കഥ
വിമീഷ് മണിയൂർ
ബ്രെയ്ക്ക് ഫാസ്റ്റ് റെഡിയാക്കി അടുക്കളയിൽ നിന്ന് പതിവുള്ള ലോങ്ങ് ജമ്പിലൂടെ ഡൈനിങ്ങ് റൂമിൽ പ്രത്യക്ഷപ്പെട്ട ദീപ ടീച്ചർ അസ്തമിച്ചു പോയ്. സ്ഥിരമായ് കാണാനുണ്ടായിരുന്ന ഒരേയൊരു കാണിയും സ്റ്റാൻ്റ് വിട്ട് പോയിരിക്കുന്നു. അങ്ങനെയൊരു നീക്കം കരുഞ്ചേരി ഹൈസ്ക്കൂളിലെ പകരക്കാരില്ലാത്ത ദീപ ടീച്ചർ ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല.
എട്ടേ മുപ്പത് എന്നൊരു സമയമുണ്ടെങ്കിൽ ഭക്ഷണം ടേബിളിൽ എത്തണം എന്ന ശിലാശാസനം പേടിച്ചിട്ടല്ല,താനൊഴിച്ച്, ഇതേവരെ ഒരു പെണ്ണുങ്ങളെക്കൊണ്ടും പറയിച്ചിട്ടില്ലാത്ത തരക്കേടില്ലാത്ത ഭർത്താവാണ് എന്ന ഒറ്റ പരിഗണനയിലാണ്, പറഞ്ഞ് നിർത്തിയപ്പോൾ രണ്ടു രണ്ടരക്കിലോ തോന്നിച്ച ആ തീരുമാനത്തിന് കൂട്ട് നിന്ന് ദീപ ടീച്ചർ അടുക്കളയിലെ പി.ടി അവറിന് ഒരു മണിക്കൂർ നേരത്തെ എഴുന്നേറ്റ് കൊണ്ട് മണി അടിച്ച് തുടങ്ങിയത്.
എട്ടേമുപ്പതിന് രണ്ടു മൂന്ന് മിനിറ്റ് മുമ്പ് സാധനം ടേബിളിലെത്തിച്ച് ടീച്ചർ കൂടെ ഇരിക്കും. ശ്രീജിത്ത് മാഷ് പ്ലയിറ്റിലേക്ക് മാത്രം കണ്ണുകളയച്ച് വായിലേക്കുള്ള ചാപം വരച്ചുകൊണ്ടിരിക്കും. മുഖത്ത് നോക്കാൻ വലിയ ബുദ്ധിമുട്ടാണ് മൂപ്പർക്ക്. സ്കൂളിൽ വെച്ച് ഒരു ദിവസം അറിയാതെ തട്ടിപ്പോയതിന് പറഞ്ഞ വർത്താനം ഒരു ഭാര്യയും കേട്ടിരിക്കില്ല.
‘വല്ല്യ നാണക്കാരനാണ് ‘ ഹൈസ്ക്കൂളിലെ സുജാത ടീച്ചർ ചോദിക്കും.
അങ്ങനൊന്നൂല്ല…. ദീപ ടീച്ചർ തടി തപ്പും.
കൂടെ മിണ്ടാതെയിരിക്കുമ്പോൾ പൊങ്ങുന്ന നെടുവീർപ്പുകളെ പോലും ടീച്ചർ വലിയ മണമില്ലാത്ത ഒന്നോ രണ്ടോ കുശുവായ് പറമ്പുകളിലേക്ക് പറത്തിവിട്ടിരിക്കും. മാഷ്ക്ക് ഒരു അസ്വസ്ഥത വേണ്ട. ടീച്ചർ കൂടുതൽ ഒന്നും പറയാൻ നിക്കില്ല. സ്കൂളിൽ പോവാനുള്ളതല്ലേ, മനസ്സിനൊരു ഉളുക്കൊ, ചതവോ വേണ്ടെന്ന് വെക്കും. പക്ഷെ രാത്രി ഉറങ്ങാൻ കിടന്നുമ്പോൾ ദീപ ടീച്ചർ അതിനെല്ലാം കൂടി കുശുകുശുക്കും.
“സിസിലി ടീച്ചർ ലീവിന് കൊടുത്തിട്ടുണ്ട്.
അതിന് ? ശ്രീജിത്ത് മാഷ് മനസ്സിൽ കൊണ്ടു നടക്കുന്ന പ്ലാൻ ഒറ്റയ്ക്കിരുന്ന് വരച്ച് തുടങ്ങും.
‘മൂപ്പര് ഗൾഫിൽ നിന്ന് വന്ന് രണ്ടാഴ്ച്ച വന്ന് നിന്നേയുള്ളൂ”
അതിന്? ശ്രീജിത്ത് മാഷ് മട്ടകോൺ ഒപ്പിച്ച് പിടിക്കും.
“എന്നോട് മാഷിൻ്റെ പ്രിൻസിപ്പാളും ചോദിച്ചു: ലീവെടുക്കാറായില്ലേന്ന് ”
അതിന്? ശ്രീജിത്ത് മാഷ് കണ്ണുകൾ കൊണ്ട് കെട്ടിയുണ്ടാക്കുന്ന മുറികളുടെ വലിപ്പം അൽപ്പം കൂടി കൂട്ടി വരക്കും.
അതിന് പി.ടി ഉഷയെ നോക്കിക്കോ …. ഇനി എന്നെ കിട്ടൂല…
ദീപ ടീച്ചർ ദേഷ്യം പിടിച്ച് ചരിഞ്ഞ് കിടന്നു തുടങ്ങും. അല്ലാതെ പിന്നെ, അതിൽ കൂടുതൽ എന്താണ് പറയുക. ഒരിക്കൽ രണ്ടും കൽപ്പിച്ച് ദീപ ടീച്ചർ ചോദിച്ചതാണ്. മാഷ് ഉറപ്പു പറഞ്ഞു: വെക്കേഷനാവട്ടെ, ഇപ്പം മിഡ് ടേമിന് മുമ്പ് തീരോന്നൊരു ചിന്തയില് നിക്കാ… ഇങ്ങനെയുണ്ടോ ഒരു മനുഷ്യൻ.
