ലേഖനം
കെ. അരവിന്ദാക്ഷൻ
ആധുനിക നോവൽകഥയുടെ കുലപതി ആരെന്ന ചോദ്യത്തിന് രണ്ടാമതൊന്നാലോചിക്കാതെ, എനിക്കുത്തരമുണ്ട്. തോമസ് മൻ. എന്നാൽ എന്റെ ഹൃദയം നിരന്തരം കരളുന്നത് ദസ്തയേവ്സ്കിയാണ്. അയാളുടെ ചോര ഗന്ധം തന്തക്കരാമസോവിന്റെ അവിഹിത സന്തതിയായ സ്മർഡിയാത്തോവിലൂെടെ പതിനെട്ടാം വയസ്സു മുതൽ ഞാനറിയുന്നു.
തോമസ് മന്നിന്റെ യുക്തി ഭദ്രതയോ ശില്പ ചടുലതയോ ധിഷണയുടെ ഔന്നിത്യമോ ദസ്തയേവ്സ്കിക്ക് ഉണ്ടെന്ന് എനിക്ക് തോന്നിയിട്ടില്ല. പക്ഷേ ഇവയെല്ലാം അട്ടിമറിക്കുന്ന അഗ്നിപർവതം പൊട്ടിയൊലിച്ചുള്ള ഉഷ്ണപ്രവാഹമാണ് അദ്ദേഹത്തിന്റേത്. അതിൽ എന്തെല്ലാം കത്തിച്ചാമ്പലാകും, ഏതെല്ലാം അതിജീവിക്കും? പ്രവചിക്കുക ദുഷ്കരമാണ്. മനുഷ്യനെന്ന ജീവിയെ സംബന്ധിച്ച് സത്യസന്ധമായി കാണുന്നത് ദസ്തയേവ്സ്കിയുടെ പ്രവചാനതീതമായ അന്തഃക്ഷോഭങ്ങളും നിലയില്ലാ കയങ്ങളും കുത്തിയൊഴുക്കുമാണ്.
തോമസ് മന്നിന്റെ ‘മാജിക് മൗണ്ടനി’ലെ ഹാൻസ് ലോറൻസ് മുത്തച്ഛനെയോ ഇങ്ങേയറ്റം അച്ഛൻ ഹെർമൻകാസ്ട്കോപ്പിനെയോ ഞാനെന്റെ ജീവിതത്തിൽ, വിദൂരാവസ്ഥയിലേ കണ്ടിട്ടുള്ളൂ. കുലീനതയും ആഢ്യത്തവും പ്രൗഢിയും ചേർന്ന മാന്യദേഹങ്ങളാണവർ. എന്റെ അച്ഛനോ മുത്തച്ഛനോ അല്ലെങ്കിൽ ഞാൻ പരിചയപ്പെടാനിടയായ കാരണവന്മാരോ സ്നേഹിതരുടെ പിതാക്കന്മാരോ മുത്തച്ഛന്മാരോ ഈ ഗണത്തിൽ പെടുത്താവുന്നവരായിരുന്നില്ല. ദസ്തയേവ്സ്കിയുടെ തന്തക്കരാമസോവുമായിട്ടായിരുന്നു അവർക്കെല്ലാം ചോരബന്ധമുണ്ടായിരുന്നത്. ജനിതകമനുസരിച്ച് എനിക്കും ആ ചോര തന്നെയാണുള്ളത്.
എന്റെ അമ്മയുടെ അച്ഛൻ അറുപിശുക്കനും കാർക്കശ്യക്കാരനുമായിരുന്നു. സമൂഹത്തിന്റെ മാറ്റങ്ങളെ പടിപ്പുരയ്ക്ക് പുറത്ത് നിറുത്തി, അദ്ദേഹം തന്റേതായ ലോകത്തിൽ കൃഷി ചെയ്തും ചെയ്യിച്ചും ലെഗസിയായി കിട്ടിയ ഭൂമിയുടെ പരിധികൾ വളർത്തിയും ജീവിച്ചു പോന്നു. പൂരങ്ങൾക്ക് ചിലപ്പോൾ ഒറ്റക്കാളവണ്ടിയിൽ അമ്മൂമ്മയെയും കൂട്ടിപ്പോയി. ഒറ്റയ്ക്ക് പോയി വേലകൾ കണ്ടു. തൊഴിലാളികളോടും വേലക്കാരോടും പരുഷമായും പരിഹാസമായും പെരുമാറി. അദ്ദേഹത്തിന്റെ ഒരു കോമാളിത്തരമുണ്ടായിരുന്നു. അതിനെ അദ്ദേഹം ഒട്ടും നിയന്ത്രിച്ചില്ല.
നാടൻ തെറികളിലൂടെ തന്നിലെ വിദൂഷകനെ പുറത്തുവിട്ട് രസിച്ചു. മിഥ്യാഭിമാനം അടിയറവ് വെക്കേണ്ടി വന്നപ്പോഴും നെല്ല് നിറഞ്ഞ പത്തായത്തിൽ അദ്ദേഹം തന്നെ വിജയിക്കുന്നതായി മറ്റുള്ളവർക്ക് തോന്നി. അസൂയാലുക്കളായ അയൽക്കാർ അദ്ദേഹത്തെ കളിയാക്കി ചിരിച്ചു.
ഇതിൽ നിന്ന് പാടേ വ്യത്യസ്തമായിരുന്നു അച്ഛൻ. യുക്തിയോ കാര്യകാരണങ്ങളോ ഒരിക്കലും അച്ഛനെ ഭരിച്ചിട്ടില്ല. വരും വരായ്കകൾ അച്ഛനിൽ അലോസരമുണ്ടാക്കാറില്ല. ആവേഗങ്ങളുടെ രാജകുമാരനായിരുന്നു അച്ഛൻ. അതീവസുന്ദരനായിരുന്നു. അമ്മയുടെ ഉയരക്കുറവും സൗന്ദര്യക്കുറവും അച്ഛനിൽ തീർന്നു. റാലി സൈക്കിളിൽ ചങ്ങമ്പുഴ കണ്ണടയും വച്ച് അച്ഛൻ വരുന്നത് അമ്മ പറഞ്ഞു തന്നിട്ടുണ്ട്. അച്ഛന് പല ഭാഷകൾ അറിയാമായിരുന്നു. അച്ഛൻ കൈവെക്കാത്ത മേഖലകളില്ല. ടൈപ്പിസ്റ്റ്, യൂണിയൻ നേതാവ്, റമ്മികളിക്കാരൻ, നാടകക്കാരൻ, കണക്കെഴുത്ത് ഗുമസ്തൻ, ഫൈനാൻസിയർ, ബസ്സുടമ, ബസ് ബ്രോക്കർ, സെയിൽസ് റപ്രസേന്റേറ്റീവ്, മുദ്രാലയം, ആയുർവേദ മരുന്നു നിർമ്മാണം…. എല്ലാറ്റിനും അച്ഛൻ ദയനീയമായി പിൻവാങ്ങി;പരാജയപ്പെട്ടു. ഇക്കാര്യത്തിൽ കസാൻസാക്കിന്റെ സൊർബയുടെ ബന്ധുവാണച്ഛൻ. പരാജയം സമ്മതിക്കാൻ അച്ഛനിലെ അഭിമാനി തയ്യാറായിരുന്നില്ല. പക്ഷേ അച്ഛൻ ഓരോ തവണയും അപമാനിക്കപ്പെടുന്നത്, ഞാൻ കുട്ടിക്കാലം മുതൽ കണ്ടിട്ടുണ്ട്. അച്ഛനിലൂടെ ഞാനും ഈ അവമതി കേട്ടിട്ടുണ്ട്. ജീവിച്ചിരുന്ന അച്ഛൻ അമ്മയ്ക്കും എന്റെ കൂടെപ്പിറപ്പുകൾക്കും നീറിപ്പുകയുന്ന പ്രശ്നമായിരുന്നു.
