സ്കൂൾ തുറക്കുമ്പോൾ; വേണം ഒരു ഹാപ്പിനെസ് കരിക്കുലം

0
446
KV Manoj 1200

സാമൂഹികം
കെ.വി മനോജ്

പ്രശസ്ത സ്ലോവേനിയൻ ചിന്തകൻ സ്ലാവേജ് സിസെക് കോവിഡാനന്തര കാലത്തെ നവസാധാരണം (ന്യൂ നോർമൽ) എന്ന പ്രയോഗത്തിലൂടെയാണ് വിശദീകരിക്കാൻ ശ്രമിച്ചത്. നവസാധാരണ കാലത്തെ ഏറെ പ്രതീക്ഷയോടെയാണ് സ്ലാവേജ് സിസെക് സമീപിക്കുന്നത്. പ്രതിസന്ധിയ്ക്കു ശേഷമുള്ള മികച്ച ഒരു ഭരണകൂടവ്യവസ്ഥയുടെയും സാമൂഹികക്രമത്തിന്റെയും പിറവി സിസെക് കോവിഡ് പാൻഡമിക് 19 – ഷേക് ദ വേൾഡ് എന്ന പുസ്തകത്തിൽ പ്രവചിക്കുന്നുണ്ട്. പ്ലേഗ് അനന്തരകാലഘട്ടത്തിനു ശേഷമുള്ള നവോത്ഥാനത്തെയും സ്പാനിഷ് ഫ്ലൂ കാലഘട്ടത്തിനു ശേഷമുള്ള സമാധാന ശ്രമങ്ങളെയുമെല്ലാം സിസെക് ഉദാഹരിക്കുന്നുണ്ട്. ഒരു പക്ഷേ, വിദ്യാലയങ്ങളുടെയും കുട്ടികളുടെയും പൊതു ഇടങ്ങളിലേയ്ക്കുള്ള തിരിച്ചു വരവാകാം നവസാധാരണ കാലത്തെ അർത്ഥവത്താക്കുന്ന പ്രധാന ഘടകം. ഇന്ത്യയിലെ ഏതാണ്ടെല്ലാ സംസ്ഥാനങ്ങളിലും സ്കൂളുകൾ തുറന്നു കഴിഞ്ഞു. കേരളത്തിലും നവംബർ ഒന്നു മുതൽ സ്കൂളുകൾ തുറക്കുകയാണ്. തുറക്കുന്നത് പഴയ സ്കൂളല്ലയെന്നതും മടങ്ങിയെത്തുന്നത് പഴയ കുട്ടിയല്ലയെന്നതും കണക്കിലെടുത്തും, ഭാവിയിലുണ്ടാവാനിടയുള്ള അക്കാദമിക അടിയന്തിരാവസ്ഥയെ പരിഗണിച്ചും സമഗ്രമായ ഒരു വിദ്യാഭ്യാസ സമീപനത്തിന് തുടക്കം കുറിയ്‌ക്കേണ്ട ഘട്ടമാണിത്.