താൻ പി.ടി അധ്യാപികയായതുകൊണ്ടാണോ ഈ ചിറ്റമ്മ നയമെന്ന് ദീപ ടീച്ചർക്ക് ഇടക്ക് തോന്നും.
ടീച്ചർ സമാധാനിച്ചു. വെക്കേഷന് നാലഞ്ച് മാസം കൂടിയേയുള്ളൂ. നല്ല ചൂടായിരിക്കും. എന്നാലും സാരമില്ല.
പോരാത്തതിന് ഹയർ സെക്കൻ്ററിയുടെ പി.ടി.എ പ്രസിഡൻ്റ് ഭയങ്കര വെറുപ്പിക്കലാണെന്ന് മറ്റു മാഷമ്മാര് പറഞ്ഞ് അറിയുകയും ചെയ്യാം.
കുടുംബത്തിൽ പലരും ചോദിച്ച് തുടങ്ങിയിട്ടുണ്ട്. അതു കേൾക്കുമ്പോഴാണ്.
ദീപ ടീച്ചർ കിടന്നിടത്ത് നിന്ന് ഒരു തിരിയൽ കൂടി തിരിയും.
ശ്രീജിത്ത് മാഷ് ഒന്നുകൂടി എഴുന്നേറ്റ് മൂത്രമൊഴിച്ചെന്ന് ഉറപ്പു വരുത്തി ഒരു സ്കെയിലു പോലെ കട്ടിലിൽ നിലയുറപ്പിക്കും. കൈ കൊണ്ട് തൻ്റെ മുലകളെ തൊട്ട് തൊട്ട് ദീപ ടീച്ചർ കൂർക്കം വലിച്ചു തുടങ്ങും.
പക്ഷെ അന്ന് സമയക്രമം പാലിച്ചിട്ടും മാഷിനെ കാണാഞ്ഞ് ദീപ ടീച്ചർ കോനായിലേക്കും മിറ്റത്തേക്കും ഇറങ്ങി നോക്കുക കൂടി ചെയ്തു. ഇനി ആരെങ്കിലും വിളിച്ചിട്ട് വേഗത്തിൽ പുറത്തിറങ്ങിയതാണെങ്കിലോ ? അങ്ങനെ പതിവില്ല. ഇന്നലത്തെ കുശുകുശുക്കൽ ഇത്തിരി കൂടിപ്പോയോ എന്നൊരു തോന്നൽ ടീച്ചറുടെ പിന്നാലെ വാലാട്ടി കൊണ്ട് നടന്നു.രണ്ടും കൽപ്പിച്ച് ടീച്ചർ കൊണ്ടു വച്ച പിട്ടിൻ്റെ നടുവയർ അമർത്തി ഞരിച്ച് മറ്റൊരു കൈകൊണ്ട് മാഷിൻ്റെ നമ്പറിൻ്റെ നെഞ്ഞത്തിത്തിട്ട് കുത്തി.
ദീപേ, ഞാൻ സ്കൂളിലുണ്ടാവും. ഒരാവശ്യണ്ട് ‘… പെട്ടെന്ന് ഇറങ്ങീതാ….
ചായ കുടിക്കാണ്ടോ ….?
അത് ….
ശ്രീജിത്ത് മാഷ് ഫോൺ വെക്കുമ്പോൾ റോഡിലേക്കുള്ള ആദ്യ കാൽവെക്കുകയായിരുന്നു.
ഇനി ഏതു വഴിക്കു പോകും? ആദ്യം കാണുന്ന ബസ്സിൽ കയറി എങ്ങോട്ടേക്കെങ്കിലും പോവുക. അതേ വഴിയുള്ളൂ. ഇനി ഈ നാട്ടിൽ ജീവിക്കാനാവില്ല. ഇതിലപ്പുറം ഒന്നും വരാനില്ല.
ശ്രീജിത്ത് മാഷിന് തലവൃത്താകൃതിയിൽ ചുറ്റുന്നത് പോലെ തോന്നി. ഒന്ന് കിടന്നാലോ എന്നാണ് ആദ്യം തീരുമാനിച്ചത്. നടുറോഡിൽ കരുവഞ്ചേരി ഹയർ സെക്കൻ്ററിയിലെ അധ്യാപകൻ കിടന്നുറങ്ങി എന്ന ചീത്തപ്പേര് കൂടി വരും. പക്ഷെ സംഭവിച്ച് കഴിഞ്ഞത് അവിടം കൊണ്ടൊന്നും തീരില്ലെന്ന് അറിയാമായിരുന്ന ശ്രീജിത്ത് മാഷിൻ്റെ ബാക്കിയുള്ള ബോധത്തിൻ്റെ ബൃഹത് കോണിലേക്ക് ദിനേശൻ മാഷിൻ്റെ ജ്വലിക്കുന്ന മുഖം കറങ്ങി വന്ന് നിന്നു.
എന്താ, എന്താ കാര്യം? ദിനേശൻ മാഷിൻ്റെ ജ്വലനം കുറഞ്ഞു കൊണ്ടിരുന്നു.
അബദ്ധം പറ്റി മാഷെ. എങ്ങനേങ്കിലും എന്നൊന്ന് സഹായിക്കണം.
അബദ്ധോ ….. മാഷക്കോ?
അതെ മാഷെ. എന്നോടങ്ങ് വിട്ടും പോയ്…
എന്ത്? ദിനേശൻ മാഷ് ജ്വലനം പൂർത്തിയാക്കി തണുത്തുറഞ്ഞു കൊണ്ടിരുന്നു. രാവിലെ തന്നെ ഒരു കമ്പിക്കഥ കേൾക്കേണ്ടി വരുമല്ലോ എന്നോർത്ത് ദിനേശൻ മാഷിൻ്റെ മുഖം മ്ലാനമായി. അടുത്ത തവണ എന്തായാലും മാലയിടണം, മാഷുറപ്പിച്ചു.
