പൈനാണിപ്പെട്ടി
വി. കെ. അനിൽകുമാർ
വര: ഒ.സി.മാർട്ടിൻ
മരമെന്നാൽ രമിപ്പിക്കുന്നവനാണ്.
എങ്കിലും മരത്തിലെവിടെയൊ മരണത്തിന്റെ പുഴുവരിക്കുന്നുണ്ട്
മരത്തിലെ മരണമെന്നത് കാര്യമറിയാത്ത ഒരപനിർമ്മിതിയാണ്.
ഒരു വ്യാകരണപ്പിഴയാണ്.
മരണത്തിന്റെയും ഉയിർപ്പിന്റെയും
ശ്വേതമുദ്രകൾ ചൂടിയ ഒരു മരം
നമുക്ക് സ്വന്തമായുണ്ട്.
മരണത്തിൽ നിന്നും രമണത്തിലേക്കുയിർത്ത ഒരു മരം.
തിളവെയിൽ രസായനം കോരിക്കുടിച്ച്
മേനി മിനുത്ത പൂവുകൾ പൂവുകളല്ല.
അത് സഹനത്തിന്റെ
അതിജീവനത്തിന്റെ വിവർത്തനഭാഷയാണ്.
ചില്ലകൾ അടങ്ങാത്ത രതിമൂർച്ചകളുടെ ഉടലിളക്കങ്ങളാണ്.
ഇലകളിൽ പ്രകാശസംശ്ലേഷണമല്ല ഉടലടുപ്പത്തിന്റെ ആശ്ലേഷങ്ങളാണ്.
മരം നട്ട് മനുഷ്യനെ ഉയിർപ്പിക്കുന്ന ഇന്ദ്രജാലം…
ചെമ്പകമെന്നാൽ
ഞങ്ങൾക്ക് മദത്തിന്റെ പുനരുത്ഥാനം എന്നാണർത്ഥം.
ദഹനത്തിൽ നിന്നും ദാഹിച്ചുയിർത്തവൻ ചാർത്തിയ കാമമുദ്രണം.
ഒരു മരം
ഒരു ചില്ല
ഒരില
ഒരു പൂവ്
വീട്ടുമുറ്റത്തൊരു കാമദേവൻ ഉതിർന്നുവീഴുന്നു…..
ഒരു മരത്തെ ചുറ്റി ഇങ്ങനെയൊക്കെ പറയാമോ എന്ന് ചോദിച്ചാൽ
ഒരു മരം ഒരു ദേശത്തിന്റെ സാംസ്ക്കാരിക രൂപകമാകുന്നതെങ്ങിനെയെന്ന് വിശദീകരിക്കേണ്ടി വരും.
വേരുകൾ വേദങ്ങളുടെ വിശുദ്ധഭൂമികയിലേക്ക് ആഴ്ന്നിറങ്ങിയില്ല.
ചില്ലകൾ പുരാണങ്ങളുടെ അനന്തവിഹായസ്സിലേക്ക് പടർന്നില്ല.
ഇലകളിൽ ഉപനിഷത്തുക്കൾ കുത്തിവരഞ്ഞില്ല.
ചെമ്പകം എഴുത്തറിയാത്ത ,
പൂണൂലിടാത്ത, പണിയെടുക്കുന്ന, സങ്കടപ്പെടുന്ന മനുഷ്യന്റെ ജന്മവൃക്ഷമാണ്.
ജന്മം കൊണ്ട് വിശുദ്ധരല്ലാതെ
അധ്വാനം കൊണ്ട് വിശുദ്ധരായവരുടെ അടയാളവാക്യമാണ്.
ചില മരങ്ങൾ ചില പറവകൾ ചില പൂമ്പാറ്റകൾ എല്ലായിടത്തും ഉണ്ടാകില്ല.
ഒരു ദേശത്തിന്റെ പഞ്ചഭൂത പഞ്ജരത്തിനകത്തേ അത് തെളിയു.
ഒരു നാടിന്റെ നീർ കുടിച്ച്
വെയിൽ കുടിച്ച്
കാറ്റു കുടിച്ച്
നോവു കുടിച്ച്
അത് നിറംവെക്കുന്നു
തിടം വെക്കുന്നു….
