(മധുരൈയിൽ ജീവിച്ചുതീർത്ത രണ്ടു വർഷങ്ങളെ അടിസ്ഥാനമാക്കിയുള്ള ഓർമ്മക്കുറിപ്പ്)
സനൽ ഹരിദാസ്
അനുഭവങ്ങൾ ആർജിച്ചു കൂട്ടാനുള്ള തിടുക്കം നിരന്തരമായലട്ടിയിരുന്ന യൗവനാരംഭത്തിൽ സ്വയം അലയാൻ പറഞ്ഞുവിട്ട ചിലതൊഴിച്ചാൽ എന്റെ സഞ്ചാരങ്ങൾ പരിമിതമാണ്. ഒരു ഭൂപ്രദേശത്തേയും അതിന്റെ സംസ്കാരത്തെയും പൂർണ്ണതയിൽ അറിയാൻ എണ്ണിത്തിട്ടപ്പെടുത്തപ്പെട്ട ദിവസങ്ങളാലാവില്ലെന്ന് തിരിച്ചറിഞ്ഞതു മാത്രമാണ് അത്തരം യാത്രകൾകൊണ്ടുണ്ടായ പ്രധാന നേട്ടം. സാമൂഹ്യാഭിമുഖീകരണം വളരെ ചുരുങ്ങിയ ഒരു കാലം കൂടിയായിരുന്നു അത്തരം യാത്രകളുടേത്. ലക്ഷ്യത്തിൽ എത്തുന്നതുവരെയുള്ള ഇടപെടലുകളിൽനിന്ന് അതെന്നെ തടയുകയും ചെയ്തിരുന്നു. ‘അനുഭവ വിശാലത‘ എന്ന സങ്കല്പം പക്ഷെ വളരെ കാലത്തോളം എന്നെ പിൻതുടർന്നു. തീർത്തും പുതിയൊരിടത്തിലെ ദീർഘകാല വാസം അതിനായി സഹായിക്കുമെന്നും തോന്നിയിരുന്നു. അങ്ങനെയാണ് എം.എ മലയാളം പഠനത്തിനായി ഞാൻ മധുരൈ കാമരാജ് യൂണിവേഴ്സിറ്റി തിരഞ്ഞെടുക്കുന്നത്.
വൈഗാനദിയുടെ തീരത്ത് രൂപം കൊണ്ട അതിപുരാതന നാഗരികതയാണ് മധുരൈയുടേത്. സംഘകാല ഭൂതകാലത്തിന്റെ ബൃഹത് പൈതൃകമുറങ്ങുന്ന ഈ നഗരം തമിഴ്നാടിന്റെ സാംസ്കാരിക നഗരികൂടിയാണ്. ആ നിലയിൽ തൃശൂർ സ്വദേശിയായ എന്റേത് ഒരു സാംസ്കാരിക നഗരിയിൽ നിന്ന് മറ്റൊന്നിലേക്കുള്ള കൂടുമാറ്റം കൂടിയായിരുന്നു. നഗരത്തിൽ നിന്ന് ഏകദേശം ഒരു മണിക്കൂറോളം ദൂരമുണ്ട് യൂണിവേഴ്സിറ്റിയിലേക്ക്. ‘നാഗമലൈ പുതുക്കോട്ടൈ‘ എന്ന സ്ഥലത്താണ് അത് സ്ഥിതി ചെയ്യുന്നത്. യുണിവേഴ്‌സിറ്റിയുമായി ബന്ധപ്പെടുത്തി ‘പൽകലൈ നഗർ‘ എന്നും ഈ പ്രദേശത്തെ വിളിച്ചുപോരുന്നു. സ്ഥലനാമം സൂചിപ്പിക്കുന്നതുപോലെത്തന്നെ നാഗമലയുടെ താഴ് വാരത്തിലാണ് സർവകലാശാല നിലകൊള്ളുന്നത്. മലയാളം ഡിപ്പാർട്ട്മെന്റ് ഉൾപ്പെട്ടിരുന്ന സ്കൂൾ ഓഫ് ഇന്ത്യൻ ലാംഗ്വേജിന്റെ കെട്ടിടം ഈ മലഞ്ചെരുവിനെ അഭിമുഖീകരിച്ച് നിർമ്മിക്കപ്പെട്ടിരിക്കുന്നതാണ്. മലയെന്നു കേൾക്കുമ്പോൾ മലയാളികളിൽ രൂപപ്പെടുന്ന സാങ്കല്പിക ദൃശ്യവുമായി ബന്ധമേതുമില്ലാത്തവയാണ് മധുരൈയിലെ മലകൾ എന്ന് എടുത്തു പറയേണ്ടിയിരിക്കുന്നു. ഭൂരിഭാഗവും മുൾച്ചെടികൾ നിറഞ്ഞതും പാമ്പും മുയലുകളുമടക്കമുള്ള ചെറുജീവികൾ മാത്രം വസിക്കുന്നതുമായ മലകളാണ് മധുരൈയിൽ ഞാൻ കണ്ടിട്ടുള്ളത്.
