“നിങ്ങൾ ദൈവമായിരുന്നെങ്കിൽ വസ്ത്രത്തെക്കുറിച്ചോർത്ത് ലജ്ജിച്ചേനേ”   * 1

0
584

കഥ
വി എസ് അജിത്ത് 

 
         രജനീകാന്തും ഐശ്വര്യാറായിയും മ്മടെ ചാലക്കുടിക്കാരനും അഭിനയിച്ച ‘യന്തിരൻ’ എന്ന ചിത്രം കണ്ട് മടങ്ങിവന്ന രവീന്ദ്രൻ വർക്കേരിയയിലെ ലോൺട്രി ബിന്നിൽ ഉടുപ്പും ബനിയനും പാൻ്റ്സും അണ്ടർവയറും നിക്ഷേപിച്ചശേഷം നൂൽബന്ധമില്ലാതെ അടുക്കളയും ഡൈനിംഗ് റൂമും പിന്നിട്ട് കോണിപ്പടി കയറി മുകളിലേക്ക് പോയി.
 
           അഞ്ചാംക്ലാസ്സിൽ പഠിക്കുന്ന രാമു ”മുത്തശ്ശീ.. മുത്തശ്ശീ.. ”ന്ന് വിളിച്ചുകൊണ്ട് പൂജാമുറിയിലെത്തി. കർക്കിടകം ഒന്നാണല്ലോന്നു കരുതി രാമായണം വായിക്കുകയായിരുന്ന മുത്തശ്ശി
 
”നാണമെന്നിയേ മുദാ നാവിന്മേൽ നടനം ചെയ്കേണാങ്കാനനേ ! യഥാ കാനനേ ദിഗംബരൻ ”
 
എന്ന ഭാഗംവരെ എത്തിയതേയുള്ളൂവെങ്കിലും ചെറുക്കൻ ശല്യപ്പെടുത്തിയതുകൊണ്ട്
 
” ശ്രീരാമ ! രാമ ! രാമ ! ശ്രീരാമചന്ദ്ര ! ജയ”
 
എന്ന് ധൃതിയിൽ ഉരുവിട്ട് ഇന്നത്തേയ്ക്കുള്ള വായന കഴിച്ചു.
 
        ബാൽക്കണിയിലെ റിക്ലൈനിംഗ് ചെയറിൽ ചിന്താമഗ്നയും വിഷാദമൂകയുമായി ഫാനും കൊണ്ടിരുന്ന ഭാര്യ ഗീതയും പഠിപ്പുമുറിയിൽ മനോരാജ്യത്തിൽ മുഴുകിയിരുന്ന പ്ലസ് ടു ക്കാരി സുലേഖയും ഈ ദൃശ്യം കാണുകയുണ്ടായില്ല. എങ്കിലും കുളികഴിഞ്ഞ് കിടപ്പുമുറിയിൽ നിന്നും പടിയിറങ്ങി പൂജാമുറിയിലെത്തി കുബേരൻ്റെ ഉരുളിയിൽ നിന്നും 5 രൂപ തുട്ടെടുത്ത് പരദേവതയുടെ വഞ്ചിയിലിട്ടശേഷം തിരിച്ച് പടികയറിപ്പോയത് നഗ്നനായിത്തന്നെയായതിനാൽ മുഴുവൻകാള ദൃശ്യങ്ങൾ എല്ലാവരും സിനിമാസ്ക്കോപ്പിൽ കാണുകയുണ്ടായി.
 
       സാധാരണ സിബ്ബിടാൻ മറക്കുകയോ അറിയാതെ കാവിമുണ്ട് പാതിയഴിഞ്ഞ് VIP ജട്ടി അനാവൃതമാവുകയോ ചെയ്താൽ രാമുവും ഗീതയും മറ്റും ചിരിക്കുകയും കളിയാക്കുകയും ചെയ്യുമായിരുന്നെങ്കിലും ഓർക്കാപ്പുറത്ത് നഗ്നസത്യം അപ്പാടെ വെളിപ്പെട്ടതോടെ ഭയാനകമായ മൂകത വീടിനെ വിഴുങ്ങി. മുത്തശ്ശി മാത്രം
 
” ത്യജ മനസ്സി ജനക ! തവ ശോകം മഹാമതേ”   ന്ന് പിറുപിറുത്തു.
 
