തൃക്കരിപ്പൂരിലെ ഉമ്മമാരും അമ്മമാരും

1
519

പൈനാണിപ്പെട്ടി
വി. കെ.അനിൽകുമാർ
ചിത്രീകരണം : ഇ. എൻ. ശാന്തി

രാവിലെ മുതൽ മഴയാണ്.
അടച്ചുകെട്ടിയ മാനം.
പുറത്തിറങ്ങാനാകാതെ എല്ലാവരും അടച്ചു കെട്ടിയിരിക്കുകയാണല്ലോ.
പ്രിയപ്പെട്ട പലരുടെയും മരണവാർത്തയാണ് കേട്ടുകൊണ്ടിരിക്കുന്നത്.
വല്ലാത്ത ഉത്‌ക്കണ്ഠ.
ആകുലതകളുടെ കാലമാണെങ്കിലും
ഇന്ന് സന്തോഷത്തിൻ്റെയും ത്യാഗത്തിൻ്റെയും ദിനം കൂടിയാണ്.
മനുഷ്യർ അശരണർക്കും പീഢിതർക്കുമായി തന്നെത്തന്നെ പകുത്ത ദിനങ്ങൾക്ക് ഇന്നറുതി.

ശവ്വാലിൻ്റെ ചന്ദ്രികച്ചന്ദം സ്നേഹത്തിൻ്റെയും സഹനത്തിൻ്റെയും പ്രകാശ മുദ്രയാണ്.
പുണ്യറമളാനിലെ ഈ
വ്രതശുദ്ധിയുടെ നിറവിൽ
തൃക്കരിപ്പൂരിലെ ഉമ്മമാരുടെ ഓർമ്മകളാണ്
ഇദുൽഫിത്തറിനെ കരുണാർദ്രമാക്കുന്നത് .
എന്തൊരു കാലമായിരുന്നു അത്.
അന്ന് കാച്ചിയും തട്ടനും ചെവികളിൽ നിറയെ കാതിലുകളുമിട്ട്
മിന്നിത്തിളങ്ങുന്ന ഉമ്മമാരെ വീടിന് പരിസരത്ത് കാണുമായിരുന്നു.
പർദ്ദ അപൂർവ്വമായി മാത്രമേ അവർ അണിഞ്ഞുള്ളു.
വിദ്യാലയങ്ങളിൽ പർദ്ദയിട്ട് വരുന്നവർ അന്നാരുമുണ്ടായിരുന്നില്ല.
തങ്കയം സ്കൂളിലാണ് പഠിച്ചത്.
മുസ്ലിം കുട്ടികൾ ലുങ്കിയുടുത്ത് തൊപ്പിയുമിട്ടാണ് ക്ലാസ്സിൽ വരുന്നത്.
അന്ന് എല്ലാവരും അറബിയും പഠിക്കണം.
വെളുത്ത ഫുൾക്കൈ കുപ്പായവും മുണ്ടും കറുത്ത തൊപ്പിയും ഊശാന്താടിയുമുള്ള അറബി ഉസ്താദ് സ്നേഹമുള്ള മനുഷ്യനായിരുന്നു.

തൃക്കരിപ്പൂര് വീടിൻ്റെ കിഴക്ക് വിശാലമായ കണ്ടവും പടിഞ്ഞാറ് നിറയെ ഉമ്മമാരും ആയിരുന്നു.
വീടിൻ്റെ പിറക് വശത്തെ എല്ലാ വീടുകളും മുസ്ലിം വീടുകളായിരുന്നു.
അവിടെ ഒരു പാട് മനുഷ്യരും ആടുകളും കോഴികളും
ഒരു പാട് ബഹളങ്ങളും കഷ്ടപ്പാടുകളുമുണ്ടായിരുന്നു.
വൈകുന്നേരമാകുമ്പോൾ ഉമ്മമാരും അമ്മമാരും കയ്യാലയുടെ അടുത്തുവരും.
ഉമ്മമാർക്കും അമ്മമാർക്കും ഒരേ സങ്കടങ്ങൾ ഒരേ സന്തോഷങ്ങൾ.
കയ്യാലയ്ക്ക് അപ്പുറവും ഇപ്പുറവും നിന്ന്
അവരവരെ പരസ്പരം കൂട്ടിക്കലർത്തി.
കൊട്ടണച്ചേരിയിലെ വെടി പൊട്ടുമ്പോൾ വൈകുന്നേരത്തെ ബാങ്കു വിളിക്കുമ്പോൾ അവർ പിരിഞ്ഞു പോയി.
കൊട്ടണച്ചേരി അറയിലെ അതിരാവിലെയും വൈകുന്നേരവുമുള്ള വെടിയും നീലംബം പള്ളിയിലെ വാങ്കും നമ്മുടെ ഗ്രാമത്തിൻ്റെ ഘടികാരമണികളായിരുന്നു.

