പൈനാണിപ്പെട്ടി
വി. കെ. അനിൽകുമാർ
ചിത്രീകരണം: വിപിൻ പാലോത്ത്.
ഒന്നല്ല.
രണ്ടിനെക്കുറിച്ചാണ് പറയുന്നത്
മരണത്തെയും
ജീവിതത്തെയും
തോടിനെയും കടലിനെയും
സ്നേഹത്തെയും
ഹിംസയെയും വ്യാഖ്യാനിക്കുകയാണ്….
രണ്ട് മീനുകളാണ് ജീവിതത്തിൽ വാലിളക്കി
ചെകിളപ്പൂക്കൾ വിടർത്തി നീന്തിത്തുടിക്കുന്നത്.
ചത്ത മീനുകളും
ജീവനുള്ള മീനുകളും
വളർത്തിയ മീനുകളും
കൊന്നു തിന്ന മീനുകളും
കൂടെ കളിച്ച മീനുകളും
ചതിയിൽ ശ്വാസം മുട്ടിച്ച മീനുകളും
സ്നേഹത്തിൻ്റെയും
ഹിംസയുടെയും രണ്ടറ്റങ്ങൾ….
മീനുകളെ എഴുതാൻ ശ്രമിക്കുമ്പോഴൊക്കെ
ചോരയിറ്റുന്ന കത്തിമൂർച്ചയുമായി ജീവിതം ചട്ടിയിൽ കിടന്ന് പിടക്കുകയാണ്.
ഒരാളുടെ ജീവിതത്തെ മീനുകൾ ഏതൊക്കെ പ്രകാരത്തിലാണ് സ്വാധീനിക്കുന്നത്.
ജീവിതത്തിൽ ഒരിക്കലെങ്കിലും മീനിനെ അഭിമുഖീകരിക്കാത്ത മനുഷ്യരുണ്ടാകുമോ…
രണ്ടുതരം മീനനുഭവങ്ങളെക്കുറിച്ചാണ് പറയുന്നത്.
രണ്ടുതരം വൈവിധ്യത്തെയോ വൈരുദ്ധ്യത്തെയോ ആവിഷ്കരിക്കലാകും അത്….
വീണ്ടും വീടിന് മുന്നിലെ അതേ ജീവിതപ്പാടം.
ഒരു ചിത്രം മായ്ച്ച് മറ്റൊന്ന് വരയുന്നതു പോലെയാണ് വയലിൻ്റെ നിറവ്യത്യാസങ്ങൾ രൂപപ്പെടുന്നത്.
കുട്ടികൾ കളിച്ച് മദിച്ച അതേ കണ്ടം.
വേനൽക്കാലക്കളിക്കമ്പം…
മീനം തിളച്ച മണ്ണിൻ്റെ ഉഷ്ണം
ഉരുകിയൊലിച്ച സൂര്യൻ
പച്ചയുടെ ഒരു തൊടുകുറി പോലും കാൺമാനില്ല..
തൃഷ്ണ ജലരൂപകങ്ങളായി ഉടലിളക്കുന്നു
നിർജലം
ഹരിതരഹിതം..
മേടത്തിൻ്റെ മേടയിലെ വർഷാരവം…
ഉള്ളകം പൊള്ളുന്ന മണ്ണിൻ്റെ മർള്.
കാമദഗന്ധിയായി തുടിക്കുന്ന ഭൂവകക്കുളിർ
ആദ്യത്തെ വേനൽ സ്ഖലിതങ്ങൾ
പൊഴുത് കൊണ്ട മണ്ണ്
പെണ്ണ്…
വിഷുപ്പക്ഷിയുടെ പാട്ട്
കെർപ്പം തേഞ്ഞ മണ്ണിൻ്റെ ആലസ്യങ്ങൾ….