രാവിലെ ചായ കുടിച്ച് കഴിഞ്ഞ് ചരമ കോളത്തിലൂടെ ഇന്നലെ മരിച്ചു പോയ സുന്ദരികളായ സ്ത്രീകളിലൂടെ കടന്നുപോവുമ്പഴായിരുന്നു അത്. തന്നെ കാത്ത് ഒരു കുത്സിത പ്രവർത്തനം ഒരുങ്ങിയിറങ്ങിയിട്ടുണ്ട് എന്ന് അയലത്ത്കാരി നളിനിയുടെ വഴിയരികിൽ കെട്ടിയ പശുവിൻ്റെ കരച്ചിൽ കേട്ടപ്പഴാണ് തോന്നിയത്.ദിനേശൻ മാഷത് വിശ്വസിക്കാൻ അപ്പോൾ തയ്യാറായിരുന്നില്ല.
ശ്രീജിത്ത് മാഷിൻ്റെ മുഖം ജപ്പാൻ കുടിവെള്ള പദ്ധതിക്ക് കുഴിച്ചു വെച്ച കുഴി പോലെ പ്രതീക്ഷയറ്റു കിടന്നു.
ദിനേശൻ മാഷ് ശ്രീജിത്ത് മാഷിൻ്റെ കൈയ്യും പിടിച്ച് മുന്നോട്ട് നടന്നു. ചുറ്റും ആരുമില്ലെന്ന ഉറപ്പിൽ ശബ്ദത്തിൻ്റെ യൂണിറ്റായ ഡെസിബെൽ കുറച്ച് ചോദിച്ചു.
പെണ്ണു കേസാണെന്ന് മനസ്സിലായ്…
ഉം… ശ്രീജിത്ത് മാഷിൻ്റെ തലനിന്നിടത്ത് നിന്ന് ഒരു മൂളൽ അനുഭവപ്പെട്ടു.
അയൽക്കാരിയോ, അതോ ?
മാഷെന്താ വിചാരിച്ചത്. ഇതതൊന്നല്ല.
പിന്നെ?
ഞാമ്പറയാം. ദീപ ടീച്ചറ് അറിയരുത്. ഇതു കൂടി കേട്ടാൽ എൻ്റെ രാത്രി നായ നക്കും. സ്കൂളിലെ വേറാരും….
അതെന്തൊരു വർത്താനാ….. മാഷ് കാര്യമ്പറ മാഷെ…
ദിനേശൻ മാഷിൻ്റെ മനസ്സ് പ്രകാശവേഗത്തിൽ സഞ്ചരിച്ച് ശ്രീജിത്ത് മാഷിൻ്റെ അറിയപ്പെടുന്ന ഹിസ്റ്ററിയിലൂടെ ഊളിയിട്ടു വന്നു. ആള് 916 ക്വാളിറ്റി ആണ്. ഇത്തിരി, തുരുമ്പിന്, ചെറിയ ഓസിലേഷൻ കൂടുതലുണ്ടെന്ന് പറയുന്നവരും ഉണ്ട്. സ്കൂളിൽ ജോയിൻ്റ് ചെയ്ത് എട്ട് വർഷമെടുത്തു കെട്ടാൻ. നാലഞ്ച് ഗസ്റ്റ് ലക്ചറർമാർ മെസേജയച്ചും പറേപ്പിച്ചും നോക്കിയതാണ്. ഒരു രക്ഷയുമില്ല. ഒരു സുപ്രഭാതത്തിൽ കല്ല്യാണക്കത്തുമായ് വന്ന് ഞെട്ടിച്ചു. ഒരു വർഷം കഴിയുംമുമ്പെ ഭാര്യ ദീപ ടീച്ചർ ട്രാൻസ്ഫറായ് വന്ന് കുട്ടികളെ ഗ്രൗണ്ടില് നിർത്തി കസർത്ത് കാണിച്ചു തുടങ്ങി.
ഇതിനിടയിൽ സ്ത്രീ വിഷയം = 0
പരദൂഷണ കമ്മിറ്റികളിലെ പങ്കാളിത്തം = 0
പത്രമൊഴിച്ചുള്ള വായന കൊണ്ടുള്ള ദോഷം = 0 < 1
വിവരക്കേട് എഴുന്നള്ളിക്കൽ = 0> 1
പിശുക്ക് = 1 < 10
പ്ലസ് വൺ എ ബാച്ചിന് ഒരസൈൻമെൻ്റ് കൊടുത്തിരുന്നു. ശ്രീജിത്ത് മാഷ് ദിനേശൻ മാഷിൻ്റെ കൈ പിടിച്ചു.
അതിനെന്താ മാഷെ ? ദിനേശൻ മാഷ് കണ്ണുകളുരുട്ടി.
അതിനുണ്ട് മാഷെ. എല്ലാരും കണക്ക് ചെയ്ത് ഫോട്ടോ വാട്സ്ആപ്പിൽ അയക്കാനാ പറഞ്ഞത്. കുട്ടികളങ്ങനെ തന്നെയാ ചെയ്തത്. പക്ഷെ, നമ്മുടെ പിടിഎ പ്രസിഡൻ്റില്ലേ....
ചൊറിയൻ പ്രസിഡൻറ് ....ദിനേശൻ മാഷ് മുരണ്ടു
അതെ. അയാളെ മോള് ആതിര കൃഷ്ണൻ മാത്രം എഴുതിയത് നല്ല വൃത്തിക്ക് സ്കാൻ ചെയ്ത് പി.ഡി.എഫാക്കിയാ അയച്ചത്.രാവിലത്തന്നെ അതു കണ്ട സന്തോഷത്തിൽ ഞാനയച്ചു പോയ് മാഷെ.
എന്ത്? ദിനേശൻ മാഷ് ക്യാമറ കൂർപ്പിച്ചു.
ശ്രീജിത്ത് മാഷ് മൊബൈൽ എടുത്ത് ചെറിയ വിറയോടെ രഹസ്യ നമ്പർ അടിച്ച് ബി.നിലവറ തുറന്നു കാണിച്ചു.