യൂണിവേഴ്സിറ്റിയുടെ മെൻസ് ഹോസ്റ്റൽ കെട്ടിടങ്ങളോരോന്നും ഓരോ തമിഴ് കവികളുടെ പേരിലാണ് നാമകരണം ചെയ്യപ്പെട്ടിരിക്കുന്നത്. ആദ്യവർഷ വിദ്യാർത്ഥികൾക്കുള്ള ഹോസ്റ്റൽ കെട്ടിടത്തിന്റെ പേര് ‘കവിമണി‘ എന്നായിരുന്നു കന്യാകുമാരി ജില്ലയിലെ തേരൂർ ഗ്രാമമാണ് ഈ കവിയുടെ സ്വദേശം. തിരുവിതാംകൂറിന്റെ ഭാഗമായിരുന്നു ഈ പ്രദേശമെന്നതിനാൽ സ്കൂൾ കാലഘട്ടത്തിൽ മലയാളം അധ്യയനമാധ്യമമായിരുന്ന ഇദ്ദേഹം പിന്നീടാണ് തമിഴ് പഠിക്കുന്നതും സാഹിത്യത്തിൽ വ്യക്തിമുദ്ര പതിപ്പിക്കുന്നതും.
ഹോസ്റ്റലിൽ ചെന്നു കയറിയ അന്നുമുതൽ തന്നെ തമിഴ് വിദ്യാർഥികളുടെ “അധമ സംസ്കാരത്തെക്കുറിച്ചും അവരുടെ കേരള വിരോധത്തെക്കുറിച്ചും” നീണ്ട ക്ലാസുകളാണ് ഞാനടക്കമുള്ള ആദ്യവർഷ വിദ്യാർത്ഥികൾക്ക് ലഭിച്ചത്. അതുകൊണ്ടു തന്നെ ഒരു കാരണവശാലും തമിഴരുമായി അടുക്കരുതെന്നായിരുന്നു ആ ഉപദേശ സദസ്സുകളുടെ സാരം.( സീനിയർ മലയാളി വിദ്യാർഥികളായിരുന്നു വ്യക്തിപരമായ ഇത്തരം ക്ലാസ്സെടുപ്പുകൾക്കു പുറകിൽ ). ഇതിന് വിപരീതമായി ഞാൻ പലരോടും അടുത്തു തുടങ്ങിയത് തുടക്കത്തിൽ പലരിലും മുറുമുറുപ്പുണ്ടാക്കി. അത്തരത്തിൽ ഞാൻ ആദ്യമായി അടുത്തിടപഴകിയതും ഇപ്പോഴും അടുപ്പം സൂക്ഷിക്കുന്നതുമായ ഒരാളാണ് പ്രിയ സുഹൃത്തായ കരുണാനിധി. ഹോസ്റ്റലിൽ ചെന്നു കയറിയ ആദ്യദിനം തന്നെയാണ് കരുണനുമായുള്ള ബന്ധവും തുടങ്ങുന്നത്. അനുവദിച്ചുകിട്ടിയ മുറികൾ വൃത്തിയാക്കുകയും കേടുപാടു സംഭവിച്ച ഫർണിച്ചറുകൾ മാറ്റുകയും ചെയ്യുന്ന തിരക്കിലായിരുന്നു ഞങ്ങൾ. അതിനിടയിലാണ് ഒരു ഇരുമ്പ് കട്ടിൽ തനിയെ തൂക്കിയെടുത്തു പോകുന്ന കരുണനെ ഞാൻ കാണുന്നത്. ഞങ്ങൾ രണ്ടുപേർ ചേർന്ന് ശ്രമകരമായി പൊക്കിയെടുത്ത കട്ടിലിന്റെ അതേ വലിപ്പത്തിലുള്ള മറ്റൊന്നാണ് അയാൾ പരസഹായമേതുമില്ലാതെ എടുത്തുപൊക്കി കൊണ്ടുപോയത്. ഇത് എന്നിൽ വലിയ കൗതുകമുണ്ടാക്കി. മറ്റൊന്നുമാലോചിക്കാതെ ഞാനതവനെ അറിയിക്കുകയും ചെയ്തു. അതിന് അവൻ പറഞ്ഞ മറുപടിയും ആ മറുപടിയിലെ ആത്മാർത്ഥത നിറഞ്ഞ സത്യസന്ധതയും ഞാൻ ഇന്നും ഓർത്തു വയ്ക്കുന്നുണ്ട്.