അച്ഛന്റെ നാവിന് ലക്കും ലഗാനുമില്ലായിരുന്നു. രണ്ടാം തവണ അച്ഛനെ കേൾക്കുന്നവന് അതിന്റെ പൊള്ളത്തരം മനസ്സിലാകും. അച്ഛനാകട്ടെ അതറിഞ്ഞെന്നു തോന്നിയില്ല. ഞാൻ, ഞാൻ എന്ന ബലൂൺ ഊതിവീർപ്പിച്ചു. അച്ഛൻ വിദൂഷകനായും കോമാളിയായും സംസാരിച്ചു. സ്വയം അപമാനിച്ചു. മറ്റുള്ളവരാൽ അപമാനിക്കപ്പെട്ടു. ഭാര്യയാലും മക്കളാലും വെറുക്കപ്പെട്ടു. നല്ല നാടകക്കാരനാവാനും നല്ല ഉദ്യോഗസ്ഥനാവാനും നല്ല മേലധികാരിയാവാനും നല്ല ലോഹ്യയിസ്റ്റാവാനും സെയിൽസ്മാനാകാനും അച്ഛനാകാനും ഭർത്താവാകാനും മുത്തച്ഛനാകാനും ശ്രമിച്ചു. എവിടെയും പരാജയപ്പെട്ടു. ദൊസ്തയേവ്സ്കിയുടെ മനുഷ്യരെ ഇത്രയ്ക്കടുത്തറിയാൻ എനിക്കാവുന്നത് ഞാനച്ഛന്റെ മകനാവുന്നതു കൊണ്ടാണ്.
സുഹൃദ് സംഭാഷണങ്ങളിൽ വീട്ടിൽ ഒരു കോമാളിയായി സ്വയം നിന്നു കൊടുക്കാൻ അച്ഛന്റെ ചോര എന്നോടാവശ്യപ്പെടാറുണ്ട്. കാരണങ്ങളോ യുക്തികളോ ഇല്ലാത്ത കോമാളിത്തരം. മനുഷ്യന്റെ തനിനിറം ഈ കോമാളിത്തം, വിദൂഷകത്തം, ചെറ്റത്തം, വഞ്ചന, കാമം, ക്രൂരത എന്നിവയാണെന്ന് ദൊസ്തയേവ്സ്കിയുടെ മനുഷ്യൻ സാക്ഷ്യപ്പെടുത്തുന്നു. കരുണയും സ്നേഹവും വിശ്വാസവും ദൈവവും അവയിലൂടെ (എളുപ്പം പൊട്ടിപ്പോവുന്ന) ഓടുന്ന നൂലുകൾ മാത്രം. ഇതൊന്നും അദ്ദേഹം ബോധപൂർവ്വം എഴുതിവെച്ചതായിരിക്കണമെന്നില്ല. ചുഴലി ദീനത്താൽ ഭ്രാന്തവും അസാധാരണ വിഭ്രമങ്ങൾക്കടിമപ്പെട്ടതുമായ ഉപബോധമനസ്സ്, ഉച്ചാടനം ചെയ്തതിൻ്റെ കരടുരേഖകളാണ് അദ്ദേഹത്തിന്റെ കൃതികൾ. ദൊസ്തയേവ്സ്കിയുടെ കൃതികൾ കാലാതീതമാകുന്നത് അവയിലെ മനുഷ്യർ ഏത് നെറ്റിസണായാലും ഇത്തരം കാമങ്ങളും കാമനകളും ഉള്ളിലൊതുക്കുകയും പഴുതു കിട്ടുമ്പോൾ പുറത്തേക്കൊഴുകുന്നവരുമാക കൊണ്ടാണ്. അവമാനത്തിൽ നിന്നും കോമാളിത്തത്തിൽ നിന്നും വഞ്ചനയിൽ നിന്നും സ്വയം നിന്ദയിൽ നിന്നും ആത്മത്തകർച്ചയിൽ നിന്നുമാണ് അദ്ദേഹത്തിന്റെ മനുഷ്യരിൽ ആത്മീയതയുടെ മിന്നാമിനുങ്ങുകൾ കത്തുന്നത്.
ചിന്തകൾക്ക് പ്രത്യേക യുക്തിയോ കലാസൗന്ദര്യത്തിന് ഏതെങ്കിലും സുവിശേഷ ദർശനമോ ഇല്ലാത്ത, തീർത്തും അയുക്തികനായ, ഉയർന്ന സംവേദന ക്ഷമതയുള്ള എന്റെ സ്നേഹിതൻ ഗണേഷാണ് ഈയിടെ ദൊസ്തയേവ്സ്കിയുടെ Poor People (ദരിദ്ര മനുഷ്യർ) വായിക്കാൻ തന്നത്. വളരെ ഭദ്രമെന്ന് തോന്നിപ്പിക്കുന്ന ജീവിതത്തെ തവിടുപൊടിയാക്കുന്ന മനസ്സാണ് ഗണേഷിന്റേത്. ഞാൻ കണ്ടുമുട്ടിയിട്ടുള്ള ഏറ്റവും നല്ല വായനക്കാരിൽ ഒരാൾ. പല നോവലിസ്റ്റുകളും കഥാകൃത്തുക്കളും കൈയെഴുത്ത് പ്രതികൾ അയാൾക്ക് കൊടുത്ത് അഭിപ്രായം ആരായാറുണ്ട്. അയാൾ കോമാളിയോ വിദൂഷകനോ അല്ല, ബാഹ്യപ്രകൃതിയിലെങ്കിലും വേദബീജം ചോരയിൽ കലർന്നിട്ടുള്ള അയാളിൽ നിന്ന് അസാധാരണമായി അരാജകമായി പ്രവചനാതീതമായി നാം യാതൊന്നും പ്രതീക്ഷിക്കില്ല. അയാളുടെ കുടുംബ ബന്ധങ്ങൾ സുദൃഢവും ഭദ്രവുമാണ്. മധ്യവർഗിയുടെ അളവുകോലിൽ, ഏതെങ്കിലും രാഷ്ട്രീയ ദർശനങ്ങളിൽ ആകൃഷ്ടനാവുകയോ പരാജയപ്പെടുകയോ ചെയ്തിട്ടില്ല. എന്നിട്ടും അയാൾ എല്ലാ ഭദ്രതയും ഉപേക്ഷിച്ച് മരണത്തെ സ്വയം വരിക്കാനൊരുങ്ങി ഉറക്കഗുളികകൾ വിഴുങ്ങി. അയാളുടെ ബന്ധുക്കളും സുഹൃത്തുക്കളും ഔദ്യോഗിക ജീവിതത്തിന്റെ പിരിമുറുക്കമാണ് ആത്മഹത്യശ്രമത്തിന് കാരണമെന്ന് കണ്ടുപിടിച്ചു, ആശ്വസിച്ചു. സി.