ചുകചുകപ്പുള്ള ഒരു മുട്ടൻ ഹൃദയത്തിൻ്റെ ഇമോജി.
ആ ഹൃദയം കൂടുതൽ നോക്കുന്തോറും ഐ ല വ്യൂ എന്ന് നിലവിളിച്ച് നടക്കുന്നത് പോലെ ശ്രീജിത്ത് മാഷിന് തോന്നി.
ദിനേശൻ മാഷ് ഒരു നിമിഷം നിന്നു. നെറ്റ് ഓണാക്കാൻ പറഞ്ഞു.
കണ്ടു മാഷെ.ആ കുട്ടി കണ്ടിട്ടുണ്ട്. അതിനു താഴത്തെ നീല ടിക്ക് വന്നപ്പഴാ എന്താ അയച്ചത് എന്നത് എനിക്ക് പോലും മനസ്സിലായത്.പിന്നെ ഒന്നും കുടിക്കാതെ എറങ്ങി ഓടീതാ....
മാഷെ ഇങ്ങള് പേടിക്കാണ്ടിരി. ഞാനൊക്കെ ഫേസ്ബുക്കില് ആളും തരവും നോക്കാതെ വാരിക്കോരി എറിയണതാ ഇതൊക്കെ.പക്ഷെ വാട്സ്ആപ്പില് ഒന്ന് ശ്രദ്ധിക്കും. ഏത് വഴീല് വെടിവെച്ച് വീഴ്ത്താന്ന് വിചാരിക്കുന്ന കുട്ടികളാ ചുറ്റും. ഒരു മണം പൊന്തിയാ, ഖരാവോ ആയി, സമരം ആയി, സസ്പെൻഷൻ ആയി ... ചീത്തപ്പേര് വേണ്ടുവോളമായി....
മാഷെ, ഞാൻ... ശ്രീജിത്ത് മാഷിൻ്റെ കണ്ണുകൾ നിറഞ്ഞു വെളളം കത്തുന്നത് ദിനേശൻ മാഷ് കണ്ടു.
അറിയാ മാഷെ, നിങ്ങളെക്കുറിച്ച് ഇതുവരെ മോശൊരഭിപ്രായല്ല. അതു കൊണ്ട് തന്നെ ഒന്ന് കരുതണം. പേടിക്കണം എന്ന് ഞാമ്പറയൂല. ഇവിടെപ്പം വേറൊരു ചൊറ കൂടിയുണ്ട്....
അതു കൂടി ഓർത്തപ്പഴാ ഞാൻ കുഴഞ്ഞ് പോയത്... ശ്രീജിത്ത് മാഷ് കണ്ണു തുടച്ചു.
ആതിര കൃഷ്ണൻ്റെ അച്ഛൻ! അതാ ഒരെത്തും പിടിയും കിട്ടാത്തത്. അയാളങ്ങാൻ കണ്ടാൽ പിന്നെ വിഷയം മാറും....
ഞാനെങ്ങോട്ടേക്കെങ്കിലും പോയാലോ മാഷെ. ശ്രീജിത്ത് മാഷിൻ്റെ തൊണ്ടയിൽ ഭിന്നസംഖ്യകൾ ഇടറിക്കൊണ്ട് കലപില കൂട്ടി.
ഛെ...ച്ചെ... ചെ.. അതൊക്കെ ഒരു പരിഹാരാണോ മാഷേ. ദീപ ടീച്ചറെ കാര്യൊന്ന് ആലോചിച്ച് നോക്ക്...ദിനേശൻ മാഷ് ഒരു കരക്കാറ്റ് പറത്തി വിട്ടു.
ഇനിയിപ്പം എന്താ വഴി... ശ്രീജിത്ത് മാഷ് കണ്ണ് തുടച്ചു.
രണ്ടു മൂന്ന് കുട്ട്യോൾക്കും കൂടി അതേ ഇമോജി അയച്ചിട്ടാലോ.... അപ്പം പിന്നെ ഒരാൾക്ക് മാത്രല്ലാന്ന് പറഞ്ഞൂടെ.... അല്ലെങ്കിൽ വേണ്ട, അത് ചിലപ്പം കൂടുതൽ പ്രശ്നാവും. ഞാനങ്ങാനാണെങ്കിൽ കുട്ടികള് ചിലപ്പം മൈൻഡ് ചെയ്തില്ലാന്ന് വരും. പക്ഷെ നിലവിളിച്ചാ പോലും തിരിഞ്ഞു നോക്കാത്ത ഇങ്ങളെ കാര്യത്തിൽ കുട്ട്യോളും സംശയിച്ചോവും.
കല്യാണം കഴിഞ്ഞാലും കുറച്ച് പെൺകുട്ട്യോള് ഇങ്ങളെ പിന്നാലെ കൊല്ലാകൊല്ലം നടക്കുന്നൂന്ന് ഒരിൻ്റലിജൻസ് റിപ്പോർട്ട് കൂടിയുണ്ടെന്ന് പറയാൻ ദിനേശൻ മാഷിന് മുട്ടി.
ശ്രീജിത്ത് മാഷ് തല കുനിച്ചു നിന്നു.
പേടിച്ചിട്ട് ഇനി കാര്യല്ല മാഷേ. വരുന്നേടത്ത് വെച്ച് കാണാ... പ്രിൻസീനെ ചെന്ന് കാണാം. അതന്ന വഴി. ദിനേശൻ മാഷ് തീരുമാനമെടുത്തു.
അല്ല മാഷെ... ശ്രീജിത്ത് മാഷ് തലയുയർത്തി. ആതിര കൃഷ്ണൻ്റെ വീട്ടിൽ പോയി പറഞ്ഞാലോ... നേരിൽ കണ്ട് സംസാരിച്ചാ അവിടന്ന് തീർന്നാലോ?
