പൈനാണിപ്പെട്ടി
വി. കെ. അനിൽകുമാർ
ചിത്രീകരണം : വിപിൻ ടി. പലോത്ത്
ജീവിതത്തിൽ ആദ്യമായി കണ്ട അന്യദേശക്കാർ താറാവുകാരായിരുന്നു.
ചിങ്ങം കഴിഞ്ഞ്
കന്നി വെയിൽ കഴുകി തുടച്ച്
കമിച്ച് വെച്ച പ്രകൃതി.
ചെങ്ങന്നൂരിൻ്റെയും കുട്ടനാടിൻ്റെയും തകഴിയുടെയും വാമൊഴിവഴക്കങ്ങൾ മൂർന്ന് കഴിഞ്ഞ കണ്ടത്തിൽ കൊത്തിപ്പെറുക്കി.
ചാക്കോച്ചൻ
ബാവ
കുഞ്ഞുമോൻ
കുഞ്ഞപ്പൻ
മറ്റൊരു ഭാഷയും ജീവിതവുമായി വരുന്നവർ.
തൃക്കരിപ്പൂരുകാരല്ലാത്ത മറ്റ് നാട്ടുകാരെ ആദ്യമായി കാണുന്നത് കണ്ടത്തിലെ താറാവ് ജീവിതത്തിലാണ്.
ഒരായിരം താറാവുകളും
ഒരേയൊരു താറാവുകാരനും.
മുകളിലേക്ക് കയറ്റി മാടി കെട്ടിയ ലുങ്കി.
നെഞ്ചത്തെ കുടുക്കുകൾ ഊരി മുഷിഞ്ഞ കുപ്പായം.
ഉള്ളിലെ വെള്ള ബനിയൻ
അതിനകത്തെ തിളച്ചുമറിയുന്ന ജീവിതം.
തലയിൽക്കെട്ട്
കയ്യിൽ വടിയും വലിയ കാലൻ കുടയും.
മുണ്ടിനടിയിലെ കള്ളിക്കള്ളി ട്രൗസർ
വെയിലിൽ വരണ്ടുണങ്ങിയ
തെളിയാത്ത മുഖം
താറാവ്കാരുടെ വരവും പോക്കും നാട്ടിൽ വലിയ ആവേശമാണ്.
മുഷിഞ്ഞ വേഷവും കറുത്ത് കരുവാളിച്ച ഭാവങ്ങളുമായി കണ്ടത്തിലെ വെയിലിൽ താറാവുകൾക്കൊപ്പം തീറ്റ തേടുന്ന താറാവുകാരൻ സോവ്യയറ്റ് യൂണിയനിലെ ഏതോ കഥാപുസ്തകത്തിലാണ് ജീവിക്കുന്നതെന്ന് തോന്നിപ്പോകാറുണ്ട്.
ആദ്യം എടവം പെയ്യും.
പിന്നെ മിഥുനത്തിൻ്റെയും കർക്കടകത്തിൻ്റെയും കഠിനമായ പെയ്ത്തു രാത്രികൾ.
കണ്ടവും കുളങ്ങളും നീർത്തടങ്ങളും നിറഞ്ഞു തുളുമ്പും.
മീനുകളുടെ പല പല ലോകങ്ങൾ.
നീർക്കോലികളുടെ ഇളകിയാട്ടങ്ങൾ.
തവളകളുടെ കളിക്കപ്പാട്ട്…
ആനന്ദങ്ങളുടെ ഉയിരുയിർപ്പുകൾ.
കണ്ടമെന്ന ബ്രഹ്മാണ്ഡം.
രാത്രിയുടെ മേളപ്പെരുക്കങ്ങൾ
കാലപ്രമാണങ്ങൾ
താറാവുകളുടെ ആനന്ദങ്ങൾ…
ചിങ്ങവും കന്നിയും തമ്മിലുള്ള പുടമുറി.
മഴയും വെയിലുമൊരുക്കിയ ചളി നിറഞ്ഞ ഗാന്ധർവ്വ ഭൂമിയിലേക്കാണ് താറാവുകൾ വരിയും നിരയും തെറ്റാതെയിറങ്ങുന്നത്.
എന്തു രസകരമായ കാഴ്ച്ചയായിരുന്നു.
കണ്ടത്തിലും കുളത്തിലും ഉല്ലസിക്കുന്ന നൂറുകണക്കിന് താറാവുകൾ..