ചെമ്പകക്കെട്ടുകഴിഞ്ഞുലർന്ന കാമദഗന്ധിയായ കാറ്റു വന്ന് അക്ഷരങ്ങളെ മയക്കിത്തെറ്റിച്ചുകൊണ്ടു പോവുകയാണല്ലോ.
മണം കുടിച്ച്
മധു കുടിച്ച്
നാക്കുഴറുന്ന
ചുവട് പിഴക്കുന്ന
അക്ഷരങ്ങൾ
നില തെറ്റിയ സ്വപ്ന വിന്യാസങ്ങൾ.
പെരിയ പെഴച്ച ഗന്ധർവ്വനെ പോലെ ഉന്മത്തരായി ലക്ഷ്യത്തിലെത്താതെ ഉഴറുന്നു.
ചെമ്പകത്തിന് വേണ്ടി കാത്തുവെച്ച വാക്കുകൾ വളർന്ന് തിടം വെച്ച് ദൈവശാഖികകളായി പകർന്നാടുകയാണല്ലോ
എഴുതുന്നയാൾ തന്നെ കൈവിട്ടുപോകുന്നു
എന്തു ചെയ്യും..
മറ്റേതെങ്കിലും ദേശത്ത് ചെമ്പകമരത്തിന് ഇങ്ങനെയൊരു മാരാവതാരമുണ്ടോ.
അധികാരത്തിന്റെ തീക്കണ്ണിൽ ചുട്ടുനീറിയ കാമൻ ഒളിവളർന്നത് ഈ പാലൊളിക്കൊമ്പിലാണ്.
തീവെയിലിൽ പരാജയപ്പെട്ടവന്റെ കാമമോഹിതങ്ങൾ ചില്ലയിൽ ചൂടി ചിരിക്കുന്ന മരത്തെ
കന്യമാർ പ്രണയത്താൽ അനശ്വരമാക്കി.
ദമമില്ലാത്ത മദങ്ങൾകൊണ്ട് കാമിനിമാർ മദനന് വേണ്ടി കരഞ്ഞു വിളിച്ചു.
കാമനില്ലാതെ കാമമില്ലാതെ പിന്നെന്ത് ജീവിതമെന്ന് കണ്ടത്തിലും പറമ്പിലും പണിയെടുക്കുന്ന പെണ്ണുങ്ങൾ തമ്മാമിൽ പറഞ്ഞു.
കാമനെത്തിരികെത്തന്നില്ലെങ്കിൽ കന്യാചർമ്മത്തിന്റെ ചരടിൽ കെട്ടിത്തൂങ്ങിച്ചാകുമെന്ന് പെണ്ണുങ്ങൾ ഭീഷണിപ്പെടുത്തി.
പ്രപഞ്ചത്തിലെ പെണ്ണുടലിളക്കങ്ങളുടെ സമരജ്വാലയിൽ പലയാവർത്തി അധികാരത്തിൻ്റെ ആൺദൈവം വെന്ത് വെണ്ണീറായി.
കാമത്തിന് വേണ്ടിയുള്ള,
ഭൂമിയിലെ ജീവൻ്റെ പച്ചയ്ക്ക് വേണ്ടിയുള്ള പെൺസമരത്തിൻ്റെ ബലികുടീരമാണ് വീട്ടുമുറ്റത്തെ ചെമ്പകമരം.
പൂക്കുരിയയുമായി പൂക്കുഞ്ഞി ചെമ്പകച്ചോട്ടിലെത്തി.
ചൈത്രമാസത്തിലെ തീവെയിലിൽ
വേവുന്ന ശരീരത്തിൽ നിന്നും
വെള്ളിപ്പൂക്കളുടെ പാലൊളി തിളച്ചുതൂവി.
ഒരിറ്റു പച്ചയും പൊടിക്കാത്ത മീനമാസമാണ്
ഞങ്ങൾക്ക് വാസന്തം.
