‘ഭരണിയിലിട്ട ഗൂഢോല്ലാസങ്ങൾ’

0
671
anilesh-anurag-article-athmaonline-the-arteria

വിരൽനഖനാഗമിഴയും ഊടുവഴികളിൽ (ഭാഗം  ആറ്)

അനിലേഷ് അനുരാഗ്

പ്രപഞ്ചത്തെ നിരീക്ഷിച്ചും, പ്രകൃതിയെ അനുകരിച്ചുമാണ് മനുഷൻ തൻ്റെ ആദ്യാവിഷ്കാരങ്ങൾ നടത്തിയിട്ടുണ്ടാവുക എന്ന് വാദങ്ങളും, സിദ്ധാന്തങ്ങളുമുണ്ട്. തനിക്കു ചുറ്റും നാലു കാലിൽ നീങ്ങിയ പടപ്പുകളെ മാതൃകയാക്കിയാണ് മനുഷ്യൻ  കട്ടിലുകളുണ്ടാക്കിയതെന്നും, അവയുടെ ആക്രമണ – പ്രതിരോധ മാർഗ്ഗങ്ങൾ അവലംബിച്ചാണ് ആയോധനരീതികൾ ചിട്ടപ്പെടുത്തിയതെന്നും പഠനങ്ങൾ സമർത്ഥിച്ചു പറയുന്നു. ഈ അനുകരണ രീതിശാസ്ത്രത്തെ അംഗീകരിച്ചാൽ മനുഷ്യൻ മൂളുന്ന പാട്ടുകളുടെ പ്രപഞ്ചമാതൃക പലനേരങ്ങളിൽ, പലമുഖങ്ങളിൽ വീശിയടിച്ച കാറ്റുകളായിരിക്കുമെന്നാണെനിക്ക് തോന്നുന്നത്. വല നെയ്യുന്ന ചിലന്തിയുടെ കരവിരുതാണ് കഥ പറയുന്ന കസർത്തെങ്കിൽ, കൈവിട്ട വാക്കിൻ്റെ കുരുത്തക്കേടാണ് പാട്ടിൻ്റെ പ്രയാണങ്ങൾക്കുള്ളത്. ഒന്ന് ചമയ്ക്കുന്നതിൻ്റെ നൈപുണിയാണങ്കിൽ മറ്റേത് അഴിച്ചുവിടലിൻ്റെ അനുഭൂതിയാണ്.

jacques-derrida-athmaonline

കഥയിൽ നിന്ന് പാട്ടിനുള്ള ഏറ്റവും പ്രകടമായ വ്യത്യാസം കാറ്റടിയ്ക്കുന്നതു പോലെയുള്ള അതിൻ്റെ സ്വാഭാവികതയാണ്. ഏറ്റവും സ്വാഭാവികമായ കഥയിൽ പോലും ഒരു അസ്വാഭാവികതയുണ്ടാവുമല്ലോ. കഥ, സത്യത്തിൽ തോന്നിപ്പിക്കലിൻ്റെ കലയാണ്. ആഖ്യാനിക്കപ്പെടുന്ന ഒന്നിലും യാഥാർത്ഥ്യമോ, അയഥാർത്ഥമോ ഇല്ല; കഥയെഴുത്തിലെ യഥാർത്ഥ കഴിവ് ചമയ്ക്കുന്നതിൻ്റെ ചാതുരിയാണ്. നിലകൊള്ളാത്തതിനെ നിലനിൽക്കുന്നതായി അവതരിപ്പിക്കുക എന്നതാണ് കഥാഖ്യാനത്തിൻ്റെ ധർമ്മം. ഈയൊരർത്ഥത്തിൽ ആത്മകഥയുൾപ്പെടെ എല്ലാ കഥകളും കെട്ടു (കെട്ടിപ്പടുത്ത) കഥകളാണ് എന്ന് പറയാം. സകല സത്താവാദങ്ങളെയും (Essentialism) ഉഴുതുമറിച്ച അപനിർമ്മാണത്തിൻ്റെ (Deconstruction) പ്രവാചകൻ ദെരീദയുടെ (Jacques Derrida) സൂക്ഷ്മവാക്യങ്ങളിൽ പറഞ്ഞാൽ “സ്വാഭാവികത എന്ന ഒന്നില്ല, ഒന്നുകിൽ സ്വാഭാവികവൽക്കരണം അല്ലെങ്കിൽ അസ്വാഭാവികവൽക്കരണം (There is nothing natural..either naturalization or de-naturalization). എന്നാൽ പാട്ടിൻ്റെ അടിസ്ഥാന രൂപത്തിൽ ഈയൊരു മുൻകൂർപദ്ധതി പ്രവർത്തിക്കുന്നില്ല എന്നു കാണാൻ കഴിയും. കഥയിൽ നിന്ന് വിപരീതമായി പാട്ടിൻ്റെ ഏറ്റവും സങ്കീർണ്ണരൂപത്തിൽപ്പോലും ഒരു ഒരുക്കമില്ലായ്മയുണ്ട്. അധ്വാനത്തിലായാലും, വിനോദത്തിലായാലും ഒരർത്ഥത്തിൽ ‘വായക്കു വരുന്നതു തന്നെയാണ് കോതയ്ക്ക് (നമുക്കെല്ലാവർക്കും) പാട്ട്’ !’

