രണ്ട് വാതിലുകളിലൂടെയും പ്രവേശിക്കാവുന്ന കവിത

1
541
Anoop MR 1200

വായന
അനൂപ് എം. ആർ

കടുവയെ ബിംബമാക്കിക്കൊണ്ട് പ്രസിദ്ധമായ ഒരുപാട് വിദേശ കവിതകൾ ഉണ്ടായിട്ടുണ്ട്. അതേ സമയം പുലി വിഷയമായി വരുന്ന ഏറെ കവിതകൾ ഇല്ല. ഇവിടെ കടുവയ്ക്കും പുലിക്കും സമീകരണം സംഭവിക്കേണ്ടത് ഉണ്ട് എന്നുതോന്നുന്നു. കാവ്യബിംബമാകുന്ന കടുവയും പുലിയും ഒരേ സത്തയുടെ ബഹിർസ്ഫുരണം തന്നെ. ഭൗതിക രൂപത്തിൽ പ്രത്യക്ഷപ്പെടുന്ന പുലിയും പ്രാഥമിക ചോദനകളെ അടയാളപ്പെടുത്തുന്ന പുലിയും/ കടുവയും പശ്ചാത്യ കവിതകളിൽ ഉണ്ടായിട്ടുണ്ട്. വില്യം ബ്ലേക്കിന്റെ “tiger tiger burning bright “”
ജെയിംസിന്റെ “tiger and elephants ”
എയ്യ വീലറുടെ “ദി ടൈഗർ”
അനട്ട് വൈനിന്റെ “ലിറ്റിൽ ടൈഗർ ക്യാറ്റ്” എന്നിവയൊക്കെ ചെറിയ ഉദാഹരണങ്ങൾ മാത്രമാണ്. അതേസമയം ഇന്ത്യൻ സാഹിത്യത്തിൽ പ്രസിദ്ധങ്ങളായ പുലി കവിതകൾ/ കടുവ കവിതകൾ ഇല്ല എന്നുതന്നെ പറയാം. അവിടേക്കാണ് രോഷ്നി സ്വപ്നയുടെ “പുലി” എന്ന കവിത കയറിവരുന്നത്. മനുഷ്യാത്മാവിന്റെ അപ്രതിരോധ്യമായ ശക്തിയുടെ പ്രതീകമായാണ് ബ്ലേക്ക് പുലിയെ കണ്ടത്. അതേസമയം ശക്തിപ്രകടനമല്ല, മനശ്ചാഞ്ചാട്ടങ്ങളെയാണ് രോഷ്നി സ്വപ്ന തന്റെ കവിതയിൽ ബിംബവൽക്കരിക്കുന്നത്.
റിൽക്കെയുടെ കവിതയിൽ അവതരിപ്പിച്ചിരിക്കുന്നത് അഴികൾ എണ്ണിത്തളർന്നിരിക്കുന്ന, ഒന്നിലും തങ്ങിനിൽക്കാതെ വഴുതി പോകുന്ന കടുവയെ ആണ്. രോഷ്നി സ്വപ്നയുടെ കവിതയിൽ പുലി വന്യതയിലല്ല. മൃഗശാലയിൽ അല്ല. മറിച്ച് ഇലകൾക്കിടയിൽ ഉറങ്ങുന്ന ഒന്നാണ്. അത് ഉണ്ടെന്നും ഇല്ലെന്നും വിശ്വസിക്കാനും കണ്ണടച്ച് ചിന്തിക്കാനും ഇല്ലാതാക്കാനും പറ്റുന്ന ഒന്നാണ്.
ബിംബാവലികളുടെ പരമ്പരാഗതമായ പുള്ളികളിൽ നിന്ന് പുള്ളിപ്പുലി മോചനം നേടുകയും അത് പുലിയായി മാറുകയും ചെയ്യുന്നു.
വന്യതയിൽ നിന്ന് ഇലകളുടെ സൂക്ഷ്മ ശബ്ദങ്ങൾക്കും ഉറുമ്പുകളുടെ നടത്തങ്ങൾക്കും ഇടയിൽ ഒരു മഹാ സാധ്യതയായി ഉറങ്ങുകയോ ഉറങ്ങാതിരിക്കുകയോ ചെയ്യുന്നു. വെറും വായനയിൽ നിന്ന് ബ്ലേക്കിലേക്കും റിൽക്കെയിലേക്കുമല്ല പോയത്. ഇലകൾക്കിടയിൽ എന്നപോലെ ഒരു പുലി വായനയിലും മറഞ്ഞിരിക്കുന്നത് കൊണ്ടാണ്. പുലിയെക്കുറിച്ച് എഴുതി തുടങ്ങിയപ്പോഴാണ് ഇല മരങ്ങൾക്കിടയിൽ നിശബ്ദ ചിത്തതയുടെ അടയാളമാർന്നൊരു പുലിയെ കണ്ടെത്തിയത്. അങ്ങനെയാണ് മുൻപ് വായിച്ചതും വായിക്കാത്തതുമായ കടുവകളെയും പുലികളെയും തിരഞ്ഞു പോയത്.