HomeTHE ARTERIASEQUEL 09ബ്ലാക്ക് ആൻഡ് വൈറ്റ് നിലാവോർമകൾ

ബ്ലാക്ക് ആൻഡ് വൈറ്റ് നിലാവോർമകൾ

Published on

spot_imgspot_img

കഥ
അർജുൻ രവീന്ദ്രൻ

‘മഴ പെയ്ത് വയലെല്ലാം പുഴയായ നേരം നിലാവൊലിച്ചിറങ്ങിയപ്പോൾ’

മൂലക്കെ കൈപ്പാട്ട് വയലുകളിൽ കുപ്പം പുഴ മലവെള്ളവും കൊണ്ട് കേറി മെതിച്ചപ്പോൾ കവിത പോലെ കണ്ണാട്ടൻ പറഞ്ഞതാണ്.

2020 ആഗസ്റ്റ് ഒരു പുലർകാലത്ത് പഴയങ്ങാടി ട്രെയിൻ എറങ്ങി ബീച്ച് റോഡ് വഴി എഴോത്തേക്ക് നടക്കുമ്പോ ഞാനോർത്തു.

കണ്ണാട്ടൻ. ഒരു വർഷായി നേരിൽ കണ്ടിട്ട്.

ഓർമകളോരോന്നായി മനസ്സിൽ ചാറ്റൽ മഴ പോലെ വന്ന് വീണുതുടങ്ങി.

ഏറിയെടുത്ത കള്ളിന്റെ വീര്യമുള്ള പഴങ്കഥകൾ പറയുന്നൊരാൾ. ചുണ്ടത്തെ ബീഡിക്ക് പുകഞ്ഞ പന്തത്തിന്റെ കനലുള്ളയാൾ.

കണ്ണാട്ടൻ പഴയ കഥകളൊത്തിരി പറയുമായിരുന്നു. നരിയും പുലിയും നായാട്ടുമൊക്കെയുള്ള കഥകൾ. മലയ്ക്കെ തറവാട്ട് വീടിന്റെ പൂമുഖത്ത് പ്രൗഢിയോടെ വച്ച മലാന്റെ കൊമ്പിനെ കുറിച്ചുള്ള കഥകൾ.

കണ്ണാട്ടൻ പണ്ട് മലയ്ക്ക് നിന്നും ഇങ്ങോട്ട് വന്നതാണ്. ‘മലയ്ക്ക്’ എന്നാൽ, ഒരു കാലത്ത് വനനിബിഢമായിരുന്ന കണ്ണൂരിന്റെ വടക്ക് കിഴക്കൻ മേഖലയിലെ ഉയർന്ന പ്രദേശങ്ങൾ. ആ നായാട്ട് വീര്യം വാക്കുകളിൽ കാണാമായിരുന്നു.

“എന്റെ കണ്ണാട്ടാ, നിങ്ങ്യൊരു സംഭവന്നെ.”

കുട ചൂടി നിലാവിന്റെ തണുപ്പത്ത് ഞാൻ ഒരു കിങ്സ് ലൈറ്റ് കത്തിച്ചു.

“മഴ നിക്ക്വാ നാളെയാറ്റും.?”

“ചേൻസ് ഇല്ലപ്പാ.”

“മഴ വെരുമ്പെങ്കിലും നിങ്ങ്യീ തോണിയും കൊണ്ട് ഏറ്റ സമയത്ത് ഇങ്ങനെ എറങ്ങല്ല.”

ഇത് കേട്ട് കണ്ണാട്ടൻ കുറെ നേരം പൊട്ടിച്ചിരിച്ചു. അന്നാ ചിരിയുടെ അർത്ഥം എനിക്ക് മനസ്സിലായിരുന്നില്ല.

“കണ്ണന് പിന്നെന്ത് ജീവിതം. ബൈന്നേരാവുമ്പോ ഇങ്ങനെ ബീഡീം കത്തിച്ച് തോണീം തൊയഞ്ഞ് പാട്ടും പാടി നടക്കണം. കണ്ടത്തിലെ ബെള്ളത്തില് തൊയഞ്ഞ് തൊയഞ്ഞ് കോട്ടുമണലും പനക്കാടും പുതിയിലും ഒക്കെ ചുറ്റി പട്ടുവം പുഴയിലൂടെ ഇങ്ങനെ തിരിഞ്ഞു കളിക്കണം.”

പാതിപ്പല്ലുകൾ പോയ മോണ കാട്ടി ഓറ് വീണ്ടും ചിരിച്ചു.

മഴക്കാലങ്ങളിലെ വൈകുന്നേരങ്ങളിൽ കണ്ണാട്ടന് ഇങ്ങനൊരു സവാരി പതിവുള്ളതാണ്. ഇളയ മോൻ ഗൾഫിൽ നിന്ന് വരുമ്പോ കൊടുത്ത വാക്ക്മാനും ചെറിയ ഒരു പെട്രോമാക്സ് വെളിച്ചവും തോണിയിലുണ്ടാവും. പഴയ സിനിമാപ്പാട്ടുകളാണ് കൂടുതലും കേക്കാറ്.