പാൻഡമിക് പ്രതിസന്ധിയും വിദ്യാഭ്യാസവും

ഡബ്ല്യൂ.എച്ച്. ഒ ഒരു സൈക്കോ – സോഷ്യൽ എക്സ്പെരിമെന്റ് ആയി വിശേഷിപ്പിച്ച കോവിഡ് പ്രതിസന്ധി ഏറ്റവുമധികം ആഘാതമുണ്ടാക്കിയ മേഖലകളിലൊന്ന് വിദ്യാഭ്യാസമാണ്. ലോകത്തിന്റെ വിദ്യാഭ്യാസ ഭൂപടത്തെ കോവിഡ് മാറ്റി വരച്ചു. എൺപത് കോടിയിലധികം വിദ്യാർഥികളുടെ പഠനത്തെ കോവിഡ് പ്രതിസന്ധി ബാധിച്ചുവെന്ന് യൂനിസെഫ് ചൂണ്ടിക്കാട്ടുന്നു. സമാനമായി എൺപതു ലക്ഷത്തിലധികം അധ്യാപകരും അടച്ചുപൂട്ടലിനു വിധേയമായി. വിദ്യാഭ്യാസാവകാശങ്ങൾക്കും മനുഷ്യാവകാശങ്ങൾക്കും മേൽ ചില ഭരണകൂടങ്ങൾ കടുത്ത സെൻസർഷിപ്പുകളും സർവയലൻസും ഏർപ്പെടുത്തി. നിയോ – ലിബറൽ സമീപനങ്ങളിലൂന്നിയ സാലറി വെട്ടിക്കുറയ്ക്കലുകളും പിരിച്ചു വിടലുകളും വ്യാപകമായി. ഇതിനെയാണ് സാമൂഹ്യ പ്രവർത്തകയും നവോമി ക്ലീൻ ദുരന്ത മുതലാളിത്തം (Disaster Capitalism) എന്നീ പ്രയോഗത്തിലൂടെ വെളിവാക്കാൻ ശ്രമിച്ചത്. ദുരന്ത മുതലാളിത്തത്തിനൊപ്പം, സർവിയലൻസ് ക്യാപിറ്റലിസം, ടെക്നോ ക്യാപിറ്റലിസം (നോളജ് ഇക്കോണമി) എന്നീ പ്രയോഗങ്ങളും കോവിഡ് കാലത്തിന്റെതായി കടന്നുവന്നു. അറിവിനേയും ഡിജിറ്റൽ സാങ്കേതികതയേയും ചരക്കുവത്ക്കരിക്കുകയും അന്യവത്ക്കരിക്കുകയും കുത്തകവത്ക്കരിക്കുകയും ചെയ്യുന്ന പ്രക്രിയ ഇന്ത്യയിലുൾപ്പെടെ തീവ്രമായി. വിദ്യാഭ്യാസ പലായനങ്ങളും അധ്യയന നഷ്ടവും ബാലവേലയും ശൈശവ വിവാഹങ്ങളും കോവിഡനന്തര യാഥാർത്ഥ്യമായി ഇന്ത്യയിലും നിലനിൽക്കുന്നു. കോവിഡിനു ശേഷം സ്കൂളുകൾ തുറന്ന സംസ്ഥാനങ്ങളിലെ കുട്ടികളിൽ ഏറെയും തിരിച്ചെത്തിയിട്ടില്ലയെന്നതും, കുട്ടികൾ കടുത്ത മാനസിക-വൈകാരിക സംഘർഷത്തിലൂടെ കടന്നു പോകുന്നുവെന്നതും എഴുത്തിലും വായനയിലും ഗണിതത്തിലും ഗുരുതര അധ്യയന നഷ്ടമുണ്ടായിയെന്നതും നവംബർ 1 ന് സ്കൂളുകൾ തുറക്കാൻ തയാറെടുക്കുന്ന കേരളത്തിനും ദിശാസൂചകമാവേണ്ടതുണ്ട്.

സ്കൂൾ എന്ന സുരക്ഷിത സാമൂഹിക കേന്ദ്രം

സ്കൂൾ എന്ന സുരക്ഷിത സാമൂഹിക കേന്ദ്രത്തിന്റെ പ്രസക്തിയും പ്രാധാന്യവും ജൈവിക സ്വഭാവവും പൊതു സമൂഹത്തിന് തികച്ചും ബോധ്യമായ കാലഘട്ടം കൂടിയാണിത്.കുട്ടികളും അധ്യാപകരും രക്ഷിതാക്കളും ഒരു പോലെ കടന്നു പോകുന്ന മാനസിക വൈകാരിക സംഘർഷങ്ങളെ ഒട്ടൊക്കെ ലഘൂകരിക്കുന്ന സേഫ്ടി വാൽവാണ് ഓരോ വിദ്യാലയവും.ക്ലാസ് റൂമുകൾ ജനാധിപത്യ-മതേതര ഇടം മാത്രമല്ല, ചേർത്തുപിടിക്കലിന്റെയും കൂട്ടായ്മയുടേയും വൈകാരിക സന്തുലനത്തിന്റെയും മൂല്യാധിഷ്ഠിത ജീവിത പാഠങ്ങളുടെയും ശുഭാപ്തിവിശ്വാസത്തിന്റെയും ഇടങ്ങൾ കൂടിയായിരുന്നെന്ന് കോവിഡ് കാലത്തെ കുരുന്നുകളുടെ ആത്മഹത്യകൾ നമ്മെ ഓർമ്മിപ്പിച്ചു. കുട്ടികളും അധ്യാപകരും രക്ഷിതാക്കളും സങ്കീർണമായ മാനസികാവസ്ഥകളിലൂടെയാണ് കടന്നു പോയതെന്നും അവയിലൊന്നിന് പോലും ഡിജിറ്റൽ വിദ്യാഭ്യാസത്തിലൂടെ പരിഹാരം കാണാനായില്ലെന്നും പഠനങ്ങളും റിപ്പോർട്ടുകളും ചൂണ്ടിക്കാട്ടി. മാത്രമല്ല, വിദ്യാഭ്യാസത്തിലെ സങ്കീർണ സാമൂഹ്യ-അക്കാദമിക – ബോധനശാസ്ത്ര പ്രശ്നങ്ങൾക്ക് കേന്ദ്രീകൃതമായ സാങ്കേതിക പരിഹാരങ്ങൾ നിർദ്ദേശിക്കുന്നതിന്റെ യുക്തിയില്ലായ്മയും സമൂഹത്തിന് ബോധ്യമായി. ആത്യന്തികമായി സ്കൂൾ എന്ന ആശയം കൊഴിഞ്ഞു പോവുകയല്ല, സാമൂഹിക അനിവാര്യതയായി നിലകൊള്ളുകയെന്നതാണ് കോവിഡാനന്തരകാലം മുന്നോട്ടു വയ്ക്കുന്ന പ്രസക്തമായ തിരിച്ചറിവ്.