ആർ പരമേശ്വരൻ, ഗണേഷ് ഉറക്കഗുളികകൾ തിന്ന് ഐ.സി.യുവിൽ അതീവ ഗുരുതരാവസ്ഥയിലാണെന്ന് അറിയിച്ചപ്പോൾ എന്റെ ഭൂമി കുലുങ്ങിയില്ല. കാരണം, മരണത്തെപ്പറ്റി, ആത്മഹത്യയെപ്പറ്റി അയാൾ പലപ്പോഴും എന്നോട് സംസാരിച്ചിട്ടുണ്ട്. ആത്മഹത്യ മനുഷ്യനുള്ളതാണെന്ന് തോന്നിയിട്ടുണ്ട്. എത്ര ഹീനമായ കൊലയും ബലാത്സംഗവും കൊടുംക്രൂരതയും മനുഷ്യന് ചേരുന്നതാണ്. ദൊസ്തയേവ്സ്കിയുടെ മനുഷ്യരിലൂടെ കടന്നുപോകുമ്പോൾ എന്നെപ്പോലുള്ള അസംസ്കൃതരുടെ ഇത്തരം വിശ്വാസങ്ങൾ ദൃഢീകരിക്കുകയാണ്. മനുഷ്യനെന്ന ജീവിക്ക് ഭാവനയിൽ കാണുന്ന ഏത് ക്രൂരതയും സാധ്യമാണ്. ഭൂമിയുടെ ഏത് മൂലയിലും. അതേ ശ്വാസത്തിൽ തന്നെ പറയാം ഏത് കാരുണ്യവും. തന്റെ ഉള്ളിലുള്ള ഭൂതങ്ങളോടുള്ള നിരന്തരമായ സംഘർഷമാണ് ഗണേഷനെ ആത്മഹത്യാ കൊടുമുടിയിലെത്തിച്ചത്. ഏതാണ് ഭൂതങ്ങളെന്ന് അയാൾക്കു പോലും വായിച്ചെടുക്കാനാവില്ല. ആ ഭൂതങ്ങൾ, അയാളെ കോമാളിയും വിദൂഷകനും പതിതനും അവമാനിതനുമാക്കി. അയാൾക്കതിൽ നിന്ന് പുറത്ത് കടക്കാൻ പറ്റിയില്ല. ആരോടും ഒരു ദ്രോഹവും മനസാ വാചാ കർമണാ ചെയ്തിട്ടില്ലാത്ത ഗണേഷിനു വേണ്ടി, ഞങ്ങളൊക്കെ ആശുപത്രി വരാന്തയിൽ ഇരുന്ന് പ്രാർത്ഥിച്ചു. ഞാനും രമണ മഹർഷിയെ വിളിച്ചു തേങ്ങി. പക്ഷെ എന്റെയോ മറ്റുള്ളവരുടെയോ പ്രാർത്ഥന കൊണ്ടൊന്നുമായിരിക്കില്ല അയാൾക്ക് ജീവൻ തിരിച്ചു കിട്ടിയത്. ജീവിതത്തിന്റെ ഭൂതങ്ങൾ അപമാനിച്ചതുപോലെ മരണവും അയാളെ അപമാനിച്ച് തിരിച്ചയച്ചു. എന്നാൽ മരണം അയാളെ യാതൊരു പരുക്കുമേൽപ്പിച്ചില്ല. ഏഴുനാളത്തെ നീണ്ട ഉറക്കം കഴിഞ്ഞ് ഉണർന്നതുപോലെ അയാൾ ജീവിതത്തിലേക്ക് തിരിച്ചുവന്നു. അയാളുടെ ആത്മഹത്യാ ശ്രമത്തെ വായിക്കാൻ ദൊസ്തയേവ്സ്കിയിലൂടെ ഒരു ശ്രമം നടത്തി.
2
ഗണേഷ് വായിക്കാൻ തന്ന ‘ദരിദ്ര മനുഷ്യൻ’ പഴയ പതിപ്പുകളിൽ നിന്ന് വ്യത്യസ്തമാണ്. ദരിദ്രയായ ഒരു പെൺകുട്ടിയുടെ ദരിദ്രമായ ബൂട്ടും വസ്ത്രത്തിന്റെ ഒരു ഭാഗവും മുട്ടുകൾക്ക് ലേശം മേലെയുള്ള കാലുകളും കാണിക്കുന്ന മുഖചിത്രവും അതേ പിൻചിത്രവുമുള്ള ഹെസ്പെരസ് (Hesperus) പതിപ്പ് ഹ്യൂഗ് ആന്റെ വിവർത്തനം. ചാർലോട്ടി ഹോബ്സന്റെ മുൻവാക്ക്. 1846ലാണ് ദരിദ്ര മനുഷ്യർ പ്രസിദ്ധീകരിക്കുന്നത്. പ്രൊക്രോസ്റ്റിയൻ കട്ടിലിൽ കിടത്തി വെട്ടിച്ചുരുക്കി Poor Folks എന്ന പേരിൽ പ്രോഗ്രസ് പ്രസിദ്ധീകരണം ഇത് നേരത്തെ നമുക്കിടയിൽ ഇറക്കിയിട്ടുണ്ട്.
‘ദരിദ്ര മനുഷ്യർ’ പുറത്തിറങ്ങുമ്പോൾ ദൊസ്തയേവ്സ്കിക്ക് ഇരുപത്തി നാല് വയസ്സ്. അഞ്ചുകൊല്ലം എഞ്ചിനിയറിംഗ് പഠിച്ച് പുറത്തിറങ്ങിയ യുവാവ്. 1850 ൽ ഉട്ട്യോപ്യൻ സോഷ്യലിസം പ്രചരിപ്പിച്ചതിന്റെ പേരിൽ സൈബീരിയയിലേക്ക് നാടു കടത്തപ്പെട്ടു. നാലുകൊല്ലം പീനൽ കോളനികളിലും നാലു കൊല്ലം പട്ടാളക്കാരനായും കഴിയേണ്ടി വന്നു. തടവറയിൽ വെച്ച് അദ്ദേഹം റഷ്യൻ ഓർത്തഡോക്സ് സഭയുടെ അംഗമായി. ഈ നീണ്ട കാലയളവിലെ പീഡനത്തിന്റെയും സഹനത്തിന്റെയും നെരിപ്പോടിലാകണം ക്രിസ്തുവിന്റെ അന്തഃസംഘർഷങ്ങളെ മുഖാമുഖം അറിയാനും ഒരു പുതിയ ആത്മീയാന്വേഷണത്തിന് തുടക്കമിടാനും അദ്ദേഹം ശ്രമിച്ചത്. റഷ്യയുടെ ആത്മീയ ചരിത്രത്തിൽ അതൊരു പുതിയ അധ്യായത്തിന്റെ ആരംഭമായി. മനുഷ്യ മനസ്സിന്റെ ഉപബോധ ഇരുട്ടറകളും ആത്മീയതയുടെ ഗുഹകളുമായുള്ള ഒരു ജൈവബന്ധം.