തലച്ചൂട് കൂടുമ്പോൾ നിലാവുള്ള രാത്രികളിൽ ഏഴോം മൂലയിലെ ഇരുവശവും വയലുകൾ കൊണ്ട് പൊതിഞ്ഞ ടാറിട്ട റോഡിന് മീതെ ബൈക്കും നിർത്തി കണ്ടം നോക്കിയിരിക്കുന്ന പതിവ് എനിക്കുണ്ട്. മഴക്കാലമാണെങ്കിൽ കുപ്പം പുഴ കീഞ്ഞ് ഇങ്ങ് എത്തി എന്ന് തോന്നും.

കണ്ടമില്ല, പുഴ മാത്രം. എങ്ങും പുഴ.

പുഴപ്പരപ്പിൽ പുതിയ തുരുത്തുകൾ രൂപമെടുക്കും. കുറുനരികൾ കണ്ടം വിട്ട് കുറുവാട്ട് കുന്ന് കയറിപ്പോകും. കാട്ടുപൂച്ചകൾ വയൽ തുരുത്തുകളിലെ കാട്ടുവള്ളികൾക്കിടയിൽ ശീതം കനത്ത് കിടക്കും.

മഴ പെയ്ത് പുഴയായ വയലിൽ അൽപം ദൂരെ ഒരു വെളിച്ചം കാണും. ‘ഒരു പുഷ്പം മാത്രമെൻ’ എന്ന പാട്ടും കൂടി കേട്ടാൽ ഉറപ്പിക്കാം അത് കണ്ണാട്ടൻ ആണെന്ന്.

‘ഏ. കണ്ണാട്ടോ…’

ഞാൻ ഉറക്കെ വിളിക്കും. വിളി കേട്ട ഉടനെ തോണി ഇങ്ങോട്ട് തിരിക്കും. അടുത്തെത്താനാവുമ്പോ പറയും. ‘ഓ. ഇതാരാപ്പാ. എപ്പ വന്നിനീ’

കുറെ നാട്ടുവർത്താനം പറയും. അപ്പുറവും ഇപ്പുറവും കൊറേ കുറ്റവും പറയും. പുയ്പ്പ് പറയല് ഇഷ്ടവിഷയം ആയതിനാൽ ഞാനത് നന്നായി ആസ്വദിക്കാറുമുണ്ട്. അതിനിടയിൽ കണ്ണാട്ടൻ ജലപ്പരപ്പ് നോക്കി ചില ബ്ലാക്ക് & വൈറ്റ് ശീലുകൾ മൂളും.

“അല്ലിയാമ്പൽ കടവിലന്നരയ്ക്ക് വെള്ളം. അന്ന് നമ്മളൊന്നായ് തുഴഞ്ഞില്ലേ കൊതുമ്പുവള്ളം. നമ്മുടെ നെഞ്ചിലാകെ അനുരാഗ കരിക്കിൻ വെള്ളം”

“നെഞ്ചിലാന്നോ വയറിലാന്നോ കരിക്കിൻ ബെള്ളം ഇല്ലത്. നിങ്ങള കണ്ണാട്ടൻ ന്നല്ല. വെള്ളത്തിലാശാൻ ന്നാന്ന് വിളിക്കണ്ട്. വൈന്നേരം മുതൽ രാത്രി വരെ കണ്ടത്തിലെ വെള്ളത്തിൽ. രാത്രി കയിഞ്ഞാ ഷാപ്പിലെ വെള്ളത്തിൽ”

“കള്ളുകുടിയൊന്നും ഇല്ലപ്പാ ഇപ്പം. കുടിക്കിന്നായിറ്റ് ഓള് ചൊറയന്നെ ചൊറ”

കണ്ണാട്ടൻ പരിഭവം പറഞ്ഞു.

“എന്നാലും നിങ്ങളെ ഈ തോണീന്ന് എറങ്ങിക്കണ്ടിറ്റ്ല”

“നമ്മക്ക് വേറെയെന്നാപ്പാ ഒരു എന്റർടെയിൻമെന്റ്… ഈ മയീം പൊയീം കണ്ടൂം എല്ലും തന്ന്യല്ലേ ഇല്ലൂ. ഏടിയെങ്കിലും ഇണ്ടാവുവാ ഇങ്ങാനൊരു നാടും കണ്ടൂം. എല്ലേ മോനെ’

കണ്ണാട്ടന്റെ ചിരി കാണാൻ ഒരു പ്രത്യേക ചന്തമാണ്. ചുറ്റുമുള്ള പ്രകൃതിയെ മുഴുവനായി ഉൾക്കൊണ്ട ചിരി. മുഖത്ത് തെളിഞ്ഞുനിൽക്കുന്ന പച്ചപ്പും മഴത്തണുപ്പും.

