കപ്പക്കയുടെ ജീവിതം.

1
400
ഒ സി മാർട്ടിൻ 1200

പൈനാണിപ്പെട്ടി

വി.കെ അനിൽകുമാർ
ചിത്രീകരണം ഒ.സി.മാർട്ടിൻ

കപ്പക്കയുടെ ജീവിതത്തെ കുറിച്ച്
പറയാൻ മാത്രം എന്താണുള്ളത്.
കപ്പമരത്തെ കുറിച്ചൊ കപ്പക്കയെ കുറിച്ചൊ
കവിതകളുണ്ടാകാത്തത് എന്തുകൊണ്ടാണ്?
ഉടലുണ്ടായിട്ടും തണ്ടും തടിയുമുണ്ടായിട്ടും കായുണ്ടായിട്ടും
വേരുകൾ തമ്മിൽ പിണഞ്ഞിട്ടും കപ്പ
മരത്തിൻ്റെ പെരുമയിലേക്കും
കവിതയിലേക്കും വളർന്നില്ല.
ചക്കയും മാങ്ങയും വെള്ളരിക്കുമൊപ്പം
കപ്പക്കയെ കണിവെച്ചില്ല.
മാമ്പഴക്കവിമൊഴികളിൽ മതിമറന്ന
വൈലോപ്പിള്ളി കപ്പക്കയുടെ മരതകക്കിങ്ങിണികളെ കണ്ടില്ല.
ഭാവനകളിലെ ധൂർത്ത സഞ്ചാരി കുഞ്ഞിരാമൻ നായരും കപ്പക്കയിൽ കവിതക്കണ്ണ് തുറന്നില്ല.
നാണത്താൽ കൈവെള്ളയിലൊതുങ്ങാൻ ചെറുനാരങ്ങയല്ലാത്തതിനാൽ കയ്യിലൊതുങ്ങാത്ത മുഴുത്തകപ്പക്കയെ ഒളപ്പമണ്ണയും കൈയ്യൊഴിഞ്ഞു.
മേനോനും നായരും നമ്പൂരിയും കവിതകളുടെ
മാമ്പഴപ്പുളിശ്ശേരിയും ചക്ക പ്രഥമനും കഴിച്ച്
ഉദരരോഗങ്ങൾക്കടിപ്പെട്ടു.
ചക്കയുടെ അമിത വളർച്ചയില്ലാതിരുന്നിട്ടും
മാമ്പഴത്തിൻ്റെ വലുപ്പക്കുറവിനെ മറികടന്നിട്ടും
കപ്പക്കയുടെ വടിവും തികവും
നിറവും ഒതുക്കവും
തൃഷ്ണയും കാണാനാകാത്ത ഭാവന ശൂന്യതയെ കുറിച്ചെന്തു പറയാൻ.

വീടിന്റെ അടുക്കളപ്പുറത്തിന്നൊരു കപ്പമരക്കവിതയുണ്ട്.
ആരും നട്ടതല്ല
ആരും നനച്ചതല്ല
ഒരു നാൾ
മണ്ണിൻ്റെ ചാരിയ അരവാതിൽ തുറന്ന്
തളിരുകളുലർത്തി നൊണ്ണു കാട്ടി ചിരിച്ചു.
പട്ടാമ്പിയൊ
നിളയൊ
ഇലഞ്ഞിത്തറപ്പെരുക്കമോ
ഒന്നുമില്ലാത്ത തുളുനാടൻ കപ്പക്കകാവ്യമരം.
കപ്പയെ കൺനിറയെ കണ്ടു.
കപ്പക്ക, പപ്പായ, കപ്ലിങ്ങ, കറുമൂസ്
ദേശപ്പലമകളിലെ പേർപ്പകർച്ചകൾ..
കപ്പക്ക അമ്മയുടെ അമ്മിഞ്ഞപ്പാലു ചുരത്തി.

painanippetti-vk-anikumar-oc-martin
ചിത്രീകരണം : ഒ.സി മാർട്ടിൻ

നിറഞ്ഞ കപ്പ മരത്തിൽ അമ്മയുടെ പായ്യാരം കേട്ടു.
താഴെ വീണു കിടക്കുന്ന നിഴൽപ്പടർപ്പുകളിൽ
തൃക്കരിപ്പൂരിൻ്റെ ഇരുണ്ട വഴിത്താരകൾ കണ്ടു
അരണ്ടകിനാവുകൾ കണ്ടു
വരണ്ട ബാല്യം നിലത്തുവീണ കപ്പത്തണ്ടുപെറുക്കി.