സൈബീരിയയിൽ നിന്ന് പുറത്തുവന്ന ശേഷമാണ് ലോകമിന്നറിയപ്പെടുന്ന ദൊസ്തയേവ്സ്കിയുടെ വിഖ്യാത രചനകൾ ഉണ്ടാവുന്നത്. പരേതാലയത്തിൽ നിന്നുള്ള കുറിപ്പുകൾ (1862), അധോലോകത്തിൽ നിന്നുള്ള കുറിപ്പുകൾ (1864), കുറ്റവും ശിക്ഷയും (1866), ഇഡിയറ്റ്(1868), കാരമസോവ് സഹോദരന്മാർ (1880).
‘ദരിദ്രമനുഷ്യരി’ലെ മാകാർ ദെവുസ്കിന്റെ മാനസികാവസ്ഥകൾ ഒട്ടും തന്നെ നിയതമല്ല. അയാളുടെ ചലനങ്ങളും രീതികളും ഏതെങ്കിലും തരത്തിലുള്ള ധാർമിക ചോദനകളിലൂടെയല്ല. നിമിഷങ്ങൾക്കകം ഭാവമാറ്റങ്ങളുണ്ടാകും. സ്നേഹത്തിൽ നിന്ന് താപത്തിലേക്കും കോപത്തിലേക്കും ആത്മനിന്ദയിലേക്കും ആത്മവഞ്ചനയിലേക്കും സ്വയം അപമാനിക്കുന്നതിലേക്കും അയാൾ ഞൊടിയിടയിൽ സഞ്ചരിക്കും. നിസ്സാരതയും നിശ്ശൂന്യതയും അപകർഷതയും ദരിദ്രനായതിന്റെ ലജ്ജയും അയാളെ ഭ്രാന്തോളമെത്തിക്കുന്നുണ്ട്. അനിതര സാധാരണമായ ഉത്സാഹങ്ങളും ആഹ്ലാദങ്ങളും പൊട്ടിത്തകർന്ന് വിധിവിശ്വാസത്തിലേക്കും മദ്യത്തിലേക്കും എത്തിക്കുന്നു. സ്വന്തം പ്രേമഭാജനത്തിനു വേണ്ടി അയാൾ വിറ്റു തുലയ്ക്കുന്നു. കടം കൊള്ളുന്നു. ഉപഹാരങ്ങൾ വാങ്ങുന്നു. അയാൾ പുഷ്കിനും ഗോഗോളും വായിക്കുന്ന ‘അല്പ’ ബുദ്ധി ജീവി.
എഴുത്തുകാരനാവാൻ സ്വപ്നം കാണുന്നവൻ. തന്റെ എഴുത്തിനെ പ്രതി നിരന്തരം വായിട്ടടിക്കുന്നവൻ. അന്യരുടെ എഴുത്തിനെ വാദിക്കുകയും വിധി പറയുകയും ചെയ്യുന്നവൻ. ദരിദ്ര മനുഷ്യന് എന്തെങ്കിലും വിലയോ നിലയോ ശ്രേഷ്ഠതയോ സമൂഹത്തിലില്ല. കുറ്റ്സെയുടെ മൈക്കിൾ കെ.യുടെ വെജിറ്റബിൾ അസ്തിത്വമല്ല ദരിദ്ര മനുഷ്യന്റേത്. കുറ്റ്സെയെ സ്വാധീനിച്ച എഴുത്തുകാരനാണല്ലോ ദൊസ്തയേവ്സ്കി. അദ്ദേഹത്തിന്റെ master of St. Petersburg ആ വലിയ ഗുരുവിനുള്ള പെരുവിരലാണല്ലോ.
മാകാർ ദെവുസ്കിനെപ്പോലുള്ള ദരിദ്രർ നമ്മുടെ വീട്ടിലും അയൽവീട്ടിലും സൂക്ഷിച്ചു നോക്കിയാൽ നമ്മിലുമുണ്ട്. ജീവിതത്തിന്റെ ഏത് മേഖലയിലും ലോകത്തിന്റെ ഏത് കോണിലും അവരുടെ കലമ്പലും ശാപവും എമ്പോക്കിത്തരവും പൊങ്ങച്ചങ്ങളും ആവർത്തിക്കുന്നുണ്ട്. അവർ ഒരു പരിധി കഴിഞ്ഞാൽ സ്വയം അപമാനിതനാകാൻ നിന്നു കൊടുക്കുന്നു. അതിൽ ഒരുതരം ആത്മസുഖം. ആത്മനിന്ദയിലേക്കും സ്വയം പീഡനത്തിന്റെ വേദനയിലേക്കും ഭ്രാന്തിലേക്കും മരണത്തിലൊടുങ്ങും വരെ ഈ വിഷമ വൃത്തത്തിന്റെ തടവുകാരാണവർ. അവർക്ക് ഒരു വിഷയവും അന്യമല്ല. രാഷ്ട്രീയം, സാഹിത്യം, ജീവകാരുണ്യം…. ഒന്നും. അവർ അവർക്ക് മാത്രമല്ല നരകങ്ങളായിത്തീരുന്നത്; അവരെ തൊട്ടുനിൽക്കുന്നവർക്കെല്ലാം നരകമാണ്. മറ്റുള്ളവരെ തങ്ങളുടെ നരകത്തീയിൽ നീറ്റുവാൻ അവർക്കിഷ്ടമാണ്. അതിൽ അവർക്കാനന്ദമുണ്ട്.
ദൊസ്തയേവ്സ്കി ദരിദ്ര മനുഷ്യരുടെ രചനാസ്വഭാവം വിശദീകരിക്കുന്നു: “ഓരോ അണുവായി കുഴിച്ചു കുഴിച്ച് ഞാൻ ആഴത്തിലേക്കിറങ്ങുന്നു. മുഴുവനും ഞാൻ പുറത്തിടുന്നു.” (പുറം IIX ദരിദ്ര മനുഷ്യർ)
ഒരു ഏപ്രിൽ എട്ടാം തീയതിയാണ് മാകാർ ദെവുസ്കിൻ, കൗമാരത്തിന്റെ അവസാനത്തിലെത്തി നിൽക്കുന്ന,വരേങ്കയ്ക്ക് കത്തെഴുതുന്നത്. ആദ്യമായി വരേങ്കയും ദെവുസ്കിനും തമ്മിലുള്ള കത്തുകളിലൂടെയാണ് നോവൽ പുരോഗമിക്കുന്നത്. “എന്റെ അമൂല്യമായ വർവാര അലക്സിവേന” എന്ന അഭിസംബോധനയുള്ള കത്ത് അനല്പമായ സന്തോഷത്തിലാണ് തുടങ്ങുന്നത്. “ഞാനിന്നലെ സന്തോഷവാനായിരുന്നു. അതിരു കവിഞ്ഞ് സന്തോഷവാനായിരുന്നു. അസാധ്യമാം വിധം സന്തോഷവാനായിരുന്നു.” താൻ സൂചിപ്പിച്ച പോലെ തന്റെ മാലാഖക്കുട്ടി – വരേങ്ക ജനൽ തിരശ്ശീല പൊക്കിവെച്ചിട്ടുണ്ടായിരുന്നു. അതിലൂടെ ആകസ്മികമായ അവളെ ഒരു നോക്ക് കാണാനിടയായപ്പോഴുണ്ടായ ഹൃദയച്ചാട്ടമാണ് ദെവുസ്കിനെ ഇത്രയേറെ സന്തോഷിപ്പിച്ചത്. ഏപ്രിൽ എട്ടിന്റെ പ്രഭാതത്തെപ്പറ്റിയുള്ള വിവരണമാണ് തുടർന്നുള്ള പാരഗ്രാഫിൽ. “എന്റെ പൊന്നേ, എന്തൊരു മനോഹരമായ പ്രഭാതമായിരുന്നു ഇന്നത്തേത്… സൂര്യൻ പ്രകാശിച്ചു കൊണ്ടിരുന്നു. ചെറുകിളികൾ ഉല്ലാസഭരിതരായി പാടിക്കൊണ്ടിരിക്കുന്നു. അന്തരീക്ഷം നിറയെ വസന്തത്തിന്റെ മണങ്ങളാണ്. പ്രകൃതിയൊന്നാകെ ജീവിതത്തിലെക്കെത്തുന്നു.” എല്ലാറ്റിനും ഒരു ചിട്ടയും അച്ചടക്കവുമുണ്ട്. വസന്തത്തിന്റേതുപോലെ, അയാൾ കണ്ടെത്തുന്നു. “എന്റെ പൊന്നേ നിന്റെ വിരലുകളിൽ ഞാൻ ചുംബിക്കുന്നു. പ്രേമഭാജനത്തിന് അകളങ്കിതമായ ഉപഹാരം!”