       ശ്രീകർ പ്രസാദിൻ്റെ Jumb cutting ൽ ഇനി നാം കാണുന്നത് രവീന്ദ്രൻ അനൂപിനോടൊപ്പം Sports Club ൻ്റെ, വയലേലകൾക്കഭിമുഖമായി , പകൽസമയത്ത്  പിള്ളേർ കാരംസ് കളിക്കുന്ന ചായ്പ്പിലിരുന്ന് മദ്യം നുണയുന്നതാണ്. അനൂപും രവീന്ദ്രനും family friends ആണെന്നും ഇന്നലത്തെ നഗ്നതാപ്രദർശനം ഗീത വിനോദിനിയോട് പറഞ്ഞിട്ടുണ്ടാവുമെന്നും എടുത്ത് പറയേണ്ടതില്ലല്ലോ !
 
 ” എന്തു പറ്റി രവീ.. വീട്ടിൽ അമ്മയൊക്കെയുള്ളതല്ലേ? .. മോളും വലുതായി വരികയല്ലേ?”
 
അനുപ് ഗ്ലാസ്സുകൾ രണ്ടും നിറച്ചു.
 V S AJITH
രവി ടീഷർട്ട് പൊക്കി പൊക്കിളുകാണിച്ചു. ബാംഗ്ലൂരിൽ കിട്ടുന്ന നല്ല തുടുത്ത ഉഴുന്നുവട നാണിച്ചുപോകും !
 
“എടാ അനൂപേ..കഴുവേറീടെ മോനേ.. നീയീ പൊക്കിളു കണ്ടാ? .. തമന്ന തോറ്റു പോകത്തില്ലേ?.. എന്താ കാരണം? പറ.. പറയെടാ..”
 
“എനിക്കറിയത്തില്ല.. ഒന്നു പോടാ ഉവേ.. ”
 
“ഞാൻ പറയാം അമ്മ പാളയിൽകിടത്തി കുളിപ്പിക്കുമ്പം പെരുവിരൽ പൊക്കിളിൽ കയറ്റി ഒരു കറക്കുണ്ട്…. അങ്ങനെ കറക്കിക്കറക്കിയെടുത്ത ഉരുപ്പടിയാ ഇത്… അല്ലാതെ ഇന്നത്തെ പെണ്ണുങ്ങളെപ്പോലെ ഒരു മാതിരി പൈൽസ് പിടിച്ച ആസനം പോലെയല്ല.
 
“ചന്തമുള്ള പൊക്കിളു കാണിക്കാനാണാ നീ തുണിയുടുക്കാതെ നടന്നത്?
 
” അതല്ല.. പാളേക്കിടത്തി കുളിപ്പിച്ച അമ്മ കാണാത്ത നഗ്നത എന്തുണ്ട്ന്ന് പറയുവാരുന്നു ”
 
രവീന്ദ്രൻ ഒരു സിപ്പെടുത്തു..
 
” മാത്രമല്ല.. 4- 5 വയസ്സു മുതൽ അഗ്രചർമ്മം പുറകോട്ട് നീക്കി തേച്ചു കഴുകുകയും ചെയ്തിട്ടുണ്ട്. അതുകൊണ്ട് നിന്നെപ്പോലെ ഫൈമോസിസ് (Phimosis ) പിടിച്ച് കല്യാണപ്പിറ്റേന്ന് ഓടിപ്പോയി തുമ്പ് വെട്ടേണ്ട ഗതികേട് എനിക്ക് വന്നിട്ടില്ല.. ”
 
  ” അതൊക്കെ ശരിയായിരിക്കും.. കൊച്ചിലെ മണ്ണ് വാരിത്തിന്നും.. പലതും ചെയ്യും.. അതുകൊണ്ട്.. പാക്കാവുമ്പം മടീ വയ്ക്കാം.. കമുകായാലോ..?”
 
“ഇനി ഒരു പഴഞ്ചൊല്ലുകൂടി ഉണ്ട്.ഞാൻ പറയാം.. കന്നുകളിച്ചാൽ കാണാൻ കൊള്ളാം.. കാളകളിച്ചാൽ എന്തിന് കൊള്ളാം?”
 