“ഞങ്ങൾ പാരമ്പര്യമായി കൊത്തനാർമാരാണ് (കല്ലു കൊത്തുന്ന സമുദായം), ചെറിയ പ്രായം മുതൽ തന്നെ ഞാൻ ആ പണി ചെയ്തുവരുന്നുണ്ട്. അതുകൊണ്ട് ഇതൊക്കെ എനിക്ക് ചെറിയ ഭാരമാണ്” – എന്നാണ് അവനന്ന് എന്നോട് പറഞ്ഞത്. സ്വന്തം ജാതി, ഭൂതകാലം, സാമ്പത്തിക പശ്ചാത്തലം എന്നിവയെല്ലാം ചുരുങ്ങിയ വാചകങ്ങളിൽ എനിക്കു മുൻപിൽ തുറന്നുവച്ച ആ പൊളിറ്റിക്കൽ സയൻസ് വിദ്യാർത്ഥി ആ നിമിഷം മുതൽ തന്നെ എന്റെ സുഹൃത്തായി മാറുകയായിരുന്നു. തുടർന്നങ്ങോട്ട് സൗഹൃദങ്ങളുടെ ഒരു നിര തന്നെയുണ്ടായി. അതിൽ ഏറ്റവും ഓർത്തു വയ്ക്കുന്ന മറ്റൊരു പേര് അൻപരസിന്റേതാണ്. ദസ്തയേവ്സ്കി, ആൽബേർ കാമു, സാർത്ര്, തുടങ്ങി അനേകം വിശ്വോത്തര സാഹിത്യകാരന്മാരുടെ കൃതികളിൽ വ്യക്തമായ അവഗാഹമുള്ള തമിഴ് സാഹിത്യ വിദ്യാർഥിയായിരുന്നു അൻപ്. അക്കാലത്ത് ഇടക്കിടെ മുടങ്ങിപ്പോയിരുന്ന എന്റെ വായനയെ വീണ്ടെടുക്കാൻ പ്രേരിപ്പിച്ചിരുന്നത് അൻപുമായുള്ള ദീർഘ സംഭാഷണങ്ങളാണ്. ലൈബ്രറിയെ കാര്യമായിത്തന്നെ വിനിയോഗിക്കാൻ ഈ ബന്ധവും ഒരു കാരണമായിത്തീർന്നു. ചാരുനിവേദിത, മാക്സിം ഗോർക്കി, നിത്യചൈതന്യയതി, ജുംപാ ലാഹിരി തുടങ്ങി വായനയുടെ വൈവിധ്യങ്ങൾ കണ്ടെത്താൻ ഡിപ്പാർട്ട്മെന്റ് ലൈബ്രറി സാരമായി സഹായിക്കുകയും ചെയ്തു.
ഹോസ്റ്റൽ ജീവിതത്തിൽ ഞാൻ നേരിട്ട പ്രധാനപ്രശ്നം ഭക്ഷണത്തിലെ പെട്ടെന്നുള്ള മാറ്റമായിരുന്നു. തൈര് സാദം, തക്കാളി സാദം തുടങ്ങി തമിഴ്നാട്ടിന്റെ തനത് വിഭവങ്ങളായിരുന്നു ആഹാരത്തിന്റെ ഭൂരിഭാഗവും. അതിനിടയിൽ ഇടയ്ക്കിടെ വരുന്ന പ്രാദേശിക അവധികൾ പ്രമാണിച്ചും മറ്റും മെസ്സ് അടച്ചുപൂട്ടുക കൂടി ചെയ്തിരുന്നു. മെസ്സിലെ ഭക്ഷണാവശിഷ്ടങ്ങൾ കഴിച്ചു ജീവിക്കുന്ന നിരവധി നായ്ക്കൾ ഹോസ്റ്റലിൽ ഉണ്ടായിരുന്നു. മെസ്സ് അവധിയാകുന്നതോടെ ഇവയുടെ കാര്യമാണ് ഏറ്റവും കഷ്ടത്തിലാവുക. ഭക്ഷണം കിട്ടാതെ മയിലുകളെ പിടിക്കാനായി അവയ്ക്കു പിറകെ ഓടുന്ന പട്ടികളുടെ കാഴ്ച ഇന്നും മനസ്സിൽ തങ്ങി നിൽക്കുന്നുണ്ട്. ( യൂണിവേഴ്സിറ്റി ഹോസ്റ്റൽ പരിസരങ്ങളിലും നാഗ മലയിലും നമ്മുടെ നാട്ടിൽ കാക്കകളെന്ന പോലെ മയിലുകളുടെ ധാരാളിത്തമുണ്ട് ) പിന്നീടൊരിക്കൽ പട്ടികളുടെ പരിണാമചരിത്രം വിശദീകരിക്കുന്ന എതിരൻ കതിരവന്റെ ഒരു ലേഖനം വായിച്ചപ്പോഴും ഓർത്തത് ഹോസ്റ്റലിൽ മയിലുകൾക്ക് പുറകെ ഓടുന്ന പട്ടികളുടെ ദൃശ്യമാണ്. മനുഷ്യനോടൊപ്പമുള്ള പരിണാമത്തിൽ വേട്ടയാടാനുള്ള ശേഷി നഷ്ടപ്പെട്ട; പിന്നീട് കാടിനും നാടിനും നടുവിലായിപ്പോയ ഈ ജന്തുവിന്റെ ദുരിതം വിസ്മരിക്കാവുന്നതല്ല.