ഇങ്ങനെ ജീവിതം ആഘോഷമാക്കിയ ഒരു മനുഷ്യൻ! പ്രകൃതിയെ ഇത്രയും സ്നേഹിച്ച ഒരാളുണ്ടോ?

എഴോത്തേയ്ക്കുള്ള നടത്തിനിടയിൽ കണ്ണാട്ടന്റെ ഓർമ്മകൾ എവിടെയോ പുകഞ്ഞുകത്തി. കിള്ളാനദിയുടെ ജലപ്പരപ്പിൽ അമ്പിളിവട്ടം. ചെറിയ മഴയുണ്ടായിരുന്നു. ഇളം നിലാവത്ത് പുഴയ്ക്ക് മീതെ മഴ വന്നണയുമ്പോൾ വെള്ളം ഉയർന്നുയർന്നുവരുന്നത് പോലെ തോന്നി. അക്കരെ ചെറുകുന്നൻ തീരങ്ങൾ. അതിനും കിഴക്ക് പച്ചപ്പട്ട് വിരിച്ച പട്ടുവന്നൻ തീരം.

പൊഴക്കടവിലെ രാത്രിയ്ക്ക് നിലാവിന്റെ നിറം മാത്രം. പരന്നൊഴുകുന്ന നിലാവിന്റെ നിറം.

ധനുമാസമെത്തും വരെ നാട്ടിലെ രാത്രികൾക്ക് നിറമുണ്ടാവാറില്ല. നഗരത്തിന്റെ വിദ്യുത് വിതാനങ്ങൾ ഒട്ടുമേയില്ല. റോഡരികിലെ തെരുവ് വിളക്കുകളിൽ മങ്ങിയ മഞ്ഞ വെളിച്ചങ്ങളുണ്ടാവും. ഇരുട്ടിൽ തല താഴ്ത്തി നോക്കുന്ന അരണ്ട നിലാവെളിച്ചങ്ങളും. അമ്പലപ്പറമ്പിലും വയൽക്കരയിലും പുഴവക്കിലുമൊക്കെ നിലാവെളിച്ചം പരന്നൊഴുകും. മാനത്ത് ഒഴുകിയതിന്റെ ബാക്കിയുള്ളതിത്തിരി കുപ്പം പുഴയിലും വീഴും. പക്ഷേ എത്ര നിലാവൊഴുകിയാലും ഇരുട്ടിന്റെ സൗന്ദര്യമില്ലാതാവാറില്ല.

വൃശ്ചികമാസരാവുകളിലെ ഏറ്റ സമയത്ത് കണ്ടം മൊത്തം പുഴയാവും. കുപ്പം പുഴ ഏഴോത്തെ വയലുകളെ ലീസിനെടുക്കും. മറുകരെ നിന്ന് വരുന്ന രാത്രിക്കാറ്റ് മനമാകെ തണുപ്പിക്കും. നിലാവിളക്ക് കൂടി തെളിഞ്ഞാൽ ചുറ്റുമുള്ളതൊക്കെയൊരു നെഗറ്റീവ് ഫിലിം പോലെ തോന്നും. ബോംബെ രവിയുടെ ഈണങ്ങളും ഒ എൻ വി കുറുപ്പിന്റെ വരികളും മനസിലേയ്ക്കെത്തും. പട്ടുവം പുഴയിലെ ഓളങ്ങളിലൂടെ ഒഴുക്കിനെതിരെ ഒഴുകിയങ്ങ് പെരിഞ്ചല്ലൂർ വരെ മനസ് പോയി വരും. പുഴയിലെങ്ങും തുരുത്തുകൾ, തെങ്ങോലകൾ. മംഗലശ്ശേരിയിലെ ബ്ലാക്ക് ആൻഡ് വൈറ്റ് നിറമുള്ള വയലുകളും കുന്നുകളും.

ധനുമാസമണഞ്ഞാൽ ചൂട്ടുവെളിച്ചങ്ങൾ കൂടി വന്നു തുടങ്ങും. കൈവിളക്കും കുത്തുവിളക്കും അകമ്പടി ചേരും. ചൂട്ടുവെളിച്ചത്തിൽ വർണങ്ങൾ തെളിയും. അതുവരെ നിറമില്ലാതിരുന്ന രാത്രികൾ ചുവന്ന ചായം തേയ്ക്കും. സിനിമാപ്പാട്ടുകളുടെ ഓർമകൾ തീരെയില്ല, മറ്റൊരു ചിന്തകളുമില്ല. കണ്ടത്തിനും കവുങ്ങിൻ തലപ്പിനും മേലെ തോറ്റം പാട്ടുകളൊഴുകി നടക്കും. ചെണ്ടക്കൂറ്റ് കേട്ട് തെക്കൻ കാറ്റ് തിരിച്ചു പോവും. മനസ്സ് വേറെങ്ങും പോകാതെ ഒരു കസേരയുമിട്ട് തെയ്യപ്പറമ്പിലിരിക്കും.