ഡിജിറ്റൽ വിദ്യാഭ്യാസമെന്ന പ്രതീതിയാഥാർത്ഥ്യം

കോവിഡ് പ്രതിസന്ധിക്കാലത്തെ ഒറ്റമൂലിയെന്ന നിലയിൽ ലോകമെങ്ങും വ്യത്യസ്ത രൂപങ്ങളിൽ കടന്നു വന്ന ഡിജിറ്റൽ വിദ്യാഭ്യാസം ഒരു പ്രതീതിയാഥാർത്ഥ്യം (virtual reality) മാത്രമാണെന്ന തിരിച്ചറിവ് കോവിഡിന്റെ പ്രധാന പാഠങ്ങളിലൊന്നായി. വിദ്യാഭ്യാസം നടക്കുന്നുവെന്ന തോന്നലുണ്ടാക്കുകയും വിലയിരുത്തപ്പെടുമ്പോൾ വിദ്യാർത്ഥിയിൽ പഠനം നടന്നുവെന്നതിന്റെ സൂചനകളോ, അടയാളങ്ങളോ ഉണ്ടാവാതിരിക്കുകയും ചെയ്യുന്ന സാഹചര്യമാണ് സൃഷ്ടിക്കപ്പെട്ടത്. ഇതിനൊപ്പം ഡിജിറ്റൽ പ്രാപ്യതയില്ലായ്മയും ലഭ്യതയില്ലായ്മയും പാർശ്വവത്കൃത വിഭാഗങ്ങളിൽ കടുത്ത പഠന പ്രതിസന്ധി സൃഷ്ടിച്ചു. ടെക്നോ- പെഡഗോജിയുമായി ബന്ധപ്പെട്ട ബോധനശാസ്ത്രപരമായ അറിവില്ലായ്മയും വിദ്യാഭ്യാസ അടിയന്തിരാവസ്ഥയ്ക്കു സമാനമായ സാഹചര്യങ്ങളെ മറികടക്കുന്നതിനുള്ള പരിചയക്കുറവും വിദ്യാഭ്യാസ മേഖലയിൽ അസ്വസ്ഥതകൾക്കു കാരണമായി. ഭിന്നശേഷിയുള്ള വിദ്യാർത്ഥികളെ പരിഗണിക്കുന്നതിലും അവരുടെ ശാരീരിക- വൈകാരിക-മാനസിക സംഘർഷങ്ങൾ ലഘൂകരിക്കുന്നതിലും ഡിജിറ്റൽ വിദ്യാഭ്യാസവും സങ്കേതങ്ങളും പരാജയപ്പെട്ടു.

അവർ സ്കൂളുകളിലേക്ക് മടങ്ങിയെത്തുമോ ?

