിലെ ചെമന്ന വെളിച്ചത്തിലൂടെ ഞാൻ പറക്കുകയാണ്. മമ്മായുടെ ‘മ’യിൽ തൂങ്ങിക്കൊണ്ട്. ഞാൻ മണലിൽ വീണു എന്നു തന്നെ കരുതി. അതാ ഒരു ഇരുണ്ട ജന്തു ഓടിയടുത്ത് പല്ലുകൊണ്ട് എന്നെ കടിച്ചെടുത്ത് ഓട്ടം തുടരുന്നു.
കൊളുത്ത് വാക്കു ചങ്ങലയിൽ നിന്ന് വിട്ടുപോയി. ആ വലിയിൽ തുപ്പൽ നൂൽ പൊട്ടിപ്പോയ.ി, വാക്കുകൾ വായിൽത്തന്നെ ഇലാസ്റ്റിക് വള്ളിപോലെ തിരിച്ചെത്തി. സന്ധ്യക്കുള്ള ബീച്ച് സൂക്ഷിപ്പുകാരന് നിലതെറ്റി. മണ്ണുമാന്തിയുടെ കൂർത്ത പല്ലിലേക്ക് തന്നെ വീണു.
ആവൂ….ഔ… എന്നങ്ങനെ കരയുകയാണവൻ ഇപ്പോഴും.
പക്ഷെ എന്നെ വലിച്ചു കടിച്ചെടുത്ത ഇരുണ്ട ജന്തുവിന്റെ പല്ലുകൾ മൃദുവാണ്. കടിക്കുകയല്ലവൻ. വായ് കൊണ്ട് പിടിച്ചിട്ടേയുളളൂ. അവന്റെ ശ്വാസം എനിക്ക് ചൂടേകുന്നു. രാത്രിയിലെ കൊടുങ്കാറ്റും ചൂടേകുന്നു. രാത്രിയിലെ കൊടുങ്കാറ്റും ഇഴകിയ കടലും നനച്ച ബീച്ചിലൂടെ ഞങ്ങൾ ഓടുകയാണ്.
സൂര്യൻ ഉദിക്കുന്നുണ്ട്. ഭാഗ്യത്തിന്, എല്ലാം വേഗം ഉണങ്ങിക്കോളും.
ഇരുണ്ട ജന്തുവിന് എന്നെ ഇക്കിളിയാക്കുന്ന നീണ്ട മീശരോമങ്ങളുണ്ട്.
പൈൻ മരങ്ങൾക്കിടയിലൂടെയാണ് ഞങ്ങളോടുന്നത്.
പക്ഷികൾ പാടുന്നതും പൈൻ മരത്തിന്റെ കായ്കൾ ഉണങ്ങിയ സൂചിപ്പുല്ലുകൾ വീഴുന്നതുമെല്ലാം നേർത്തു കേൾക്കാം. ഒരു കൊച്ചു പെൺകുട്ടിയുടെ വല്ലാത്ത കരച്ചിലും കേൾക്കുന്നുണ്ട്. ആ ശബ്ദം എനിക്കറിയാമല്ലോ.
ജന്തുവിന്റെ ശ്വാസം കൂടുതൽ ചൂടുള്ളതാവുന്നു. വഴിയിൽ നിന്നു മാറി ഒരു പൈൻ മരത്തിന്റെ മുകളിൽ കയറി അതിന്റെ ചില്ലയിലൂടെ നീങ്ങി തുറന്നു കിടന്ന ഒരു ജനാലയിലൂടെ ഒരൊറ്റ ചാട്ടം.
കരയുന്ന കുട്ടി ഇതാ ഇരിക്കുന്നു.
രാത്രി മുഴുവൻ കരഞ്ഞ് ചുവന്ന് കണ്ണീരിൽ കുതിർന്ന മുഖം അച്ഛനോ അമ്മയ്ക്കോ ചേട്ടനോ ഒന്നുമവളെ സമാധാനിപ്പിക്കാനായില്ല.
ആ കൊച്ചുകുട്ടിയാണ് മാറ്റി. എന്റെ മാറ്റി.
