കവിത
അലീന
ഡോക്ടറെ കാണാനുള്ള ബെഞ്ചിലിരുന്ന്
വീടെത്താറായോ എന്ന്
ഒരുവൾ ചോദിക്കുന്നു.
തലയിൽ വെള്ളി കയറിയിട്ടുണ്ട്.
മുഖത്ത് വെറും കുട്ടി.
അമ്മക്കൈ പിടിച്ച് അനങ്ങാതിരിക്കുമെങ്കിലും
ഇടക്കിടെ ഉറക്കെ വിളിച്ചു ചോദിക്കും
“വീടെത്താറായോ?”
കോട്ടയം മെഡിക്കൽ കോളേജിന്റെ
കടുകും പരിപ്പും വിതറിയ
മൊസൈക്ക് തറയിലേക്ക് മാത്രം
നോക്കിയിരിപ്പാണ്.
നഴ്സുമാർ, കുട്ടികൾ
എന്നിവരുടെ നിഴലുകൾ
ഒ.പിക്ക് മുന്നിലൂടെ
അങ്ങോട്ടും ഇങ്ങോട്ടും നടന്നു.
രോഗികളുടെ നീണ്ട നിരയിൽ
എന്നെ വിളിക്കാറായോ എന്ന്
തിരക്കുകൂട്ടുന്ന അനേകം കാലുകൾക്കിടെ
പൂച്ചക്കുഞ്ഞുങ്ങൾ കരയുന്നതു കേട്ട്
ചെവി പൊത്തി.
ആരാണ് ആശുപത്രിയിൽ
പൂച്ചകളെ കൊണ്ടു വന്നത്?
അമ്മക്കുട്ടിയുടെ വീടിനെപ്പറ്റി ഓർത്തു.
നീല സാരിയാണവരുടേത്.
മുറ്റത്ത് ചെമ്പരത്തിച്ചെടികളുണ്ടാകും.
മഞ്ഞക്കയറിൽ എപ്പോഴെങ്കിലും
ആ സാരി നനച്ചു നിവർത്തിയിടും.
സൂര്യൻ്റെ തെളിച്ചം നേർത്ത നീലയിലൂടെ
അരിച്ച്,
ഭിത്തിയിൽ വീഴുന്നതു നോക്കി
കുട്ടി വാതുക്കൽ നിൽക്കും.
തള്ളപ്പൂച്ച എന്നെ ഇപ്പോൾ
പെറ്റിട്ടപോലെ,
നക്കിത്തുവർത്താൻ വന്നപ്പോൾ
കാലു വലിച്ചു.
എൻ്റെ വീടിനെക്കുറിച്ച് ഓർക്കാമോയെന്ന്
ഞാൻ എന്നോട് ചോദിച്ചു.
കണ്ണിൽ മഞ്ഞു മൂടുകയായിരുന്നു.
പോസ്റ്റോഫീസും ബേക്കറിയും ബസ്റ്റാന്റുമുള്ള
കവലയിൽ നിന്ന്,
വീട്,
വെള്ളമില്ലാത്ത കുന്നിന്മുകളിലേക്ക്
കയറിപ്പോകുന്നത്
ഞാൻ വീണ്ടും കണ്ടു.
കിണറ്റിൽ നിന്നെന്നപോലെ
ആശുപത്രിയുടെ മുഴക്കം.
പൂച്ചയുടെ കരച്ചിൽ.
എൻ്റെ പേരു വിളിച്ചപ്പോൾ
വരാന്തയിൽ നിന്നും
ചെമ്പരത്തി വേലി കെട്ടിയ
ഒരു വീട് കയറി വരുന്നു.
ഞാനതിലേക്ക്
ഓടിയിറങ്ങിയൊളിച്ചു.
…
ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in
ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.