കുട്ടികൾ ഏറ്റവും കൂടുതൽ സന്തോഷിക്കുന്ന കാലം കൂടിയാണത്.
ശനിയും ഞായറുമാകാൻ കാത്തിരിക്കും.
സ്ക്കൂളില്ലാത്ത ദിവസങ്ങളിൽ മുഴുവൻ സമയവും താറാവുകളുടെ കൂടെയായിരിക്കും.
എത്രയെത്ര താറാവുകൾ
കണ്ടം നിറയെ കനവു നിറയെ
പെടകൾക്കെല്ലാം ഒരു നിറം പൂവന് മറ്റൊരു നിറം.
പെടയെക്കാൾ വലുതും പൂവനെ കാണാൻ നല്ല പാങ്ങുമുണ്ടായിരുന്നു.
പൂവനും പെടയും പകൽ വെളിച്ചത്തിൽ പരസ്യമായി പോരു പോലെ ചേൻകൂടി.
കണ്ടത്തിലെ ഈ ബലാബലത്തെ,
അതിൻ്റെ അർത്ഥങ്ങളെ കുട്ടികൾ പലതായി പെരുപ്പിച്ചു.
താറാവുകളുടെ അടുത്തുകൂടി
നായിയൊ കടിയനോ പോയാൽ എല്ലാ താറാവുകളും വലിയ ശബ്ദത്തിൽ കരയും.
അതൊരു വല്ലാത്ത സംഭ്രമത്തിൻ്റെ കരച്ചിലാണ്….
ചെറുകാനത്താണ് സന്ധ്യയാകുമ്പോൾ താറാവിനെ കൂട്ടുന്നത്.
നീലനിറത്തിലുള്ള വല വട്ടത്തിൽ ചുറ്റി മണ്ണിൽ ഉറപ്പിച്ചാണ് കൂടുണ്ടാക്കുന്നത്.
താറാവുകാരൻ പാനീസും കത്തിച്ച് ബീഡി വലിച്ച് ഉറങ്ങാതെ താറാവിന് കൂട്ടിരിക്കും.
അതിരാവിലെ തന്നെ മുട്ടകൾ വലിയ കൂട്ടയിലാക്കി പയ്യന്നൂർ ചന്തയിൽ വില്ക്കും.
രണ്ടു തവണ നമ്മുടെ പറമ്പിലും താറാവിൻ്റെ കൂടൊരുക്കി.
താറാവ് തീറ്റ തേടുന്ന കണ്ടങ്ങളുടെ ഉടമസ്ഥർക്കും മറ്റു വീട്ടുകാർക്കും വലിയ താറാമുട്ടകൾ കൊടുക്കും.
എല്ലാ വീടുകളിലെയും അടുക്കളയിൽ താറാമുട്ട പൊരിക്കുന്ന മണമുയരും.
വീട്ടിലെ അടുപ്പിൽ വാലുരുളി വെച്ച് ഓലക്ക്ടി കത്തിച്ച് ചൂടാക്കി വെളിച്ചെണ്ണയൊഴിച്ച് താറാമുട്ടയുടെ അപ്പമുണ്ടാക്കും.
അമ്മയൊന്നാകെ രുചിയായി മാറും.
അതുപോലൊരു രുചിയും മണവും ജീവിതത്തിൽ പിന്നീട് ഒന്നിനുമുണ്ടായിട്ടില്ല….
അങ്ങനെയൊരു കാലം.
പഞ്ഞിമുട്ടക്ക് വേണ്ടി അക്ഷമയോടെയുള്ള നീണ്ട കാത്തിരിപ്പുകൾ.
പഞ്ഞിമുട്ട കിട്ടുകയെന്നാൽ പറഞ്ഞറീക്കാനാകാത്ത സന്തോഷമാണ്.
ഓർമ്മകളുടെ പേലവമായ പുറന്തോടുകൾ പൊതിഞ്ഞ ആയിരക്കണക്കിന് മുട്ടകൾ കണ്ടത്തിലെ വെള്ളത്തിൽ സ്വർണ്ണ വെയിലിൽ തിളങ്ങി…
താറാവ് പകൽസമയത്തിടുന്ന പുറന്തോടില്ലാത്ത മുട്ടയാണ് പഞ്ഞിമുട്ട.