ഇരുണ്ട ജന്തു എന്നെ പതിയെ കിടക്കയിൽ വെക്കുന്നത് കണ്ടാണ് അവൾ കരച്ചിൽ നിർത്തുന്നത്.
“സെലീനാ!” അവൾ കരഞ്ഞുകൊണ്ട് വിളിച്ചു. എന്നെ കെട്ടിപ്പിടിച്ച് ഉമ്മവെച്ചു. അപ്പോഴത്തെ ഒരു സന്തോഷം!
മാറ്റിയുടെ അച്ഛനുമമ്മയും ഉറങ്ങാൻ പോയി.
സാധാരണ ബഹളക്കാരനായ അവളുടെ ചേട്ടനും കിടന്ന് ഉറക്കമായി. കൂർക്കം വലിച്ചു തുടങ്ങി.
മാറ്റി പറഞ്ഞു: നീ വന്നല്ലോ. എനിക്ക് സന്തോഷമായി.
“എനിക്കും.” ഉടനെ ഞാൻ കഥയൊക്കെ പറയാൻ തുടങ്ങി. “നിനക്കറിയോ, ആ സന്ധ്യക്കുള്ള ബീച്ചു സൂക്ഷിപ്പുകാരനും അവന്റെ മണ്ണുമാന്തിയും എന്നെ കൊല്ലേണ്ടതായിരുന്നു.”
“എനിക്കറിയാം.” ഒരസ്സൽ അമ്മയെപ്പോലെ എപ്പോഴും എല്ലാം അറിയുന്ന മാറ്റി പറഞ്ഞു.
എന്നിട്ട് അവൾ മീശയുള്ള ഇരുണ്ട ജന്തുവിനു നേർക്കു തിരിഞ്ഞ് വൈകാരികമായി പറഞ്ഞു. “വളരെ നന്ദിയുണ്ട്് കേട്ടോ.”
“സന്തോഷം.”
അവൻ എന്നെ നോക്കി ചിരിച്ചു. കൈ നീട്ടിക്കൊണ്ടു പറഞ്ഞു. “ഞാൻ മിനുപ്പൂച്ച ഒരുപാട് സന്തോഷമുണ്ട്.”
“ഞാൻ സെലീന.”
“നല്ല പേര്.” പൂച്ച പറഞ്ഞു.
“മീനുവും മോശമില്ല.” ഞാൻ പറഞ്ഞു.
എനിക്കെന്റെ പേര് തിരിച്ചുകിട്ടിയതിന്റെ സന്തോഷത്തിൽ അവന്റെ പേരും എനിക്കു നന്നായി തോന്നി.
…
സൗമ്യ പി. എൻ.
ഇംഗ്ലീഷ് ,മലയാളം ഭാഷകളിലെ രചനകളുടെ എഡിറ്റിങ്, പരിഭാഷ എന്നിവ ചെയ്യാറുണ്ട്. സാഹിത്യ സംബന്ധിയായ ഏതാനും ലേഖനങ്ങൾ ആനുകാലികങ്ങളിലും വെബ് വീക്കിലികളിലും പ്രസിദ്ധീകൃതമായിട്ടുണ്ട്. ദക്ഷിണേഷ്യയിലെ വിവിധ ഭാഷകളിലെ എഴുത്തുകാരികളുടെ കവിതകൾ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിക്കൊണ്ടിരിക്കുന്നു. ഭാഷാശാസ്ത്രഗവേഷകയാണ്. ഹൈദരാബാദ് EFL യൂണിവേഴ്സിറ്റിയിൽ നിന്ന് ബിരുദാനന്തര ബിരുദവും ഭാഷാശാസ്ത്രത്തിൽ Ph Dയും ചെയ്തു . മലയാള സർവകലാശാല ഭാഷാശാസ്ത്ര വിഭാഗത്തിൽ മൂന്നു വർഷം അധ്യാപികയായിരുന്നു. മലയാളത്തിൻ്റെ വാക്യഘടനയുമായി ബന്ധപ്പെട്ട പ്രബന്ധങ്ങൾ എഴുതി പ്രസിദ്ധീകരിച്ചിട്ടുണ്ട്.
…