കവിത
വിമീഷ് മണിയൂർ
തലക്കെട്ടിനെക്കുറിച്ച്
ഈ കവിതയുടെ തലക്കെട്ടിനെക്കുറിച്ചാണ് ഈ കവിത.
നിങ്ങൾ കാണാത്തതുപോലെ ഞാനും ഇതിൻ്റെ തലക്കെട്ട് കാണുന്നില്ല.
കാരണം ഈ കവിതയുടെ തലക്കെട്ട് നാല് ഒച്ചകളാണ്.
ഒച്ചകൾ അക്ഷരങ്ങളെ പോലെ അടങ്ങിയൊതുങ്ങി
ഒരിടത്തിരിക്കാത്തതു കൊണ്ട് എനിക്കൊന്നും ചെയ്യാൻ കഴിഞ്ഞില്ല.
തൽക്കാലം തലക്കെട്ടായ് നാല് ഒച്ചകൾ ഉണ്ടെന്ന് തന്നെ സങ്കൽപ്പിക്കൂ.
ഒച്ച ഒന്ന് നാളുകളായ് പൂട്ടിക്കിടക്കുന്ന
വലിയ നഗരങ്ങളുടേയും തെരുവുകളുടേതുമാണ്.
അങ്ങനെയൊരൊച്ച അവർക്കുണ്ടെന്ന് പെറ്റു വീണതു മുതൽ
അവരും നമ്മളിൽ പലരും അറിഞ്ഞിട്ടില്ല.
ആ ഒച്ചയെ ഇനി തലക്കെട്ടിൽ നിന്നും തുറന്നു വിട്ടേക്കാം.
ഒച്ച രണ്ട് തിരക്കുകൾ കൊണ്ട്
കേൾക്കാതെ പോയ പ്രകൃതിയുടേതാണ്.
അതിൻ്റെ തൊണ്ടകളിൽ ഇങ്ങനെ
ഒരൊച്ചയുണ്ടായിരുന്നെന്ന് ഇപ്പോഴാണ്
പക്ഷെ ഞാനും അറിഞ്ഞത്.
തലക്കെട്ടിൽ നിന്ന് ആ ഒരൊച്ചയെ
തുറന്ന് വിടാൻ വായിക്കുന്നവരിൽ ഒരാൾ മുൻകൈയ്യെടുക്കുക.
ഒച്ച മൂന്ന് വീടുകളിലേക്ക് തിരിച്ചു
വന്ന കലപിലകളുടേതാണ്.
നിശ്ശബ്ദ സിനിമകളിൽ നിന്ന്
ശബ്ദസിനിമകളിലേക്കുള്ള മാറ്റം
ശ്ലാഘനീയം തന്നെ.
സ്വൈര്യക്കേടു തോന്നുമ്പോൾ ആ വീടുകളുടെ
അയൽക്കാർ വന്ന് തലക്കെട്ടിൽ നിന്ന്
ആ ഒച്ചയെ ആട്ടിപ്പായിക്കട്ടെ.
ഒച്ച നാല് പാത്രം മുട്ടലുകളും കൈമുട്ടലുകളുമാണ്.
ആരോഗ്യ പ്രവർത്തകർ എന്ന വംശനാശ ഭീഷണി
നേരിട്ടിട്ടില്ലാത്ത ജീവികൾക്കുള്ള വെള്ളവും വളവുമാണത്.
ഇനിയും നിങ്ങളത് കേട്ടിട്ടില്ലെങ്കിൽ നിങ്ങൾ
ജീവിച്ചിരിപ്പുണ്ടെന്ന് പറഞ്ഞാൽ ഞാൻ സംശയിക്കും.
ഈ ഒച്ചയെ തുറന്ന് വിടാൻ ഞാൻ തന്നെ മുൻകൈയ്യെടുക്കുന്നു.
തലക്കെട്ട് മുഴുവൻ പറന്നു പോയ സ്ഥിതിക്ക്
നിങ്ങളിപ്പോൾ വായിക്കുന്നത്
ഒരു നവജാത കവിതയുടെ ശവത്തെയാണ്.
.
സൂചിക
ഏകാന്തതയ്ക്ക് ഇത്രയും വിലയിടിഞ്ഞ
ഒരു കാലഘട്ടം വേറെയുണ്ടായിട്ടില്ല.
അതൊന്നുമറിയാതെ ഏകാന്തത
തട്ടുകടയിട്ട് ആളെ കൂട്ടുന്നു.
ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in
ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.