കുപ്പിവള

0
639

കവിത
അഭിരാമി എസ്. ആർ
ചിത്രീകരണം :ഹരിത
abirami s r

പച്ച, മഞ്ഞ, ചോപ്പ്
എന്തോരം നെറങ്ങളാ
പല ജാതിയിൽ, പല വെലയിൽ
പുള്ളിയൊള്ളത്, വരകളൊള്ളത്,
ഒറ്റനെറം, പ്ലാസ്റ്റിക്, ചില്ല്

ഒരു സെറ്റ് കുപ്പിവളയ്ക്ക്
എത്ര നാളായി കൊതിക്കുവാ
മാധവമ്മാമ്മേടെ കടേൽ പോവുമ്പോഴെല്ലാം
കണ്ണ് ചെന്ന് വീഴുക
വളകളിന്മേലാണ്
എന്തുവാ കൊച്ചേ വേണ്ടേ?
അരക്കിലോ പഞ്ചാര,
നൂറ് തെയില,
ഒരു കിലോ വെളിച്ചെണ്ണ
തെളങ്ങുന്ന കണ്ണാടിവളകളീന്ന്
കണ്ണെടുക്കാതെ ഞാമ്പറേം

വളയിടാതെ നീണ്ട് തേമ്പിയ
കയ്യും ഞാത്തി ഞാൻ സ്കൂളിപ്പോവും
ഈച്ച പോലും മൂളാത്ത
കണക്ക് മാഷിന്റെ ക്ലാസിൽ
കുപ്പിവള കിലുങ്ങും
കിലുകിലാന്ന് കിലുങ്ങും
ലസാഗു ചെയ്യുമ്പോ,
വഴിക്കണക്കെഴുതുമ്പോ,
കൂട്ടുമ്പൊ, കൊറയ്ക്കുമ്പോ,
ഹരിക്കുമ്പോ, ഗുണിക്കുമ്പോ
കുപ്പിവള തുള്ളിത്തുള്ളിച്ചിരിക്കും
അസംബ്ലീൽ പ്രാർത്ഥനയ്ക്ക്
കണ്ണും വായും പൂട്ടി നിക്കുമ്പോഴും
കുപ്പിവള മാത്രം
ആർത്താർത്ത് ചിരിക്കും
ഒച്ചയൊണ്ടാക്കാൻ പാടില്ലാത്തിടത്തങ്ങനെ
ഒച്ചയിട്ട് തൊടങ്ങീപ്പോ
അപ്പോ മൊതലാണ്
കുപ്പിവളയോട് പ്രേമം തോന്നിത്തൊടങ്ങീത്
ഒരു ഡസൻ വേണെന്ന്
പൂതി തോന്നിത്തൊടങ്ങീത്

കഴിഞ്ഞോണത്തിന് വീട്ടി വന്നപ്പോ
രഘുമാമ കാശ് തന്നതാണ്
ഒര് ഡസൻ വളയ്ക്ക്
അമ്മ അക്കാശിന് നേന്ത്രക്കാ വാങ്ങി
ഉപ്പേരിയിട്ടു
തിന്നാനൊള്ളത് വാങ്ങിയാ
ദേഹത്തെങ്കിലും പിടിക്കും
വളയിട്ടിട്ട് നെനക്കെവിടെ പോവാനാ
തിന്നാ തൂറി പോവത്തേയൊള്ള്
വളയെന്നും കിലുങ്ങാനൊണ്ടാവും
ഞാൻ വല്ല്യ വായിലേ മോങ്ങി

തുലാത്തിന് പെയ്ത മഴേൽ
പുതുക്കി മേയാത്ത കൂര
നെലത്ത് വീണ്
ദ്രവിച്ച ഈർക്കിലി കൊണ്ടെന്റെ
കാല് മുറിഞ്ഞ്
പഴുപ്പ് വച്ച് തൊടങ്ങീപ്പോ
കൃഷ്ണൻ ഡോക്ടർടവടെ
മരുന്ന് കെട്ടാൻ ചെന്ന്
പഠിപ്പുര കടന്നിടനാഴീലൂടകത്ത് കേറീപ്പോ
വടക്കേ മൂലേലെ കസേരേടടീലൊരു
വളത്തെളക്കം
മരുന്ന് കെട്ടി തിരിച്ച് പോരുമ്പോ
അമ്മേടെ കണ്ണ് വെട്ടിച്ച്
ആ വളയെടുത്ത് ഞാൻ
പാവാടേൽ തിരുകി
തിരിഞ്ഞോടുമ്പോ വളയറ്റം കൊണ്ടെന്റെ
പൊക്കിള് നീറി
വീട്ടിച്ചെന്ന്
മണ്ണെണ്ണവെളക്കത്തൊന്നൂടി നോക്കീപ്പോ
കയ്യേൽ തടഞ്ഞത് കുപ്പിവളയല്ല
പൊട്ടിയ പ്ലാസ്റ്റിക് വളയാ
ഒരറ്റം പൊട്ടിയേലും
വളയുടെ വട്ടത്തിനൊടിവില്ല
കയ്യേലിടാം
വാവട്ടം ചെറുതായ വള
എല്ലുന്തിയയെന്റെ കയ്യേൽ കേറാൻ
മടിച്ചു നിന്ന്
പൊട്ടിയ വശത്തൂടി ഞാൻ
വള പൊളന്നെന്റെ കയ്യേ കേറ്റി

പിറ്റേന്ന് വളയിട്ട കയ്യും ഞാത്തി ഞാൻ
സ്കൂളിപ്പോയി
കൈ നെറച്ചും ചോപ്പ് കുപ്പിവളയിടുന്ന
കുട്ടൻ തിരുമേനീടെ മോൾ ചിരുതേവി കൂവി
അയ്യേ ദേ അമ്മൂന്റെ കയ്യേൽ
പൊട്ടിയ വള
ഒന്നേ, രണ്ടേ, മൂന്നേ
അഞ്ചിലെപ്പിള്ളേർ സാറ്റ് കളിക്കുവാരിന്ന്
പത്തെണ്ണും മുന്നേ
കുപ്പിവളയൊടഞ്ഞ്
വാഴക്കറ പിടിച്ചയെന്റെ
വെള്ളപ്പാവാടേലൂടെ
ചോപ്പ് ചോര ഒലിച്ച്
ചിരുത നിന്ന് കാറി
അവടെ കയ്യേലെ
കുപ്പിവളയപ്പോ
നെലത്ത് വീണ് കെടന്ന്
ചിരിക്കുന്നൊണ്ടാര്ന്ന്.

ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.

LEAVE A REPLY

Please enter your comment!
Please enter your name here