അതിനിടെ തമിഴ് വിദ്യാർത്ഥികളുമായി ഞാൻ പുലർത്തിപ്പോന്ന അടുപ്പം മറ്റു ചില മലയാളി സഹപാഠികളെയും സ്വതന്ത്രമായ സൗഹൃദങ്ങളിലേക്ക് നയിച്ചിരുന്നു. (മറ്റു കാരണങ്ങളും കണ്ടേക്കാം). ഇതിന്റെ വെളിപ്പെടലെന്നോണമുള്ള ഒരു സംഭവവും തുടർന്നുണ്ടായി. ഒരു സെമസ്റ്റർ പരീക്ഷാ കാലത്താണ് ഹോസ്റ്റലിലെ കുടിവെള്ള വിതരണ സംവിധാനങ്ങൾ പണിമുടക്കിയത്. അപേക്ഷകളും നിവേദനങ്ങളും പലതു സമർപ്പിച്ചിട്ടും ഇതിനു പരിഹാരമുണ്ടായില്ല. ഒടുക്കം വിദ്യാർത്ഥികൾ സമരം ചെയ്യാൻ തന്നെ തീരുമാനിച്ചു. പൊരി വെയിലിൽ നിരന്നുനിന്ന് ശാന്തമായി സഹനസമരം നയിക്കുക എന്നതായിരുന്നു സമരരീതിയായി ഉദ്ദേശിച്ചിരുന്നത്. ( തമിഴ്നാട്ടിലെ മുഖ്യധാരാ രാഷ്ട്രീയ പാർട്ടികൾ ഒന്നും തന്നെ വിദ്യാർത്ഥി സംഘടനാ പ്രവർത്തനങ്ങളെ പ്രോത്സാഹിപ്പിക്കുന്നില്ല. അതിനാൽ തന്നെ വിദ്യാർത്ഥി സമരത്തിന്റെ സാംപ്രദായിക മുറകളൊന്നും തന്നെ അവർക്ക് പരിചിതവുമല്ല) മേൽപ്പറഞ്ഞ സമര രീതി പെട്ടെന്നുള്ള ഒരു നടപടിയിലേക്ക് നയിക്കില്ല എന്ന് ഞങ്ങളിൽ ചിലർക്ക് വ്യക്തമായിരുന്നു. അതുകൊണ്ടു തന്നെ ഞങ്ങളുടെ നേതൃത്വത്തിൽ മുദ്രാവാക്യങ്ങൾ വിളിക്കാനാരംഭിച്ചു. നേതൃത്വം ഞങ്ങളെയതിന് അനുവദിക്കുകയും ചെയ്തു. ആദ്യം ഇംഗ്ലീഷിലും തമിഴിലും ആരംഭിച്ച മുദ്രാവാക്യം വിളികൾ പിന്നീട് മലയാളത്തിലേക്കും തെലുങ്കിലേക്കും ഹിന്ദിയിലേക്കും വ്യാപിച്ചു. പിന്നീട് യൂണിവേഴ്സിറ്റിയുടെ പ്രവേശന കവാടം ഉപരോധിക്കുന്നതിലേക്ക് സമരം വികസിച്ചു. അതേത്തുടർന്ന് അന്നേ ദിവസം രാത്രി തന്നെ പ്രശ്നപരിഹാരവുമുണ്ടായി. വിദ്യാർത്ഥി ഐക്യത്തെയും സർവകലാശാലയിലെ അടിസ്ഥാന പ്രശ്നങ്ങളേയും ചൂണ്ടിക്കാട്ടി പിറ്റേന്നത്തെ തമിഴ് പത്രങ്ങൾ വാർത്ത നൽകി. ഇത് യൂണിവേഴ്സിറ്റി അധികൃതർക്ക് വലിയ ക്ഷീണമാണ് ഉണ്ടാക്കിയത്. മലയാളി വിദ്യാർത്ഥികളാണ് സമരത്തെ വഴിതിരിച്ചുവിട്ടത് എന്ന രീതിയിലുള്ള മുറുമുറുപ്പുകളും അധികൃതരിൽനിന്ന് തുടർന്ന് കേട്ടിരുന്നു.