“സത്യത്തിൽ എന്താ നിൻ്റെ പ്രശ്നം രവീ? ”
 
“നീ യന്തിരൻ കണ്ടാരുന്നോ?”
 
” കണ്ട്.. അടിപൊളി.. പടം പിടിച്ചാ ഇങ്ങനെ പിടിക്കണം”
 
” അതില് ഒരു ഫ്ളാറ്റിന് തീപിടിക്കുന്ന രംഗം ഓർമ്മയുണ്ടോ? തീ പിടിച്ച് തുണികത്തിപ്പോയ യുവതിയെ അമാനുഷികനായ യന്തിരൻ പറന്നുപോയി രക്ഷിച്ചുകൊണ്ടുവന്ന് നാട്ടുകാരുടെയും ചാനലുകാരുടെയും മുമ്പിൽ നിർത്തുന്നത്… ആ പെണ്ണ് ആദ്യം കണ്ട വണ്ടീടടീച്ചാടി മരിക്കുന്നത് ”
 
” അതല്ലേ സിനിമേടെ Turning Point.. യന്തിരന് വിവരമില്ലെന്നായിരുന്നല്ലോ ജഡ്ജിടെ കൊണവെതിയാരം .. അങ്ങനെയല്ലേ അവനെ dismantle ചെയ്യാൻ order ഇട്ടത് ”
 
“അതു തന്നെ… പിന്നൊരിക്കലും സിനിമയിൽ ആ പാവം പെണ്ണിനെക്കുറിച്ച്‌ പറയുന്നില്ല.. എനിക്ക് കണ്ടിട്ട് സഹിച്ചില്ല അനൂപേ.. അവളെന്തിനാണ് ചത്തുകളഞ്ഞത്? അവളുടെ ആത്മഹത്യ ശരിയെന്നും തീയിൽ നിന്നും അവളെ രക്ഷിച്ച യന്തിരൻ തെറ്റെന്നുമല്ലേ സിനിമ പറയുന്നത്? ഒരുത്തീടെ നഗ്നത നാട്ടുകാര് കണ്ടാൽ അവൾ ചത്തോണം എന്ന സന്ദേശമല്ലേ സിനിമ നൽകുന്നത്?.. എനിക്ക് സഹിക്കണില്ല.. നീ പറഞ്ഞില്ലേ എൻ്റെ വീട്ടിലും ഒരു പെങ്കൊച്ച് വളർന്ന് വരണ കാര്യം.. ”
 
        അനൂപ് ഗ്ലാസ്സ് അണ്ണാക്കിലേക്ക് കമിഴ്ത്തി ചിറി തുടച്ചു..
 
“എടാ.. ഒരു സംഭവം പറയാനുണ്ട്.. ഒരു വർഷമായി നീറി നീറി ഈ നെഞ്ചിക്കെടപ്പോണ്ടായിരുന്നു.. എൻ്റെ അച്ഛൻ മാന്യനും ദേഷ്യക്കാരനുമാണെന്നറിയാമല്ലോ … എടാ.. ! ..ന്ന് വിളിച്ചാ നമ്മള് നിക്കറി മുള്ളും..
അച്ഛൻ കുളിക്കാൻ കേറുമ്പം ബഡ്റൂം അടച്ചിടും. കുളിച്ച് ഷർട്ടും പാൻ്റ്സും ഇൻ ചെയ്ത് സോക്സ് വരെയിട്ടിട്ടേ പുറത്തിറങ്ങൂ.. അച്ഛൻ ബനിയനെങ്കിലുമിടാതെയിരിക്കുന്നത് ഞങ്ങൾ കണ്ടിട്ടേയില്ല.. ”
 
രവീന്ദ്രൻ സിഗററ്റിന് തീ കൊളുത്തി.
 