മഴക്കാലം
ഇടവത്തിൻ്റെ നിഴലും
അഴലും
രാവിലെ ഉറക്കമുണർന്ന് കിഴക്കോട്ട് നോക്കുമ്പോൾ
വല്ലാത്ത കുളിര്
വർണ്ണരഹിതമായ ക്യാൻവാസിൽ ഒറ്റ രാത്രി കൊണ്ട് നിറങ്ങൾ കോരിയൊഴിച്ചിരിക്കുന്നു.
പച്ചയുടെ നിറസങ്കലനങ്ങൾ
മണ്ണിനെ ചമയിക്കുന്നു.
ഇടവം മാന്ത്രികനായ ചിത്രകാരനാണ്…
എത്ര പെട്ടെന്നാണ് മുന്നിലെ കാഴ്ചകൾ മാറുന്നത്.
മഴപ്പെയ്ത്തിൻ്റെ കഠിനരാത്രികൾ…
പാടം ജലസമൃദ്ധം
കുസൃതിച്ചിരികളുമായി തോടുകളുടെ തിരുപ്പിറവികൾ
ഒരു താള് മറിക്കുമ്പോൾ തുറക്കുന്ന പുതിയ അദ്ധ്യായം പോലെ
പതുജീവിതവുമായി
കണ്ടം നിറഞ്ഞു തുളുമ്പി
മീനുകൾ
മീനുകൾ
മീനുകൾ…
കുട്ടികളുടെ ആഹ്ളാദങ്ങൾ
സ്കൂളിൽ പോകാതെ രാവിലെ മുതലേ
കണ്ടത്തിലെ തോട്ടിലാണ്.
ഇവിടെക്കിട്ടുന്ന പഠിപ്പ് ഏത് സ്കൂളിൽ പോയാലും കിട്ടൂല.
വെള്ളത്തിന് ഇത്രയും അവതാര രൂപങ്ങളുണ്ടെന്ന് നിറഞ്ഞുതുളുമ്പിയ
കണ്ടം പറഞ്ഞു തന്നു.
മീനുകളുടെ കൂടിയാട്ടങ്ങൾ..
ഒരൊറ്റ രാത്രി കൊണ്ട് ഈ മീനുകളൊക്കെ എവിടെ നിന്നും വരുന്നു.
മീനച്ചൂടിൽ ചുട്ടുപൊള്ളിയ പാടം ഒരൊറ്റ രാത്രി കൊണ്ട് മീനുത്സവങ്ങളായി എങ്ങനെ രൂപാന്തരപ്പെടുന്നു.
മീനുകൾ വിണ്ടുപൊട്ടിയ മണ്ണാഴങ്ങളിലെ
ജലമാളികകളിൽ ഒളിഞ്ഞിരിക്കുകയാണോ..
കുട്ടിക്കാലം അതിശയങ്ങളുടെ കാലമായിരുന്നു.
ഉത്തരമില്ലാത്ത ഭീതികളുടെ
ഉത്തരമില്ലാത്ത സങ്കടങ്ങളുടെ കാലം…
പെട്ടെന്നൊരു നാളിലെ മീനുയിർപ്പുകളെക്കുറിച്ചുള്ള സംശയങ്ങൾ ഇന്നും പോയിട്ടില്ല…
മീനുകളുടെ ജലശയ്യയ്ക്ക് മുകളിലാണോ
ഞങ്ങൾ കുട്ടികൾ കളിച്ച് മദിച്ചത്..
ഞങ്ങളുടെ പൊട്ടിച്ചിരികൾക്ക് മണ്ണറകളിൽ മറഞ്ഞ് മീനുകൾ കാതോർക്കുകയായിരുന്നോ…
ഹോ എത്രയെത്ര മീനുകളുടെ
കളിചിരികളാണ്
കുട്ടിക്കാലത്തെ സങ്കടങ്ങളെ
തിന്നുതീർത്തത്..
മീനുകളോട്
ഉള്ളുതുറന്നു..