അന്നൊരു തെയ്യക്കാലത്തെ നിലാവത്ത് തെക്കീലെ പറമ്പിൽ നാളികേരമടിച്ച് മാറ്റാൻ പോയപ്പോഴാണ് കണ്ണാട്ടനെ ആദ്യമായി കണ്ടത്. അപ്പുവും കുഞ്ഞനും ഞാനും ശബ്ദമുണ്ടാക്കാതെ പറമ്പിലേയ്ക്ക് കടന്നു.

‘ബേണാ കുഞ്ഞാ’ ഞാൻ സംശയത്തോടെ പതുങ്ങിനിന്നു.

‘നിനിക്ക് എളനീര് ബെള്ളം ബേണാ’

‘ഉം’

‘എപ്പും നമ്മ കൊണ്ടെരുമ്പം മിണ്ടാണ്ട് നക്കുവല്ലോ. കഷ്ടപ്പാട് എന്താന്ന് എന്ന് നീയും കൂടി അറി’

കുഞ്ഞൻ എന്നെ ഭീഷണിപ്പെടുത്തി. അപ്പു എന്നെ നോക്കി പുച്ഛിച്ചു.

‘എല്ലെടാ. നാട്ടുകാര് അറഞ്ഞാ സുയിപ്പ് ആവൂലെ’

‘സുയിപ്പല്ല. നല്ല ആട്ട് കിട്ടും, ചെൽപ്പം അടിയും. മിണ്ടാണ്ട് ബാ ചെങ്ങായി’ അപ്പുവും കുഞ്ഞനും മുന്നോട്ടേയ്ക്ക് നടന്നു.

‘കണ്ണാട്ടൻ കാണാണ്ട് നോക്കിക്കോ. ഓറാറ്റും കണ്ടാ നമ്മള കാര്യം പോക്കന്നെ’

കുഞ്ഞനും അപ്പുവും എന്നെ ചട്ടം കെട്ടി.

‘ഞാൻ കേറിക്കോളാം. അപ്പു തായല് നിക്കും. നീ പറമ്പിന്റെ വക്കത്ത് നിന്നാ മതി. നിന്നെക്കൊണ്ട് അതേ പറ്റൂ. ആരെങ്കിലും ബെര്ന്നിണ്ടെങ്കില് സിഗ്നല് തെരണെ’

ഭയന്ന് വിറച്ച് ചുറ്റുപാടും നോക്കിക്കൊണ്ട് ഞാൻ നിന്നു.

ആരാണ് ഈ കണ്ണാട്ടൻ?. നിലാവത്ത് എപ്പോ വേണമെങ്കിലും പ്രത്യക്ഷപ്പെട്ടേക്കാവുന്ന ആ ഭീകര മനുഷ്യനെ കുറിച്ചാലോചിച്ച് ഞാൻ വിറളി കൊണ്ടു.

Arjun Raveendran -Athmaonline-story-the-arteria-illustration-subesh-padmanabhan
Illustration : Subesh Padmanabhan

കുഞ്ഞൻ തെങ്ങിൽ കേറിയ പാടെ ചറപറാ നാളികേരമിട്ടു.

‘ഡാ. നാളികേരം മാത്രം ഇട്ടാ മതി. കൊല കൊലയായിറ്റ് ഇടല്ലാ. ചൊറയാവും’ അപ്പു ശബ്ദം താഴ്ത്തി കുഞ്ഞനെ ശകാരിച്ചു.

‘നോക്കീം കണ്ടും സാനം ബാങ്ങാൻ ഇത് അഞ്ചിങ്ങലെ ചന്തയല്ല. തെങ്ങാന്ന്’

കുഞ്ഞൻ ഒരു വെളിച്ചിങ്ങ പറിച്ച് അപ്പുവിനെ എറിഞ്ഞു.

‘ആരടാ അത്. ഏത് കുരുത്തം കെട്ടൈറ്റിങ്ങ്യാന്ന്’

പെട്ടെന്ന് പിറകിൽ കണ്ണാട്ടന്റെ ശബ്ദം. ഭയന്ന് വിറച്ച് ഞാൻ തിരിഞ്ഞ് നോക്കിയപ്പോൾ മെലിഞ്ഞു നീണ്ട് പാളത്തൊപ്പിയിട്ട ഒരു മനുഷ്യൻ.

കുഞ്ഞൻ തെങ്ങിൽ നിന്ന് എടുത്ത് ചാടി. കുഞ്ഞനും അപ്പുവും തെങ്ങിൻ തടങ്ങൾ പറന്ന് ചാടി വടക്കേ പറമ്പ് കടന്നോടി.

എന്നെ കണ്ണാട്ടാൻ പിടികൂടി.

“ഉസ്‌ക്കൂൾ പടിപ്പ് പോരായ്‌റ്റാ ഈ പടിപ്പ്”

‘അറയാണ്ട് പറ്റിപ്പോയതാ. ഇനി ചെയ്യൂല’ ഞാൻ കരയാൻ തുടങ്ങി.