പാട്ടിൻ്റെ ഈ പ്രത്യേകത അതിൻ്റെ എല്ലാ വിഭാഗ – ഉപവിഭാഗങ്ങൾക്കും ബാധകമാണെങ്കിലും അതിൻ്റെ ഈ സവിശേഷ സ്വാഭാവികത ഏറ്റവും കൂടുതൽ പ്രകടമാകുന്ന ഒരു ജനകീയ ആവിഷ്കരണം ഒരു സംസ്കാരത്തിലെ തെറിപ്പാട്ടുകളായിരിക്കും എന്നാണെനിക്ക് തോന്നുന്നത്. പക്ഷെ, നമ്മൾ കളിച്ചു മുതിർന്ന എൺപതു – തൊണ്ണൂറുകളിലൊന്നും ആരും നേരിട്ട് തെറിപ്പാട്ടുകളിലേക്കെടുക്കപ്പെടാറുണ്ടായിരുന്നില്ല. ‘ഉന്നതതല’ങ്ങളിലെത്തുമ്പോൾ ഒരാളുടെ ഓർമ്മശക്തിയും, താളബോധവും, പദവ്യുത്പത്തിയും ശക്തമായി ആവശ്യപ്പെടുന്ന തെറിപ്പാട്ടഭ്യസനത്തിൻ്റെ കുടിപ്പള്ളിക്കൂടങ്ങൾ തെറി എന്ന അസഭ്യത്തിൻ്റെ അംശങ്ങൾ പോലുമില്ലാത്ത ചടുലമായതും, അനുപ്രാസങ്ങൾ നിറഞ്ഞതുമായ, പ്രാദേശികവകഭേദങ്ങളുള്ള തനിനാടൻ പാട്ടുകളായിരുന്നു. അത്തരത്തിൽ ആരോ ചൊല്ലുന്നത് കേട്ട്, അനുകരിച്ച് പഠിച്ചെടുത്ത പാട്ടുകളിലൊന്ന് ഏതോ ഒരു ശശിയേട്ടനെ (‘വൺ മിസ്റ്റർ.ശശി’ എന്ന് ജോസ് പ്രകാശ് ഡയലോഗ്) മക്കാറാക്കാൻ (ദേഷ്യം പിടിപ്പിക്കാൻ) അയാളുടെ പരിചയക്കാരോ, ബന്ധുക്കളോ ആയ കുട്ടികൾ ഉണ്ടാക്കിയെടുത്തതാവണം:

ശശി പിശി
നാരങ്ങപ്പിശി
വെള്ളത്തിലിട്ടാൽ
പൊന്തുന്ന പിശി

ഇതിലെ ‘പിശി’ എന്നത് ശബ്ദം അർത്ഥത്തെ സൂചിപ്പിക്കുന്ന ശബ്‌ദാനുകരണാലങ്കാരപരമായ (onomatopoeic) ഒരു അർത്ഥരാഹിത്യമാണെങ്കിലും അതിൻ്റെ അമർത്തിചൊല്ലൽ നമ്മൾ കുട്ടികൾക്കൊരു ഗൂഢാനന്ദം സമ്മാനിച്ചിരുന്നു എന്നാണ് ഇന്ന് ഓർമ്മിക്കുന്നത്. ആദ്യഘട്ടത്തിൽ കുടുംബത്തിലോ, സമൂഹത്തിലോ നിന്ന് വിലക്കുകളൊന്നുമില്ലാത്ത ഇത്തരം ‘കുട്ടിപ്പാട്ടുകൾ’ വളർച്ചയുടെ രണ്ടാംഘട്ടത്തിൽ, മുൻ ലക്കങ്ങളിൽ വിശദീകരിച്ച കമ്പിക്കഥകളിൽ സംഭവിക്കുന്നതുപോലെ, ജാതി-മത-വർഗ്ഗ അധിക്ഷേപങ്ങളെ ധ്വനിപ്പിക്കാൻ തുടങ്ങുകയും, കുട്ടികൾ അറിയാതെ തന്നെ അവരുടെ ചിരികൾ അധിക്ഷേപത്തിൻ്റെതായി മാറുകയും ചെയ്യും. ഈ വിവേചനാധിക്ഷേപ കാലഘട്ടത്തിൽ നമ്മുടെ നാട്ടിലുണ്ടായിരുന്ന രണ്ടു പാട്ടുകൾ കീഴാളവിഭാഗത്തിൽപ്പെട്ട വിശ്വകർമ്മ വംശജരെയും, അന്യവൽക്കരിക്കപ്പെട്ട മുസ്ലീങ്ങളെയും നേരിട്ട് അധിക്ഷേപിക്കുന്ന തരത്തിലുള്ളവയായിരുന്നു:

“ആശാരി, മൂശാരി
പൂജയ്ക്കിരിയ്ക്കുമ്പം
കോണത്തും വാലിൽ
ചേര കേറി”

“രാത്തിരി നമ്മൾ
മൂത്തരം ബീത്തുന്ന
പാത്തരമല്ലോ കോളാമ്പി”

ഇതിലെ അധിക്ഷേപധ്വനികളുടെ ഗൗരവം അറിയാത്തതുകൊണ്ട് കുട്ടികളായ നമ്മൾ ഇത് ചൊല്ലുകയും, എന്നാൽ അക്കാലത്ത്  ബോധമുള്ള മാതാപിതാക്കളാൽ കർശനമായി വിലക്കപ്പെടുകയും ചെയ്തിട്ടുണ്ട്. പക്ഷെ, ഒറ്റനോട്ടത്തിൽത്തന്നെ തെറിപ്പാട്ടുകളുടെ രണ്ട് അടിസ്ഥാന സ്വഭാവസവിശേഷതകൾ ഇതിൽ നിന്ന് തന്നെ നമുക്ക് മനസ്സിലാക്കാൻ കഴിയും: അധിക്ഷേപവും, വിലക്കും.

ഏകദേശം ഈ സമയത്തു തന്നെ അധിക്ഷേപ ധ്വനികളൊന്നുമില്ലാത്തതും, എന്നാൽ ദ്വയാർത്ഥപ്രയോഗമെന്ന (Pun) ക്ലാസിക് രതിഭാഷാപ്രയോഗം താരതമ്യേന കുറഞ്ഞ അളവിൽ  ഉൾപ്പെടുത്തിയതുമായ നാടൻ തെറിപ്പാട്ടുകളിലേക്കും നമ്മൾ തുറക്കപ്പെട്ടിരുന്നു. കറുത്ത നിറത്തിൽ നീളം കൂടിയ നിരപ്പലകകൾ അടുക്കിവച്ച ചായക്കടയിലെ കാലിളകിയ ബെഞ്ചിലിരുന്ന് നാട്ടിലെ പ്രഗത്ഭ കുടിയന്മാരിലൊരാൾ ചുണ്ട് കോട്ടിയ ഒരു വഷളൻ ചിരിയോടെ രസിച്ചു പാടിയ ഒരു ദ്വയാർത്ഥപ്രയോഗപ്പാട്ട് ഞാൻ മറന്നിട്ടില്ല;

അല്ലയോ കശുമാവേ
പെണ്ണുങ്ങൾ പോകുംവഴി
‘അണ്ടി’യും പുറത്താക്കി
നില്ക്കുവാൻ നാണമില്ലേ?