ഞങ്ങൾ കുട്ടികളെ ഉമ്മമാർ പേരെടുത്ത് വിളിച്ചു.
ബീപാത്തുമ്മ
സൈന്തയെന്ന സൈനബ
മമ്മൂഞ്ഞിയെന്ന മുഹമ്മദ് കുഞ്ഞി
ഉർക്കിയ എന്ന റുഖിയ
പിന്നെ അവരുടെ കുട്ടികളും കുടുംബവും…
അന്തുമാപ്പിളയാണ് ഉപ്പ.
മെലിഞ്ഞു നീണ്ട വൃദ്ധൻ
അരയിൽ പച്ച ബെൽറ്റ് വെളുത്ത കയ്യുള്ള ബനിയൻ, കള്ളിമുണ്ട്, തലയിൽക്കെട്ട്.
വായിൽ കുറച്ച് പല്ലുകളേയുള്ളു.
അന്ന് മതിലുകൾ ഉണ്ടായിരുന്നില്ല.
മണ്ണിന് മുകളിൽ വിവേചനത്തിൻ്റെ അവകാശങ്ങളെ കെട്ടിപ്പൊക്കിയിരുന്നില്ല.
അന്തുമാപ്പിള ഒരു ദിവസത്തിൽ പല തവണ വീട്ടിൽ വരും.
അടുക്കളപ്പുറത്ത് വന്ന് കാര്യങ്ങൾ അന്വേഷിക്കും.

അച്ഛന് വീട്ടിൽ തന്നെ ചെറിയ ഒരു പലചരക്ക് പീടിക ഉണ്ടായിരുന്നു.
അന്ന് അച്ഛനോട് വർത്താനം പറഞ്ഞിരിക്കാൻ വരുന്നവരിൽ കൂടുതലും മാപ്പിളമാരായിരുന്നു.
കറുത്ത കണ്ണടയും കുപ്പായക്കോളറിൽ പിറക് വശം ഉറുമാല് മടക്കി വെക്കുന്ന ശാഹു മാപ്പിള.
ശാഹു മാപ്പിളയ്ക്ക് കണ്ടവും കൃഷിയുമുണ്ട്.
ചുരുണ്ട മുടിക്കാരൻ അവുദു മാപ്പിള.
എന്നും വെള്ളൂരിലെ ബീടരെ കാണാൻ വെളുത്ത മുണ്ടും കുപ്പായവുമിട്ട് കണ്ടത്തിലൂടെ നടന്നു പോകുന്ന അദ്ളയെന്ന അബ്ദുള്ള…

അങ്ങനെ എത്രയെത്ര മനുഷ്യർ.
അവരുടെ സ്നേഹം
അച്ഛനുമായുള്ള സൗഹൃദം….
അന്തുമാപ്പിളയുടെ വീടിനോട് ചേർന്ന വലിയ പറമ്പിൽ ആജിക്കയും കുടുംബവും പിന്നീട് താമസമാക്കി.
ആജിക്കയും എന്നും അമ്പുവേട്ടനെ ,.അച്ഛനെ കാണാൻ വരും.
അമ്പുവേട്ടൻ എന്നും അമ്പു എന്നും കുഞ്ഞി എന്നും അങ്ങാടിക്കാരൻ എന്നും മാപ്പിളമാർ അച്ഛനെ വിളിച്ചു.
രോണീ… രോണീ .. എന്ന് നീട്ടി വിളിക്കുന്നത് കേട്ടില്ലേ….
സൈന്ത കയ്യാലയിൽ വന്ന് അമ്മയെ വിളിക്കുകയായാണ്.
രോഹിണിയോട്, അമ്മയോട് അവർക്ക് വിശേഷങ്ങൾ ഏറെ പറയാനുണ്ട്.