നല്ല കാര്യായ്. അവളുടെ അച്ഛൻ മാഷെ തേച്ചൊടിക്കും. അയാള് അമ്പലത്തില് പോകുന്നത് തന്നെ അവിടെ താമര വിരിയുന്നോണ്ടാന്നാ എൻ്റെ ഒരിത്. അതാ ജാതി. ഇത് കൂടി അറിഞ്ഞാൽ ക്ലാസെടുക്കുമ്പം അയാള് ക്ലാസില് വന്ന് മോണിറ്ററ് ചെയ്ത് തുടങ്ങും. അതു വേണ്ട. ചെലപ്പം ആ കുട്ടി പറഞ്ഞില്ലെങ്കിലോ?
അങ്ങനെ വരോ? ശ്രീജിത്ത് മാഷ് ആശ്വാസത്തിൻ്റെ വൃത്തമെറിഞ്ഞു.
ഉറപ്പിച്ചു കൂട.... തൊട്ടതിനും പിടിച്ചതിനും അച്ഛനെ കൂട്ടി വരുന്ന കുട്ടിയാ... കരുണ തോന്നിയാൽ ആയി... ദിനേശൻ മാഷ് കുറ്റിയടിച്ചു.
ക്ലാസിലിരിക്കുമ്പം ആതിര കൃഷ്ണൻ്റെ നോട്ടം പോലും സാധാരണ ഒരു പെൺകുട്ടിയുടെ പോലെയായിരുന്നില്ല. ഒരു ചെറിയ സംശയം മതി, അപ്പോൾ എഴുന്നേറ്റ് നിക്കും. അതെന്താ അങ്ങനെ... ഇതെന്താ ഇങ്ങനെ... ചില ദിവസങ്ങളിൽ ഉത്തരം പറഞ്ഞാലും മുഖത്തൊരു ചിരിയുണ്ടാകും. ആക്കിയുള്ള ചിരി. പറഞ്ഞത് അബദ്ധമായോന്ന് വരെ ചിന്തിച്ചു പോകും. അതുമല്ല ഇടയ്ക്കൊന്ന് യാദൃശ്ചികമായ് തൊട്ടു പോയാൽ തന്നെ ചാണകം ചവിട്ടിയ പോലെ ഒരു ഞെട്ടലാണ്.
ആ കുട്ടിയുടെ തന്ത രാത്രി വന്ന് തെറി വിളിക്കുന്നത് മനസ്സിൽ കണ്ട് ഉറക്കം പോലും പോയി കിട്ടും. എങ്ങനെയെങ്കിലും ആ കുട്ടി ഇറങ്ങിപ്പോയാൽ മതി എന്ന് വിചാരിച്ചിരിക്കുമ്പഴാ ഇങ്ങനൊരു ചൊറ.
അടുത്ത നിമിഷം സർവ്വയർ രാധാകൃഷ്ണൻ സ്കൂട്ടി മുന്നിൽ കൊണ്ടുവന്ന് ചവിട്ടി നിർത്തി.
മാഷെ, ദിനേശൻ മാഷെ ....
ആ... എന്തൊക്കെയാണ് വർത്താനം. ദിനേശൻ മാഷ് സർവ്വസമ്മതനായ് അഭിനയിച്ചു.
ഞാൻ മാഷെ ഒന്ന് കാണാനിരിക്കയായിരുന്നു. മോന് ഗൂഗിൾ മീറ്റ് കിട്ടുന്നില്ല എന്ന് പറഞ്ഞ് ഒരു വസ്തു പഠിക്കുന്നില്ല. അത് ശരിയാക്കാൻ എന്തെങ്കിലും ചെയ്യാമ്പറ്റോ മാഷെ?
സർവ്വയർ രാധാകൃഷ്ണൻ സ്ഥിരാന്വേഷിയാണ്. എല്ലാ ദിവസവും ഏതെങ്കിലും ടീച്ചറെ വീട്ടിൽ കേറിച്ചെല്ലും. മോൻ്റെ കാര്യം പറഞ്ഞ് എന്തെങ്കിലും ചോദിക്കും. അതാണ് അയാളെ ഒരേയൊരു സന്തോഷം.
റെയ്ഞ്ച് കുറവുണ്ടോ.... അവിടെ....ദിനേശൻ മാഷ് സ്വൈര്യക്കേട് ഒഴിവാക്കാൻ ശ്രമിച്ചു.
ഇല്ലല്ലോ, ൻ്റെ ഓള് ഇന്ത്യാ രാജ്യം മൊത്തം വിളിക്കുന്നതാ നേരം കിട്ടിയാൽ ...
എന്നാൽ പിന്നെ റെയ്ഞ്ചാവൂല. ഞാനവനെ വിളിക്കാം.
സർവ്വയർ അടുത്ത ചവിട്ടിന് വണ്ടി സ്റ്റാർട്ടാക്കി. തൊട്ടടുത്തുള്ള ചായക്കടയിൽ നിന്ന് ഒരു സ്ട്രോങ്ങ് ചായ കുടിച്ച് പറ്റ് ബുക്കില് എഴുതി ചേർത്ത് അയാൾ ഇറങ്ങി. പോകുന്ന പോക്കിന് അതേ ഹയർ സെക്കൻ്ററിയിലെ പ്രിൻസിപ്പലിൻ്റ മുമ്പിലും ഒരു ചവിട്ട് ചവിട്ടി.