പാട്ടുകാരൻ ഗോപ്യമായി പാടി സ്വയം രസിക്കുകയും, അനുവാചകരായ നമ്മളെ രസിപ്പിക്കുകയും ചെയ്ത ഈ നാടൻ തെറിപ്പാട്ട് രാമായണം ‘ആരണ്യകാണ്ഡ’ത്തിലെ ‘മാരീചവധ’ത്തിലെ സീതയുടെ രാമനോടുള്ള അപേക്ഷയുടെ,

“ഭര്‍ത്താവേ! കണ്ടീലയോ കനകമയമൃഗ-
മെത്രയും ചിത്രം ചിത്രം! രത്നഭൂഷിതമിദം”

ഒരു തെറിയനുകരണമാന്നെന്ന് മനസ്സിലാക്കാൻ വർഷങ്ങളെടുത്തെങ്കിലും,  അനുകരണം തെറിയുടെ മുഖ്യമാർഗ്ഗങ്ങളിലൊന്നാണെന്ന്  അക്കാലത്തെ സിനിമാപ്പാട്ടുകളുടെ പാരഡികൾ തന്നെ നമുക്ക് വെളിവാക്കിത്തന്നിരുന്നു. എത്ര  മനോഹരമായ സിനിമാഗാനമാണെങ്കിലും അതിൻ്റെ പാരഡിയുണ്ടാക്കാൻ മലയാളികൾക്ക് ഒരിക്കലും മടിയുണ്ടായിരുന്നില്ല. ഇത്തരം പാരഡിയുടെ ഒരു ഉപവിഭാഗത്തിൻ്റെ  എക്കാലത്തേയും ബാന്ധവം മനുഷ്യർ ഗോപ്യമായി പാടുകയും, ഗൂഡമായി ആനന്ദിക്കുകയും ചെയ്ത സാമൂഹിക അശ്ലീലങ്ങളുമായിട്ടായിരുന്നു. ഒന്നു ശ്രദ്ധിച്ചാൽ കാണാം, സ്ത്രീ-പുരുഷ ലൈംഗികാവയവങ്ങളുടെയും, ലൈഗീകമുദ്രകളുടെയും പേരുകൾ കൂട്ടിച്ചേർത്ത് ഉണ്ടാക്കുന്ന തെറിപ്പാട്ട് വ്യവഹാരത്തിലേക്കുള്ള വലിയൊരു സംഭാവന ഇന്നും നടത്തുന്നത് സിനിമാഗാനങ്ങളുടെ പാരഡികൾ തന്നെയാണെന്ന്. പൂർണ്ണമായി സംഗീതസംവിധാനം ചെയ്യപ്പെട്ട ഒരു പാട്ടിന്മേൽ ‘പണിയുന്നതു’ കൊണ്ട് അല്പം താളബോധവും, പദസമ്പത്തും, രസികത്വവും ഉള്ള ആർക്കും ഉചിതമായ എത് സിനിമപാട്ടിനേയും അശ്ലീലപാരഡിയാക്കി പരിവർത്തനം ചെയ്യാവുന്നതാണ്. ഈ കാരണം കൊണ്ടുതന്നെ എണ്ണിയാലൊടുങ്ങാത്തത്രയും സിനിമാപാട്ടുകളെ മലയാളികൾ തെറിപ്പാട്ടുകളായി മാറ്റിയെടുത്തിട്ടുണ്ട്. അങ്ങനെ കാലദേശഭേദമില്ലാതെ കേരളക്കരയിൽ ആഘോഷിക്കപ്പെട്ട സിനിമാ തെറി-പാരഡികളിൽ ഒന്ന്, “പെരിയാറേ, പെരിയാറേ, പർവ്വതനിരയുടെ പനിനീരേ” എന്ന പഴയ പാട്ടിനെ വഴിപിഴപ്പിച്ചെടുപ്പിച്ച ‘മറിയാമ്മേ, മറിയാമ്മേ, മലപോലെ **യുള്ള…” എന്നാരംഭിക്കുന്ന അശ്ലീല ഗാനമാണ്. ഇന്നും യുവാക്കളുടെയും, മധ്യവയസ്കരുടെയും മദ്യസൽക്കാരങ്ങളിൽ അവരവരുടെ കാലഘട്ടങ്ങളിലെ സിനിമാപാട്ടുകൾ തെറിലഹരികളായി പരിവർത്തനം ചെയ്യപ്പെടുന്നുണ്ട് എന്നാണ് എൻ്റെ അനുമാനം.