അന്ന് മതസൗഹാർദ്ദം എന്ന വാക്ക്
ഉമ്മമാർക്കും അമ്മമാർക്കും ഞങ്ങൾ കുട്ടികൾക്കും അറിയില്ലായിരുന്നു.
അന്ന് ഞങ്ങൾക്ക് ഒരുപാട് സങ്കടങ്ങളായിരുന്നു.
എല്ലാം തുറന്ന് പറഞ്ഞു പരസ്പരം ആശ്വസിച്ചു.
വിശേഷദിവസങ്ങളിലെ സന്തോഷം പങ്കുവെച്ചു
ഓണത്തിനുണ്ടാക്കുന്ന പായസം ഞങ്ങൾക്ക് തരുന്നതിന് മുമ്പേ അമ്മ അയലോതിയിലെ ഉമ്മമാർക്ക് കൊടുത്തു.
എല്ലാ വർഷവും വിഷുവിന് കണി വെക്കേണ്ടുന്ന പാകമായ ചക്ക
അന്തുമാപ്പിളയുടെ പ്ലാവിൽ വിളഞ്ഞു.
പടിഞ്ഞാറ്റകത്ത് വിളക്ക് കത്തിച്ച് പഴകിയ ശ്രീക്യഷ്ണൻ്റെ ഫോട്ടോയ്ക്ക് മുന്നിൽ കണിനിരത്തി. …
ചക്കയും മാങ്ങയും തേങ്ങയും
കണിക്കൊന്നയും…..
അന്തുമാപ്പിളയുടെ ചക്കയിൽ വിഷുക്കണിക്കാഴ്ച്ച സമൃദ്ധമായി…
പടിഞ്ഞാറ്റകത്തെ മാപ്പിളച്ചക്ക വിഷുവെളിച്ചത്തിൽ തിളങ്ങി.
ഇന്ന് ഏത് മത സൗഹാർദ്ദം കൊണ്ടാണ് ഈ ചക്കയെ തൂക്കിനോക്കുന്നത്..??

ഞങ്ങളുടെ വിഷുഫലം അന്തുമാപ്പിളയുടെ അദ്ധ്വാനം കൂടിച്ചേർന്നതാണ്.
വിഷുത്തലേന്ന് ചുട്ട കാരേപ്പം ഇലയിൽപ്പൊതിഞ്ഞ് കെട്ടി അമ്മ മാപ്പിളപ്പൊരയിൽ നേരത്തെ എത്തിക്കും.
പെരുന്നാളിന് പഴം പൊരിയും ഈത്തപ്പഴം പൊരിയും കുംസും നെയ്ച്ചോറും കോയിക്കറിയും ഉമ്മമാർ രോണിക്കും മക്കൾക്കും കൊടുത്തയച്ചു.
അന്ന് അങ്ങനെയെയൊരു കാലം
കണ്ണുനിറയാതെ മനസ്സ് പിടക്കാതെ ആ കാലങ്ങളെ ഓർത്തെടുക്കാനാകില്ല…

അന്നത്തെ ശവ്വാൽ പൗർണ്ണമിയല്ല
ഇന്നാകാശത്ത് തെളിയുന്നത്.
ആകാശച്ചിന്തിലെ നിലാവൊളിക്ക് പിറകിൽ
ഭയം പതിയിരിക്കുന്നു.
അന്തുമാപ്പിളയും അമ്പുവേട്ടനും ഇന്നില്ല.
അമ്മയും ഉമ്മമാരും വാർദ്ധക്യത്തിലെത്തി.
വീടിന് ചുറ്റും മതിലുകൾ വന്നു.
കയ്യാലയിൽ വന്ന് രോണീ …. രോണീ …
എന്ന വിളിയില്ല.
വാക്കുകളിലെ കരുതലില്ല..
വല്ലപ്പോഴും അമ്മ ഉമ്മമാരെ കാണാൻ പോകും.

അമ്മയും ഉമ്മമാരും നമ്മെ വിട്ടു പോകുന്നതോടെ പരസ്പരം അറിയലും അറിയിക്കലും അവസാനിക്കും.
പാരസ്പര്യത്തിൻ്റെ അറ്റുപോകാത്ത കണ്ണികളായി തൊണ്ടി ഉമ്മമാർ പരസ്പരം കൈപിടിച്ച് കണ്ണീരൊപ്പി.
ഉമ്മമാരും അമ്മമാരും ഇല്ലാതാകുന്നതോടെ ആ കാലം ….
അതൊരു ഓർമ്മ പോലും അല്ലാതാകും.
പുതിയ തലമുറ പരസ്പരം അറിയാനോ പങ്കുവെക്കാനോ തയ്യാറല്ല.
അച്ഛനും മാപ്പിളമാരുമായുള്ള ചങ്ങാത്തം അവരുടെ തലമുറകൾക്ക് നിലനിർത്താനായില്ല.
നാട്ടിൽ പോയാൽ ആജിക്കയെ കാണും .
വയസ്സായി.
വല്ലാത്ത
സന്തോഷമാണ്.
എല്ലാ വിശേഷങ്ങളും ചോദിക്കും.
ആജിക്കയോട് വർത്തമാനം പറയുമ്പോൾ അച്ഛനെ കുറിച്ചോർമ്മ വരും.
ഹാജിക്കയും അങ്ങനെ ഓർക്കുന്നുണ്ടാകുമോ?
എന്തോ ഒരു സങ്കടം ഉള്ളിൽ നിറയും.
ആജിക്കയുടെ മോൻ കാറോടിച്ചു പോകും.
ഞങ്ങൾ രണ്ടു പേരും കൈ വീശി കാണിക്കും.
ഞങ്ങൾക്കിടയിൽ ഒന്നും പറയാനില്ല.