വിശപ്പിന് മുന്നിൽ പലപലരുചി ഭേദങ്ങളിൽ
കപ്പക്ക അടുക്കളയിൽ തിളച്ചപ്പോൾ
വേറെ ഒന്നുമില്ലയെന്ന് അമ്മയോട് കയർത്തു.
അടുക്കളയിലെ ദാരിദ്ര്യം അമ്മ കപ്പക്കയുമായി
പങ്കുവെച്ചു.
ഒരു ശരീരം കൊണ്ട് പല പല രസങ്ങളിൽ കപ്പക്കപാത്രത്തിൽ നിറഞ്ഞു വിയർത്തു.
വെള്ളത്തിൽ സ്വയമലിഞ്ഞ് പുളിശ്ശേരിയിലെ നീളൻ പാട്ടായി
വെള്ളം കുറുക്കി കപ്പക്ക വറവിൻ്റെ ഉറച്ച ഗദ്യമായി.
പാട്ടും മണിപ്രവാളവും ചേർക്കുന്നത് പോലെ
മീഞ്ചട്ടിയിൽ മീനും കപ്പക്കയും ഉലർത്തി
കപ്പക്കപ്പച്ചടിയിൽ പരീക്ഷണങ്ങൾ
രുചിഭേദങ്ങളുടെ വൈരുദ്ധ്യം സൃഷ്ടിച്ചു.
പക്ഷേ ..വിശപ്പ്
ദാരിദ്ര്യം
കഷ്ടതകളുടെ ഉച്ചച്ചൂടിൽ
അടുക്കളയിലുറയുന്ന കപ്പക്കയുടെ കോലത്തുമ്മക്കോലത്തെ വെറുത്തു.
കപ്പക്കയോടുള്ള ശത്രുതയിൽ ബാല്യം കൊഴിഞ്ഞു വീണു.

മുതിർന്നപ്പോൾ പഴയ അടുക്കള പൊളിച്ച് പുതിയ അടുക്കള പണിതു.
മീനും ഇറച്ചിയും സാമ്പാറും കൂട്ടുകറിയും വെള്ളരിയും അടുക്കള പങ്കിട്ടെടുത്തു.
മഞ്ചട്ടി പൊളിഞ്ഞു.
പുതിയ പാത്രങ്ങൾ വാങ്ങി.
പഴയ കറികൾക്ക് പകരം പുതിയ കറികൾ പുതിയ രുചികൾ…

ദാരിദ്ര്യമൊഴിഞ്ഞപ്പോൾ പടിഞ്ഞാപ്പുറത്തെ കപ്പമരങ്ങളെ പൂർണ്ണമായും മറന്നു.
കപ്പയിലെ മരതകക്കിങ്ങിണികൾ സൗഗന്ധിക സ്വർണ്ണമായപ്പോൾ പടിഞ്ഞാപ്പുറത്ത്
കലപിലയുടെ കാവ്യകേളി.
കാകനും പികവും ചകോരങ്ങളും അണ്ണാരക്കണ്ണനും
കപ്പമരത്തിലെ കനിമാധുര്യമുണ്ട് കവിത പാടുന്നു.
മുഴുത്ത കപ്പക്കയുടെ അടിഭാഗം കൊത്തിത്തിന്നുന്ന പുള്ളിക്കുയിലുകൾ പൂങ്കുയിലുകൾ…
മരമല്ലെങ്കിലും കനി പഴുത്താൽ കിളികൾക്കെല്ലാം
മരംതന്നെ..

അടുക്കളപ്പുറത്തെ സ്വയംഭൂവായ കപ്പമരം നിറയെ കപ്പക്കകൾ തന്നു.
അലുവക്കണ്ടം പോലെ മതിർത്ത കപ്പക്ക കൊഴിഞ്ഞു വീണ ബാല്യത്തെ തിരികെ തന്നു.
പലതവണ കപ്പത്തൈയും കടുത്ത ബാല്യവും നട്ടുവെങ്കിലും
മുളച്ച് പൊന്തിവരുമ്പോഴേക്കും അവ താനെ ചീഞ്ഞുപോയി.
തൃശൂരിൽ നാല് സ്ഥലത്ത് താമസിച്ചു.
കുടുംബമായി താമസിച്ചിടത്തൊക്കെ
കപ്പക്ക നട്ടു.
എവിടെയും പിടിച്ചുകിട്ടിയില്ല.
ഇപ്പോ താമസിക്കുന്നേടത്ത്
പലതവണ നട്ടതാണ്.

ഒരു തവണ നട്ട കപ്പ അതിഗംഭീരമായി വളർന്നു.
തന്നോളം ഉയരംവെച്ചു. പീലി വിടർത്തിയ പോലെ കപ്പത്തണ്ടുകൾ വിശറിക്കയുകളുർത്തി.
സന്തോഷമായി ഒരാളെങ്കിലും വേരുറപ്പിച്ചുവല്ലോ.
ആ സമയത്ത് വളപ്പ് വൃത്തിയാക്കാൻ തമിഴൻ വന്നു. നല്ലോണം വർത്താനം പറയുന്ന നല്ല തമിഴൻ.
വർത്താനം പറഞ്ഞു കൊണ്ടിരിക്കുന്നതിനിടയിൽ കത്യാളുകൊണ്ട് കപ്പയുടെ കഴുത്ത് വെട്ടി.
ഇവൻ ആൺകപ്പയാണ് ഇവനെ വളരാനനുവദിച്ചു കൂട.
ഭൂമിക്ക് മുകളിലെ ഉദ്ധാരണത്തെ തമിഴൻ കണ്ടിച്ചു.
കപ്പയിൽ ആണും പെണ്ണു മുണ്ടെന്ന് തമിഴൻ പറഞ്ഞു തന്നു.
ആണിനെക്കൊണ്ട് കാര്യമൊന്നുമില്ലത്രെ.
കപ്പക്ക പിടിക്കില്ല.
ഷണ്ഡത്വത്തിൻ്റെ അപമാനത്തിൽ മുറിഞ്ഞു വീണ കപ്പമരം നിലവിളിച്ചു.
ആണഹന്തയുടെ ശിരഛേദം…