‘കരയല്ല. നിന്റെ പേരെന്നാന്ന്. ഏടിയാ നിന്റെ ബീട്. അച്ഛന്റെ പേരെന്നാന്ന്’

‘എന്റെ പേര് കിച്ചു ന്നാന്ന്. അച്ഛനോട് പറയല്ലേ, പ്ലീസ്’ ഞാൻ കരഞ്ഞ് തെങ്ങിൻ തടം നനയ്ക്കാൻ തുടങ്ങി.

കണ്ണാട്ടന്റെ ഭീകരത നിറഞ്ഞ മുഖം പെട്ടെന്ന് ശാന്തമായി. എന്റെ തലയിൽ കൈ വച്ച് ഓറ് പറഞ്ഞു.

‘ഇങ്ങനയൊന്നും ചെയ്യറ് കുഞ്ഞീ. മോശം പുള്ളറാന്ന് ഇങ്ങനെല്ലും ചെയ്യുവ. ബീട്ട്കാർക്ക് ചീത്തപ്പേര് ഇണ്ടാക്കറ്’

അന്ന് ഒരു ചെറിയ ചാക്ക് നിറയെ എളനീരുമായാണ് കണ്ണാട്ടൻ എന്നെ യാത്രയാക്കിയത്. അഞ്ചിങ്ങലെ ചന്തയ്ക്ക് വച്ച് പ്രെയ്‌സ് അടിച്ച ഭാവത്തിൽ എളനീരും കൊണ്ട് ഞാൻ കുഞ്ഞന്റേയും അപ്പുവിന്റേയും അടുത്തെത്തി. അവർക്ക് നല്ല ചമ്മൽ ഉണ്ടായിരുന്നെങ്കിലും എളനീര് കൊത്തിക്കൊടുത്തപ്പോ ആർത്തിയോടെ അകത്താക്കി.

“ഇനി കക്കാനും മോഷ്ടിക്കാനൊന്നും നിക്കണ്ട. നക്കാൻ തോന്നിയാ എന്നോട് പറഞ്ഞാ മതി”

കുഞ്ഞനോട് ഒരു ഇളനീർ മധുരമുള്ള പ്രതികാരം.

പിന്നീട് കണ്ണാട്ടനെ കാണുന്നത് ഞങ്ങൾ കൈപ്പാട്ടിൽ ഞണ്ട് പിടിക്കാൻ പോകുമ്പഴാണ്. ഇരുളണഞ്ഞ വൈകുന്നേരത്ത്, ടോർച്ചും ഞണ്ടിനെ കുത്തിയെടുക്കാനുള്ള കമ്പിയുമായി കുഞ്ഞൻ കണ്ടത്തിലിറങ്ങി.

റോട്ടിലൂടെ ബീഡിയും വലിച്ച് നടന്നുപോകുന്ന കണ്ണാട്ടൻ ഒരു നിമിഷം നിന്ന് ഞങ്ങളെ നോക്കി.

“കണ്ടം അയാളത് ഒന്നുവല്ലല്ലോ. ഞണ്ട് കണ്ടത്തിൽ ബിരിയുന്നതുവല്ല. ഞാൻ കുത്തിയെടുക്കും”

കുഞ്ഞൻ ഞണ്ടുപിടിത്തം തുടർന്നു.

കണ്ണാട്ടൻ എന്നോട് കൈവീശി. ഞാൻ അടുത്തുപോയി കുറെ നേരം വർത്തമാനം പറഞ്ഞു.

“ഞണ്ട് കിട്ടീനോ പിള്ളറേ. വല്ല നീർക്കോലീം കടിക്കാണ്ട് നോക്കണം”

കണ്ണാട്ടൻ കുഞ്ഞനോടും അപ്പുവിനോടും വിളിച്ചു ചോദിച്ചു

കേട്ടയുടനെ കിട്ടിയ ഞണ്ടുകളുമായി കുഞ്ഞനോടിയെത്തി.

“കൊറച്ചേ കിട്ടീറ്റ്ലു. സാരില്ല. നിങ്ങയെടുത്തോ.”

കുഞ്ഞൻ വിനയാന്വിതനായി.

“എനക്ക് വേണ്ടപ്പാ. വെർതെ ചോയ്ച്യാന്ന്. എളനീര് മാട്ടലൊന്നും ഇല്ലേ ഇപ്പൊ.”

കുഞ്ഞൻ ആകെ സുയ്പ്പ് ആയി തലതാഴ്ത്തി നിന്നു.

ഒരു ചിരിയും പാസാക്കി കണ്ണാട്ടൻ മൂളിപ്പാട്ടും പാടി നടന്നകന്നു.