രണ്ടാംവർഷം ആയപ്പോഴേക്കും ഞാൻ ഹോസ്റ്റൽ ജീവിതം ഉപേക്ഷിക്കാമെന്ന തീരുമാനത്തിലെത്തിച്ചേർന്നു. ദേശത്തെക്കുറിച്ച് കൂടുതൽ ആഴത്തിൽ മനസ്സിലാക്കാൻ താമസം പുറത്തേക്കു മാറ്റുന്നത് സഹായകരമാകും എന്ന് കരുതിയായിരുന്നു അത്. ഇടവിട്ടിടവിട്ട് പോയും വന്നുമിരിക്കുന്ന കറന്റ്, കുടിവെള്ള ദൗർലഭ്യം, മധുരൈയിലെ കരിയിക്കുന്ന ചൂട് എന്നിവയെല്ലാം അവിടെ നേരിട്ട പ്രതിസന്ധികളിൽ ചിലതായിരുന്നു. എന്നാൽ ഉദ്ദേശത്തെ സഹായിക്കുന്ന പലതും അവിടെ നിന്നും നേടിയെടുക്കാൻ സാധിക്കുകയുണ്ടായി. ജലദൗർലഭ്യം സാധാരണമാണെങ്കിലും പൊതു അവധി ദിവസങ്ങളിൽ പോലും മദ്യം മധുരൈയിൽ ഒഴുകിക്കൊണ്ടിരുന്നു എന്ന വസ്തുത ഇപ്രകാരം മനസ്സിലാക്കിയ ഒരു പുതിയ അറിവായിരുന്നു. താമസിക്കുന്ന ഇടത്തെ വീട്ടുടമസ്ഥന്റെ ക്ഷണപ്രകാരം ഒരുദിവസം അതിരാവിലെ അയാൾക്കൊപ്പം കറങ്ങാനിറങ്ങിയിരുന്നു. അയാൾ നേരെ പോയത് ഒരു തെങ്ങിൻ തോപ്പിലേക്കായിരുന്നു. നേരം പുലർന്നു തീരും മുൻപുതന്നെ അവിടെ മദ്യവില്പന തുടങ്ങിയിരുന്നു. രാവിലെ ചായ കുടിക്കുന്ന ലാഘവത്തോടെ വിലകുറഞ്ഞ മദ്യം അളന്ന് കുടിക്കാനായി ആളുകളവിടെ വന്നു പോയിക്കൊണ്ടിരുന്നു. അതിനുശേഷം ഞങ്ങൾ പോയത് കുറച്ചധികം ഉൾവലിഞ്ഞ ഒരു ഗ്രാമത്തിലേക്കാണ്. അവിടെ പനയോല മേഞ്ഞ ഒരു വീട്ടിൽ ഏതാനും പേരെ കണ്ടു. അതിൽ ഒരു വൃദ്ധന്റെ കാലിൽ വലിയൊരു വ്രണമുണ്ടായിരുന്നു. അത് ശുചിയാക്കി ഡ്രസ്സ് ചെയ്യുന്നതിനാണ് അങ്ങോട്ട് പോവുന്നതെന്ന് അവിടെയെത്തും വരെ അണ്ണൻ എന്നോട് പറഞ്ഞിരുന്നില്ല. ഇത്തരം ശുശ്രൂഷകൾ അയാളുടെ പാർട്ട്ടൈം ജോലിയാണെന്ന നിഗമനത്തിൽ പിന്നീട് ഞാൻ എത്തിച്ചേർന്നു. മദ്യലഹരിയിലായിരുന്നു അയാളതത്രയും ചെയ്തിരുന്നത്. സിനിമകളിലും മറ്റും അസ്വാഭാവിക മരണം സംഭവിക്കുന്നവരുടെ ശവശരീരം കൈകാര്യം ചെയ്യുന്നവർ തൊഴിലിനു മുൻപ് മദ്യപിക്കുന്ന രംഗങ്ങൾ താരതമ്യപ്പെടുത്തിയാണ് ഞാനത് മനസ്സിലാക്കിയത്.