അന്നുതന്നെ വരേങ്ക അയാൾക്ക് മറുപടി അയക്കുന്നു. അതിൽ വസന്തത്തിന്റെ നറുമണങ്ങളോ ആനന്ദത്തിന്റെ പ്രതീക്ഷകളോ ഇല്ല. ഞാൻ എന്നെന്നേക്കുമായി താങ്കളിൽ നിന്ന് അറ്റുപോകുവാൻ വിധിക്കപ്പെട്ടവളാണ്. താങ്കൾക്കറിയുമോയെന്ന ദുഃഖകരമായ വിധികല്പിതമായ ചോദ്യത്തോടെയാണ് കത്ത് തുടങ്ങുന്നത്. മാകാർ ദെവുസ്കിൻ ഒരു വിചാരവുമില്ലാതെ, തനിക്കു നൽകുന്ന സമ്മാനങ്ങൾ അയാളെ ഇനിയും പാപ്പരാക്കും. എന്തിനാണിതെല്ലാം? നിങ്ങളെത്തന്നെ നിഹനിച്ചു കൊണ്ടുള്ള ഈ പ്രകടനങ്ങൾ! ഇരുട്ടായിക്കൊണ്ടിരിക്കുന്നു. പണിക്കുള്ള സമയമായി… ഞാനിന്ന് വിഷണ്ണയും മുഷിഞ്ഞവളും ദുഃഖിയും ആണ്! തീർച്ചയായും ഇന്ന് എല്ലാ ദിവസങ്ങളെയും പോലെ ഒന്ന്!
ദെവ്സ്കിന്റെ മാനസികാവസ്ഥയുടെ നേരെ എതിർദിശയിലാണ് വരേങ്കയുടെത്. അതിൽ ജീവിതത്തിന്റെ പച്ചയായ യാഥാർത്ഥ്യവും വേദനയും നിരാശയും പുകച്ചിലുമുണ്ട്. ദസ്തയേവ്സ്കിയിൽ സ്ത്രീ കഥാപാത്രങ്ങൾ ഭൂമിയിൽ ഉറച്ചു നിന്നുകൊണ്ടുള്ള നഗ്നമായ ജീവിതബോധം ചെറുപ്രായത്തിലും പ്രതിഫലിപ്പിക്കുന്നു. തുടർന്നുള്ള മറുപടികളിലെല്ലാം പ്രായത്തേക്കാൾ ഉയർന്ന പക്വതയും യാഥാർത്ഥ്യബോധവും വരേങ്കയ്ക്കുള്ളതായി കാണാം. അനുഭവമാണ് അവളെ പാകപ്പെടുത്തുന്നത്. ദാരിദ്ര്യത്തിൽ നിന്ന് അവമതിയിലേക്കും വേദനയിലേക്കും നിസ്സഹായവസ്ഥയിലേക്കും അവസാനം ബെക്കോവ് എന്ന സമ്പന്നന്റെ അടിമത്തത്തിലേക്കും അവളൊടുങ്ങുന്നു. “ഞാനെത്ര ദുഃഖിതയാണ്, എന്റെ ആത്മവൊന്നാകെ ഞെരിച്ചമർത്തപ്പെട്ടിരിക്കുന്നു. മിസ്റ്റർ ബെക്കോവ് എന്നെ വിളിക്കുന്നു.
തീയതി രേഖപ്പെടുത്താത്ത ദെവുസ്കിന്റെ അവസാനത്തെ കത്ത് സപ്തംബർ മുപ്പതിന് ശേഷമാണ് എഴുതപ്പെട്ടിട്ടുള്ളത്. ആദ്യ കത്തിലെ വസന്തത്തിലെ ആനന്ദം ഇവിടെ ഇലപൊഴിയും കാലത്തിന്റെ തണുപ്പിലെത്തുന്നു. മഴ പെയ്തുകൊണ്ടിരിക്കുന്നു. നഗ്നമായ പുൽമേടുകൾ, കുടിയന്മാർ, വികാരശൂന്യരായ സ്ത്രീകൾ,നിരക്ഷരരായ ആണുങ്ങൾ… എല്ലാം നഷ്ടപ്പെട്ടവന്റെ, തകർന്നവന്റെ ദുഃഖം, വേദന, ദയനീയ വിലാപം….