” ബോഡി കുളിപ്പിക്കുമ്പോൾ ആദ്യമായി അച്ഛൻ്റെ അവയവം കണ്ടു.. മരിച്ച് കുറേ മണിക്കുറുകൾ ആത്മാവ് ഭൂമിയിൽത്തന്നെ കാണുമെന്നല്ലേ.. ഞാൻ കണ്ടതിൽ അച്ഛന് വിഷമമായോന്നോർത്ത് ചങ്ക് പൊള്ളി”
 
“ഒന്നു പോടാ ഉവേ.. ബോഡീം ആത്മാവും.. ഷിബൂൻ്റമ്മ ട്യൂബിട്ടോണ്ട് കിടക്കാൻ തുടങ്ങിയിട്ട് 6 മാസമായി. അവനാ കുളിപ്പിക്കുന്നതും ഷേവ് ചെയ്യുന്നതും മറ്റും .. അവരെ കണ്ണീന്ന് മടമടാ കണ്ണീരു വന്നെന്നും പറഞ്ഞ് അവൻ ഒറ്റയിരിപ്പിന് 15 സിഗററ്റ് വലിച്ചു. ”
 
“നമ്മുടെ നാട്ടിൽ മാത്രമെന്താ നഗ്നത ഇത്ര വലിയ ഒരിത്?”
 
“അങ്ങന വഴിക്ക് വാ.. അതുതന്നെ എൻ്റേം ചോദ്യം.. പാരീസിലും ആസ്ത്രേലിയയിലുമൊക്കെ ന്യൂഡ് പാർക്കുകൾ, ബീച്ചുകൾ, ക്ലബ്ബുകൾ.. ന്യൂഡ് സൈക്ലിംഗ്, ബോഡി പെയിൻ്റിംഗ് ഇങ്ങനെ പല പരിപാടികളുമുണ്ട്.. ഇവിടെ സ്വന്തം വീട്ടിൽ രാത്രീം പകലും ബ്രെസിയറിട്ട് വിയർത്ത് പൊള്ളി വടക്കേലെ കുഞ്ഞമ്മ ഇപ്പം Skin Doctor ടെ ചികിത്സയിലാ.. ”
 
“നമ്മുടെ ആർഷഭാരത സംസ്ക്കാരം കാരണമല്ലേ.. ”
 
“എന്തോന്ന് ആർഷം? ഖജുരാഖോയുടെ നാട്ടിലോ ബാലാ… ഇത് കൊളോണിയൽ debries ആണെന്ന് ഞാൻ പറയും… മേശേടേം കസേരേടം കാലിന് വരെ തുണിയുടുപ്പിച്ച ബ്രിട്ടീഷുകാരൻ്റെ പണി.. എന്നിട്ട് സായിപ്പ് മാറേം ചെയ്തു നമ്മളിപ്പഴും.. ”
 
” അപ്പം നീയിനി വീട്ടിൽ തുണിയുടുക്കണില്ലേ?”
 
“അങ്ങനെയല്ല അനൂപ് എൻ്റെ നഗ്നത കണ്ട് വീട്ടുകാര് ഞെട്ടരുത്.. നാണിക്കരുത്.. ആകാംക്ഷ പോണം.. ഇതിലൊന്നും വലിയ കാര്യമില്ലെന്ന് വരണം ”
 
  ഒരു ഗ്ലാസ്സ് കൂടി വിഴുങ്ങിയിട്ട്..
 
” ഇടയ്ക്കൊക്കെ കണ്ട് ശീലിച്ചാപ്പിന്നെ ഭാര്യേം ഭർത്താവിനേം പോലെ ആ ഭാഗത്ത് നോക്കത്തേ ഇല്ല.”
 
എണീറ്റ് ഇരുട്ട് വീണ വയലേലകളിലെ വിദൂരസ്ഥങ്ങളായ മിന്നാമിന്നികളിൽ മിഴിയൂന്നിയിട്ട്;
 
” … പിന്നെ പെങ്കൊച്ചിൻ്റെ കാര്യം.. ഒരു ശരാശരി പുരുഷൻ്റെ ആണത്തം എത്ര വരുംന്ന് അവള് കണ്ടിരിക്കട്ട്.. നമ്മുടെ തങ്കപ്പേണ്ണൻ്റെ മോക്ക് പറ്റിയ പോലെ വല്ല സാധനമില്ലാത്തവനേം വിളിച്ചോണ്ട് വന്ന് ഉജാലയായിപ്പോകരുതെല്ലോ.. ”
 
“അതിപ്പം അറേഞ്ച്ട് മാര്യേജാണെങ്കി പിന്നെയല്ലേ കാണൂ..”
 