ഉറുമ്പിനെ സൂക്ഷ്മ ചലനങ്ങൾ മനസ്സിനകത്തെ നേതികാവബോധങ്ങളിലേക്ക് കുഞ്ഞു കാലടികളുമായി നടക്കുമ്പോൾ മനസൊരു ചിത്രം വരയ്ക്കുന്നുണ്ട്. അതിനൊപ്പം അബോധത്തിൽ എന്നതുപോലെ പുലിയുടെ മാന്ത്രിക രൂപം വരക്കുന്നുമുണ്ട്. സൂക്ഷ്മത്തിൽ നിന്ന് സ്ഥൂലത്തിലേക്കാണ് ഉറുമ്പ് യാത്ര ചെയ്യുന്നത് എന്ന് തോന്നിയപ്പോഴാണ് സൂക്ഷ്മത്തിൻറെ അനാദിയായ സൂക്ഷ്മത്തിലേക്ക് പുലി സഞ്ചരിക്കുന്നത്. അതുകൊണ്ടുതന്നെ ഈ കവിതയിലേക്ക് പ്രവേശിക്കാൻ രണ്ട് വാതിലുകൾ ഉണ്ടെന്ന് ഞാൻ വായിക്കുന്നു.ഒന്ന് ഉറുമ്പിന്, മറ്റൊന്ന് പുലിക്ക്. വായിക്കാൻ രണ്ടു വാതിലിലൂടെയും പ്രവേശിക്കാം. പക്ഷേ വ്യാഖ്യാന സാധ്യതകളിലൂടെ വ്യതിരേകങ്ങളിലേക്കായിരിക്കാം നിങ്ങൾ പ്രവേശിക്കുക. സമാധാനപൂർണ്ണം എന്ന് തോന്നിക്കുന്ന വാക്കുകളിലൂടെ അനുവാചകർ പ്രവേശിക്കുക അട്ടിമറി സാധ്യതകൾ നിറഞ്ഞ വാക്കുകളിലേക്കും പദസംഘാതങ്ങളിലേക്കും ആയിരിക്കും. ഇലയുടെ മരം അനങ്ങാതെ നിൽക്കുകയാണ് എന്നിടത്തു മരത്തിന്റെ ഇലയല്ല, പകരം മറ്റൊരു സാധ്യതയാണ് സാക്ഷാത്കരിക്കുന്നത്. ഇതിൽ പുലി തെറിച്ചു നിൽക്കുന്ന സമഗ്രാധിപത്യത്തിന്റെ കൊടിയടയാളമല്ല. പകരം കുഞ്ഞുങ്ങൾക്കും ചിലന്തിക്കും കുരുവിക്കും ഇടയ്ക്ക് മറ്റൊന്ന് മാത്രമാണ്. ഉറച്ചുപോകലിൽ നിന്നൊരു വിരക്തി അനായാസമല്ല. അതുകൊണ്ട്, ഇലക്ക് അത്ര സ്നേഹത്തോടെ നിന്നെ നോക്കാൻ കഴിയുകയില്ല. ഉറുമ്പിന് ഉടൽ വിറക്കാതെ
ഇലത്തുമ്പിലേക്ക് കയറാനും ആകില്ല. എനിക്കും ഇപ്പറഞ്ഞ എത്തിച്ചേരൽ എളുപ്പമല്ലെന്ന് കവി പറഞ്ഞുവയ്ക്കുന്നു. കാരണം വേട്ടയിൽ തെറിച്ചു വീഴാൻ പോകുന്നത് തന്റെ ചോരയെന്ന്, അങ്ങനെയാണ് പച്ചില ചുമന്നില ആകുന്നത് എന്ന് ഇരക്ക് അറിയാമല്ലോ.! എങ്കിൽ ഞാൻ കണ്ണടയ്ക്കാം ഇലകൾക്കിടയിൽ ഒരു പുള്ളിപുലി എന്നെഴുതി നിർത്തുമ്പോൾ കവിതയുടെ യാത്ര യഥാർത്ഥത്തിൽ ആരംഭിക്കുകയാണ്. മനസ്സിൽ എക്കാലത്തും ഒതുങ്ങി നിൽക്കാൻ ഇടയുള്ള ഒരു പുലി മാത്രമല്ല സൂക്ഷ്മതയുടെ സംഗീതവും ബാക്കി നിൽക്കുകയാണ്.