താമസസ്ഥലത്തെ പല വീടുകളിലും പത്തോ ഇരുപതോ വിലയധികത്തിൽ ക്വാർട്ടർ കുപ്പികൾ വിറ്റിരുന്നതും പിന്നീടു ഞാൻ കണ്ടെത്തി. താമസസ്ഥലത്തു നിന്ന് യൂണിവേഴ്സിറ്റിയിലേക്ക് ധാരാളം ദൂരമുണ്ടായിരുന്നതിനാൽ സൈക്കിളിലായിരുന്നു അന്നത്തെ പോക്കുവരവുകൾ. അങ്ങനെയിരിക്കെയാണ് സൈക്കിൾ റിപ്പയർ ചെയ്യുന്ന അണ്ണനുമായി സൗഹൃദം സ്ഥാപിക്കപ്പെടുന്നത്. പിന്നീട് ഒരു ദിവസം അയാളോട് ബൈക്കിൽ യാത്ര ചെയ്യുകയുണ്ടായി. ഒരിടം വരെ പോയി വരാം എന്ന വാഗ്ദാനത്തിൽ കൂടെ കൂടുകയായിരുന്നു. ബൈക്ക് മെയിൻ റോഡിൽ നിന്ന് പോക്കറ്റ് റോഡുകൾ കയറി പൊയ്ക്കൊണ്ടിരുന്നു. ഒടുവിൽ കുറ്റിക്കാടുകൾക്കിടയിലൂടെയായി യാത്ര. ഒടുവിൽ ചെന്നെത്തിയത് ഒരു മൊട്ടക്കുന്നിന്റെ താഴെയുള്ള വിജനമായ പ്രദേശത്താണ്. അവിടെനിന്നും മൺപാതയിലൂടെയുള്ള നടത്തം ഞങ്ങളെ കൊണ്ടെത്തിച്ചത് ഒരു വൈൻ ഷോപ്പിലേക്കാണ്. ആൾപ്പാർപ്പില്ലാത്ത അത്തരമൊരിടത്തിൽ വൈൻ ഷോപ്പ് കണ്ടതിൽ എനിക്ക് അത്ഭുതം തോന്നി. അണ്ണൻ മദ്യം വാങ്ങി വന്ന് അവിടെവെച്ചുതന്നെ കുടിക്കാനാരംഭിച്ചു. ( തമിഴ്നാട്ടിൽ വൈൻ ഷോപ്പുകളോട് ചേർന്നുതന്നെ മദ്യപിക്കാനുള്ള സൗകര്യവും സാധാരണമാണ് ) അവിടുത്തെ ഭക്ഷണപദാർത്ഥങ്ങളുടെ വൈവിധ്യമാണ് എന്നെ പ്രധാനമായും ആകർഷിച്ചത്. അവയിൽ പ്രത്യേകമായി എടുത്തുപറയേണ്ടത് ഹലുവ പോലെ മുറിച്ചു വച്ചിരിക്കുന്ന കട്ടപിടിച്ച ആട്ടിൻ ചോരയാണ്. ഒപ്പം ആടിന്റെ തന്നെ തലച്ചോറും. ( ആടുകൾ ധാരാളമായുള്ള പ്രദേശം കൂടിയാണ് മധുരൈ, പൊരിവെയിലിൽ നൂറുകണക്കിന് ആടുകളുമായി അലയുന്ന ഇടയ ബാലന്മാരെ നാഗമലയുടെ താഴ്വാരങ്ങളിൽ കാണാം) ഇപ്പറഞ്ഞ ഇടം കാണുകവഴി അന്നുണ്ടായ അത്ഭുതം ഒട്ടും ചോരാതെ ഇന്നും മനസ്സിൽ തങ്ങി നിൽക്കുന്ന ഒന്നാണ്.
പെട്ടെന്നുണ്ടായ അവധിദിനങ്ങളിലൊന്നിലാണ് ഞാൻ കരുണാനിധിയുടെ വീട്ടിലേക്ക് യാത്രതിരിക്കുന്നത്. അമ്മൂമ്മയും (അമ്മാച്ചി) അവനും മാത്രമാണ് ഞാൻ ചെന്ന ആ വീട്ടിൽ താമസിച്ചിരുന്നത്. ഒറ്റയ്ക്ക് താമസിക്കണമെന്ന് നിർബന്ധമുള്ള അമ്മാച്ചിക്ക് തുണയായാണ് അവന്റെ അവിടുത്തെ താമസം. അമ്മാച്ചി രാവിലെത്തന്നെ കാട്ടിൽ ചുള്ളി പെറുക്കുന്ന പണിക്കായി പോകും. പിന്നീട് രാത്രിയാണ് തിരിച്ചെത്തുക. ഒരു ദിവസം രാത്രി കാട്ടിൽ നിന്നും പറിച്ചെടുത്ത കപ്പലണ്ടിക്കിഴങ്ങുകളുമായാണ് അമ്മാച്ചി തിരിച്ചെത്തിയത്. ചുറ്റും പുളിമരങ്ങൾ നിറഞ്ഞ ഒരു പ്രദേശംകൂടിയായിരുന്നു അത്. പല വീടുകളുടെയും മുൻപിൽ കൂന കൂട്ടിയിട്ടിരിക്കുന്ന തൊണ്ടോടുകൂടിയ പുളി കാണാമായിരുന്നു. ഒരു ദിവസം വെയിലാറിയ നേരത്ത് ഞങ്ങൾ അൽപം നടക്കാമെന്നു കരുതി ഇറങ്ങി. നടന്നെത്തിയത് ഒരു പനന്തോട്ടത്തിലേക്കാണ്. നടന്നിട്ടും നടന്നിട്ടും അവസാനിക്കാത്തത്ര വലിപ്പമുള്ള ഒരു തോട്ടം. തോട്ടത്തിലെ മാനംമുട്ടെ വളർന്ന ഒരു പനയിൽ തളപ്പൊന്നുമില്ലാതെ കരുണൻ വലിഞ്ഞു കയറി. പനന്നൊങ്കുകൾ വെട്ടി താഴെയിട്ടു. അവിടെയിരുന്നുതന്നെ ഞങ്ങളത് അകത്താക്കുകയും ചെയ്തു. വൈകിട്ടോടെ കുളിക്കാനായി പോയിരുന്നത് ഗ്രാമത്തിനു പൊതുവായുള്ള വെള്ളത്തൊട്ടിയിലേക്കാണ്. അവിടെ സ്ത്രീപുരുഷന്മാർ പ്രായഭേദമെന്യേ വലിച്ചെടുത്ത തുണികൾക്ക് മീതെ വെള്ളം പകർന്ന് കുളിച്ചുപോന്നു. വർഷങ്ങൾക്കിപ്പുറം പരിയേറും പെരുമാൾ എന്ന തമിഴ് സിനിമ കണ്ടപ്പോൾ മനസ്സിൽ തെളിഞ്ഞു വന്നത് അന്ന് കണ്ട ആ ഗ്രാമത്തിന്റെ മനോഹരമായ ഭൂപ്രകൃതിയാണ്.