ഒരു പാട് സൗകര്യമുള്ള മക്കള് പഠിച്ചു നന്നാവൂല എന്നൊരു വാക്യം സർവ്വയർ രാധാകൃഷ്ണൻ്റെ മനസ്സിൽ കുഞ്ഞുണ്ടായ കാലം മുതൽ പെറ്റ് പെരുകിയിരുന്നു. തൻ്റെ മകനും ഒരു വകയ്ക്ക് കൊള്ളാത്തവനായ്പ്പോകും എന്ന ആശങ്ക അയാളെ അസ്വസ്ഥനാക്കിക്കൊണ്ടിരുന്നു. ഓഫീസിൽ പോലും അയാൾക്ക് സമാധാനം കിട്ടിയില്ല. ഭാര്യയുടെ അല്ലപറച്ചിൽ കേട്ട് കേട്ട് എത്രയും വൈകിച്ച് മകൻ്റെ പoന സാമഗ്രികൾ അയാൾ വാങ്ങിച്ചു നൽകി. ഇടയ്ക്ക് ചെരുപ്പ് ഒളിപ്പിച്ച് വെച്ച് ചെരുപ്പിടാതെ മകനെ സ്കൂളിൽ പറഞ്ഞയക്കാൻ ശ്രമിച്ച് അയാൾ പരാജയപ്പെട്ടു. മകൻ കൂടുതൽ കൂടുതൽ അകലുന്നത് പോലെ അയാൾക്ക് തോന്നി. പക്ഷെ തന്നെ കൂലിപ്പണിയിൽ നിന്ന് ഗവൺമെൻ്റ് ജോലിയിലേക്ക് വഴി തിരിച്ചുവിട്ട ഒരു അധ്യാപകൻ്റെ ഓർമ്മയിൽ നിരന്തരമായ് അയാൾ മകൻ്റെ അധ്യാപകരെ ശല്യം ചെയ്തു കൊണ്ടിരുന്നു.
സാറെ, ഞാൻ സാറെ ഒന്ന് കാണാനിരിക്കയായിരുന്നു. മോന് ഗൂഗിൾ മീറ്റ് കിട്ടുന്നില്ല എന്ന് പറഞ്ഞ് ഒരു വസ്തു പഠിക്കുന്നില്ല. അത് ശരിയാക്കാൻ എന്തെങ്കിലും ചെയ്യാമ്പറ്റോ സാറെ.
രണ്ടു മൂന്ന് ദിവസം തുടർച്ചയായ് ഒരേ കാര്യം കേട്ടതിൻ്റെ അസ്വസ്ഥത പ്രിൻസപ്പൽ ശിവദാസൻ മാഷിൻ്റെ മൂക്കിൽ ശുണ്ഠി കൂട്ടി. തീ തൊട്ട് തീട്ടം വരെ മാഷമ്മാരോടു ചോദിക്കുന്ന ചില പെരട്ട രക്ഷിതാക്കൻമാരുടെ പെരടിക്ക് രണ്ട് കൊടുക്കണം എന്ന പക്ഷക്കാരനാണ് ശിവദാസൻ മാഷ്.
മാഷ് തിരിഞ്ഞ് രണ്ടടി മുന്നോട്ട് വന്ന് മാസ്ക് ഒന്നുകൂടി മുറുക്കി വളരെ സാവധാനം പറഞ്ഞു.
"പിരിയാൻ മൂന്ന് മാസം കൂടിയേയുള്ളൂ. അതിനുള്ളിൽ ശരിയാക്കിത്തരാം.
മാഷിൻ്റെ സ്വഭാവത്തിൻ്റെ പല പോസുകളും ചെറുതായ് അറിഞ്ഞത് കൊണ്ട് സർവ്വയർ അതു മതി മാഷെ, എന്ന് പറഞ്ഞ് വണ്ടി പറത്തി.
സ്കൂൾ നേരത്തിന് തുറന്നു വെച്ചതു കണ്ട് പ്രിൻസിപ്പലിന് ഒരു കാര്യം മനസ്സിലായി. കൊടുക്കേണ്ടത് അതാത് സമയത്ത് കൊടുത്താൻ കാര്യം നടക്കും. ഓഫീസിലേക്ക് തിരിഞ്ഞതും ശിപായി ജീവേഷ് ചിരിച്ചു കൊണ്ട് സ്റ്റാഫ് റൂമുകൾ തുറക്കാനായ് കടന്നു പോയി. ഇന്നലെ കൊടുത്ത മരുന്ന് അവൻ്റെ ചിരിയിൽ ഉജാലയിട്ട പോലെ വെട്ടിത്തിളങ്ങുന്നത് ശിവദാസൻ മാഷിന് രസിച്ചു.
പടി കടന്നപ്പോഴാണ് തൂണിനോട് മറഞ്ഞു നിന്ന ദിനേശൻ മാഷും ശ്രീജിത്ത് മാഷും കണ്ണിൽ പെട്ടത്.
ദിനേശൻ മാഷ് നേരത്തെയാണല്ലോ ..... പ്രിൻസിപ്പൽ ആദ്യ കരു മുന്നോട്ടു നീക്കി.
ശ്രീജിത്ത് മാഷ് വിളിച്ചപ്പോൾ നേരത്തന്ന എറങ്ങി സാറെ ... ദിനേശൻ മാഷ് ശ്രീജിത്ത് മാഷുടെ കാര്യം തുടങ്ങിവെച്ചു.
അത് മാഷെ, ഒരു പ്രശ്നണ്ട്... ശ്രീജിത്ത് മാഷ് പൊടിപറത്തി പറഞ്ഞൊപ്പിച്ചു.
പിരിയാൻ മൂന്ന് മാസമേയുള്ളൂ. ഇനി ഒരേടാകൂടത്തിലും ചാടില്ലെന്ന് ഭാര്യക്കും മക്കൾക്കും വാക്കു കൊടുത്തതാണ്. എന്നാലും പുതിയതെന്തെങ്കിലും വന്നാൽ ചാടിപ്പോയേക്കും എന്നൊരു തോന്നൽ പ്രിൻസിപ്പലിനുണ്ടായിരുന്നു. ജൻമനാലുള്ള എടുത്ത് ചാട്ടം ഉള്ളിൽ പാർക്ക് ചെയ്തു പ്രിൻസിപ്പൽ നിന്നു.
ൻ്റെ മാഷെ..... പ്രിൻസിപ്പൽ കൂടുതലെന്തെങ്കിലും പറയുന്നതിന് മുമ്പ് ശ്രീജിത്ത് മാഷ് പ്രിൻസിപ്പലിൻ്റെ കൈ കൂട്ടിപ്പിടിച്ചു.
ഏതൊക്കെ വഴീല് ആർ.ടി.എ കൊടുത്ത് ഇത് പൂട്ടിക്കാന്ന് നോക്കി നടക്കുന്ന മനുഷ്യനാ.... നാലും ഇങ്ങള് പിടികൊടുത്തല്ലോ ... പ്രിൻസിപ്പൽ ശബ്ദം താഴ്ത്തി.