മാധ്യമം ആഴ്ചപ്പതിപ്പ് 2021 നവംബർ 21 നു പ്രസിദ്ധീകരിച്ച രോഷ്നി സ്വപ്നയുടെ കവിത

പുലി

രോഷ്നി സ്വപ്ന

ഒരില എന്നെ നോക്കി
ഞാന്‍ എന്നെത്തന്നെ നോക്കും പോലെ
ഒന്നും മിണ്ടിയില്ല
ഇല ഒന്നിളകി
കാറ്റില്‍ ഞാനുമൊന്നിളകി
ഒരുറുമ്പ് ഇലത്തുമ്പിലേക്ക് കയറി
അരിച്ചു പോയി
ആ ഉറുമ്പ്‌ എന്‍റെ വിരലിലേക്ക്
കയറിയില്ല

ഇലയുടെ മരം
അനങ്ങാതെ നില്‍ക്കുകയാണ്
അതില്‍ കാക്കയും അണ്ണാനും
ചിലന്തിയും കുരുവിയുമുണ്ട്
ഒരു പുള്ളിപ്പുലി
ഇലകള്‍ക്കിടയില്‍
ഉറങ്ങുന്നുണ്ട് എന്നത് ഒരു സാധ്യതയാണ്
അങ്ങനെയായാല്‍ എല്ലാം തകിടം മറിയും
ഇലയ്ക്ക് ഇത്ര സ്നേഹത്തോടെ
എന്നെ നോക്കാന്‍ കഴിയുകയില്ല
ഉറുമ്പിന് ഉടല്‍ വിറക്കാതെ ഇലത്തുമ്പിലേക്ക്
കയറാനുമാകില്ല
എനിക്കും ഇത്ര അനായാസമായി
ഇവിടെ നില്‍ക്കാനുമാകില്ല
പക്ഷെ പുള്ളിപ്പുലി ഇവിടെയില്ല
അങ്ങനെ ഞാന്‍ വിശ്വസിക്കുന്നുണ്ട്
ഉറുമ്പ്‌ ഇലയെ
വിശ്വസിക്കുന്നുണ്ട്
ഇല എന്നെ വിശ്വസിക്കുന്നുണ്ട്
ഞാന്‍ മാത്രമാണ് അപ്പോള്‍
എല്ലാറ്റിനും കാരണം
എങ്കില്‍
ഞാന്‍ കണ്ണടക്കാം
ഇലകള്‍ക്കിടയില്‍
ഒരു പുള്ളിപ്പുലി
ഉണ്ട്

ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.

1 COMMENT

LEAVE A REPLY

Please enter your comment!
Please enter your name here