നിധിന്‍.വി.എന്‍
ജീവിച്ചിരിക്കെ സ്വന്തം ചിതയൊരുക്കി തീ കൊളുത്തുകയാണ് പുകവലിക്കുന്ന ഓരോരുത്തരും. സ്വയം നശിക്കുന്നതിനോടൊപ്പം സമൂഹത്തെയും അനാരോഗ്യകരമായ ചുറ്റുപാടിലേക്ക് തള്ളിയിടുകയും ചെയ്യുന്നു. ലഹരി, ലഹരി മാത്രമല്ലെന്നും അവയുടെ ഉന്മാദപ്പിടിയില്‍ എരിഞ്ഞു തീരുന്നത് സ്വന്തം സ്വപ്‌നങ്ങള്‍ കൂടിയാണ് എന്ന് ഓര്‍മ്മ വേണം. സുസ്ഥിര വികസനത്തിന് പുകയില നിര്‍മാര്‍ജനം അനിവാര്യമെന്ന സന്ദേശവുമായി ലോകാരോഗ്യസംഘടന ഇന്ന് പുകയില വിരുദ്ധദിനം ആചരിക്കുന്നു.
“എനിക്കറിയാം
ഞാന്‍ നന്നല്ല
ആരോഗ്യത്തിന്
കുടുംബഭദ്രതയ്ക്ക്
ഭാവിഭദ്രതയ്ക്ക്
സ്വന്തം ചിതയ്ക്ക് തീകൊളുത്തുകയാണ്
ബീഡിക്ക് തീ കൊളുത്തുമ്പോള്‍”-(ഒരു പുക കൂടി -കല്‍പ്പറ്റ നാരായണന്‍)
1987-ലാണ് ആദ്യമായി പുകയില വിരുദ്ധദിനം ആചരിച്ചത്. അതിനുശേഷം എത്രയെത്ര ദിനങ്ങള്‍ പുകയിലയ്ക്ക് എതിരെ നടത്തിയിരിക്കുന്നു. പുകയില ഉയര്‍ത്തുന്ന ആരോഗ്യപ്രശ്നങ്ങളെ കുറിച്ച് എത്ര തവണ പറഞ്ഞിരിക്കുന്നു. എന്നിട്ടും സമൂഹം പുകയിലയെ ഉപേക്ഷിക്കാന്‍ തയ്യാറല്ല. ലോകമൊട്ടാകെ 1.1 ബില്ല്യന്‍ ആളുകള്‍ പുകവലിക്കുന്നുണ്ട് എന്നറിയുമ്പോഴാണ് പുകയില എത്ര ശരീരങ്ങളെയാണ് കീഴ്പ്പെടുത്തിയത് എന്ന് മനസിലാകൂ.
നാട്ടിലൂടെ നടക്കുമ്പോള്‍ പുകയില മണക്കുന്ന ഇടങ്ങള്‍ ധാരാളം ഉണ്ട്. ആരും പുകവലിക്കാത്ത സമയത്തും അവിടങ്ങളില്‍ നിന്നും ആ ഗന്ധങ്ങള്‍ വിട്ടൊഴിയുന്നില്ല. കുട്ടികളടക്കം പലരും വന്നിരിക്കുന്ന ഇത്തരം ഇടങ്ങളില്‍ വന്നിരുന്ന് വലിക്കുന്നവര്‍ സ്വ-ജീവിതത്തെ മാത്രമല്ല അടുത്തിരിക്കുന്നവന്റെ പ്രാണനെയും മനപൂര്‍വ്വം രോഗാതുരമായ അവസ്ഥയിലേക്ക് തള്ളിയിടുന്നു. സിനിമയില്‍ മാസ്സ് കാണിക്കാന്‍ വേണ്ടി ചേര്‍ക്കുന്ന പുകവലി രംഗങ്ങള്‍ പോലും ആരാധകരെ സ്വാധീനിക്കുകയും അതിനെ അനുകരിക്കുകയും ചെയ്യുന്നു എന്നത് ഏറെ വിഷമം ഉണ്ടാക്കുന്നതാണ്.
ഒരു മിനിറ്റില്‍ 10 ദശലക്ഷം സിഗരറ്റുകള്‍ വിറ്റുപോകുന്നു എന്നതാണ് പുകവലിക്കുന്ന ആളുകള്‍ എത്ര സിഗരറ്റുകള്‍ ഉപയോഗിക്കുന്നു എന്നതിലേക്കുള്ള കണക്കുകള്‍. മനപൂര്‍വ്വം അര്‍ബുദത്തിന്റെ കയ്യിലേക്ക് സഞ്ചരിക്കുന്നവര്‍ ആകാതിരിക്കാന്‍ ശ്രമിക്കുന്നുവെങ്കില്‍ ഇനിയുള്ള നാളുകള്‍ കൂടുതല്‍ സുന്ദരമായിരിക്കും.