വയലും മഴച്ചാറലും മൂളിപ്പാട്ടും ബീഡിപ്പുകയും ആ മനുഷ്യനും വല്ലാത്ത കോമ്പിനേഷൻ ആയിരുന്നു. അയാൾ എപ്പഴും അവിടെയൊക്കെയുണ്ടാവും. നട്ടപ്പിരാന്ത് വരുന്ന സമയത്തൊക്കെ വയലിന് മറുകര നോക്കിയിരുന്ന് നൊസ്റ്റാൾജിയ ചവച്ചിറക്കുമ്പോൾ വയൽക്കരയിലോ റോട്ടിലോ തെങ്ങിൻ തടത്തിലോ ഒക്കെ ആ മനുഷ്യനേയും കാണാം. പെരുമഴക്കാലമായാൽ വെള്ളത്തിലും.

നടന്ന് നടന്ന് ഏഴോം മൂലയെത്താറായി. പുലരുന്ന നേരം. മുള്ളൻ പന്നിക്കുഞ്ഞുങ്ങൾ എന്നെ കണ്ട് ഓടിമറഞ്ഞു. പലദേശത്ത് നിന്നുമെത്തിയ സഞ്ചാരിപ്പക്ഷികൾ നാട്ടുഭംഗി കണ്ട് മതിമറന്നിരിപ്പുണ്ടായിരുന്നു. കണ്ടൽ വനങ്ങൾക്കിടയിലൂടെ ചെറുകുന്നത്തെ വെളിച്ചം എഴോത്തിന്റെ നാട്ടുപാതകളിലെത്തി. പൊടിത്തടം കുന്നുകൾ അർക്കശോഭയിൽ ഞെളിഞ്ഞു നിന്നു. പടമടക്കി തമ്പുരാട്ടിയമ്മ പുഴയിൽ ആദ്യവെളിച്ചം അലതല്ലുന്നതിന്റെ സുന്ദരദൃശ്യങ്ങൾ കണ്ടാസ്വദിച്ചു. അക്കരെ തെളിഞ്ഞു കാണാൻ തുടങ്ങി. കുറ്റിക്കോൽ പുഴ പഴങ്ങോടൻ മുനമ്പിലൂടെ കുപ്പം പുഴയിലലിഞ്ഞ് ഇല്ലാതാവുന്ന മായികലോകം. ആരിയപ്പൂങ്കന്നിയമ്മ ഈ പുഴയിലൂടെയാണ് ഏഴിമല നിന്ന് പുറപ്പെട്ട് വന്ന് പഴങ്ങോട്ട് കൂരാങ്കുന്നിൽ കപ്പിലിറങ്ങിയത്. അന്നേതോ കാലത്ത് കുപ്പം പുഴ വെങ്ങര വഴിയൊഴുകി ഏഴിമലപ്പെരുമ്പുഴയിൽ എത്തിച്ചേർന്നിരുന്ന കാലത്തായിരിക്കണം ഒഴുക്കിനെതിരേ നീന്തി ദേവകന്യാവ് മരക്കലത്തിലെത്തിയത്. പായിൽ ദ്വീപും കൂരാങ്കുന്നും മുഖത്തോട് മുഖം നോക്കിയിരിക്കുന്ന മറുകര. കൂരാങ്കുന്ന് വടക്കേക്കാവിലെ പഞ്ചുരുളിയമ്മയുടെ തട്ട് കലശം പോലെ പകൽ വിളക്കുകളൊന്നൊന്നായി തെളിഞ്ഞു. കടല് പോലെ പരന്ന് കിടക്കുന്ന കുപ്പം പുഴ.
അക്കരമ്മലെ തെയ്യക്കാവുകളിൽ നിന്ന് കേൾക്കുന്ന ചെണ്ടമുട്ടുകൾ ഏതോ അത്ഭുതലോകത്ത് നിന്ന് വന്നെത്തുന്നത് പോലെയാണ് അനുഭവപ്പെടുക. നമുക്ക് ഓടിയെത്താനാവാത്ത ഏതോ ഒരു ധ്രുവത്തിൽ നിന്നെന്ന പോലെ. അവിടെ നടക്കുന്ന രംഗങ്ങൾ സങ്കൽപിക്കാനേ പറ്റൂ. ആ സങ്കൽപങ്ങൾക്ക് ഉണ്മയെക്കാൾ സൗന്ദര്യമുണ്ടാവും.

ട്രെയിനിലിരുന്ന് നേരാംവണ്ണം ഉറങ്ങാൻ പറ്റാത്തതിന്റെ ക്ഷീണം ഉണ്ടായിരുന്നെങ്കിലും ആ നടത്തത്തിന് ഒരു സുഖം ഉണ്ടായിരുന്നു. വീട്ടിൽ ചെന്നയുടനെ ഒരു കട്ടൻ ഇട്ട് പത്രം വായിക്കണം. പറമ്പിൽ കൂടെയൊക്കെ ഒന്ന് നടക്കണം.

പള്ളിമിനാരങ്ങൾക്ക് താഴെ അലീക്കയുടെ ചായക്കട കണ്ടപ്പോ വീട്ടിലെ കട്ടൻ മറന്നു. പല്ല് തേക്കാതെ ഒരു വെള്ളയപ്പും ചായയും അകത്താക്കിയിട്ട് തന്നെ ബാക്കി കാര്യം.