വസന്തത്തിൽ നിന്ന് ഇലപൊഴിയും കാലത്തിലേക്കുള്ള പതനമാണ് ദെവുസ്കിന്റെയും വരേങ്കയുടെയും അവരുമായി ബന്ധപ്പെട്ട ദരിദ്രരുടെയും ജീവിതം. അവരുടെ വസന്തം തന്നെ ദെവുസ്കിന്റെ ഭാവനയിലാണെന്നാണ് നേര്. എത്ര പെട്ടെന്നാണ് ചെറുകിളികളുടെ പാട്ടും വസന്തത്തിന്റെ മണങ്ങളും അസ്തമിക്കുന്നത്. ഭൗതിക ദാരിദ്രത്തിന്റെ വിവിധ അവസ്ഥാന്തരങ്ങളിലൂടെ കടന്നുപോകുന്ന കഥാപാത്രങ്ങൾ, നൂറ്റിപ്പത്തോളം പുറങ്ങളുള്ള നോവലിന്റെ അവസാനത്തിലെത്തുമ്പോഴേക്കും ഭൗതികതയുടെ ഇരുട്ടു നീങ്ങി ഒരു നരച്ച പ്രകാശത്തിലേക്ക് എത്തുന്നുണ്ട്. എന്നാൽ അത് ഭൗതികതയിലൊതുങ്ങുന്നു. ആത്മീയതയിലാകട്ടെ കഥാപാത്രങ്ങൾ ഇരുട്ടിൽ നിന്ന് കൊടും ഇരുട്ടിലേക്ക് നിപതിക്കുകയാണ്. ഭൗതികമായ ദാരിദ്ര്യം ഒന്ന് നീങ്ങുമ്പോൾ ആത്മീയ ദാരിദ്ര്യവും ദാരിദ്ര്യത്തിന്റെ ആത്മീയതയും അവരെ ചൂഴുന്നു. ദൊസ്തയേവ്സ്കിക്ക് പ്രിയങ്കരനായിരുന്ന ചാൾസ് ഡിക്കൻസിലും ഭൗതിക ദാരിദ്ര്യം വേട്ടയാടുന്ന മനുഷ്യരുണ്ട്. വിരോധാഭാസമായി തോന്നാം, ഡിക്കൻസ് നോവലുകളിലെ അതിപരിതാപകരമായ തൊഴിലാളികളുടെ അവസ്ഥയിലേക്കാണ് ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ആഗോള തൊഴിലാളി എത്തിയിട്ടുള്ളത്. ഭൗതിക ദാരിദ്ര്യം കോടിക്കണക്കിന് അഭയാർത്ഥികളായ തൊഴിലാളികളെയും വേരുകൾ നഷ്ടപ്പെട്ടവരെയും പീഡിപ്പിക്കുമ്പോൾ, ഭൗതിക സമ്പത്തിലും ആത്മീയ ദാരിദ്ര്യം ഏറ്റവും ഉയർന്ന വേതനക്കാരനെയും കശക്കിയെറിയുന്നു.
തന്റെ ഭൂതകാല ജീവിതത്തിന്റെ ഉള്ളറകളിലേക്ക് നമ്മെ കൊണ്ടുപോകുന്ന ഇരുപത്തിയാറോളം പുറങ്ങളുള്ള നീണ്ട കത്ത് വരേങ്ക, ജൂൺ ഒന്നിന് ദെവുസ്കിന് എഴുതുന്നുണ്ട്. വിധി ഒരു പെൺകുട്ടിയെ അനുനിമിഷം വേട്ടയാടി, പീഡിപ്പിക്കപ്പെടുന്നതിന്റെ ചിത്രം. അച്ഛന്റെയും അമ്മയുടെയും കൂടെയുള്ള സന്തോഷകരമായ ബാല്യത്തിൽ നിന്ന് അവൾ സെന്റ് പീറ്റേഴ്സിന്റെ ദാരിദ്ര്യത്തിലേക്ക് പറിച്ചു നടപ്പെടുന്നതും അനാഥയാവുന്നതും അകന്ന ബന്ധുവായ അന്നയ്ക്കൊപ്പം അവരുടെ അവമതികൾ സഹിച്ച് പൊറുക്കുന്നതും അടുത്ത മുറിയിലെ വാടകക്കാരനായിരുന്ന പൊക്രോസ്കിയുടെ അതിദയനീയമായ മരണത്തിലേക്കു നീളുന്ന കഥയും കത്തിലുണ്ട്. അവളും കുടുംബവും അപരിചിതവും വൃത്തിഹീനവുമായ സെന്റ് പീറ്റേഴ്സ്ബർഗിൽ എത്തുന്നത് മഞ്ഞും മഴയുമുള്ള ഒരു ശിശിര നാളിലാണ്. പോക്രൊസ്കി, അവൾ കണ്ടുമുട്ടിയിട്ടുള്ള ഏറ്റവും നല്ലവനായ മനുഷ്യനായിരുന്നു. അവൾക്ക് അയാളോട് ബഹുമാനമുണ്ടായിരുന്നു. പുഷ്കിന്റെ സമ്പൂർണ്ണ കൃതികളും അയാൾ വായിക്കാൻ ആഗ്രഹിച്ചു. പൊക്രോസ്കിയുടെ രോഗത്തിൽ നിന്നും മരണത്തിൽ നിന്നുമാണ് അവളുടെ ദുർദശ ആരംഭിക്കുന്നത്. അയാൾ മരിച്ചത് ശിശിരത്തിന്റെ ആഴങ്ങളിൽ, ഒരു ഒക്ടോബറിന്റെ അന്ത്യത്തിൽ. അയാളുടെ ഇരുണ്ട വാക്കുകളും പരുക്കൻ ശബ്ദങ്ങളും അയാളുടെ ചുളുങ്ങിയ മുറിയിൽ, ഒരു ശവപ്പെട്ടിയിലെന്ന പോലെ മുഴങ്ങി. അവസാന നാളിൽ അയാളുടെ വേദനയും സഹനവും വാക്കുകൾക്കതീതമായിരുന്നു. അയാളുടെ മരണ ഞരക്കങ്ങൾ അവളുടെ ആത്മാവിനെ പീഡിപ്പിച്ചു. ആ വീട് മുഴുവൻ ഭയത്തിന്റെ പിടിയിലായിരുന്നു. തന്തപൊക്രോസ്കിയുടെ നില അതിലും ദാരുണമായിരുന്നു. അയാൾ ആത്മീയവേദനയിൽ പിടഞ്ഞു. “അവസാനം എനിക്ക് മനസ്സിലായി. പൊക്രോസ്കി എന്താണവശ്യപ്പെടുന്നതെന്ന്. ജനാല വിരി പൊക്കാനും പാളികൾ തുറന്നിടാനും അയാൾ ആവശ്യപ്പെടുകയായിരുന്നു. തീർച്ചയായും അവസാനമായൊന്ന് ദൈവത്തിന്റെ ഭൂമിയിലേക്കും സൂര്യനെയും നോക്കാൻ അയാൾ കൊതിച്ചു. ഞാൻ ജനൽ വിരി വലിച്ചുയർത്തി പക്ഷേ വിരിയുന്ന പ്രഭാതം ദുഃഖം നിറഞ്ഞതും വിഷാദമയവുമായിരുന്നു. മരണാസന്നനായ ആ ദരിദ്ര മനുഷ്യന്റെ അസ്തമിക്കുന്ന ജീവിതം പോലെ തന്നെ. സൂര്യനില്ലായിരുന്നു. അവിടെ മേഘങ്ങൾ മഞ്ഞിൽ മൂടിയ ശവക്കച്ചയായി ആകാശത്തിനു കുറുകെ പടർന്നു കിടന്നു; അത്രക്ക് മഴയുണ്ടായിരുന്നു. മൂകവും വിഷാദഭരവും…” ഈ വേദനയിലൂടെ പീഡിപ്പിക്കപ്പെട്ട അവൾ അമ്മയിലേക്കോടി. അമ്മയെ ഇറുക്കെപ്പിടിച്ച് ഉമ്മ വെച്ചു. തേങ്ങി. പക്ഷേ മരണം ദരിദ്രയായ അവളുടെ മേൽ പതിച്ചു കഴിഞ്ഞിരുന്നു.