മീനുകളെ കേട്ടു…
മീനുകളോട് കൂട്ടുകൂടി
മീനുകളുടെ അത്രയും നിറമുള്ള കുപ്പായമുണ്ടായിരുന്നില്ല.
ഉടുപ്പുകളിൽ മീനുകളോട് കുശുമ്പു കുത്തി
മീനുകളിൽ എല്ലാവർക്കും
വരയൻ കുപ്പായവും പുള്ളിക്കുപ്പായവും ഒളിയൻ കുപ്പായവും
ഓരോ ചങ്ങാതിയെയും പേരുചൊല്ലി വേറെ വേറെ വിളിച്ചു.
ചൊട്ടക്കുറിയൻ, പുല്ലൻ, പാലാത്തൻ, കോട്ടൽ, കുരുടൻ., ചൂരി, ചൂട്ട, കൊയല, കയിച്ചൽ…
കൊട്ടൻ, കോരൻ, പൊക്കൻ, ചിണ്ടൻ
നമുക്ക് ചുറ്റിലുമുള്ള നാട്ടുമനുഷ്യരെപ്പോലെത്തന്നെ..
ഓരോ മീനും ഒരേ പേരിൽത്തന്നെ കൊട്ടമ്പാള വെച്ചും തലയിൽക്കെട്ടിയും വ്യത്യസ്ത രൂപങ്ങൾ ചൂടി നിന്നു…
അങ്ങനെയെത്രയെത്ര മീനുകളുടെ കളിപ്പന്തലായിരുന്നു വീടിന് മുന്നിലെ കണ്ടം.
തോട്ടുവക്കത്ത് കുപ്പിയുമായിരിക്കുന്നത് അനിയത്തിയാണ്.
തോർത്തുമുണ്ടിൻ്റെ മറ്റേയറ്റം പിടിച്ചിരിക്കുന്നത് ഏട്ടിയും.
തോട്ടിൽ നിന്നും ഞങ്ങൾ മീൻ കോരുകയാണ്.
അക്വേറിയം എന്ന വാക്ക് കാസർഗോഡൻ ജീവിതങ്ങളിലെത്തിയിരുന്നില്ല.
പൊട്ടിപ്പോയ കറിവെക്കുന്ന ചട്ടിയെടുത്തു. വെളുത്ത മണൽ വിരിച്ച് തെളിഞ്ഞ വെള്ളം നിറച്ച് മീൻചങ്ങാതിമാർക്കായൊരു ജലതല്പം.
തോട്ടിൽ പടർന്ന കടുംപച്ചപ്പാവി
ചെറിയ നെയിച്ചിങ്ങകൾ
ജലസസ്യങ്ങൾ
വെള്ളാരങ്കല്ലുകൾ
മീൻവീടുകളുടെ അലങ്കാരങ്ങൾ…
എത്ര കൊതിയോടെ
എത്ര സ്നേഹത്തോടെ
എത്ര കരുതലോടെയാണ് മീൻ ചങ്ങാതികളെ കാത്തത്.
പിറ്റെന്നാൾ രാവിലെ ചട്ടിയിൽ ശൂന്യവും നിശ്ചലവുമായ ജലം കാണുമ്പോൾ…
അതിന് പകരമായി മറ്റെന്തു സങ്കടമുണ്ട്….
രണ്ടു തരം മീനനുഭവങ്ങളാണ് …
രണ്ടന്തരങ്ങൾ
ചൊട്ടക്കുറിയനും അയലയും തമിലുള്ള വ്യത്യാസമെന്നാൽ
തോടും കടലും തമ്മിലുള്ള വ്യത്യാസം തന്നെയാണ്.
ചൊട്ടക്കുറിയന് ശേഷിപെടാൻ കരകാണാത്ത കടലാഴം വേണ്ട
ഒരു കൈക്കുമ്പിൾ മതി.
ചൊട്ടക്കുറിയനെ കാണുമ്പോൾ നമ്മളെത്തന്നെ കാണുന്നു.