athmaonline-anilesh-anurag

സിനിമാപ്പാട്ടുകളെ അടിസ്ഥാനമാക്കിയുള്ള അശ്ലീല പാരഡികളുടെ സൂര്യനസ്തമിക്കാത്ത ഒരു സാമ്രാജ്യം തന്നെ മലയാളത്തിലുണ്ടെങ്കിലും രൂപത്തിലും, താളത്തിലും, ഭാവത്തിലും, വാങ്മയത്തിലും ഈ വ്യവഹാരത്തിലെ എക്കാലത്തെയും മുടിചൂടാമന്നൻ മലയാള ജനകീയപദാവലിയിൽ ‘ഭരണിപ്പാട്ടെന്ന്’ വിളിക്കപ്പെടുന്ന നാടൻപാട്ടുകളാണ്. കൊടുങ്ങല്ലൂർ കൂറുമ്പക്കാവിലെ കഠിനഗാനങ്ങളുടെ ആചാരത്തിന് പുരാവൃത്തവും, ചരിത്രവും നല്കുന്ന വിവരണങ്ങൾ ഒരു വിധേനയും ഒത്തുപോകുന്നവയല്ല. കൊടുങ്ങല്ലൂരിലെ ആചാരപ്പാട്ടിൻ്റെ മൂലമാതൃക തേടിപ്പോയാൽ ചിലപ്പോൾ നമ്മളെത്തിച്ചേരുക കാളീയുപാസനയിലെ കാഠിന്യമേറിയ അനുഷ്ഠാനങ്ങളിലോ, അല്ലെങ്കിൽ ഹിന്ദു പുനരുദ്ധാരണവുമായി ബന്ധപ്പെട്ടുണ്ടായ ബൗദ്ധ വേട്ടയാടലുകളിലോ ആയിരിക്കാം. അതെന്തായാലും സമൂഹത്തിലെ അധോതലത്തിലേക്ക് തള്ളിമാറ്റപ്പെട്ട ലൈംഗീകാവയവങ്ങളുടെയും,ലൈംഗീക ചേഷ്ടകളുടെയും മറകളില്ലാത്ത വിവരണമാണ് ഭരണിപ്പാട്ടിലുള്ളതെന്ന് ആർക്കും മനസ്സിലാക്കാൻ കഴിയും. ഉന്മാദത്തോളമെത്തുന്ന ചടുലചലനങ്ങളിൽ ആചാരപ്പെട്ട കോമരങ്ങൾ അറിഞ്ഞു പാടുന്നതിലും കൂടുതൽ ഉറഞ്ഞു പാടുന്ന ഭരണിപ്പാട്ട് ആ ദിവസങ്ങളിലെ ചടങ്ങുകളോടെ അവസാനിക്കപ്പെടും. പക്ഷെ, അശ്ലീലത്തോടുള്ള ആവേശം കൊണ്ടോ, അടിച്ചമർത്തിയ വികാരങ്ങളുടെ ബഹിസ്ഫുരണമായിട്ടോ, അല്ലെങ്കിൽ തെറി പാടി ഉല്ലസിക്കുക എന്ന ഒരൊറ്റക്കാരണത്താലോ ഭരണിപ്പാട്ടുകളും, അവയുടെ പ്രാദേശിക, വൈയക്തിക വകഭേദങ്ങളും മിക്കവാറും ഭരണിയാചാരത്തിൻ്റെ ആദികാലം മുതൽ തന്നെ കേരളക്കരയൊട്ടാകെ പ്രചരിച്ചുകൊണ്ടിരിക്കുന്നുണ്ട് എന്ന് തോന്നുന്നു. ഒരു പുരുഷമേധാവിത്വ സമൂഹത്തിലെ മറ്റേതു രതിവ്യവഹാരത്തിലുമെന്നതു പോലെ സ്ത്രീ ശരീരത്തെയും, അതിൻ്റെ ലൈംഗീകതയെയും അധിക്ഷേപിച്ചു കൊണ്ടുള്ളതാണ് ഇതിലെ മിക്കവാറും പാട്ടുകളുമെങ്കിലും, അത് പലയിടങ്ങളിലും ഈ ലിംഗവിവേചനം കൈവെടിയാനും പുരുഷനെയും, പുരുഷലിംഗത്തെയും നിശിതമായി കളിയാക്കാനും മടിക്കാറില്ല എന്നതൊരു വസ്തുതയാണ്. മലബാർ ഭാഗത്തൊക്കെ “ഓമനച്ചേച്ചി ഓലമെടയുമ്പോൾ…” ‘ദിശാബോധമില്ലായ്മ’ കൊണ്ട് ‘അവിടെവിടെങ്ങാണ്ട്’ കയറിപ്പോയ ഒരു ഓന്തിനെക്കുറിച്ച് പാടിത്തുടങ്ങുന്ന ഭരണിപ്പാട്ടിലെ ചില പ്രാദേശിക ആശയങ്ങളും, മാരകമായ ഭാവനകളും കേട്ടാൽ / മനസ്സിൽ കണ്ടാൽ കാർക്കശ്യമുള്ള ഒരു സദാചാരവാദിയാണെങ്കിൽപ്പോലും ഒരു നിമിഷം നിങ്ങൾ ചിരിച്ചുല്ലസിച്ചുപോകും. ഉദാഹരണത്തിന്, “കോയിക്കോട്ടുള്ളൊരു ഹോട്ടലിൽ ചെന്നപ്പോൾ (അവിടെ) *ണ്ണ കൊണ്ടാണ് (ത്രെ!) കണക്കെഴുത്ത് !”
അതുപോലെ,  “കണ്ണൂരുള്ളൊരു പോലീസുകാരൻ *ണ്ണ കുത്തിച്ചാടിയാണത്രെ സ്വർണ്ണംനേടിയത് ! (പോൾ വാൾട്ട് ഓർമ്മിക്കുക)

