‘ഉത്സവം 2018’ കോഴിക്കോട് തുടക്കമായി

0
478

കോഴിക്കോട് : സംസ്ഥാന വിനോദ സഞ്ചാര വകുപ്പിന്റെയും ജില്ലാ ടൂറിസം പ്രൊമോഷന്‍ കൌണ്‍സിലിന്റെയും ആഭിമുഖ്യത്തില്‍ പത്താമത് ‘ഉത്സവം 2018’ന് കോഴിക്കോട്ട് തുടക്കമായി. ഇതിന്റെ ഭാഗമായി 12വരെ കോഴിക്കോട് ബീച്ച്, മാനാഞ്ചിറ മൈതാനം, മിഠായിതെരുവ് എന്നിവിടങ്ങളിലായി വിവിധ നാടന്‍ കലാരൂപങ്ങള്‍ അരങ്ങേറും.

വിവിധ കലാകാരന്മാര്‍ നയിക്കുന്ന കാക്കാരിശ്ശി നാടകം, മുടിയാട്ട്, കരകനൃത്തം, അലാമിക്കളി, കെന്ത്രോന്‍ നൃത്തം, ചിമ്മാനക്കളി, പടയണി, നാടന്‍ പാട്ട്, മാപ്പിളപ്പാട്ട്, മാര്‍ഗം കളി തുടങ്ങിയ കലാരൂപങ്ങള്‍ തുടര്‍ന്നുള്ള ദിവസങ്ങളില്‍ അരങ്ങേറും. വൈകിട്ട് ആറ് മുതലാണ് പരിപാടി.

ബീച്ചില്‍ നടന്ന ഉദ്ഘാടന സമ്മേളനം കെടിഡിസി ഡയറക്ടര്‍ എ വി പ്രകാശ്് ഉദ്ഘാടനം ചെയ്തു.എഡിഎം ടി ജനില്‍ കുമാര്‍ അധ്യക്ഷനായി. കലാകാരന്മാരെ കൌണ്‍സിലര്‍ തോമസ് മാത്യു ആദരിച്ചു. ഡിടിപിസി എക്സിക്യൂട്ടീവ് അംഗം എസ് കെ സജീഷ്, കൃഷ്ണമേനോന്‍ ആര്‍ട്ട് ഗാലറി സൂപ്രണ്ട് പി എസ് പ്രിയരാജന്, വിനോദ സഞ്ചാരവകുപ്പ് റീജ്യണല്‍ ഡയറക്ടര്‍ സി എന്‍ അനിതകുമാരി, ഡിടിപിസി സെക്രട്ടറി ബിനോയ് വേണുഗോപാല്‍ എന്നിവര്‍ സംസാരിച്ചു.

ഉദ്ഘാടന ദിവസം പുതിനീര്‍ സെന്‍ട്രല്‍ യൂണിറ്റ് അവതരിപ്പിച്ച വട്ടപ്പാട്ടും ഒപ്പനയും ബീച്ച് വേദിയില്‍ നടന്നു. യുഗസന്ധ്യയുടെ നേതൃത്വത്തില്‍ വില്‍പാട്ട് മിഠായിതെരുവ് എസ്കെ സ്ക്വയറിലും നടന്നു.

ഞായറാഴ്ച ബീച്ചില്‍ സുരേഷ് അവതരിപ്പിച്ച പടയണി ഏറെ ശ്രദ്ധേയമായി. മുകുന്ദ ഗുരുസ്വാമി ശാസ്താംപാട്ടും അവതരിപ്പിച്ചു. മിഠായിത്തെരുവില്‍ മയിച്ച ഗോവിന്ദനും സംഘവും പൂരക്കളി അവതരിപ്പിച്ചു. സന്തോഷിന്റെ അലാമിക്കളിയും അരങ്ങേറി.

LEAVE A REPLY

Please enter your comment!
Please enter your name here