കവിത
ഉമ വിനോദ്
ചിത്രീകരണം: ഹരിത
പ്രിയ കാമുകാ
അവളുടെ
കിറുക്കൻ കവിതകൾ പോലെ
അവളുടെ പ്രണയത്തെയും
നീ വെറുതെ വായിച്ചു തള്ളുക
ഈയാഴ്ച്ച
ഇത് മൂന്നാം വട്ടമാണ്
അവൾക്ക് നിന്നോട്
പ്രണയം തോന്നുന്നത്..
അഥവാ,
നാല് ദിവസം പ്രണയമില്ലാത്ത
ലോകത്തിലെവിടെയോ
അവൾ നൂറ് കൂട്ടം
കാര്യങ്ങളുമായി
തിരക്കിലായിരുന്നിരിക്കാം..
അതുമല്ലെങ്കിൽ
പ്രണയം പടികടന്നു
വരുന്നതൊന്നുമറിയാതെ
മറ്റേതോ കിറുക്കിന്റ
വരാന്തയിലിരുന്ന്
ഓരോരോ പകലിന്റെ
കുരുക്കഴിച്ചെടുക്കയുമായിരുന്നിരിക്കാം..
ഒന്നുറപ്പാണ്,
വെറുതെയൊരു വാക്കാൽ
കുരുക്കിട്ട് പിടിക്കാനും
മാത്രം ക്രൂരയൊന്നുമല്ല അവൾ.
ഇടംകണ്ണിട്ട് നോക്കി
ഒരാളെ വളച്ചെടുക്കാനുമറിയില്ല.
പിന്നെയും വില്ലുപോലെ
വളഞ്ഞു വളഞ്ഞു
നിന്നോളമെത്തുന്ന
കണ്ണുകൾക്കാവട്ടെ
നിന്നെയൊട്ടു വായിച്ചെടുക്കാനുമറിയില്ല.
പ്രിയ കാമുകാ,
നീ പ്രണയത്താൽ
ചുട്ടു പഴുത്തു നിൽക്കുമ്പോഴാവും
അവൾ തീപൊള്ളലേറ്റതു പോലെ
പിന്തിരിഞ്ഞോടുന്നത്…
നീ പുണരാൻ കൈനീട്ടുമ്പോഴാവും
അവൾ കാറ്റിൽ പെട്ട
കടലാസ്സാവുന്നത്.
തടാകത്തിന്റെ ഒത്തനടുക്കുള്ള
ഒറ്റക്കൽ പ്രതിമകണക്കെ
നിന്നെയവിടെ നിറുത്തി
തുഴഞ്ഞു പോകുന്നത്..
കിറുക്കത്തി,
അവൾക്കു പ്രണയത്തെക്കുറിച്ചൊരു
ചുക്കുമറിയില്ല.
എന്നിട്ടും,
ഈയൊരാഴ്ച്ച
പ്രണയത്തെക്കുറിച്ച്
മൂന്ന് കവിതകളാണ്
അവൾ എഴുതിക്കൂട്ടിയത്.
മൂന്നു വട്ടം ആണ്
മുട്ട് കുത്തി നിന്ന്
അവൾ നിന്നോട്
പ്രണയം പറഞ്ഞത്.
…
ഉമ വിനോദ്
ഹൈദരാബാദ്ൽ താമസിക്കുന്നു. ഫിസിയോ തെറാപ്പിസ്റ്റ് ആയി ജോലി ചെയ്യുന്നു. ഭർത്താവ് വിനോദ് IT മേഖലയിൽ ജോലി ചെയ്യുന്നു. രണ്ടു മക്കൾ രാഹുൽ, രോഹൻ വിദ്യാർഥികൾ ആണ്.
ആനുകാലികങ്ങളിൽ എഴുതാറുണ്ട്. കഴിഞ്ഞ വർഷം ട്രോംബെ ടൗൺഷിപ് മലയാളി അസോസിയേഷൻ സുവർണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച ദേശീയ തലത്തിലുള്ള സാഹിത്യ മത്സരത്തിൽ കവിതയ്ക്ക് ഒന്നാം സമ്മാനം ലഭിച്ചിരുന്നു. തെലുങ്കാന സാഹിത്യ കൂട്ടായ്മയായ ‘അ’ നടത്തിയ അക്ഷരോത്സവത്തിലും ഒന്നാം സ്ഥാനം കവിതയ്ക്ക് ലഭിച്ചിരുന്നു.
…
ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in
ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.