അനസ് എന്‍ എസ്
ഒരു മതില്‍ ഇടിഞ്ഞു വീഴുന്നതും അതിനിടയില്‍ പെട്ട് ഞെരുങ്ങി മരിക്കുന്നതും ശിക്ഷയായി കിട്ടുന്നതിനെ നിരന്തരം പേടിച്ചു ജീവിക്കേണ്ടി വരുന്ന ഒരു ജനവിഭാഗത്തെ കുറിച്ച് നിങ്ങള്‍ക്ക് ചിന്തിക്കാനാകുന്നുണ്ടോ? കല്ലെറിഞ്ഞു കൊല്ലാന്‍ ഉറ്റവര്‍ വരെ മടിക്കാത്ത ഒരു കൂട്ടം മനുഷ്യരെ കുറിച്ച് നിങ്ങള്‍ക്ക് ചിന്തിക്കാന്‍ ആകുന്നുണ്ടോ? അഫ്ഗാനിലെ എല്‍.ജി.ബി.ടി+ മനുഷ്യര്‍ ജീവിക്കുന്നത് ഇങ്ങനെ പേടിച്ചാണ്. താലിബാന്‍ സംഭവിക്കുമ്പോള്‍ ലോകം തന്നെ മറന്നുപോകുന്ന ഒരു കൂട്ടരാണ് അവിടുത്തെ ക്വിയര്‍ മനുഷ്യര്‍.
താലിബാന്‍ ഭരണത്തില്‍ എത്തുന്നതിനു മുമ്പ് തന്നെ മരണശിക്ഷ നിയമം കൊണ്ട് ലഭിക്കുന്നവര്‍ ആയിരുന്നു അഫ്ഗാനിലെ എല്‍.ജി.ബി.ടി+ സമൂഹം. എങ്കിലും ഏതെങ്കിലും കാലത്ത് സ്ഥിതിഗതികള്‍ മെച്ചപ്പെടും എന്ന പ്രതീക്ഷയില്‍ അവകാശങ്ങള്‍ക്ക് വേണ്ടി ശബ്ദം ഉയര്‍ത്തിയിരുന്ന ചിലര്‍ അവിടെയുണ്ടായിരുന്നു. അവരുടെ ആ വിദൂരപ്രതീക്ഷയാണ് ഇല്ലാതാകുന്നത്. “നാസികള്‍ സ്വവര്‍ഗാനുരാഗികളോട് ചെയ്തത് തന്നെ താലിബാന്‍ ഞങ്ങളോട് ചെയ്യും എന്ന് പറഞ്ഞാല്‍ അതൊട്ടും അതിശയോക്തി ആകില്ല. അവര്‍ ഞങ്ങളെ വേരോടെ പിഴുത് അഫ്ഗാന്‍ സമൂഹത്തില്‍ നിന്ന് തന്നെ ഇല്ലാതാക്കികളയും. ദയവുചെയ്ത് ഞങ്ങളെ രക്ഷിക്കൂ” എന്നാണു അഫ്ഗാനില്‍ ആദ്യമായി ഗേ സ്വത്വം തുറന്നുപറഞ്ഞ നെമത് സാദത് ട്വീറ്റ് ചെയ്തത്. അങ്ങേയറ്റം വാസ്തവം നിറഞ്ഞ ഒരു നിലവിളിയാണ് ഇത്. നാസി ജെര്‍മനിയില്‍ പിങ്ക് ത്രികോണം ധരിപ്പിച്ച് കോണ്‍സന്‍ട്രേഷന്‍ ക്യാമ്പുകളില്‍ അടയ്ക്കപ്പെട്ട സ്വവര്‍ഗാനുരാഗികകളെ ഒരേ സമയം സഹതടവുകാരും പട്ടാളക്കാരും ക്രൂരമായി പീഡിപ്പിച്ചു. നരകയാതനയില്‍ കഴിയുമ്പോഴും കൂട്ടത്തില്‍ അടയ്ക്കപ്പെട്ട സ്വവര്‍ഗാനുരാഗികളുടെ മുഖത്ത് തുപ്പാനും അവരെ ആവതില്ലെങ്കില്‍ കൂടി ആക്രമിക്കാനും ആ ക്യാമ്പുകളിലെ ജൂതര്‍ മടിച്ചിരുന്നില്ല. തങ്ങളുടെ മോചനത്തിന് യാചിക്കുമ്പോഴും സ്വവര്‍ഗാനുരാഗികളെ നരകത്തിലെറിയാന്‍ അവര്‍ ശപിച്ചുകൊണ്ടിരുന്നു. അഫ്ഗാനിലെ എല്‍ ജി ബി ടി + മനുഷ്യരുടെ അവസ്ഥയും ഒട്ടും വ്യത്യസ്തമല്ല.