മാരസമീരസ്പർശമില്ലാതെ വരണ്ട്, വെയിൽ തിന്ന് ദഹിക്കാതെ വിണ്ടു പൊട്ടിചത്തുമലച്ച ഭൂമിയുടെ ഉദരം.
വസന്തത്തിൻ്റെ തൊടുകുറിയണിയിച്ചു കൊണ്ട് ചെമ്പകച്ചില്ലകൾ ചിരിച്ചു.
തീവെയിലുരുക്കിയൊഴിച്ച് ശുഭ്രസുമങ്ങൾ വെയിലത്ത് ഉണക്കാനിട്ട് ഋതുരാജൻ പറഞ്ഞു.
ഞാൻ തന്നെ വസന്തം.
പൂരം നോറ്റ കന്യമാർ മീനവെയിലിൽ പൊള്ളിയില്ല.
തങ്ങളുയിരൂതിയുയർപ്പിച്ച കാമന്റെ ചെമ്പകഛായയിൽ പെണ്ണുള്ളൊഴുക്കുകളുലർന്നു.
പൂക്കുഞ്ഞുങ്ങൾക്ക് ചുറ്റും തപിക്കുന്ന മണ്ണിൽ ചെമ്പകപ്പൂക്കൾ പൊഴിഞ്ഞു.
ആകാശപ്പരപ്പിൽ നിന്നും താഴെ മണ്ണിൽ
ചില്ലാ ജാലങ്ങൾ മന്മഥന്റെ അസ്ഥിപഞ്ചരത്തിന്റെ നിഴൽച്ചിത്രങ്ങളെഴുതി.
സ്വന്തം നിഴലിലേക്ക് പൂക്കൾ പൊഴിച്ച് മരം കറുപ്പിലുള്ള നിഴലനക്കങ്ങളെ ചായമൂട്ടി നിറപ്പിച്ചു.
മണ്ണിൽ പുരണ്ട അനംഗരാഗങ്ങൾ പൂക്കുരിയയിൽ നിറച്ച് വ്രതവതികളായ പൂക്കുഞ്ഞുങ്ങൾ വെയിലിൻ്റെ നീരിളക്കങ്ങളിലൂടെ നടന്നു.
(തുളുനാട്ടിലെ വസന്തോത്സവമാണ് മീനത്തിലെ പൂരോത്സവം.
കാമദഹനത്തിൽ ഭൂമിയിൽ കാമമില്ലാതായപ്പോൾ പെണ്ണുങ്ങൾ തപസ്സു ചെയ്ത് വീണ്ടും കാമനെ ഉയിർപ്പിക്കുന്നു. അതാണ് നമ്മുടെ പൂരം. ചെമ്പകപ്പൂക്കളിൽ കാമദേവനുണ്ടെന്ന് സങ്കൽപം).
https://athmaonline.in/vkanilkumar/
…
ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in
ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.
ഈ പൂരോത്സവവും വടക്കന്റെ മാത്രം സ്വത്വ പ്രകാശനരീതിയാണ് എന്നതിൽ അഭിമാനിക്കുന്ന ഒരാളാണ് ഞാൻ. എത്ര മോനോരമായ സങ്കല്പവു ആചാരവിശേഷവുമാണിത്.
കാമനെ വിളിച്ചുണർത്തി പൂജിച്ചു തിരിച്ചയക്കുന്ന കുഞ്ഞികൾ(പെണ്കുട്ടികൾ) തീർച്ചയായും ഒരു സ്ത്രീ ശാക്തീകരണം പ്രസംഗിക്കുന്ന പ്രസ്ഥാനകാർക്കും സ്വപനത്തിൽപോലും ചിന്തിക്കാനാവാത്ത ആചാരം.
അതിലെ നായകനായ പൂവ്
ഗന്ധരാജൻ… എഴുതിയത് വായിക്കുമ്പോൾ തന്നെ ആ മണവും മദവും മനസ്സിൽ എത്തുന്നു…
ആ മണ്ണിൽ ജനിച്ചതിൽ അഭിമാനം കൊള്ളാം…
ഈ പനാണിപ്പെട്ടിയിൽ നിന്നും ഇനിയും ഇത്തരം സുഗന്ധം പരക്കട്ടെ…..