ദാരിദ്ര്യം, പട്ടിണി, അനാഥത്വം, പീഡാനുഭവം, വേദന, മരണം ഈ വിഷമവൃത്തത്തിനുള്ളിൽ വരേങ്കയും കുടുങ്ങിപ്പോവുകയാണ്. അവൾ ഭൂവുടമയായ ബെക്കോവിനൊപ്പം പോകാൻ ദെവുസ്കിനോട് യാത്ര പറയുമ്പോൾ അവൾക്ക് നഷ്ടപ്പെടുന്നത് അവളുടെ ആത്മാവാണ്. എങ്ങനെ റഷ്യയുടെ ജീവിത സാഹചര്യങ്ങൾ മനുഷ്യന്റെ ആത്മീയതയെ കശക്കിയെറിഞ്ഞ് നശിപ്പിക്കുന്നുവെന്ന ധ്വനിയുമുണ്ട്.
അപ്പുറത്തിരുന്ന് കത്തെഴുതുന്ന ദെവുസ്കിൻ ദരിദ്രയായ ഗൊർഷോക്കോവിന്റെ കുഞ്ഞിന്റെ മരണം രേഖപ്പെടുത്തുന്നു. അവരുടെ ദാരിദ്ര്യത്തിന്റെ ഭീകരത അയാൾ വിവരിക്കുന്നുണ്ട്. ആ അമ്മ കരഞ്ഞില്ല. പക്ഷെ ദരിദ്രയായ ആ അമ്മ വിഷാദയായിരുന്നു. ആത്മാവ് പിഴിഞ്ഞെടുക്കപ്പെട്ടവളായി. ദരിദ്രർ ചപലരാണ്. അങ്ങനെയാണ് പ്രകൃതി അവരെ ഒരുക്കിയിട്ടുള്ളത്. ദരിദ്രൻ ദൈവത്തിന്റെ ലോകം കാണുന്നത് വ്യത്യസ്തമായാണ്. അവരുടെ ധർമ്മവും നീതിയും വേറെ. ദരിദ്രൻ ഒരു തുണ്ട് പഴന്തുണിയേക്കാൾ മോശപ്പെട്ടതാണ്. അവർക്ക് ആരിൽ നിന്നും ഒരു ബഹുമാനവും കിട്ടുകയില്ല. ധനികർക്ക് വെറും ഉപദ്രവങ്ങളാണ് ദരിദ്രർ. ഒന്നിനും കൊള്ളാത്തവർ. ഒരു റൊട്ടിക്കു പോലും വകയില്ലാത്തവന് എന്താണഭിമാനം?
3
ഭൗതികമായ ഇല്ലായ്മയുടെ ദാരിദ്ര്യം പോലെ തന്നെ ദൊസ്തയേവ്സ്കിയുടെ മനുഷ്യരെ ആത്മാവിന്റെ ദാരിദ്ര്യവും പീഡിപ്പിക്കുന്നുണ്ട്. ആത്മീയതയുടെ ശോഷണവും തകർച്ചയും ഇതദ്ദേഹം ജീവിച്ച കാലത്തിന്റെയും ദേശത്തിന്റെയും കൂടിയാണ്. ഇതന്വേഷിക്കുന്നതിന് വേണ്ടിയാണ് അദ്ദേഹം തന്റെ കഥാപാത്രങ്ങളുടെ മനസ്സിന്റെ തുരങ്കസമാനമായ പാതാളങ്ങളിലേക്ക് ഹൃദയത്തിന്റെ ചെറിയ വെളിച്ചവുമായി ഇറങ്ങിച്ചെല്ലുന്നത്. തുരങ്കങ്ങളിൽ നിന്ന് തുരങ്കങ്ങളിലേക്ക് അവസാനിക്കാത്ത യാത്രകൾ. ലോകസാഹിത്യത്തിൽ ഒരെഴുത്തുകാരനും ദൊസ്തയേവ്സ്കിയോളം മനുഷ്യമനസ്സുകളുടെ അഗാധതകളിലേക്കിറങ്ങിച്ചെന്നിട്ടില്ല. ഏതു ക്രൂരനെയും ചപലനെയും ലമ്പടനെയും ബലാത്സംഗിയെയും പൊങ്ങച്ചക്കാരനെയും തെണ്ടിയെയും അവതരിപ്പിക്കുമ്പോഴും എന്തുകൊണ്ടാണിങ്ങനെയെന്നു ചോദിച്ചു. പീഡാനുഭവത്തിലൂടെ കടന്നുപോയ ക്രിസ്തുവിനോടും പീഡിപ്പിക്കപ്പെടുകയും പീഡനം ഏറ്റുവാങ്ങുകയും ചെയ്ത മിസ്റ്റിക്കുകളോടും അദ്ദേഹം സംവദിച്ചു; തന്റെ ദരിദ്രർക്കു വേണ്ടി അങ്ങനെയാണ് മനുഷ്യമനസ്സുകളിലൂടെയുള്ള അദ്ദേഹത്തിന്റെ ക്ലേശകരമായ യാത്രകൾ ആത്മീയാനുഭവങ്ങളാകുന്നത്. അദ്ദേഹത്തിന്റെ വാക്കുകൾ ജലം പോലെയോ ഉറുമ്പുകൾ പോലെയോ ജീവിതത്തിന്റെ അദൃശ്യമായ വിള്ളലുകളിലേക്കും ദ്വാരങ്ങളിലേക്കും തുളച്ചു കയറി (ഓർഹൻ പാമുക്ക്) മനുഷ്യൻ അന്നുവരെയറിയാത്ത ഇരുണ്ട ലോകം അനാവരണം ചെയ്തു.
ആത്മീയതയില്ലാത്ത ഭൗതികാധിഷ്ഠിതമായ കമ്യൂണിസമാണ് റഷ്യയുടെ പതനത്തിന് കാരണമെന്ന് ആന്ദ്രേതാർക്കോസ്കിയുടെ സിനിമകളിലുണ്ട്. ആറു മാസം മോസ്കോയിൽ താമസിച്ച് മടങ്ങിയെത്തിയ എന്റെ സ്നേഹിതൻ ജോൺസൺ പറയുകയുണ്ടായി. നഗരങ്ങൾ വിട്ടാൽ റഷ്യ ദാരിദ്ര്യത്തിന്റെ പിടിയിലാണ്. സ്റ്റാലിൻ പണിത മെട്രോ റെയിൽവേയുടെ പല സ്റ്റേഷനുകളുടെ കമാനങ്ങൾ, റഷ്യയുടെ ക്രിസ്ത്യൻ ദേവാലയങ്ങളിൽ നിന്ന് അടർത്തിക്കൊണ്ടുവന്നതാണത്രേ. ദൊസ്തയേവ്സ്കിയുടെ റഷ്യൻ ദാരിദ്ര്യത്തിന്റെ ആത്മീയന്വേഷണം തുടർന്നു കൊണ്ടുപോകുന്നതാണ് താർക്കോസ്കിയുടെ സിനിമകൾ. ഓരോ കലാകാരനും യഥാർത്ഥ ലോകത്തെ അനുകരിക്കുകയില്ല. സ്വന്തമായ പുതിയ ലോകങ്ങൾ സൃഷ്ടിക്കുകയാണ്. സ്വീഡിഷ് ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് 1988 ൽ എടുത്ത Directed by Andre Tarkosky’ എന്ന ഡോക്യുമെന്ററി sacrifice എന്ന താർക്കോസ്കിയൻ സിനിമയുടെ രചനയുമായി ബന്ധപ്പെടുത്തി സംവിധായകനിലൂടെയുള്ള അന്വേഷണമാണ്.
