നിറങ്ങളിൽ കാടുനിറഞ്ഞു ബഹുസ്വരതയുടെ വർണങ്ങളിൽ പ്രതിരോധത്തിന്റെ ചിത്രങ്ങൾ
നിലമ്പൂരിൽ നടന്ന വരക്കൂട്ടം ദ്വിദിന വരക്യാമ്പ് സമാപിച്ചു
നിലമ്പൂർ: നിറങ്ങളിൽ കാടുനിറഞ്ഞു. കാടിന്റെ നിഗൂഢസൗന്ദര്യവും വന്യതയും ക്യാൻവാസുകളിലേക്ക് പടർന്നു. നിലമ്പൂർ തേക്കുകാട്ടിൽ നടന്ന ചിത്രകലാ ക്യാമ്പിൽ കാടും മരങ്ങളും പ്രകൃതിയും മനുഷ്യജീവിതത്തിന്റെ താളമുള്ള ചിത്രങ്ങളായി.
മലപ്പുറം കേന്ദ്രമായി പ്രവർത്തിക്കുന്ന കലാകാരന്മാരുടെയും കലാ ആസ്വാദകരുടെയും കൂട്ടായ്മയായ വരക്കൂട്ടമാണ് നിറങ്ങൾ കൊണ്ട് സംവദിച്ചും വരകൊണ്ട് പ്രതിരോധ വഴിയകൾ കണ്ടെടുത്തും കാട്ടിൽ ഒത്തുകൂടിയത്. കലാകാരൻമാർക്കെതിരെ ഉയരുന്ന ഫാസിസ്റ്റ് നിലപാടുകളിൽ പ്രതിഷേധിച്ചും കലയിലെ സമകാലിക ഇടപെടലുകളെ അടുത്തറിയാനുമാണ് ബഹുസ്വരതയുടെ വർണങ്ങളുമായി കലാകാരൻമാർ കൂടിയിരുന്ന് വരച്ചത്.
ചിത്രകാരൻ അശാന്തന്റെ മരണത്തിൽ അനുശോചിച്ചും അദ്ദേഹത്തിന്റെ മൃതദേഹത്തോട് ഫാസിസ്റ്റുമനസ്സുകൾ കാണിച്ച അവഹേളനത്തിൽ പ്രതിഷേധിച്ചുമാണ് ക്യാമ്പ് തുടങ്ങിയത്. കലാകാരൻമാർ സ്വതന്ത്രമായ ആവിഷ്‌കാരങ്ങൾ നടത്താൻ കാടുകയറേണ്ട ഗതികെട്ടകാലമാണിതെന്ന് ചിത്രകാരൻമാർ പറഞ്ഞു.
യൂനുസ് മുസ്‌ലിയാരകത്ത്, കെ എം നാരായണൻ, മുഖ്താർ ഉദരംപൊയിൽ, സതീഷ് ചളിപ്പാടം, പി ജി ശ്രീനിവാസൻ, രതീഷ് കുമാർ, ഉസ്മാൻ ഇരുമ്പുഴി, സുരേഷ് ചാലിയത്ത്, ഐഷ യൂനുസ്, ഷബീബ മലപ്പുറം, ഉഷ മഞ്ചേരി, ശംസി ജാസ്മിൻ, സേതു മക്കരപ്പറമ്പ്, ദിനേശ് മഞ്ചേരി, ശിഹാബ് മമ്പാട്, അനീഷ് കവളമുക്കട്ട തുടങ്ങി ജില്ലക്കകത്തും പുറത്തുനിന്നുമായി തെരഞ്ഞെടുത്ത 20 ചിത്രകാരന്മാരാണ് നിലമ്പൂർ കനോലി പ്ലോട്ടിലും താണയിലെ സ്പ്രിങ്‌സ് സ്‌കൂളിലുമായി നടന്ന ദ്വിദിനവരക്യാമ്പിൽ പങ്കെടുത്തത്.
അക്രലിക് കളറിൽ ക്യാൻവാസിലായിരുന്നു വര. പി വി അൻവർ എം എൽ എ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. റിഞ്ചു വെള്ളിലയാണ് ക്യൂറേറ്റർ. ഷമീം സീഗൾ, അനീസ് വടക്കൻ തുടങ്ങിയവർ ക്യാമ്പിന് നേതൃത്വം നൽകി.
കൂടുതൽ ക്യാന്പ് ദൃശ്യങ്ങൾ