വെടി ഉതിർക്കും വണ്ട്

0
324
Vijayakumar Blathoor

കോമ്പൗണ്ട് ഐ
വിജയകുമാർ ബ്ലാത്തൂർ

ഒൻപതാം നൂറ്റാണ്ടിൽ താങ് ചക്രവർത്തിമാരുടെ ഭരണകാലം മുതലാണ്  ചൈനയിലെ അൽക്കെമിസ്റ്റുകൾ  വെടിമരുന്ന് ഉണ്ടാക്കാനുള്ള രാസരഹസ്യം കണ്ടുപിടിച്ച് വികസിപ്പിച്ചത്.  വവ്വാലുകളുടെ ഗുഹത്തറയിലെ കാഷ്ഠമൊക്കെയായിരുന്നു അസംസ്കൃത വസ്തുക്കൾ.  പീരങ്കികളും തോക്കുകളും ആ അറിവുവെച്ച് ഉണ്ടാക്കി. പിന്നീട് ആ രഹസ്യഅറിവ്  ലോകത്തെങ്ങും പടർന്നു. വിദൂര ലക്ഷ്യത്തിലും  ഉന്നം പിഴക്കാത്ത മിസൈലുകൾ വരെ  നമ്മൾ കണ്ട് പിടിച്ചു. എന്നാൽ മനുഷ്യർ ഭൂമിയിൽ പരിണമിച്ച് ഉണ്ടാകുന്നതിനും എത്രയോ  ലക്ഷം  വർഷം മുമ്പ് തന്നെ ഇതേ രീതിയൊക്കെ ഉപയോഗിച്ച് ശത്രുക്കളെ വെടിവെച്ച് തുരത്താൻ അറിയുന്ന ഒരുകൂട്ടം  വണ്ടിനങ്ങൾ  പരിണമിച്ച് ഉണ്ടായിക്കഴിഞ്ഞിരുന്നു. അവരാണ് ബൊംബാർഡിയൻ ബീറ്റിലുകൾ (Bombardier beetle ) 
കരാബിഡെ വിഭാഗത്തിൽ പെട്ട ആയിരക്കണക്കിന് ഇനം കരവണ്ടുകളിൽ (ground beetles) നാല് വിഭാഗങ്ങളിലായുള്ള അഞ്ഞൂറോളം സ്പീഷിസുകൾ ആണ് ഇത്തരത്തിൽ വെടിയുതിർത്ത് ശത്രുക്കളിൽ നിന്നും രക്ഷപ്പെടാൻ കഴിവുള്ളവരായുള്ളത്. അന്റാർട്ടിക്ക ഒഴികെ ഭൂമിയിലെ കാടും മേടും ഉള്ള കരപ്രദേശങ്ങളിൽ പലയിടങ്ങളിലും ഇവരെ കാണാം.

ശത്രുഭയം വന്നാൽ രക്ഷപ്പെടാനായി ഈ വണ്ടുകൾ  ശരീരത്തിൻ്റെ പിറക് വശത്ത് നിന്ന് നാറുന്ന, പൊള്ളുന്ന കഠിനദ്രാവകം ചീറ്റിത്തെറിപ്പിക്കും. തിളക്കുന്ന ചൂടോടെ, പുകയോടെ, വെടിപൊട്ടുന്ന ശബ്ദത്തോടെ അതി ശക്തിയിൽ ‘ടപ്പേന്ന്’  ഉന്നം പിടിച്ച് ആണ് ശത്രുവിനെതിരെ  ചീറ്റുക. മണ്ണിൽ ഇവയെ പിടിച്ച് തിന്നാൻ വരുന്ന കുഞ്ഞ് സസ്തനികളും മറ്റ് പ്രാണികളും ഉരഗങ്ങളും ഒക്കെ ഈ വെടിവെപ്പിൽ പിന്തിരിയും. 