രാവിലെ തീറ്റ കഴിഞ്ഞ് വരമ്പിൽ വിശ്രമിക്കുന്ന താറാവുകൾ.
താറാവുകാരൻ തൻ്റെ കയ്യിലെ വടിയുയർത്തി പ്രത്യേക ശബ്ദമുണ്ടാക്കുമ്പോൾ താറാവുകൾ വീണ്ടും പാടത്തേക്കിറങ്ങും.
വയൽ വരമ്പിൽ ഇളം റോസ് നിറത്തിലുള്ള പഞ്ഞിമുട്ടകൾ.
പക്ഷിയായി രൂപപ്പൊലിമ നേടുന്നതിനു മുൻപുള്ള സൂക്ഷ്മ സ്വരൂപം.
താറാവുകളിറങ്ങിക്കഴിഞ്ഞാൽ
വരമ്പിലെ ചളിയിൽ തൻ്റെ ശൈശവത്തിലെ ഏറ്റവും മനോഹരമായ രൂപത്തിൽ തോടുകളില്ലാത്ത പഞ്ഞിമുട്ടകൾക്കുള്ളിലിരുന്ന് താറാവുകൾ കുട്ടികളെ നോക്കി.
തുലാമഴയിൽ കണ്ടത്തിൽ വെത തുടങ്ങുമ്പോൾ താറാവിൻ്റെ പിൻമടക്കമാണ്.
കണ്ടത്തിൽ വിത്തിട്ട് കഴിഞ്ഞാൽ താറാവിന് പ്രവേശനമില്ല.
തിരുവിതാംകൂറിൽ നിന്നും തൃക്കരിപ്പൂരിലെ കണ്ടങ്ങളിലേക്ക് എത്രയോ വർഷക്കാലം താറാവുകാർ വന്നു.
അവർക്ക് നമ്മുടെ കണ്ടങ്ങൾ സ്വന്തം കണ്ടങ്ങൾ പോലെയായിരുന്നു.
അവർ മറ്റൊരു ഭാഷയുമായി
നമുക്കൊപ്പം ജീവിച്ചു.
വെയിലും മഴയും കൊണ്ടു.
കണ്ടത്തിലെ ചളിയിൽ കാലുകൾ മരവിച്ചു.
അവർ പ്രണയിച്ചു.
നാടൻ റാക്കു കുടിച്ചു.
അടിപിടിയുണ്ടാക്കി.
ഉറക്കമില്ലാതെ താറാവുകൾക്കൊപ്പം കിടന്നു.
ചുമ്മിണി തീരാറായ പനിസ് വെളിച്ചത്തിൽ മഴയിൽ ആസക്തിയോടെ
ബീഡികൾ വലിച്ചു വലിച്ചുതീർത്തു.
ഇന്ന് താറാവുകാരില്ല.
പഞ്ഞിമുട്ടകൾ വിളഞ്ഞ വരമ്പുകളില്ല.
കണ്ടത്തിനെ നെടുകെ പിളർന്ന് റോഡു വന്നു.
കണ്ടത്തിൽ മതിലുകൾ വളർന്നു.
വെതയില്ലാത്ത കണ്ടത്തിലെ പൊന്തയിൽ മദ്യപന്മാരുടെ ശബ്ദം ഉയർന്നു കേൾക്കാം.
പ്ലാസ്റ്റിക് കുപ്പികൾ പെറുക്കാനായി വലിയ ചാക്കുമായി ചിലർ കണ്ടത്തിൽ വരും.
ഇന്ന് താറാവുകാരില്ല.
പത്തു വർഷം മുൻപ് വരെ താറാവുകാർ വന്നു.
കരിങ്കല്ലും ചരലും നിറച്ച് പ്ലാസ്റ്റിക് സർജറി നടത്തിയ കണ്ടത്തിൽ നേരവും കാലവും തെറ്റി താറാവുകൾ കുഴങ്ങി.
കള്ളുകുടിയന്മാർ ഉപേക്ഷിച്ച കുപ്പിയിൽ ചവുട്ടി താറാവുകളുടെ പാദത്തിലെ പാട പൊട്ടി.
പഞ്ഞിമുട്ടകൾ കൊതിച്ച കുട്ടികളെ കാണാഞ്ഞ് താറാവിൻ്റെ എടനെഞ്ഞ് പൊട്ടി….
…
ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in
ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.