സാറ് വിചാരിച്ചാൽ നടക്കും. ഒന്ന് അയാളെ എന്തെങ്കിലും ചോദിച്ച് അങ്ങോട്ട് വിളിക്കണം. അയാളറിഞ്ഞിട്ടുണ്ടെകിൽ നമുക്കറിയാലോ... ദിനേശൻ മാഷ് അടവ് നയം അവതരിപ്പിച്ചു.
പ്രിൻസിപ്പൽ വിളിക്കാൻ ഒരുങ്ങുമ്പഴേക്ക് അധ്യാപകരും ഓഫീസ് സ്റ്റാഫും കയറി വന്ന് കൊണ്ടിരുന്നു. നേരം പുതിയ പൾസറെടുത്ത് ചുറ്റും ഓടിക്കൊണ്ടിരിക്കുന്നതു പോലെ പ്രിൻസിപ്പലിന് തോന്നി. ആദ്യ രണ്ട് തവണ ബിസി കാണിച്ചെങ്കിലും 'മൂന്നാം തവണ ആതിര കൃഷ്ണൻ്റെ അച്ഛൻ ഫോണെടുത്തു.
ശ്രീജിത്ത് മാഷിൻ്റെ നെഞ്ചിൽ ഊരാളി ബാൻ്റിൻ്റെ പ്രമോ കയറിത്തുടങ്ങി. ഒന്ന് രണ്ട് സഹപ്രവർത്തകർ എന്താണ് കാര്യമെന്ന് ആംഗ്യം കാണിച്ച് ഒപ്പിട്ട് ബാക്കി പിന്നെ ചോദിക്കാമെന്ന് കരുതി ധൃതിയിൽ നടന്നു.
പ്രിൻസിപ്പാളാണേ.... ഒരു കാര്യം പറയാൻ വിളിച്ചതാന്നേ.... പ്ലസ്ടുവിലെ കുട്ടികൾക്ക് കുറച്ച് ദിവസത്തെ ക്ലാസുണ്ട്. അവർക്ക് ഒരു വാട്ടർപ്പൂരിഫയർ വെച്ചാലോ എന്നൊരു ആലോചന.. ചൂടല്ലേ.... പ്രിൻസിപ്പൽ ആയുധം ഒളിപ്പിച്ചു.
പ്രിൻസിപ്പലിൻ്റെ ചെവിയിൽ കയറിയിരുന്നെങ്കിൽ മറുപടി വേഗത്തിൽ കേൾക്കാമായിരുന്നെന്ന് ദിനേശൻ മാഷ് വിചാരിച്ചു.
സാറെ, മാഷിമ്മാരിക്ക് വെള്ളം കുടിക്കാൻ എന്തിനാ പി.ടി.എ ഫണ്ട് . തുറന്ന് പറയാലോ, അത് നടക്കൂല. കുട്ടികള് കുറച്ച് ദിവസല്ലേ വരൂ....
അങ്ങനെ അടച്ചാക്ഷേപിക്കല്ല പ്രസിഡൻ്റേ.... പ്രിൻസിപ്പലിൻ്റെ ഉടലാകെ ചൊറിഞ്ഞു.
ശരി.... ഞാനക്കാര്യം മാഷമ്മാരോട് സൂചിപ്പിക്കാം.
വൃത്തികെട്ടവൻ... പ്രിൻസിപ്പലിൻ്റെ തല പെരുത്തു.
പ്രിൻസിപ്പൽ അതു പറഞ്ഞു നിർത്തിയതും ദീപ ടീച്ചർ കയറിവന്ന് ടിഫിൻ കൊടുത്തു.
കഴിച്ചില്ലാലോ അല്ലേ ?
ഇല്ല.
ആ വാക്ക് മൂന്ന് പേരെയും മൂന്ന് വഴിക്ക് പിരിച്ചുവിട്ടു. ശ്രീജിത്ത് മാഷ് ടിഫിൻ വാങ്ങി സ്റ്റാഫ് റൂമിലേക്ക് നടന്നു. ഇതുവരെ അയാളറിഞ്ഞിട്ടില്ലെന്ന് തോന്നുന്നു എന്ന് ആരോ മാഷുടെ ഉള്ളിൽ വന്ന് മെസേജിട്ടു. അവളെന്താണ് പറയാതിരുന്നത്. സ്കൂളിലേക്ക് മകളെയും വിളിച്ച് കൊണ്ട് വന്ന് തൻ്റെ തൊലിയുരിക്കുന്ന നിമിഷത്തെ ശ്രീജിത്ത് മാഷിന് മുമ്പിൽ കാണാൻ കഴിഞ്ഞു. കുട്ടികളും മാഷുമ്മാരും നാട്ടുകാരും ചേർന്നുള്ള ആൾക്കൂട്ടത്തിനിടയിൽ നിർദ്ധാരണം ചെയ്യപ്പെടാനാവാതെ അലറിക്കൊണ്ടിരിക്കുന്ന ഒരു ചോദ്യത്തിന് സ്വന്തം പാസ്പോട്ട് സൈസ് ഫോട്ടോയുടെ മുഖം വന്ന് ചേരുന്നത് ശ്രീജിത്ത് മാഷ് അറിഞ്ഞു. ഒരോ ദിവസവും അടിച്ചു കൊല്ലുന്ന കൊതുകുകളാണ് കുട്ടികളായ് മുന്നിൽ വന്നിരിക്കുന്നതെന്ന് സ്റ്റാഫ് റൂമിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന കൊതുക് ഓർമ്മപ്പെടുത്തി.
അശ്ലീല പരാമർശം; അധ്യാപകനെതിരെ കേസെടുത്തു - എന്നൊരു വാർത്ത ഈ ദുരന്ത കാലത്തും ആളുകളെ രസിപ്പിച്ചേക്കുവെന്ന് മാഷ് ഉറപ്പിച്ചു
സ്വന്തം കസേരയിൽ ഒന്നിരുന്ന് ഫോണെടുത്തതും മാഷമ്പരന്നു.