പുതുകാലം അകലത്തിൻ്റെ കാലമാണെന്ന് ആരാണ് പറഞ്ഞത്
എവിടെയോ എങ്ങനെയോ അകൽച്ചകൾ സംഭവിച്ചു കഴിഞ്ഞു.
ഇനി തിരിച്ചെത്താനാകാത്ത വിധം അകലത്തായിക്കഴിഞ്ഞിരിക്കുന്നു.
മതിൽക്കെട്ടിനുള്ളിൽ
അമ്മമാരെയും ഉമ്മമാരെയും ആരെയും പുറത്ത് കണ്ടില്ല
വല്ലപ്പോഴും കാണുന്നവർ അവരവരുടെ പർദ്ദയുടെ കറുപ്പിൽ തങ്ങളെത്തന്നെ റദ്ദു ചെയ്തു.
കാച്ചിയും തട്ടനും നിറയെ കമ്മലുകൾ തൂങ്ങിയാടുന്ന ചെവികളുമുള്ള ഉമ്മമാർ ഇന്നുണ്ടോ.
ഒരു കയ്യാലയ്ക്ക് അപ്പുറവും ഇപ്പുറവും സ്വന്തം ദു:ഖങ്ങളെ പങ്കു വെക്കുന്നവരുണ്ടോ ..
ഒരു വിളഞ്ഞ ചക്കയിൽ രണ്ടു ദൈവങ്ങളെ പകുത്തെടുക്കുന്ന പ്ലാവുകൾ ഇന്നുണ്ടോ…
അന്തുമാപ്പിളയുടെ ചക്കയിൽ തിളങ്ങിയ വിഷുപ്പുലരികൾ ഒരു സ്വപ്നമാണോ….

ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.

1 COMMENT

  1. നിറഞ്ഞ കണ്ണുകളോടെ വായിച്ചു നിർത്തി. വാക്കുകളിലൂടെ നടക്കുമ്പോൾ ഓർമ്മ ബാല്യത്തിലേക്ക് പോയി.

    ഒഴയിൽഭാഗം എന്ന അച്ഛന്റെ വീടിരിക്കുന്ന നാട് ഇതേ രൂപം ഉള്ളതാണ്.
    സന്ധ്യക്ക് വാങ്കു വിളിച്ചാൽ വിളക്കു വാക്കുന്ന അച്ച്മ്മ കൂനി കൂനി മുന്നിൽ വന്നു..

    ഒപ്പം മൊട്ടമ്മൽ നിന്നു ലാഹില്ലാഹ് ഇല്ലാള്ളാ.. എന്നും..താഴെ ഞങ്ങൾ രാമ..രാമ..ചൊല്ലലും കാതിലെത്തി…

    എല്ലാവർക്കും പറ്റു പുസ്തകം വഴി നിത്യോപയോഗ സാധനങ്ങൾ നൽകിയ ഹാജിക്കയുടെ കട മുന്നിൽ എത്തി..

    സമാവറിന്റടുത്ത് പുഞ്ചിരിയോടെ നിന്ന് ചായ അടിക്കുന്ന അന്തുക്ക മുന്നിൽ എത്തി..

    അച്ഛൻ പെങ്ങളടുത്ത് കാച്ചിയും തട്ടവും തയ്പ്പിക്കാൻ വരുന്ന ഉമ്മമാർ നിരന്നു വന്നു

    ഞ്ഞി..കണ്ണനിന്റെ..മോനല്ലേ എന്നു ചോദിച്ച്‌…

    ഇവരെല്ലാം മരിച്ചും ..ബാക്കിയുള്ളവർ..മതിലിനുള്ളിലും മറഞ്ഞു പോയി…

    ഇനി സമയം വരുമ്പോൾ നമ്മളും പോകും..കാലം ഇനിയും ഉരുളും

    ഇങ്ങള ഈ പെട്ടി എന്നെ കുറെ കരയിക്കും കേട്ടോ…

LEAVE A REPLY

Please enter your comment!
Please enter your name here