“പിന്നെയാണെങ്കിലും at least പറ്റിച്ചതാണെന്ന് മനസ്സിലാവുമല്ലോ”
 
      രവീന്ദ്രൻ ഗ്ലാസ്സിൽ ഒന്നരയൊഴിച്ച് അവിടെ വച്ചിട്ട് കപ്പലണ്ടിയെടുത്ത് ചവച്ചു.
 
” പിന്നീടവൾ ലവൻ്റെ രണ്ടര ഇഞ്ച് ആനക്കാരൻ്റെ തോട്ടിപോലെ ഉപയോഗിച്ചു കൊള്ളും.. ആദ്യമേ നിലയ്ക്ക് നിർത്തിയില്ലെങ്കിൽ ഇവന്മാരൊക്കെ കോംപ്ളക്സ് കാരണം മുടിഞ്ഞ ഉപദ്രവമായിരിക്കും ”
 
       ശ്രീകർ പ്രസാദിൻ്റെ എഡിറ്റിംഗ് അപാരം തന്നെ.. രണ്ടു ഗ്ലാസിൻ്റെയും ഒരു കുപ്പീടേം ഇടത്തും വലത്തുമിരിക്കുന്ന രണ്ട് മനുഷ്യജീവികളിൽ നിന്നും ചീവീടുകളുടെ അകമ്പടിയോടെ വയലിലൂടെ അകന്നകന്ന് അങ്ങകലെ ഏതോ കുടിലിൻ്റെ വിദൂര ദൃശ്യത്തിൽ diffused ആവുന്ന നമ്മൾ പിന്നെക്കാണുന്നത് ബാൽക്കണിയിലെ Recliner ചെയർ പതിവില്ലാതെ 90 ഡിഗ്രി ഉയർത്തി സ്റ്റഡിവടിയായിട്ടിരിക്കുന്ന ഗീതയെയാണ്.
 
      ബാൽക്കണിയിൽ തലമുട്ടുംവിധം ഞാത്തിയിട്ട ഹെൽമറ്റ് പോലെ തോന്നുന്ന ഫാൻസി ലൈറ്റിന് Table lamp പോലെ പ്രവർത്തിക്കാനാവുമെന്ന തിരിച്ചറിവ് നമുക്കുണ്ടാവുന്നത് ചെയറിലെ ദൃഢമായ Hand rest ൽ വിശാലമായ Drawing board സ്ഥാപിച്ച് ഗീത സഗൗരവം അതിലെന്തോ കുത്തിക്കുറിക്കുന്നത് കാണുന്നതോടെയാണ്.
 
        “എത്രയും പ്രീയപ്പെട്ട രവിയേട്ടാ…”
 
എന്ന് തുടങ്ങുന്ന ഒരു കത്ത് ഗീത എഴുതുന്നത് ആദ്യമായതുകൊണ്ട് അർഹിക്കുന്ന പ്രാധാന്യം നൽകി നാമത് non- stop അയി വായിക്കുന്നതായിരിക്കും. One break movie പോലെ ഒരു break എടുക്കാൻ ആഗ്രഹിക്കുന്നവർക്ക് ഇപ്പേൾ ആകാം.
 