ground beetles
 
രസതന്ത്ര പരീക്ഷണ ശാലയിൽ ടെസ്റ്റ്യൂബിൽ വിവിധ രാസസംയുക്തങ്ങൾ കൂട്ടിച്ചേർത്ത് നടത്തി ഉണ്ടാക്കുന്നപോലൊരു രാസവിസ്ഫോടനം ഇവയുടെ ശരീരത്തിനുള്ളിൽ അതാത് സമയത്ത് ഉണ്ടാകും. ഹൈഡ്റോ ക്യുനോൺ , ഹൈഡ്രജൻ പെറോക്സൈഡ് എന്നിവയാണ് ഇത്തരത്തിൽ കൂടിച്ചേർന്ന് ഓക്സീഡേഷൻ രാസപ്രക്രിയ വഴി ചൂടും പുകയും മർദ്ദവും ഒക്കെ ഉണ്ടാക്കുന്നത്. ഒരു തോക്കിലെ  വെടിമരുന്നിന് തീപിടിപ്പിക്കുന്ന പണിയുടെ ചെറു സംവിധാനം സ്വന്തം  ശരീരത്തിൽ കൊണ്ട് നടന്നാണ് ഇത് ഇവർ സാദ്ധ്യമാക്കുന്നത്. ഇരപിടിയന്മാരിൽ നിന്ന് പെട്ടന്ന് പറന്ന് പൊങ്ങി രക്ഷപ്പെടാൻ പറ്റാത്തവയാണ് ഈ കുഞ്ഞൻ നില വണ്ടുകൾ. ശത്രുഭയം വന്നാലുടൻ , ആക്രമി അടുത്തെത്തിയാൽ , ഉള്ളിൽ പേടി കുടുങ്ങിയാൽ  രക്ഷപ്പെടാനായി ഉപയോഗിക്കുന്ന തന്ത്രമാണ് പീരങ്കി വെടി.  പിങ്കാലുകളുടെ ഇടയിൽ വയറിന്` താഴെയുള്ള കുഞ്ഞ് കുഴലിലൂടെ ദിശതെറ്റാതെ ചറപറ ഇവർ വെടിയുതിർക്കും. ശരീരത്തിലെ ഇരുഭാഗത്തുമായി  രണ്ട് അറകളിൽ പരസ്പരം കൂടിക്കലരാതെ വെവ്വേറെ   സൂക്ഷിച്ചിരിക്കുന്ന ഹൈഡ്രജൻ പെറോക്സൈഡ്, ഹൈഡ്രോ ക്യുനോൺ എന്നിവ അപകടം മണക്കുന്ന നിമിഷം  മൂന്നാമതൊരു അറയിൽ എത്തും.  ഹൈഡ്രജൻ പെറോക്സൈഡ് ആ അറയിലെ കാറ്റലേസസ് എൻസൈം പാളിയുടെ സഹായത്തോടെ ജലവും ഓക്സിജനുമായി വിഘടിക്കും. അറയിലെ തന്നെ പെറോക്സിഡേസ് എൻസൈമുകൾ, ഹൈഡൊക്യുനോണിനെ ഓക്സിഡേഷൻ വഴി  p – ക്യുനോൺ ആക്കിമാറ്റും. ഇതൊരു താപമോചക (exothermic) പ്രവർത്തനമായതിനാൽ ഈ രാസമാറ്റത്തിൻ്റെ ഭാഗമായി ധാരാളം ചൂടും ഉണ്ടാകും. നമ്മൾ നീറ്റ്കക്ക വെള്ളത്തിൽ ഇടുമ്പോൾ വെള്ളം ചൂടായി തിളക്കുന്നത് കാണാറില്ലെ, അതുപോലെ . പുറത്തേക്ക് വിടുന്ന താപോർജ്ജം  ചേമ്പറിലെ  ജലാംശത്തെ നൂറ് ഡിഗ്രി ചൂടിലേക്ക്  എത്തിക്കുകയും തിളപ്പിക്കുകയും ചെയ്യും.  ഇങ്ങനെ ഉണ്ടാകുന്ന  നീരാവി അറയിലെ മർദ്ദം പെട്ടന്ന് വർദ്ധിപ്പിക്കും. ശരീരത്തിലെ ഉള്ളറകളിലെക്കുള്ള വൺവേ വാൽവുകൾ അടയുകയും തിളച്ച രാസസംയുക്തങ്ങൾ തിരികെ ഉള്ളിലേക്ക് കയറി വണ്ടിന്റെ ആന്തരിക അവയവങ്ങളെ കേടുവരുത്താതെ സംരക്ഷിക്കുകയും ചെയ്യുന്നു. മർദ്ധം കൂടി ഔട്ട്ലെറ്റ് വാൽവ് പ്രഷർക്കുക്കറിൻ്റെ വാൽവ് തുറന്ന പോലെ വെടിശബ്ദത്തോടെ  പെട്ടന്ന് പുറത്തെക്ക് ശക്തിയിൽ ചീറ്റുന്നു. ഈ പ്രവർത്തനങ്ങളെല്ലാം കൂടി നടക്കാൻ സെക്കന്റിന്റെ ഒരംശം സമയം മാത്രമേ ആവശ്യമുള്ളുതാനും. പുറത്തേക്ക് ചീറ്റുന്ന ദ്രാവകത്തിൽ അടങ്ങിയ 1- 4 ബെൻസോക്യുനൊൺ കുഞ്ഞ് ശത്രുക്കളെ കൊല്ലാൻ പറ്റുന്നത്ര ശക്തമാണ്. ഇരുപത് പ്രാവശ്യം വരെ തുടരെ തുടരെ ‘വെടി’ പൊട്ടിക്കാൻ ആവശ്യമുള്ളത്ര രാസവസ്തുക്കൾ ഉള്ളിലെ രണ്ട് അറകളിലും  സംഭരിച്ച് വെക്കാൻ ഇവയ്ക്ക് കഴിയും. അതേ സമയം തിളച്ച് പൊള്ളുന്ന വസ്തുക്കൾ ഇവയുടെ ആന്തരികാവയവങ്ങളെ പൊള്ളിക്കാതിരിക്കാനുള്ള കോട്ടിങ്ങ് ഇവർക്ക് ഉണ്ട് താനും.  