മധുരൈ ജീവിതത്തിൽ എന്നെ നടുക്കികളഞ്ഞ സംഭവമാണ് താമസസ്ഥലത്തിന് തൊട്ടടുത്തു നടന്ന ഒരു ജാതിക്കൊലപാതകം. ജാതിയുടെ പേരുപറഞ്ഞുള്ള പോരാട്ടങ്ങളും കൊലപാതകങ്ങളുമെല്ലാം തമിഴ്നാടിന്റെ സാമാന്യ വ്യവഹാരങ്ങളുടെ ഭാഗമാണെന്നു തിരിച്ചറിയുന്നതിനും വളരെ മുൻപായിരുന്നു അത്. കൊലപാതകത്തിന്റെ പേരിൽ പ്രാദേശിക ജാതി സംഘടനകളുടെ പ്രതിഷേധങ്ങളും മറ്റും നടന്നിരുന്നെങ്കിലും, മാധ്യമശ്രദ്ധ എന്ന പ്രാഥമിക പരിഗണന പോലും അവയ്ക്കുണ്ടായില്ല. അതിനെക്കുറിച്ചുള്ള ചായക്കടച്ചർച്ചകൾ പോലും രണ്ടു ദിവസത്തിലേറെ നീണ്ടുനിന്നില്ല. ഉത്തരേന്ത്യയിൽ രാവണന്റെ കോലം കത്തിച്ചുകൊണ്ട് രാമലീല ആഘോഷിക്കുന്നതിനു പകരമായി തമിഴ്നാട്ടിൽ രാമന്റേയും സീതയുടേയും കോലം കത്തിക്കണമെന്നാവശ്യപ്പെട്ട് പന്നിയെ പൂണൂൽ ധരിപ്പിച്ചു പ്രതിഷേധിച്ച ‘തന്തൈ പെരിയാർ ദ്രാവിഡ കഴക‘മടക്കം പ്രവർത്തിക്കുന്ന സംസ്ഥാനമാണ് തമിഴ്നാട്. ശക്തമായ ദ്രാവിഡ രാഷ്ട്രീയത്തിന്റെ പാരമ്പര്യമുള്ള മണ്ണ്. എന്നാൽ ഇവിടങ്ങളിലെ ജാതീയതക്ക് ഇന്നും അയവു വന്നിട്ടില്ല. ഉൾഗ്രാമങ്ങളിലെ ഹോട്ടലുകളിൽ വിവിധ ജാതിയിലുള്ളവർക്കായി വേർതിരിക്കപ്പെട്ട പാത്രങ്ങൾ പോലും ഉള്ളതായാണ് തമിഴ് സഹപാഠികളിൽ നിന്നുള്ള അറിവുകൾ പറയുന്നത്.