അഫ്ഗാനില്‍ നിന്ന് രക്ഷപ്പെടുന്നവര്‍ അവിടുത്തെ ഏറ്റവും ഭാഗ്യം ചെയ്തവരും കാശും വിഭവങ്ങളും ആരോഗ്യവുമുള്ളവരുമാണ് എന്ന് പറയേണ്ടി വരും. താലിബാനെ ഭയന്ന് ഈ ഓടുന്നവര്‍ക്ക് എവിടെയൊക്കെയോ എത്തിയാല്‍ സ്വാതന്ത്ര്യം അനുഭവിക്കാം എന്ന പ്രതീക്ഷയുണ്ട്. എന്നാല്‍ ഒപ്പം രക്ഷപ്പെടുന്നവര്‍ അടക്കം യാഥാര്‍ത്ഥ്യമറിഞ്ഞാല്‍ കൊന്നുകളഞ്ഞേക്കാം എന്ന് പേടിച്ചു മാത്രം പലായനം ചെയ്യാന്‍ കഴിയുന്നവരാണ് അവിടുത്തെ എല്‍.ജി.ബി.ടി.+ മനുഷ്യര്‍. പണമില്ലാത്തതിനാല്‍ രക്ഷപ്പെടാനാകാത്ത അവിടുത്തെ ബാക്കി ജനങ്ങളും ഇതുപോലെ ക്രൂരമായി തന്നെ അവരോടു പെരുമാറി എന്ന് വരാം. ക്വിയര്‍മനുഷ്യരുടെ കാര്യം വരുമ്പോള്‍ അവരല്ലാത്തവര്‍ എല്ലാം മറുപക്ഷത്താണ്. ആ പക്ഷത്തു നിലയുറപ്പിച്ചവര്‍ എല്ലാം ക്വിയര്‍ മനുഷ്യരെ സംബന്ധിച്ച് താലിബാന്‍ ആണ്.
കഴിഞ്ഞ 20 കൊല്ലമായി അഫ്ഗാനില്‍ എല്‍.ജി.ബി.ടി. മനുഷ്യര്‍ മര്‍ദ്ദിക്കപെടുന്നു, വെടിവെയ്ക്കപ്പെടുന്നു, കൊല്ലപ്പെടുന്നു, ജയിലില്‍ അടയ്ക്കപ്പെടുന്നു എന്നെല്ലാം പുറംലോകം അറിയുന്നുണ്ട്. പോലീസുകാര്‍ തന്നെ ഗേ മനുഷ്യരെ റേപ്പ് ചെയ്യുന്നു എന്ന് വാര്‍ത്തകള്‍ പുറത്തുവരുന്നു. കാരണം 2016നു ശേഷം ഇവിടെ NGO കള്‍ ഇത്തരം സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ടായിരുന്നു. താലിബാന്‍ പ്രവിശ്യകളില്‍ ഇത്രകാലവും ഗേ മനുഷ്യര്‍ ശരീഅത് നിയമത്താല്‍ പീഡിപ്പിക്കപ്പെട്ടിരുന്നു. ആരും അവര്‍ക്ക് വേണ്ടി വാദിക്കുകയോ ശബ്ദമുയര്‍ത്തുകയോ ചെയ്തില്ല. ക്വിയര്‍ മനുഷ്യര്‍ നരകിക്കുന്നതില്‍ ആര്‍ക്കും വേദനിച്ചിരുന്നില്ല. യുദ്ധത്തിനു മുന്നേ കൊല്ലപ്പെടുന്ന ബാധ്യതകള്‍ ആയി മാത്രം അവര്‍ കാണപ്പെടുന്നു. അവിടെയുണ്ടായിരുന്ന അമേരിക്കന്‍ വൃത്തങ്ങള്‍ അവര്‍ നേരിടുന്ന