വെടിക്ക് തീയില്ലാ എന്നു മാത്രം. പൊട്ടൽ  ശബ്ദവും, നീരാവിപ്പുകയുടെ അകമ്പടിയും ഒക്കെ ഉണ്ടാവുന്നതിനാൽ ഒരു കൗബോയ് സിനിമയുടെ മിനിയേച്ചർ സെറ്റ് പോലുണ്ടാകും രംഗം. രൂക്ഷഗന്ധമുള്ള വിഷപദാർത്ഥം, ഉന്നം തെറ്റാതെ ശത്രുവിന് നേരെ  ചീറ്റാൻ ഇതിന് കഴിയും. അഫ്രിക്കയിൽ കണ്ട് വരുന്ന ചില വണ്ടുകൾക്ക് 270 ഡിഗ്രി അളവിൽ ചുറ്റുപാടും കൃത്യതയോടെ വെടിവെയ്ക്കാനാവും. ‘ടപ്പേ’ എന്ന കുഞ്ഞ് ശബ്ദത്തോടെ പുകയോടെ തെറിക്കുന്ന രാസദ്രാവകങ്ങൾക്ക് തിളക്കുന്ന വെള്ളത്തിന്റെ അത്രയും ചൂടും ഉണ്ടാകും. ഇത് ദേഹത്ത് വീണാൽ ശത്രുക്കൾ ജീവനും കൊണ്ട് ഓടും. ചിലന്തികളും വമ്പൻ ഉറുമ്പുകളും ചത്ത് പോകുകയും ചെയ്യും. കരാബിഡെ വിഭാഗത്തിലെ വണ്ടുകൾ തെറിപ്പിച്ച ദ്രാവകം മൂലം അനുഭവിച്ച വേദനയേക്കുറിച്ച് ചാൾസ് ഡാർവിൻ പറയുന്നുണ്ട്. 
ground beetles

കുഞ്ഞ് പ്രാണികളെ പിടിച്ച് തിന്നു ജീവിക്കുന്ന മാംസഭോജികളാണ് കരാബിഡെ വണ്ടുകൾ. നല്ല ഇരപിടിയന്മാരാണ് ഇവയുടെ ലാർവകളും. രാത്രിയാണ് ഇരതേടൽ. വിശ്രമ സമയത്ത് സ്വജാതിക്കാർ ഒത്ത്കൂടി കൂട്ടം ചേർന്ന് കഴിയുന്ന ശീലവും ഉണ്ട്. അത്ഭുതകരമായ ഈ അതിജീവന തന്ത്രത്തെ മുൻ നിർത്തി ചില സൃഷ്ടിവാദികൾ ഇത് ഇന്റലിജന്റ് ഡിസൈനിന് ഉദാഹരണമാണെന്ന് പറയാറുണ്ടെങ്കിലും പരിണാമ വഴിയിൽ  ഈ വണ്ടുകളിൽ സ്വരക്ഷയ്ക്കായി ഈ സങ്കീർണ സംവിധാനങ്ങൾ ഉരുത്തിരിഞ്ഞ് വന്നത് എങ്ങനെയാണെന്ന് വ്യക്തമായി വിശദീകരിക്കാൻ ശാസ്ത്രത്തിന് സാധിച്ചിട്ടുണ്ട്.

bombardier

ഇത്തരം കരവണ്ടുകൾക്കുള്ള ഈ വെടിവെപ്പുകഴിവിനേയും രൂക്ഷദ്രാവകങ്ങൾ ചീറ്റുന്ന സ്വഭാവത്തേയും പറ്റി  മുൻ അനുഭവം ഉള്ള  പല ഇരപിടിയന്മാരും സൊല്ല ഒഴിവാക്കാൻ ഇവരെ കണ്ടാൽ പിറകേ ചെല്ലാറില്ല.  ഇത് ഒരു സാദ്ധ്യതയായി കണ്ട് . ആഫ്രിക്കയിലെ Heliobolus lugubris എന്ന ഒരിനം പല്ലിയുടെ കുഞ്ഞുങ്ങൾ രൂപത്തിൽ ഇത്തരം വണ്ടുകളെ അനുകരിക്കാറുണ്ട്. കറുപ്പിൽ വെള്ള കുത്തുകളുള്ള ഇവ കഴ്ചയിൽ ‘അന്തിയ’ ജനുസിലെ കരവണ്ടുകളേപ്പോലെ തോന്നും, കൂനിക്കൂടിയ വണ്ട് നടത്തവും ഇവർ അനുകരിക്കും. ഒറ്റനോട്ടത്തിൽ വെടിവെക്കും വണ്ടെന്ന് കരുതി ഇരപിടിയന്മാർ ഈ പല്ലികളെ ഒഴിവാക്കും. ഇത്തരത്തിൽ ഒരു കശേരു ജീവി പ്രാണികളെ മിമിക്ക് ചെയ്ത് രക്ഷപ്പെടുന്നത് പ്രകൃതിയിൽ വളരെ അപൂർവ്വമാണ്. 

ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.

LEAVE A REPLY

Please enter your comment!
Please enter your name here