കവിത
വിബിൻ ചാലിയപ്പുറം
തുമ്പ് കരിഞ്ഞ
പാറ്റച്ചിറകിനുള്ളിലൂടെ
ഉറുമ്പ് ആകാശം നോക്കി.
രാത്രി ശക്തമായി മഴ പെയ്തിട്ടും
രാവിലെത്തന്നെ എന്താണിത്ര
ചൂടെന്നോർത്തു.
മഴ മാത്രമല്ലല്ലോ
കൂടിനുള്ളിലേക്ക്
കേൾക്കാൻ പാകത്തിന്
നിലവിളികൾ,
വെടിയൊച്ചകൾ,
ചില്ലുജനാലകൾ പൊട്ടിയുടയുന്നത്,
എല്ലാം ഉണ്ടായിരുന്നല്ലോ എന്നത്
നടുക്കമായസ്ഥിയിൽ
തുളഞ്ഞുകയറി.
ഉച്ചത്തിൽ
ശവങ്ങൾക്കു മേലെ
ബൂട്ടുകളുടെ അട്ടഹാസങ്ങൾ.
വിളക്കുകാലുകൾ വീണ്
ചുട്ടുപഴുക്കുന്ന തീക്കുണ്ഡങ്ങൾ.
പലായനത്തിന്റെ
അടഞ്ഞ വാതിലിനുള്ളിൽ
രാവിലെ കണ്ണുതുറക്കാൻ
കൂടെയാരെങ്കിലും
ബാക്കിയുണ്ടാവുമോ
എന്നതിപ്പോഴും
വിറയലുണ്ടാക്കുന്നു.
ഇലകളിലെ ചോരവഴികളിൽ
കാലുതട്ടാതെ
ആകെക്കിട്ടിയ പാറ്റച്ചിറകുംകൊണ്ടത്
കൂടിനു നേരെ നടന്നു നീങ്ങി.
എന്നും രാവിലെ
ചിറക് വീശാറുള്ള പ്രാവ്
അതിന്റെ വീട്
ശൂന്യമാക്കിയിരിക്കുന്നു.
എത്ര പെട്ടെന്നാണ്
മുറ്റത്തെ
ചിരിച്ച പൂക്കളുടെയെല്ലാം
നിറം മാറുന്നത്..!
…
ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in
ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.
നല്ല കവിത