കവിത
നിഷി ജോർജ്ജ്
പൂ പറിക്കാൻ പോരുന്നോ
പോരുന്നോ അതിരാവിലെ
എന്ന് ചിലച്ചൊരു പക്ഷിക്കൂട്ടം
എന്നും രാവിലെ
മുറ്റത്ത് നിൽക്കുന്നു.
പിന്നല്ലാതെ എന്ന് ചിരിച്ചു കൊണ്ട്
എന്നും രാവിലെ
ഞാൻ ചാടി പുറപ്പെടുന്നു.
വസന്തത്തിനൊപ്പമോ
വസന്തത്തിലേക്കോ അല്ലാതെ
ആരാണ് ഇഷ്ടത്തിലൊരു യാത്ര പോവുക ?
കൈ കോർത്തു നടക്കുന്നതിനിടയിൽ
എത്ര പെട്ടെന്നാണ്
നമ്മൾ മറ്റൊരു കളിയാവുന്നത് !
ഇലകൾ പച്ച
പൂക്കൾ മഞ്ഞ എന്ന് പാടിക്കൊണ്ട്,
ഉയർത്തിപ്പിടിച്ച
അനേക കൈകൾക്കിടയിലൂടെ
കുനിഞ്ഞ് കുനിഞ്ഞ്
ഓടിയോടി
നമുക്ക് മടുക്കുന്നത്.
ഇലകളും പൂക്കളും കൊഴിഞ്ഞ്
ഞാനൊരു മരപ്പൊത്താവുന്നത്.
പൂ പറിക്കാൻ പോരുന്നോ
പോരുന്നോ അതിരാവിലെ
എന്ന് ചിലച്ചൊരു പക്ഷിക്കൂട്ടം
എന്നും രാവിലെ
മുറ്റത്ത് നിൽക്കുന്നു.
പിന്നല്ലാതെ എന്ന് ചിരിച്ചു കൊണ്ട്
എന്നും രാവിലെ
ഞാൻ ചാടി പുറപ്പെടുന്നു.
വസന്തത്തിനൊപ്പമോ
വസന്തത്തിലേക്കോ അല്ലാതെ
ആരാണ് ഇഷ്ടത്തിലൊരു യാത്ര പോവുക ?
എത്ര പെട്ടെന്നാണ് നമ്മൾ
കൊക്കിന്റെയും ഞണ്ടിന്റെയും
കഥയിലെ
മീനുകളും ഞണ്ടുകളുമാവുന്നത്.
വാഗ്ദത്ത ഭൂമിയെ
നോക്കിപ്പറക്കുന്ന
കൺകളിൽ
ചിതറിക്കിടക്കുന്ന
മീൻമുള്ളുകൾ നിറയുന്നത്.
എന്റെ ഇറുക്കു കാലുകൾ
നിന്റെ കഴുത്തിലേക്ക് നീളുന്നത്.
പൂ പറിക്കാൻ പോരുന്നോ
പോരുന്നോ അതിരാവിലെ
എന്ന് ആരോ പാടുന്നുണ്ടോ ?
ആവോ ആർക്കറിയണം?
പിന്നല്ലാതെ എന്ന് ചിരിച്ചു കൊണ്ട്
എന്നും രാവിലെ
ഞാൻ ചാടി പുറപ്പെടുന്നു…
…
നിഷി ജോർജ്ജ്
കരിന്തളം ഗവൺമെന്റ് കോളേജിൽ അതിഥി അധ്യാപികയായി ജോലി ചെയ്യുന്നു.
മണിക്കൂർ സൂചിയുടെ ജീവിതം (കവിതാ സമാഹാരം),
മഴയുടെ വെബ്സൈറ്റ് സന്ദർശിക്കുന്ന ആകാശം (കവിതാ സമാഹാരം)
ഗോവിന്ദ പൈ (ജീവചരിത്രം) എന്നീ പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
…
ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in
ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.