അവഗണന, ക്രൂരത, ബലാല്‍സംഗം എന്നിവയെകുറിച്ച് വെബ്സൈറ്റുകളില്‍ റിപ്പോര്‍ട്ട് എഴുതാന്‍ മാത്രം ഉദ്യമിച്ചു. ഈ രാജ്യത്തു എത്ര LGBTIQA+ മനുഷ്യര്‍ ഉണ്ട് എന്നതിന് പോലും ഒരു ആധികാരിക രേഖയില്ല. ബ്രിട്ടന്‍ അടക്കമുള്ള രാജ്യങ്ങളിലേക്ക് sexual orientation, gender identity എന്നിവയുടെ അടിസ്ഥാനത്തില്‍ മാത്രം LGBTIQA+ മനുഷ്യര്‍ക്ക് refugee സ്റ്റാറ്റസ് ലഭിക്കും എന്ന് പോലും അവിടുത്തെ ക്വിയര്‍മനുഷ്യര്‍ക്ക് അറിയില്ല. അവരെ അത്തരത്തില്‍ ബോധവല്‍കരിക്കാനോ അവരുടെ കണക്കുകള്‍ സജ്ജമാക്കാനോ അവിടെ ആരും തന്നെ തയാറായി ഇല്ല. ‘പിശാചു കേറിയവര്‍’ എന്നല്ലാതെ സ്വന്തം സ്വത്വത്തിന്‍റെ പേര് പോലും അറിയാത്ത തരത്തില്‍ സാക്ഷരതിയില്ലാത്തവരായാണ് അവര്‍ അവിടെ ജീവിക്കുന്നത്.
താലിബാന്‍ എത്തുമ്പോള്‍ അഭയാര്‍ഥിയാകുവാന്‍ പോലും അവസരമില്ലാതെ അവരുടെ ക്രൂരതയ്ക്ക് ഇരയാകേണ്ടി വരുന്നവരായി ക്വിയര്‍ മനുഷ്യര്‍ മാറും. ഇസ്ലാമിക് നിയമങ്ങള്‍ കൊണ്ട് ക്വിയര്‍ മനുഷ്യരെ ശിക്ഷിച്ച് നരകിപ്പിച്ചു കൊല്ലുമ്പോള്‍ പോലും സ്വന്തം ലൈംഗികആവശ്യങ്ങള്‍ക്ക് ഇവര്‍ രോമരഹിതരായ പ്രായം കുറഞ്ഞ ആണ്‍കുട്ടികളെ നിരന്തരം ഉപയോഗിക്കുന്നുണ്ട് എന്ന വസ്തുത കൂടി പറയേണ്ടതുണ്ട്. ആ കുട്ടികള്‍ ക്വിയര്‍ സ്വത്വമുള്ളവര്‍ ആണോ അല്ലയോ എന്ന ചോദ്യത്തിന് തന്നെ പ്രസക്തിയില്ല. ഇതേ കുട്ടികളെ മുന്‍പു പട്ടാളക്കാരെയും പോലീസ് ഉദ്യോഗസ്ഥരെയും വശീകരികാന്‍ പരിശീലിപ്പിച്ചു ഇവര്‍ വിട്ടിരുന്നു. ബാച്ച ബാസി എന്ന ഈ ശിശുരതിസമ്പ്രദായത്തെ ഒരു യുദ്ധതന്ത്രമായി ഇവര്‍ ഉപയോഗിക്കുന്നു. കുഞ്ഞുങ്ങളെ ഇത്തരത്തില്‍ ലൈംഗികവസ്തുക്കള്‍ ആക്കുക എന്നത് താലിബാനെ സംബന്ധിച്ച് സ്വഭാവികമായ കാര്യമാണ്. പ്രത്യക്ഷത്തില്‍ ക്വിയര്‍ മനുഷ്യരെ ബാച്ച ബാസി നടത്തി എന്ന പേരില്‍ ശിക്ഷിച്ചുകൊണ്ട് ഇവര്‍ ആ ക്രൂരകൃത്യങ്ങള്‍ മറുവശത്ത് ചെയ്യുന്നു. കുട്ടികളെ ചാവേറുകളെ പോലെ ഇങ്ങനെ ലൈംഗികവസ്തുക്കള്‍ ആക്കുന്നതിനെ കണ്‍മുന്നില്‍ കണ്ടിട്ടും അവഗണിച്ചുകളയുക എന്ന പണിയായിരുന്നു അമേരിക്കന്‍ സൈന്യം അവിടെ കാട്ടിയത്. കുട്ടികളെ ലൈംഗികകൃത്യതിനും അതുവഴി ചാരപ്രവര്‍ത്തനത്തിനും ഉപയോഗിക്കുന്നത് തടയാന്‍ അന്താരാഷ്ട്രതലത്തില്‍ പല ബാലാവകാശസംഘടനകളും ശ്രമിക്കുകയുണ്ടായിട്ടുണ്ട്. താലിബാന്‍ മുഴുവന്‍ കൈയ്യടക്കുന്ന വേളയില്‍ ഇത്തരം രക്ഷപ്പെടുത്തലുകള്‍ കൂടിയാണ് അവസാനിക്കുന്നത്.
തീര്‍ത്തും അരക്ഷിതരായ മനുഷ്യരാണ് ഏത് നാട്ടിലും ക്വിയര്‍ മനുഷ്യര്‍. താലിബാന്‍ യഥാര്‍ത്ഥ മതമല്ല എന്ന് നിരന്തരം പറയുവാന്‍ നിര്‍ബന്ധിക്കപ്പെടുന്ന കേരളത്തിലെ മുസ്ലിങ്ങളില്‍ പലര്‍ക്കും ക്വിയര്‍ മനുഷ്യരുടെ കാര്യം വരുമ്പോള്‍ മറ്റു സംശയങ്ങളൊന്നും ഇല്ല. അവിടെ അവര്‍ക്കും താലിബാനും ഒരേ സ്വരമാണ്. അവര്‍ ഒരേപോലെ ക്വിയര്‍ മനുഷ്യരെ നരകിച്ചുകാണാന്‍ ആഗ്രഹിക്കുന്നു. അവര്‍ പറയുന്ന സമാധാനവും നന്മയും ക്വിയര്‍ മനുഷ്യരെ പുറത്ത്നിര്‍ത്തിയ ഒരു ലോകത്ത് നടക്കുന്ന കാര്യങ്ങളാണ്. ക്വിയര്‍ മനുഷ്യരുടെ നാശം കാണാന്‍ ആഗ്രഹിക്കുന്നവരും താലിബാനും തമ്മില്‍ യാതൊരു ഭേദവുമില്ല. ക്വിയര്‍വിരുദ്ധത ഉള്ളില്‍ സൂക്ഷിച്ചു താലിബാന്‍ഭീകരതയെ അപലപിക്കുന്നവര്‍ അങ്ങേയറ്റം ഇരട്ടതാപ്പാണ് കാണിക്കുന്നത്.
ക്വിയര്‍ മനുഷ്യരുടെ മുകളിലേക്ക് മതില്‍ ഇടിച്ചിട്ട് കൊല്ലാന്‍ ശ്രമിക്കുന്ന താലിബാന്‍ ഓരോ ക്വിയര്‍ഫോബിക് മനുഷ്യനിലും ജീവിക്കുന്നു.
…
അനസ് എന്‍ എസ്.
ഗവേഷകവിദ്യാര്‍ഥി
കേരളസര്‍വകലാശാല.
…
ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in
ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.