”ഞാന്‍ അഭിനയിച്ച കഥാപാത്രങ്ങള്‍… ആശാന്റെ സ്ത്രീ കഥാപാത്രങ്ങള്‍… എത്ര എത്ര വേദികള്‍… എത്ര എത്ര രാവുകള്‍… അരങ്ങില്‍ നിന്നും അരങ്ങിലേക്കുള്ള എന്റെ യാത്രകള്‍…” – ‘പെണ്‍നടന്‍’
നാടക വേദികളില്‍ സ്ത്രീ കഥാപാത്രങ്ങള്‍ അവതരിപ്പിക്കാന്‍ സ്ത്രീകള്‍ ഇല്ലാതിരുന്ന കാലത്ത് പെണ്‍ നടനായി മാറിയ പാപ്പുകുട്ടിയാശാനെ ആവാഹിച്ച് വേദികളെ വികാര നിര്‍ഭയ നിമിഷങ്ങള്‍ക്ക് സാക്ഷിയാക്കുകയാണ് സന്തോഷ് കീഴാറ്റൂര്‍. കേരളത്തിനകത്തും പുറത്തുമായി 50ഓളം വേദികള്‍ പിന്നിട്ട ഏകാംഗ നാടകം നവംബര്‍ 1ന് വൈകിട്ട് 7 മണിയ്ക്ക് കേരള ഫൈന്‍ ആര്‍ട്‌സ് സൊസൈറ്റിയുടെ എറണാകുളത്തെ ഹാളില്‍ അരങ്ങേറുന്നു.
മലയാള നാടക വേദികളില്‍ തിളങ്ങി നിന്ന ഒരു പെണ്‍ നടന്‍ ഉണ്ടായിരുന്നു. നാടക ചരിത്രത്തിന്റെ ഏടുകള്‍ മറിയ്ക്കുമ്പോള്‍, കഴിവുണ്ടായിട്ടും പാര്‍ശ്വവത്കരിക്കപ്പെട്ടു പോയ ഒരു കലാപ്രതിഭ. നൂറു ശതമാനം മികവോടെ തന്നെ സ്ത്രീ വേഷങ്ങളെ അരങ്ങിലെത്തിച്ച അത്ഭുത കലാകാരന്‍. ഓച്ചിറ വേലുക്കുട്ടിയാശാന്‍ എന്നറിയപ്പെട്ട ഓച്ചിറ ശിവപ്രസാദ് സി. വേലുക്കുട്ടി. ഈ മഹാ പ്രതിഭയുടെ നാടക ജീവിതമാണ് ‘പെണ്‍നടനി’ലെ പ്രമേയം. മഹാകവി കുമാരനാശാന്റെ കാവ്യങ്ങളിലെ കഥാപാത്രങ്ങളിലൂടെ ഓച്ചിറ വേലുക്കുട്ടി എന്ന കലാകാരന്റെ ജീവിതം പുനര്‍ജ്ജീവിപ്പിക്കുകയാണ് പെണ്‍നടനിലൂടെ.
വേലുക്കുട്ടിയാശാന്റെ അരങ്ങില്‍ ആടിതീര്‍ന്ന ജീവിതത്തെക്കുറിച്ച് മാത്രമെ ആളുകള്‍ക്കറിയുള്ളൂ. ഇതിന് പുറമെ അദ്ദേഹത്തിന്റെ ജീവിതത്തില്‍ ആടിതീര്‍ക്കേണ്ടി വന്ന വേഷങ്ങളിലൂടെയും നേരിടേണ്ടി വന്ന പ്രതിസന്ധികളിലൂടെയുമാണ് നാടകം മുന്നോട്ട് പോവുന്നത്. ഒരു കാലത്ത് നാടകത്തിന്റെ അവിഭാജ്യ ഘടകമായിരുന്ന കലാകാരന്‍ ഇന്ന് പലരുടെയും ഓര്‍മ്മകളില്‍ നിന്നു പോലും അകന്നിരിക്കുന്നു. ഗതകാല പ്രതിഭകളെ പുതുതലമുറയ്ക്ക് പരിചയപ്പെടുത്തുന്നതിന്റെയും പരിശ്രമ ഫലമായാണ് ആദ്യമായി ‘പെണ്‍നടന്‍’ അരങ്ങിലെത്തിയത്. സന്തോഷ് കീഴാറ്റൂരാണ് നാടകത്തിന്റെ രചനയും നിര്‍വഹിച്ചിരിക്കുന്നത്.
പക്ഷാഘാതം വന്ന് കിടപ്പിലായ എഴുത്തുകാരന്‍ തോമസ് ജോസഫിന്റെ ചികിത്സാ ധനം കണ്ടെത്താന്‍ വേണ്ടിയാണ് ഇത്തവണ ‘പെണ്‍നടന്‍’ അരങ്ങിലെത്തുന്നത്. കേരള ഫൈന്‍ ആര്‍ട്‌സ് സൊസൈറ്റിയും തോമസ് ജോസഫ് സുഹൃദ്‌സംഘവും സംയുക്തമായാണ് നാടകം പ്രദര്‍ശിപ്പിക്കുന്നത്. നാടകത്തില്‍ നിന്നും കിട്ടുന്ന വരുമാനം ചികിത്സാ നിധിയിലേക്ക് സമര്‍പ്പിക്കും. നാടകത്തിന്റെ പ്രവേശന പാസുകള്‍ക്ക് 9447585046, 9946447236, 9072977895 നമ്പറുകളില്‍ ബന്ധപ്പെടുക.