ചായ ഓർഡർ ചെയ്ത് പത്രം തുറന്നു. നഗരത്തിലും പത്രം ലഭിക്കുമെങ്കിലും ഫോണിൽ ആണ് സാധാരാണ ന്യൂസ് വായിക്കാറ്. നാട്ടുമ്പുറത്തെ ഒരു ചായക്കടയിലിരുന്ന് ചൂടുചായയും മോന്തി പത്രം വായിക്കുക എന്നത് എന്റെ ബക്കറ്റ്ലിസ്റ്റിൽ നിന്നൊഴിയാത്ത ഒരു കാര്യമാണ്.

പത്രത്തിന്റെ അവസാന പേജുകളിലൊന്നിൽ ഒരു ഓർമ പുതുക്കൽ കണ്ടു.

ഒന്നാം ഓർമ.

നിഷ്കളങ്കമായി ചിരിക്കുന്ന ആ മുഖം തന്നെ എല്ലായിടത്തും കണ്ടു.

ചായ മുഴുമിപ്പിക്കാൻ തോന്നിയില്ല. കണ്ണിലൊരിത്തിരി കനം തോന്നി. അലീക്കയോട് കുശലം ചോദിച്ച് ചായപ്പൈസയും കൊടുത്ത് ഇറങ്ങി നടന്നു.

മഴ ചാറുന്നുണ്ടായിരുന്നു.

ചാറ്റൽ മഴയത്ത് ഇങ്ങനെ നടക്കാൻ നല്ല രസമാണ്. മഴ കനത്താൽ ഒരു കുടയും ചൂടി നടക്കാൻ അതിലും രസം. അതിലും കനത്താലോ? കാറ്റും പേമാരിയും വന്നാലോ?

ദൂരെ കൈപ്പാടിന്റെ അങ്ങേയറ്റത്ത് ഒരു തോണി മറിഞ്ഞു കിടപ്പുണ്ടായിരുന്നു.

അല്ല, കണ്ണാട്ടന്റെ തോണി അതല്ല. അറിയാം.

പക്ഷേ, കണ്ണാട്ടന്റെ തോണി എവിടെപ്പോയെന്ന് ആർക്കുമറിയില്ലല്ലോ.

കൃത്യം ഒരു വർഷം മുൻപത്തെ ഒരു പുലർകാലത്തെ നേരിയ നിലാവത്ത് ചെറിയ പെട്രോമാക്സ് വെളിച്ചവുമായി വാക്ക്മാനിൽ പാട്ടും കേട്ട് തുഴഞ്ഞ് നീങ്ങിയ കണ്ണാട്ടൻ പുഴ കടലായ കാര്യം അറിഞ്ഞില്ല. തലേന്ന് രാത്രി നിക്കാതെ പെയ്ത മഴയും ഓറ് കാര്യമാക്കിയില്ല.
ഏതോ കിഴക്കനൂരിൽ ഉരുൾപൊട്ടിയാർത്തലച്ച മലവെള്ളം വയലുകളിലേയ്ക്ക് അടിച്ചുകയറി. കുത്തൊഴുക്കിൽ പെട്ട് തോണിയെങ്ങോ പോയി. ആളും എങ്ങോ അലിഞ്ഞില്ലാതായി.

“നമ്മളെ പൊഴയല്ലേ. ബേറെ ആര് ചതിച്ചാലും ഓള് ചതിക്കൂലപ്പാ. ബാക്കി പൊഴ പോലെയൊന്ന്വല്ല. ഇതുവരെ അങ്ങനെ ഒന്ന് ഇണ്ടായിറ്റ്ല.”

കണ്ണാട്ടൻ പ്രണയാതുരം പുഴയെ നോക്കി പറയാറുള്ള കാര്യം മനസിൽ ഓർമ വന്നു.

ഇനി ഓള് ചതിച്ചത് തന്നെയാണോ. അല്ല, പ്രണയം കൊണ്ട് അലിഞ്ഞ് ചേർന്നതോ.

പുഴയായ കണ്ടത്തെ നോക്കി ഞാൻ നെടുവീർപ്പിട്ടു.

ദൂരെയെവിടെയോ ഒരു വാക്ക്മാൻ സംഗീതം കേട്ടു.

“അല്ലിയാമ്പൽ കടവിലന്നരയ്ക്ക് വെള്ളം”

വയലിനപ്പുറത്ത് നിന്ന് ആരോ കൈവീശിക്കൊണ്ട് വിളിച്ചു പറഞ്ഞു.

“ഞാനീടത്തന്നെ ഇണ്ടപ്പാ.”