പ്രകൃതിയിലെ വിസ്മയങ്ങളവസാനിക്കുന്നില്ല.
കപ്പയിൽ ആണും പെണ്ണും ഒരൊറ്റ ചില്ലയിൽ തന്നെ രമിക്കുന്നു.
ആൺ പൂവും പെൺപൂവും ഒരു മരത്തിൽ തന്നെ പൂക്കുന്നു.
അവിടെ വച്ച് തന്നെ ഇണചേരുന്നു
അർദ്ധനാരീ നരനായി സ്ത്രീയും പുരുഷനും
ഒരുടൽപ്പാതി പങ്കിട്ടെടുക്കുന്നു.
ലൈംഗീകമായി സ്വയംസമ്പൂർണ്ണമായ സസ്യമാണ് കപ്പ.

അടുക്കളപ്പുറത്തിരിപ്പാണ്.
നിറയെ മുഴുത്ത കപ്പക്കകളാണ്.
തൃശൂരിൽ ആദ്യമായിട്ടാണ് പറമ്പിൽ മുള പൊട്ടിയ പഴുത്ത കപ്പക്ക തിന്നുന്നത്.
എത്ര തവണ നട്ടിട്ടും വെള്ളമൊഴിച്ചിട്ടും ഒരിക്കലും വിജയിച്ചിട്ടില്ല.
ദീർഘകാലമായി കുട്ടികളുണ്ടാകാൻ ചികിത്സിച്ച് മനസ്സ് മടുത്ത്
എല്ലാ വൈദ്യ പരീക്ഷങ്ങളും ഉപേക്ഷിച്ച് പിന്നിട്
കുറെ കഴിഞ്ഞ് കുത്തുണ്ടാകുന്നതുപോലെയായിരുന്നു….

സ്വർണ്ണവർണ്ണം പുരണ്ട കപ്പക്ക നെടുകെ പിളർന്നപ്പോൾ
നുറുക്കക്കിന് ബീജങ്ങൾ പുറത്ത് ചാടി
കപ്പമരക്കുഞ്ഞുങ്ങൾ….
എന്ത് രസം എന്ത് കൗതുകം
ഒരു കപ്പമരത്തിൽ പതിനായിരക്കണക്കിന് വിത്തുകളുണ്ട്.
അവയിലൊന്നുപോലും നമുക്ക് മുളപ്പിച്ചെടുക്കാൻ പറ്റണമെന്നില്ല.
ഏറ്റവും സൂക്ഷ്മവും നിർമ്മമവുമായ അതിജീവനത്തിൻ്റെ ജനിതക സംവിധാനം ആയിരം വിത്തുകളിൽ ഒന്നൊ രണ്ടോ എണ്ണത്തിൽ പ്രകൃതി സൂക്ഷിച്ച് വച്ചിട്ടുണ്ട്.
അതല്ലാതെ ബാക്കിയുള്ളവ എവിടെ നട്ടാലും എങ്ങനെ നട്ടാലും എന്ത് വളമിട്ടാലും
വെള്ളമൊഴിച്ചാലും മുളയ്ക്കില്ല.
ഉയിരുള്ളവൻ ഉശിരുള്ളവൻ എങ്ങനെ ഇല്ലാതാക്കാൻ ശ്രമിച്ചാലും കിളിർത്ത് വരിക തന്നെ ചെയ്യും.
മണ്ണിലുയിർക്കുന്നവനെ
തടയാനാർക്കും കഴിയില്ല.

വി. കെ. അനില്‍കുമാര്‍


ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.

1 COMMENT

  1. കണ്ണൂരിൽ പപ്പായക്ക് ഒരു അവതാരപകർച്ച ലഭിച്ചിട്ടുണ്ട്.

    കോക്റ്റൈൽ…..
    പപ്പായ…കാരറ്റ്..അണ്ടിപ്പരിപ്പ് ബദാം.. ഫ്രഷ് ക്രീം ഐസ്‌ക്രീം ഒകെ ചേർത്ത് പാനീയം…

    ഒരു ഗ്ലാസ്സ് 100 രൂപ

    രാജകീയ പാനീയം….

    ന്യൂ ജൻ സ്മൂത്തി……

    കാലത്തിനൊത്ത് പുതുകോലം….

LEAVE A REPLY

Please enter your comment!
Please enter your name here