വിജ്രംഭിച്ച വികാരങ്ങളും, ചിരിച്ചുകുഴഞ്ഞ ഭാവനകളും മാത്രമല്ല, ഭരണിപ്പാട്ടിന്റെ ചില വരികളിൽ മൂർച്ചയുള്ള സാമൂഹ്യ വിമർശനവവും കാണാവുന്നതാണ്:

അധികാരദുഷ്പ്രഭുവായ “പയ്യന്നൂർ അധികാരി മാന്യനാണെങ്കിലും, മക്കളെ *ണ്ണുന്ന *യിരനാണ്” എന്ന് വിളിച്ചുപറയാനും പാട്ടുകാരുണ്ടായിരുന്നു എന്നർത്ഥം.

സർഗ്ഗാത്മകതയുടെ അനന്ത വൈവിധ്യങ്ങളെ തൻ്റെ കരവലയത്തിൽ ഒതുക്കിയ ഭരണിപ്പാട്ടിൽ ഹിന്ദുവും, മുസ്ലീമും, ക്രിസ്ത്യാനിയും, അധികാരിയും, അച്ചനും, കന്യാസ്ത്രീയും വിവേചനം കൂടാതെ പ്രത്യക്ഷപ്പെടുന്നത് കാണാൻ കഴിയും. ഈയൊരു ‘ഹൃദയവിശാലത’യോട് ഏറ്റുമുട്ടിയ തിരുവാതിര, കഥകളി, ഓട്ടൻതുള്ളൽ, തെയ്യത്തോറ്റം, ഒപ്പന, മാർഗ്ഗംകളി മുതലായ കലാരൂപങ്ങളുടെ തെറിപാരഡികൾക്കൊന്നും ജനകീയതയിലും, സൗന്ദര്യശാസ്ത്രത്തിലും, ഭാവനാസമ്പന്നതയിലും ഇന്നോളം ‘ഭരണി’യെ ജയിക്കാൻ കഴിഞ്ഞിട്ടില്ല. അതുകൊണ്ട് തന്നെ മലയാളിയുടെ തെറിപ്പാട്ടു സാമ്രാജ്യത്തിനു മേൽ ഈ ഇരുപത്തൊന്നാം നൂറ്റാണ്ടിലും മുഴങ്ങിക്കേൾക്കുന്ന താളം ഭരണിയുടെ “താനാരോ തന്നാരോ, തക താനാരോ തന്നാരോ” തന്നെയാണ്.

(തുടരും)


ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.

LEAVE A REPLY

Please enter your comment!
Please enter your name here