മനുഷ്യന്മാരെവിടെ പോവാനാണ് അല്ലേ. എവിടെപ്പോയാലും മനസ് അവരിഷ്ടപ്പെടുന്ന ദിക്കിൽ തന്നെയായിരിക്കും. അല്ലാതെ മറ്റെന്താവാനാ. ആ തോണിയും പെട്രോമാക്സ് വെളിച്ചവും ഇവിടെയെവിടെയെങ്കിലും തന്നെ ചുറ്റിത്തിരിയുന്നുണ്ടാവും. എഴോത്തിന്റെ തുരുത്തുകൾ തൊട്ടൊഴുകുന്നുണ്ടാവും. നിലാവെളിച്ചമുള്ള രാത്രികളിൽ പുഴയിൽ വന്ന് വീണ അമ്പിളിവട്ടം കോരിയെടുക്കുന്നുണ്ടാവും.

തിരിഞ്ഞു നോക്കാതെ ഞാൻ നടന്നു. തലച്ചൂട് കൂടുന്ന നേരത്ത് തല തണുപ്പിക്കാൻ ഇനിയീ വയൽവക്കിലിരിക്കാനാവുമോ എന്നറിയില്ല.

ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.

spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Latest articles

പരാജയങ്ങളില്‍ നിന്ന് വിജയങ്ങളിലേക്ക് കുതിക്കാന്‍ ക്യാപ്റ്റനോളം മറ്റാര്‍ക്കും സാധിക്കില്ല

(ലേഖനം) നിധിന്‍ വി.എന്‍. തൊണ്ണൂറികളില്‍ തമിഴകത്തിന്റെ ആക്ഷന്‍ ഐക്കണായി മാറിയ താരമായിരുന്നു വിജയകാന്ത്. തമിഴകത്തിന്റെ ക്യാപ്റ്റന്‍ എന്നേക്കുമായി വിടവാങ്ങുമ്പോള്‍ തമിഴ് സിനിമയ്ക്കും...

ബോസ് എന്ന സമ്പന്ന ഹൃദയൻ

(ലേഖനം) സുബൈർ സിന്ദഗി പാവിട്ടപ്പുറം സോഷ്യല്‍ മീഡിയകളില്‍ നിറഞ്ഞു നില്‍ക്കുന്ന ഒട്ടേറെ പ്രഗത്ഭരായ വ്യക്തികളുടെ വീഡിയോകളും, വാര്‍ത്തകളും റീല്‍സും മറ്റും കാണാനിടയായിട്ടുണ്ട്....

ജനാധിപത്യത്തെ കൂട്ടക്കശാപ്പ്‌ ചെയ്യാൻ അനുവദിക്കരുത്

(ലേഖനം) സഫുവാനുൽ നബീൽ ടി.പി. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണ് ഇന്ത്യം. ആ ഇന്ത്യയിലാണ് ജനങ്ങള്‍ തിരഞ്ഞെടുത്ത ലോക്‌സഭയിലെ 95...

കുസ്റ്റോറിക്കയുടെ അരയന്നങ്ങള്‍

ആത്മാവിന്റെ പരിഭാഷകൾ (സിനിമ കവിത, സംഗീതം) part 2 ഭാഗം 41 ഡോ. രോഷ്നി സ്വപ്ന   ഡോ. രോഷ്നി സ്വപ്ന 'പുഴയൊഴുകിയ വഴിനോക്കി തോണിക്കാരനിരിക്കുന്നു. പക്ഷിയുടെ നെഞ്ചു പോലെ അത്ര മൃദുലമായ് അവന്റെ...

More like this

പരാജയങ്ങളില്‍ നിന്ന് വിജയങ്ങളിലേക്ക് കുതിക്കാന്‍ ക്യാപ്റ്റനോളം മറ്റാര്‍ക്കും സാധിക്കില്ല

(ലേഖനം) നിധിന്‍ വി.എന്‍. തൊണ്ണൂറികളില്‍ തമിഴകത്തിന്റെ ആക്ഷന്‍ ഐക്കണായി മാറിയ താരമായിരുന്നു വിജയകാന്ത്. തമിഴകത്തിന്റെ ക്യാപ്റ്റന്‍ എന്നേക്കുമായി വിടവാങ്ങുമ്പോള്‍ തമിഴ് സിനിമയ്ക്കും...

ബോസ് എന്ന സമ്പന്ന ഹൃദയൻ

(ലേഖനം) സുബൈർ സിന്ദഗി പാവിട്ടപ്പുറം സോഷ്യല്‍ മീഡിയകളില്‍ നിറഞ്ഞു നില്‍ക്കുന്ന ഒട്ടേറെ പ്രഗത്ഭരായ വ്യക്തികളുടെ വീഡിയോകളും, വാര്‍ത്തകളും റീല്‍സും മറ്റും കാണാനിടയായിട്ടുണ്ട്....

ജനാധിപത്യത്തെ കൂട്ടക്കശാപ്പ്‌ ചെയ്യാൻ അനുവദിക്കരുത്

(ലേഖനം) സഫുവാനുൽ നബീൽ ടി.പി. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണ് ഇന്ത്യം. ആ ഇന്ത്യയിലാണ് ജനങ്ങള്‍ തിരഞ്ഞെടുത്ത ലോക്‌സഭയിലെ 95...