      ” ആറ് മാസം മുമ്പ് കുളിമുറിയിലെ ഗീസർ കേടായപ്പോൾ പ്ളമ്പർ ജയദേവൻ നന്നാക്കാൻ വന്നത് രവിയേട്ടന് ഓർമ്മ കാണുമല്ലോ… ഒരാഴ്ച കഴിഞ്ഞ് ആ പന്നി വീണ്ടും വന്നു. ഗീസറിൽ ഒളിക്യാമറ വച്ച് എടുത്ത വീഡിയോ കാണിച്ചു. വഴങ്ങിയില്ലെങ്കിൽ ഇത് ലോകം മുഴുവൻ കാണുമെന്ന് വിരട്ടി.. എനിക്കന്നേ രവിയേട്ടനോട് പറഞ്ഞാൽ മതിയായിരുന്നു.. പക്ഷേ.. ഞാൻ.. രവിയേട്ടന് ക്ഷമിക്കാൻ പറ്റുമോന്നറിയില്ല.. ഞാൻ ചീത്തയായി രവിയേട്ടാ… അതോണ്ടല്ലേ കുറേ മാസങ്ങളായി വല്ലപ്പോഴും ‘രാമൂനെ ആപ്പുറത്ത് കിടത്തിയാലോ ‘ ന്ന് രവിയേട്ടൻ ചോദിക്കുമ്പോ ഞാൻ ഓരോരോ ഒഴിവ് കഴിവ് പറഞ്ഞ് മാറിയത്… മാപ്പ് രവിയേട്ടാ… ഞാനും അയാളും തമ്മിലുള്ളതും ഷൂട്ട് ചെയ്തു…. അത് രവിയേട്ടനെ കാണിക്കുമെന്ന് ഭീഷണിപ്പെടുത്തി 12 പ്രാവശ്യം വന്നു. ഓരോ തവണയും 10000 രൂപയും കൊടുത്തു.
 
       ഇപ്പോൾ അയാൾക്ക് മോളേം വേണമെന്ന്.. രണ്ടാഴ്ചയായിട്ട് ഞാൻ ലേഖമോളേം കൊണ്ട് 5 ലക്ഷം രൂപയുമായി അയാൾ പറയുന്നിടത്ത് ചെയ്യണമെന്ന് വിളിച്ചോണ്ടേ ഇരിക്കുന്നു. .. മോൾടെ വീഡിയോയും ഉണ്ടെന്നാണ് അവൻ പറയുന്നത്. എനിക്കിനി ആയുസ്സില്ല. അവനെ കൊല്ലാനുള്ള ധൈര്യം എനിക്കില്ല. രവിയേട്ടൻ 5 ലക്ഷം രൂപ കൊടുത്ത് അവൻ്റെന്ന് മോൾടെ വീഡിയോ വാങ്ങണം.
 
    കേസ് കൊടുത്ത് മോൾടേം രവിയേട്ടൻ്റേം ഭാവി കളയണ്ട.. എന്നാലും രവിയേട്ടനും ഞാൻ എപ്പോഴും പരാതി പറയുന്ന നിങ്ങടെ മദ്യപാനികളായ കൂട്ടുകാരും ചേർന്ന് അവനെ രഹസ്യായിട്ട് തട്ടിക്കളഞ്ഞാ എൻ്റെ ആത്മാവിന് മോക്ഷം കിട്ടും രവിയേട്ടാ..
 
       ആ ദുഷ്ടൻ പറയുമ്പോലെ ചെയ്യുന്നവനാ .. എൻ്റെം അവൻ്റേം വീഡിയോ രവിയേട്ടന് അയച്ചു തന്നോ?.. അതു കണ്ടിട്ടാണോ ഇന്നലെ.. വേണ്ട.. രവിയേട്ടൻ ആരുടെ മുമ്പിലും കൊച്ചാവരുത്. മരിക്കും മുമ്പ് തമാശ പറയരുതെന്നില്ലല്ലോ… എൻ്റെ ശരീരം ലോകം മുഴുവൻ കാണാമ്പോണതറിഞ്ഞ രവിയേട്ടൻ ഗാന്ധാരി കണ്ണുകെട്ടിയ പോലെ… ഉറക്കം വരാതെ കിടന്നപ്പോ എപ്പഴോ അങ്ങനെ തോന്നി.
 
     രാമൂനേം ലേഖയേയും രവിയേട്ടൻ നന്നായി നോക്കുമെന്നറിയാം.. ഇനിയൊരിക്കലും കാണില്ലെന്ന ഉത്തമ ബോധ്യത്തോടെ…
 
മനസ്സുകൊണ്ട് രവിയേട്ടൻ്റെ മാത്രം,
                                     ഗീത ( ഒപ്പ്)
                    ……………….
         * 1 സരതുസ്ത്ര
 …
ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.

LEAVE A REPLY

Please enter your comment!
Please enter your name here