ചൊട്ടക്കുറിയൻ ഒരു ഋതുവിൻ്റെ നിടിലത്തിലെ സ്വർണ്ണക്കുറിയാണ്.
ഈ കുഞ്ഞുമീനിൽ ഒരു ദേശമുണ്ട്
ഒരു കാലമുണ്ട്, ഋതുപ്പകർച്ചകളുണ്ട്
എത്രയോ കുഞ്ഞുങ്ങളുടെ കളിമ്പങ്ങളുണ്ട്
ഒരു കുഞ്ഞുമീനിൽ അറ്റമില്ലാത്ത ജീവിതം അലതല്ലുന്നുണ്ട്.
ചൊട്ടക്കുറിയനിൽ നമുക്കറിയാത്തതായി ഒന്നുമില്ല…
പക്ഷേ വിഷം തേച്ച് ഐസിൽ പൊതിഞ്ഞ് ഫ്രീസറിൽക്കിടക്കുന്ന അയലക്ക് നിങ്ങളോട് ഒന്നും പറയാനില്ല.
അത് മരിച്ച ജീവിതമാണ്.
രാകി മിനുക്കിയ കത്തിയുടെ ഭാഷ മാത്രമേ വിഷം തിന്ന് ചത്ത അയലക്കറിയൂ..
ആഢ്യവും ആര്യവുമായ ജീവിതമായിരുന്നു പാൽക്കടലിലെ മത്സ്യാവതരങ്ങൾക്ക്.
കാവലിന് അനന്തശയ്യയിലുള്ള ദൈവമുണ്ട്.
ചൊട്ടക്കുറിയൻ്റെ ദ്രാവിഡ വഴക്കങ്ങളെ മത്സ്യാവതരമായി ആരും പരിഗണിക്കാറില്ല.
ഇടവപ്പെയ്ത്തിൽ വീട്ടുമുറ്റത്തെ തോട്ടിൽ മിന്നിത്തിളങ്ങുന്ന ചൊട്ടക്കുറിയനും തുലാക്കോളിൽ വരമ്പത്തുകൂടെ വരുന്ന കാലിച്ചാൻ തെയ്യവും ഒരു പോലെയാണ്.
ഉച്ച പുരാവൃത്തങ്ങൾ ആഢ്യ ദൈവങ്ങൾ പങ്കിട്ടെടുത്തപ്പോൾ ചളി പുരണ്ട നീച പുരാവൃത്തം പോലെ ചില മീനുഭവങ്ങൾ
തോടിലെയും കടലിലെയും മീൻ ജീവിതങ്ങൾ…
മീനുകൾക്കുമുണ്ട്
തോട്ടിലെ നീചപുരാവൃത്തവും കടലിലെ ഉച്ചപുരാവൃത്തവും.
കടലിനെ ദൈവം തൊടുമ്പോൾ
തോടിനെ മനുഷ്യൻ തൊടുന്നു.
കടൽ അനന്തവും അവർണ്ണനീയവും ചിരന്തനവുമാണ്
പിടിച്ചാൽ പിടികിട്ടാത്ത ഗഹനതത്വങ്ങളുടെ അലയാഴി
തോട് അങ്ങനെയല്ല
തോട് ക്ഷണികമാണ്.
അല്പായുസ്സ് മാത്രം
മഴയിൽ വിരിയുകയും
വേനലിൽ കരിയുകയും ചെയ്യുന്നു.
അനന്തമല്ല
ആഴമില്ല
അജ്ഞാതമല്ല
അർത്ഥരഹിതമല്ല
കൈക്കുമ്പിളിലെ അനുഭവസാക്ഷ്യം…
കടൽ കടന്നു വന്ന ജീവിതവും
മലയിറങ്ങി വന്ന ജീവിതവും
രണ്ട് ജീവിതങ്ങൾ
രണ്ടറിവനുഭവങ്ങൾ..
…
ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in
ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.