‘ഇവാന്റെ ബാല്യത്തെ’ക്കുറിച്ച് താർക്കോസ്കി ‘കാലത്തിന്മേൽ കൊത്തു പണിയിൽ തീർച്ചയായും എന്റെ കാഴ്ചപ്പാട് ആത്മനിഷ്ഠമാണ്. പക്ഷേ കലയുടെ കാര്യത്തിൽ അതങ്ങനെത്തന്നെയാണ്. തന്റെ സങ്കല്പബോധത്തിന്റെ മാധ്യമത്തിൽ കലാകാരൻ യാഥാർത്ഥ്യത്തെ ഉടച്ചെടുത്ത് പുതിയൊരു രീതിയിലൂടെ യാഥാർത്ഥ്യത്തിന്റെ വ്യത്യസ്ത ഭാഗങ്ങൾ കാണിക്കുന്നു……”
നൈതികമായ ദർശനങ്ങളുടെ ആവിഷ്കാരത്തിനായുള്ള കലാകാരന്റെ സംഘർഷത്തിൽ നിന്നാണ് മഹത്തായ രചനകൾ പിറവിയെടുക്കുന്നത്. യഥാർത്ഥത്തിൽ അത്തരം ആദർശങ്ങളാണ് അവന്റെ സാമാന്യ സങ്കല്പങ്ങൾക്കും സംവേദനക്ഷമതയ്ക്കും പുത്തൻ അറിവുകൾ പകരുന്നത്. ജീവിതത്തെ അവർ സ്നേഹിക്കുന്നുണ്ടെങ്കിൽ, ജീവിതത്തെക്കുറിച്ചറിയാനും അതിൽ പരിവർത്തനമുണ്ടാത്താനും അതിനെ കൂടുതൽ ധന്യമാക്കി മാറ്റാൻ യത്നിക്കുന്നതിനും അവന് ഉത്ക്കടമായ അഭിവാഞ്ഛയുണ്ടെങ്കിൽ ചുരുക്കത്തിൽ ജീവിതമൂല്യത്തിനു മേന്മ പകരുന്നതിൽ സഹകരിക്കാൻ അവൻ ലക്ഷ്യമിടുന്നുണ്ടെങ്കിൽ അവന്റെ ആത്മനിഷ്ഠാപരമായ സങ്കല്പങ്ങളുടെ തരിപ്പയിലൂടെ യാഥാർത്ഥ്യത്തിന്റെ ചിത്രം കടന്നുപോകുന്നതിൽ യാതൊരപകടവുമില്ല. എക്കാലവും മനുഷ്യനെ പൂർണ്ണനാക്കാൻ അഭിലഷിക്കുന്ന ഒരു ആത്മീയ ഉദ്യമമായിരിക്കും അവന്റെ പ്രവർത്തനം.” (വിവർത്തനം: സി.കെ ജോൺ, പുറം 74, പൂർണോദയ, 92 ജന)
4
അവമതിയും പീഡനവും വേദനയും ഏറെ സഹിച്ചിട്ടുള്ള ആളാണ് ഗാന്ധി. ദൊസ്തയേവ്സ്കിയുടെ മനുഷ്യരിലെ ചപലതകളും ആർത്തികളും കാമങ്ങളും വെറികളും ഗാന്ധിയുടെ വളർച്ചയുടെ ഓരോ ഘട്ടത്തിലും കാണാം. ദൊസ്തയേവ്സ്കിയുടെ മനുഷ്യർ അവയുടെ ചതുപ്പിൽ മുങ്ങുകയോ കൈകാലിട്ടടിക്കുകയോ ചെയ്തു. അലിയോഷയെപ്പോലുള്ള ചിലർ (കാരമസോവ് സഹോദരന്മാർ) ആ വഴിവിട്ട് സഞ്ചരിക്കാൻ നോക്കി. ഗാന്ധിയാകട്ടെ കാമത്തിന്റെ ചതുപ്പിൽ നിന്ന് പുറത്തുവരാൻ കഠിന യത്നങ്ങൾ നടത്തി. സ്വയം പരിഹസിച്ചു. മറ്റുള്ളവരെ പരിഹസിച്ചു. സ്വയം അവഹേളിച്ചു ആത്മനിന്ദ നടത്തി. അതിലൂടെ അദ്ദേഹം സ്വയം ശുദ്ധീകരിക്കാനും വീണ്ടെടുക്കാനും ശ്രമിച്ചു. ആത്മീയമായ പരീക്ഷണങ്ങളിലൂടെ ഗാന്ധി ചിലപ്പോൾ സ്വയം പരിഹസിച്ച് രൂപഭാവങ്ങളിൽ ഒരു കോമാളിയോളം എത്തുന്നുണ്ട്. മറ്റുള്ളവരുടെ രൂപഭാവങ്ങളെ പരിഹസിക്കാൻ കൂടിയായിരുന്നു അത്. അർദ്ധനഗ്നനായ ഫക്കീർ അദ്ദേഹം ചിരിയോടെ സ്വീകരിച്ചു. കാമത്തിലും ഭക്ഷണത്തിലും ഗാന്ധി നടത്തുന്ന പരീക്ഷണങ്ങൾ പലരും കണ്ടത് തികഞ്ഞ കോമാളിയുടേതായിട്ടാണ്. തന്നെ സ്വയം Crank എന്നാണദ്ദേഹം വിശേഷിപ്പിച്ചത്. പക്ഷേ തന്റെ കോമാളിത്തത്തെ വിദൂഷക ഭാവത്തെ ദാരിദ്ര്യത്തെ പീഡനത്തെ അവതമിയെ ആത്മനിന്ദയെ ദിവ്യമാക്കാൻ (Divine) കഴിഞ്ഞതാണ് ഗാന്ധിയെ വ്യത്യസ്തനാക്കുന്നത്. അസീസിയിലെ ഫ്രാൻസിസും ദിവ്യനായ കോമാളിയായിരുന്നല്ലോ. എന്നാൽ ദൊസ്തയേവ്സ്കിയുടെ ദരിദ്ര മനുഷ്യർ ഗാന്ധിയോളവും ഫ്രാൻസിസോളവുമെത്താത്തത് അവർ നിങ്ങളും ഞാനും നമ്മെപ്പോലെയുള്ളവരുമായതു കൊണ്ടാണ്. നമുക്കൊക്കെയുള്ളത് ദൊസ്തയേവ്സ്കിയുടെ ചോരഗന്ധമാണ്. കോമാളികളായ ഗാന്ധിയുടെയോ ഫ്രാൻസിസിന്റെയോ വിശുദ്ധ രക്തമല്ല. പക്ഷേ ഒന്നോർക്കണം അവരുടെ ചോര വിശുദ്ധമായി പരിവർത്തിക്കപ്പെടുന്നത് ആത്മീയമായ കനൽനടത്തത്തിലൂടെയാണ്. ചോരയ്ക്ക് ചോര തിരിച്ചറിയാൻ എളുപ്പമായതുകൊണ്ടാണ് നിങ്ങൾക്കും എനിക്കും ദൊസ്തയേവ്സ്കിയുടെ ചോരയറിയാനാവുന്നത്.