എന്തു ചെയ്യണമെന്നറിയാതെ മാഷ് ചുറ്റും നോക്കി. വിഷയം ഇതുവരെ അറിഞ്ഞിട്ടില്ലാത്ത വായിൽ നോക്കികളാണ് ചുറ്റോട് ചുറ്റ് ഇരിക്കുന്നത്. മാഷ് വേഗത്തിൽ ഇറങ്ങി നടന്നു.
ഇത്രയും വേഗത്തിൽ തനിക്ക് സഞ്ചരിക്കാൻ സാധിക്കുമെന്നത് പുതിയൊരു തിരിച്ചറിവുകൂടിയായിരുന്നു. വീണ്ടും ദിനേശൻ മാഷിൻ്റെ മുന്നിലെത്തി ശ്രീജിത്ത് മാഷ് രഹസ്യത്തിൻ്റെ വ്യാസം അളന്ന് തിട്ടപ്പെടുത്തി പറഞ്ഞു;
മാഷെ, ഇപ്പം തുറന്നപ്പം കണ്ടതാ. ശ്രീജിത്ത് മാഷ് നെടുവീർപ്പിട്ടു.
ദിനേശൻ മാഷ് കണ്ണു താഴ്ത്തി. വീണ്ടും തിളങ്ങുന്ന ഇലക്ട്രോണിക് പദാർത്ഥത്തിലേക്ക് ഫോക്കസ് ക്യത്യമാക്കി.
എവിടെ, നോക്കട്ടെ...
ആതിര കൃഷ്ണൻ എന്ന പേരിനു താഴെ തുടുത്ത ഹൃദയചിഹ്നങ്ങൾ നിർത്താതെ പറത്തിവിട്ടുകൊണ്ടിരിക്കുന്ന ഒരു പെൺകുട്ടിയുടെ ജി.ഐ.എഫ്.
പതിവുള്ള പതിനൊന്നേ മുപ്പതിൻ്റെ ചായ വന്നപ്പോൾ സ്റ്റാഫ് റൂമിൽ അധികം പേരുണ്ടായിരുന്നില്ല. മിസ്റ്റർ കരുവഞ്ചേരിയെന്ന് തോന്നിപ്പിക്കുന്ന ഒരു പഴംപൊരി ചായയുടെ കൂടെ ദീപ ടീച്ചറുടെ നേരെ നീണ്ടപ്പോൾ തലയുയർത്തി നോക്കി.
മകള് ഇന്നലെ രാത്രി പ്രസവിച്ചു. ആൺകുട്ടിയാ..... സുജാത ടീച്ചർ പഴംപൊരിക്കു പിന്നിലെ കാര്യം വിശദീകരിച്ചു. കൂടെ ഒരു സംശയവും;പിരിയുന്നേനും മുമ്പേ ടീച്ചറെ ചായ കിട്ടുവോ?
ദീപ ടീച്ചർ എഴുന്നേറ്റു.
ടീച്ചറേ, പറയുന്നതു കൊണ്ട് ഒന്നും തോന്നരുത്. ഗോളടിക്കാൻ ആർക്കും പറ്റും. ഉരുട്ടി ഉരുട്ടി കളം നിറഞ്ഞ് കളിക്കുന്നതിലാണ് കാര്യം. കഷ്ടപ്പെട്ട് കൊണ്ട് പോയ് എതിർ ടീമിൻ്റെ വലയുടെ തൊട്ടുമുമ്പിൻ വെച്ച് അവസരം നഷ്ടപ്പെടുത്തിക്കളയുന്നതാ എൻ്റെയൊരു ത്രില്ല്.... ഗാലറിക്ക് വേണ്ടി കളിക്കുന്നതുപോലല്ല അത്....
ചായ ഒരിറക്ക് കുടിച്ച്, ടേബിളിൻ്റെ അടിയിലുണ്ടായിരുന്ന ബോൾ ഒന്ന് ഉരുട്ടി ദീപ ടീച്ചർ സുജാത ടീച്ചറുടെ അണ്ണാക്കിലേക്ക് പാസ് ചെയ്തു.
...
1987 മെയ് 16ന് കോഴിക്കോട് ജില്ലയിലെ മന്നിയൂരിൽ ജനനം.മണിയൂർ പഞ്ചായത്ത് ഹൈസ്ക്കൂൾ, മേപ്പയ്യൂർ ജി.വി.എച്ച് എസ് എസ്, മലബാർ ക്രിസ്ത്യൻ കോളേജ്, കാലിക്കറ്റ് യൂണിവേഴ്സിറ്റി എന്നിവിടങ്ങളിൽ വിദ്യാഭ്യാസം. റേഷൻ കാർഡ്, ആനയുടെ വളർത്തു മൃഗമാണ് പാപ്പാൻ, എൻ്റെ നാമത്തിൽ ദൈവം, ഒരിടത്ത് ഒരു പ്ലാവിൽ ഒരു മാങ്ങയുണ്ടായി, യേശുവും ക്രിസ്തുവും ഇരട്ടകളായിരുന്നു (കവിത സമാഹാരങ്ങൾ) സാധാരണം (നോവൽ) ഒരു കുന്നും മൂന്ന് കുട്ടികളും, ബൂതം (ബാലസാഹിത്യം ) എന്നിവ കുതികൾ. കവിതകൾ തമിഴ്, കന്നട, ഇംഗ്ലീഷ് ഭാഷകളിലേക്ക് വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. പൂന്താനം കവിത അവാർഡ്, കേരള സാഹിത്യ അക്കാദമിയുടെ കനക ശ്രീ എൻറോൺമെൻ്റ്,മദ്രാസ് കേരള സമാജം കവിത അവാർഡ്, കടത്തനാട് മാധവിക്കുട്ടിയമ്മ കവിത അവാർഡ് തുടങ്ങി ഒട്ടേറെ പുരസ്ക്കാരങ്ങൾക്ക് അർഹനായി. കൂട്ടുകാരി ദിവ്യ. വി
..
ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in
ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.