മധുരൈയിലെ ചരിത്രസ്മാരകങ്ങൾ തേടിയുള്ള യാത്രകൾ മിക്കവാറും ചെന്നെത്തിയിരുന്നത് ജൈന ശേഷിപ്പുകളിലാണ്. സാമാന്യം വലിപ്പമുള്ള മലകൾക്കു മുകളിലും താഴെയുമായി നിർമ്മിക്കപ്പെട്ടവയായിരുന്നു ഇത്തരം ക്ഷേത്രങ്ങൾ. എന്നാൽ അവയ്ക്ക് മുൻപിലായി സ്ഥാപിക്കപ്പെട്ടിരുന്ന പുരാവസ്തു വകുപ്പിന്റെ ബോർഡൊഴിച്ചാൽ ജൈന സംസ്കൃതിയുടേതായ യാതൊരവശേഷിപ്പുകളും അവിടങ്ങളിൽ കണ്ടെത്താനാവില്ല. ആര്യൻ അധിനിവേശത്തിന്റെ തെളിവുകളെന്നോണം അധീശത്വ രൂപമാറ്റങ്ങൾക്ക് വിധേയമായ അവിടങ്ങളിൽ, ഹൈന്ദവ ദൈവാരാധനകളാണ് ഇന്ന് നടന്നുവരുന്നത്. അതിപ്രശസ്തമായ മീനാക്ഷിയമ്മൻ കോവിലാണ് ഈ നഗരത്തിന്റെ മറ്റൊരു ആകർഷണത്വം. മധുരൈയെ ക്ഷേത്രനഗരമാക്കി മാറ്റിയതിന്റെ നെടുംതൂണും ഈ കോവിൽ തന്നെയാണ്. കുലശേഖര പാണ്ഡ്യനാൽ നിർമ്മിക്കപ്പെട്ട ഈ ക്ഷേത്രം ലോകമഹാത്ഭുതങ്ങളുടെ പട്ടികയിലേക്ക് നാമനിർദേശം ചെയ്യപ്പെട്ട ഒന്നു കൂടിയാണ്. വർഷംതോറും ഇവിടെ നടക്കുന്ന തിരുകല്യാണ മഹോത്സവത്തിലേക്ക് ലക്ഷക്കണക്കിന് സന്ദർശകരാണ് എത്തിച്ചേരുക. പുനരുദ്ധാരണങ്ങളുടെ ഭാഗമായി മഞ്ഞയും പച്ചയും ചുവപ്പുമെല്ലാം വാരിത്തേക്കപ്പെട്ട മിനാരങ്ങൾ പക്ഷെ, പൗരാണിക സൗന്ദര്യത്തേക്കാളുപരി ബോംബ്മാർലി ചിത്രങ്ങളെയാണ് ഇന്ന് ഓർമ്മപ്പെടുത്തുക. മധുരൈയിൽ എന്നെയാകർഷിച്ച മറ്റൊരു ക്ഷേത്രം തിരുപ്രകുൺട്രമാണ്. ഭീമാകാരമായ ഒരു മലയ്ക്കു താഴെ സ്ഥിതിചെയ്യുന്ന ക്ഷേത്രവും അതേ മലയുടെ മുകളിൽ സ്ഥിതിചെയ്യുന്ന മുസ്ലിം പള്ളിയും തീർത്തും വ്യത്യസ്തമായ ഒരു അനുഭവമാണ്. കുരങ്ങന്മാർ പാഞ്ഞുനടക്കുന്ന പള്ളി അങ്കണവും അവിടെത്തന്നെയുള്ള സർബത്തുകടയുമെല്ലാം മലകയറിച്ചെല്ലുന്നവരെ കയറ്റത്തിന്റെ ആയാസത്തിൽ നിന്ന് വിമുക്തമാക്കുന്നവയാണ്.
മധുരൈയിലെ ജീവിതം അവസാനിച്ചതിനു ശേഷം ഇന്ന് കാലമേറെ കടന്നുപോയിരിക്കുന്നു. പാതിരാക്കും ഉണർന്നിരിക്കുന്ന അക്കമാരുടെ ഇഡ്ഢലിക്കടകളും, അവ തേടിയുള്ള രാത്രിസഞ്ചാരങ്ങളുമെല്ലാം ഇന്ന് വിദൂരമായ ഒരോർമയാണ്. കാലങ്ങൾക്കിപ്പുറം ആ നഗരത്തിന്റെ ഓർമ്മകൾ എന്നിലേക്ക് തിരിച്ചെത്തുന്നത് കരുണാനിധിയുടെ ഇടവിട്ടുള്ള ഫോൺവിളികളിലൂടെയാണ്. കരുണൻ ഇപ്പോൾ ചെന്നൈയിലാണ്. അവിടെയൊരു ഹോട്ടലിൽ പണിയെടുക്കുകയാണ്. ഒപ്പം സ്റ്റേറ്റ് സിവിൽ സർവീസ് എന്ന സ്വപ്നത്തിനായുള്ള ബൗദ്ധിക അദ്ധ്വാനവും. അവസാനത്തെ ഫോൺവിളിയിൽ അവൻ പറഞ്ഞവസാനിപ്പിച്ച തിരുക്കുറൽ വാചകത്തിന്റെ സാരം പിഴവേതുമില്ലാതെ ഞാൻ ഓർത്തുവക്കുകയും ചെയ്യുന്നു : “രാജാവാണു നീയെന്ന് സ്വയം തോന്നുന്ന നിമിഷങ്ങളുണ്ടാകാം. പക്ഷെ ഓർക്കുക, രാജാവിനു പോലും ഉപദേശകരുണ്ടായിരുന്നു“
…
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം) editor@athmaonline.in
ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.