കോവിഡ് പ്രതിസന്ധി കേരളത്തിലെ വിദൂരമലയോര പ്രദേശങ്ങളിലും, ആദിവാസി മേഖലകളിലും, ഭാഷാന്യൂനപക്ഷ പ്രദേശങ്ങളിലും സാരമായ അധ്യയന നഷ്ടത്തിനും, സ്കൂൾ ഉപേക്ഷിക്കലിനും കാരണമായിട്ടുണ്ടെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു. വിദ്യാഭ്യാസക്രമത്തിലെ പൊതുവിഭാഗം കുട്ടികളുടെ എണ്ണം കൂടുമ്പോഴും മാർജിനലൈസ്ഡ് ആയ വിഭാഗത്തിൽപ്പെട്ട കുട്ടികളുടെ എണ്ണം ഓരോ വർഷവും കുറഞ്ഞു വരുന്ന പ്രതിഭാസം കേരളത്തിൽ കോവിഡ് പ്രതിസന്ധിക്കും വളരെ മുമ്പു തന്നെ നിലനിൽക്കുന്നുണ്ട്. എസ്.സി/എസ്.ടി വിഭാഗങ്ങളുടെ കൊഴിഞ്ഞു പോക്ക്, പഠന പിന്നാക്കാവസ്ഥ, പ്രവേശന നിരക്കിലെ കുറവ്, താഴ്ന്ന അക്കാദമിക നിലവാരം, ഡിജിറ്റൽ അസന്തുലിതത്വം എന്നിവ നമ്മുടെ വിദ്യാഭ്യാസ പ്രക്രിയയിലെ അസ്വസ്ഥ യാഥാർത്ഥ്യകളാണ്. കോവിഡ് ഇത്തരം പ്രശ്നങ്ങളെ ദൃഢീകരിക്കുകയും സ്ഥാപനവത്ക്കരിക്കുകയും ചെയ്തിട്ടുണ്ട്. പാതി വഴിയിൽ പഠനമുപേക്ഷിച്ച് കൂലിപ്പണിയ്ക്കു പോയവരും, മറ്റു സംസ്ഥാനങ്ങളിലേക്ക് ജോലി തേടിപ്പോയവരും ഏറെയാണ്. ആദിവാസി മേഖലകളിലെ പെൺകുട്ടികളുടെ ഉന്നത വിദ്യാഭ്യാസാവസരങ്ങളും സ്കൂൾ തുറന്നാലും ഒരു പക്ഷേ അനിശ്ചിതത്വത്തിലാവാനാണ് സാധ്യത. എഴുത്തിലും വായനയിലും ഗണിതത്തിലും സർക്കാർ മാർഗരേഖ ചൂണ്ടിക്കാട്ടുന്ന കേവലമായ അക്കാദമിക വിടവല്ല ഗുരുതരമായ അക്കാദമിക നഷ്ടമാണ് സംഭവിച്ചിട്ടുള്ളത്. സ്കൂളുകളിലെത്തുന്ന കുട്ടികൾക്കുള്ള അക്കാദമിക പിന്തുണയെ കുറിച്ച് പറയുന്ന വിദ്യാഭ്യാസ മാർഗരേഖ സ്കൂളുകൾ ഉപേക്ഷിച്ചു പോയവരെ, പഠനമുപേക്ഷിച്ചവരെ തിരിച്ചെത്തിയ്ക്കുന്നതെങ്ങനെയെന്ന് സൂചിപ്പിക്കുന്നില്ല. എത്തിയവരെ പരിഗണിക്കുകയെന്നതല്ല, സ്കൂളിലെത്താത്ത അവസാന കുട്ടിയേയും പഠന പ്രകിയയിലേക്കു തിരിച്ചു കൊണ്ടു വരികയെന്നതാണ് ഈ ഘട്ടത്തിൽ അനിവാര്യം.

ഫോട്ടോ: അശോകൻ ലീഫ്

ഹാപ്പിനെസ് കരിക്കുലവും പാൻഡമഗോജിയും

ഐക്യരാഷ്ട്രസഭയുടെ വേൾഡ് ഹാപ്പിനെസ് ഇൻഡക്സിൽ പരിഗണിക്കപ്പെടുന്ന രാജ്യങ്ങളിൽ ഏറെ പിന്നിലാണ് ഇന്ത്യയുടെ സ്ഥാനം. രാജ്യം വികസിക്കുമ്പോഴും ജനങ്ങൾ സന്തുഷ്ടരല്ല എന്നതാണ് ആഗോള സന്തോഷ സൂചിക നമ്മെ ഓർമ്മിപ്പിക്കുന്നത്. വിദ്യാഭ്യാസ ഗുണനിലവാരവും സന്തോഷമുള്ള വിദ്യാർഥികളും അധ്യാപകരും വിദ്യാഭ്യാസ വ്യവസ്ഥയും ആനന്ദ സൂചികയിലെ പ്രധാന ഘടകങ്ങളാണ്. കോവിഡാനന്തര വിദ്യാഭ്യാസത്തിൽ ലോകമെങ്ങും ഒരു പാൻഡമഗോജി രൂപപ്പെട്ടു വരുന്നുണ്ട്. പാൻഡമിക് കാലത്തെ പെഡഗോജിയാണ് പാൻഡമഗോജി. മാനസിക- വൈകാരിക – ശാരീരികാരോഗ്യവും, അടിയന്തിര സാഹചര്യങ്ങളെ നേരിടാനുള്ള കരുത്തും കൂട്ടായ പ്രതിരോധവും പാരിസ്ഥികാവബോധവും ആരോഗ്യ – ശുചിത്വ ജീവിത പാഠങ്ങളും ക്രിയാത്മകമായ സാമൂഹ്യ ഇടപെടലുകളും ഹാപ്പിനെസ് കരിക്കുലത്തിലുണ്ടാവണം. അതിന്റെ ബോധന സമീപനമെന്ന നിലയിൽ കുട്ടികളിൽ സന്തോഷവും സംതൃപ്തിയും സ്വപ്നങ്ങളും ശുഭാപ്തിവിശ്വാസവും നിറയ്ക്കുന്ന ഒരു പാൻഡമഗോജി രൂപപ്പെടേണ്ടതുണ്ട്. അതിനുള്ള ശ്രമങ്ങളാവണം കേരളത്തിലെ കോവിഡനന്തര വിദ്യാഭ്യാസത്തിലുണ്ടാവേണ്ടത്.

ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.

LEAVE A REPLY

Please enter your comment!
Please enter your name here